02 October Monday

ബൈഡന്റെ സന്ദർശനം അമേരിക്കൻ തന്ത്രം

വെബ് ഡെസ്‌ക്‌Updated: Monday Jul 18, 2022


പുതിയ മധ്യപൗരസ്‌ത്യദേശം കെട്ടിപ്പടുക്കാൻ അമേരിക്കൻ പങ്കാളിത്തം അനിവാര്യമാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഈ മേഖലയിൽ നാലുദിവസത്തെ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ തയ്യാറായത്‌. മേഖലയിൽ റഷ്യയും ചൈനയും പിടിമുറുക്കുകയാണെന്ന യാഥാർഥ്യം മനസ്സിലാക്കിയാണ്‌ ‘അമേരിക്കൻ പങ്കാളിത്തത്തോടെ പുതിയ മധ്യപൗരസ്‌ത്യദേശം’ എന്ന ആശയം ‘വാഷിങ്‌ടൺ പോസ്‌റ്റി’ൽ എഴുതിയ ലേഖനത്തിൽ ബൈഡൻ മുന്നോട്ടുവച്ചത്‌. മേഖലയിൽ ഇറാൻ വൻശക്തിയായി മാറുന്നതാണ്‌ ഗൾഫ്‌ രാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നത്‌. ഇസ്രയേലിന്റെ ഭീതിയും ഇതുതന്നെ. യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാഷ്ട്രങ്ങളുമായി ഇസ്രയേൽ അബ്രഹാം കരാർ ഒപ്പിട്ടത്‌ ഈ പശ്‌ചാത്തലത്തിലാണ്‌. ഷിയാ അനുകൂലഭരണമുള്ള ഇറാനുമായി ആണവ നിരോധന കരാർ അമേരിക്ക (ഒബാമയുടെ കാലത്ത്‌) ഒപ്പിട്ടത്‌ ഈ രാഷ്ട്രങ്ങൾക്ക്‌ ഇഷ്ടപ്പെട്ടിരുന്നില്ല. ട്രംപ്‌ ഈ കരാർ റദ്ദാക്കിയെങ്കിലും ജോ ബൈഡൻ ഇറാനുമായി ആണവകരാർ ചർച്ച പുനരാരംഭിച്ചത്‌ ഈ രാഷ്ട്രങ്ങളെ ചൊടിപ്പിച്ചു.

അമേരിക്കയെ വിശ്വസിച്ച്‌ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന ധാരണ ഈ മേഖലയിലെ രാഷ്ട്രങ്ങളിൽ ശക്തമാണ്‌. മാത്രമല്ല, റഷ്യയെയും ചൈനയെയും ഒറ്റപ്പെടുത്തുകയെന്ന അമേരിക്കൻ തന്ത്രത്തിൽനിന്ന്‌ വിട്ടുനിൽക്കാനാണ്‌ ഈ മേഖലയിലെ രാഷ്ട്രങ്ങൾ തയ്യാറാകുന്നത്‌. ഇറാനെ തളയ്‌ക്കാൻ റഷ്യയുടെയും മറ്റും സഹായം അനിവാര്യമാണെന്ന ബോധ്യത്തിൽനിന്നാണ്‌ ഇത്തരമൊരു സമീപനം ഉരുത്തിരിയുന്നത്‌. മേഖലയിൽനിന്നുള്ള ഒറ്റപ്പെടൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ബൈഡന്റെ പ്രഥമ മധ്യപൗരസ്‌ത്യ സന്ദർശനം. ഇസ്രയേലും പലസ്‌തീനും സന്ദർശിച്ച ബൈഡൻ ഇരുരാഷ്ട്രവും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച്‌ അധികമൊന്നും സംസാരിച്ചില്ല. സ്വതന്ത്ര പലസ്‌തീൻ എന്നത്‌ മഹത്തായ ആശയമാണെങ്കിലും അത്‌ യാഥാർഥ്യമാക്കാൻ സമയമായിട്ടില്ലെന്ന ബൈഡന്റെ പ്രസ്‌താവന ഇസ്രയേലിനെ സന്തോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌. ജറുസലേമിൽ പലസ്‌തീൻ കോൺസുലേറ്റ്‌ തുറക്കുമെന്ന ബൈഡന്റെ വാഗ്‌ദാനവും ജലരേഖയായി.

എന്നാൽ, അമേരിക്കൻ ബലഹീനത ലോകസമക്ഷം ബോധ്യമായത്‌ ബൈഡൻ സൗദി അറേബ്യ സന്ദർശിച്ചപ്പോഴാണ്‌. ഗൾഫ്‌ സഹകരണ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ്‌ ബൈഡൻ ജിദ്ദയിലെത്തിയത്‌. എന്നാൽ, ഈ വേളയിൽ സൗദിയിലെ കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാനുമായി സംഭാഷണത്തിന്‌ തയ്യാറായതാണ്‌ ലോകത്തെ അത്‌ഭുതപ്പെടുത്തിയത്‌. വാഷിങ്‌ടൺ പോസ്‌റ്റിന്റെ കോളം എഴുത്തുകാരനും സൗദി വിമതനുമായ ജമാൽ ഖഷോഗി വധിക്കപ്പെട്ടപ്പോൾ (2018ൽ) സൗദിയെയും മുഹമ്മദ്‌ ബിൻ സൽമാനെയും രൂക്ഷമായി വിമർശിച്ച വ്യക്തിയാണ്‌ ബൈഡൻ. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽ ഖഷോഗിയെ വധിച്ചതിന്‌ സൗദി വൻവില നൽകേണ്ടിവരുമെന്ന്‌ പ്രതികരിച്ച ബൈഡൻ പ്രസിഡന്റായി അധികാരമേറ്റശേഷം പറഞ്ഞത്‌ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത്‌ മുഹമ്മദ്‌ ബിൻ സൽമാനാണെന്നാണ്‌. അമേരിക്കയുടെ കണ്ണിൽ കുറ്റവാളിയായ സൗദി ഭരണാധികാരിയുമായാണ്‌ ബൈഡൻ  കൂടിക്കാഴ്‌ച നടത്തിയത്‌.  ‘എല്ലാ മലക്കം മറിച്ചിലിന്റെയും അമ്മയായാണ്‌’ ബൈഡന്റെ ഈ നീക്കത്തെ ബ്രിട്ടനിലെ  ‘ഗാർഡിയൻ’ പത്രം വിശേഷിപ്പിച്ചത്‌. ലോകത്തും അമേരിക്കയിലും ബൈഡന്റെ ജനപ്രീതി ഇടിക്കാൻ ഈ നീക്കം കാരണമാകുമെന്നതിൽ സംശയമില്ല.

കഴിഞ്ഞയാഴ്‌ച നടന്ന ഒരു സർവേയിൽ ബൈഡന്റെ ജനപ്രീതി 33 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്‌. എന്നിട്ടും ഇത്തരമൊരു സാഹസത്തിന്‌ ബൈഡൻ ഇറങ്ങിപ്പുറപ്പെടാൻ കാരണം അമേരിക്കയെ തുറിച്ചുനോക്കുന്ന ഊർജക്ഷാമമാണ്‌. ഉക്രയ്‌ൻ യുദ്ധമാണ്‌ ഊർജകമ്പോളത്തെ അസ്ഥിരമാക്കിയത്‌. അമേരിക്കയും സഖ്യശക്തികളും എണ്ണയ്‌ക്കും പാചകവാതകത്തിനും റഷ്യയെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാൻ നിർബന്ധിതമായിരിക്കുകയാണ്‌. ഇതിന്റെ ഫലമായി എണ്ണവില ലോകമാർക്കറ്റിൽ കുത്തനെ ഉയരുകയാണ്‌.  ഇത്‌ അമേരിക്കയെയും ബാധിക്കും. നവംബറിൽ അമേരിക്കൻ കോൺഗ്രസിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഈ ഘട്ടത്തിൽ എണ്ണവില ഉയരുന്നത്‌ അഭികാമ്യമല്ല. അതിനാലാണ്‌ ഒരുവേള ‘നീചരാഷ്ട്ര’മെന്ന്‌ ബൈഡൻ വിശേഷിപ്പിച്ച സൗദിയിലെ ഭരണാധികാരിയുമായി ചർച്ച നടത്താൻ അദ്ദേഹം തയ്യാറായത്‌.  റഷ്യൻ എണ്ണയുടെ കുറവ്‌ പരിഹരിക്കാൻ കൂടുതൽ ഉൽപ്പാദനം നടത്താൻ സൗദി തയ്യാറാകണമെന്നാണ്‌ ബൈഡന്റെ അഭ്യർഥന. ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശേഖരമുള്ളത്‌ സൗദിയിലാണ്‌. ഏതായാലും ബൈഡന്റെ സൗദി സന്ദർശനം അമേരിക്കയുടെ വൻശക്തി പ്രതിച്ഛായക്ക്‌ മങ്ങലേൽപ്പിച്ചിരിക്കുകയാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top