19 April Friday

ട്രംപിന്റെ‌ തോൽവി ലോകത്തിന് ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Monday Nov 9, 2020


അമേരിക്കയുടെ 46–-ാമത്‌ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത ലോകം ആശ്വാസത്തോടെയാണ്‌ സ്വീകരിക്കുന്നത്‌. ഇൻഡോ–- ജമൈയ്‌ക്കൻ വംശജയായ കമല ഹാരിസ്‌ അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ പദത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ വനിത ആയതിനാൽ ഇന്ത്യക്കാർക്ക്‌ സവിശേഷമായ ആഹ്ലാദവുമുണ്ട്‌. എന്നാൽ, ബൈഡന്റെയും കമല ഹാരിസിന്റെയും വിജയത്തേക്കാൾ ഡോണൾഡ്‌ ട്രംപ്‌ എന്ന മനുഷ്യവിരുദ്ധനായ തീവ്ര വലതുപക്ഷക്കാരനേറ്റ തിരിച്ചടിയാണ്‌ ലോകത്തിന്‌ ആശ്വാസവും ആഹ്ലാദവും പകരുന്നത്‌. ജനാധിപത്യവും മനുഷ്യസ്‌നേഹവും അങ്ങേയറ്റം പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത്‌ അമേരിക്കൻ ജനതയുടെ വിധിയെഴുത്ത് പ്രത്യേകിച്ചും അഭിനന്ദനം അർഹിക്കുന്നു. രണ്ടാം വട്ടവും പ്രസിഡന്റാകാൻ എല്ലാ കുതന്ത്രവും പയറ്റിയ ട്രംപിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്‌ ഈ വിധിയെഴുത്ത്‌.

അമേരിക്കൻ ജനാധിപത്യത്തിന്റെയും വോട്ടെടുപ്പ്‌‌ പ്രക്രിയയുടെയും സങ്കീർണതകളും ദൗർബല്യങ്ങളുമാകെ അനാവരണം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പാണ്‌ ഇത്‌. അനന്തമായി നീണ്ട വോട്ടെണ്ണൽ അഞ്ചു ദിവസം പിന്നിട്ടശേഷമാണ്‌  ബൈഡൻ വിജയമുറപ്പിച്ചത്‌. വോട്ടെണ്ണൽ തീരാൻ എത്ര ദിവസം എടുക്കുമെന്ന്‌ പറയാൻ ശാസ്‌ത്ര–-സാങ്കേതിക സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഈ രാജ്യത്തിന്‌ കഴിയുന്നില്ലെന്നത്‌ നാണക്കേട്‌ തന്നെ.


 

വംശീയവാദിയും കുടിയേറ്റ വിരുദ്ധനും അങ്ങേയറ്റം മനുഷ്യത്വരഹിതനുമായ ട്രംപിന്റെ വിലകുറഞ്ഞ ജൽപ്പനങ്ങൾകൊണ്ട്‌ മുഖരിതമായ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അമേരിക്കൻ ജനത നേരിടുന്ന പ്രശ്‌നങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. കപട ദേശീയതയും ഭ്രാന്തമായ രാജ്യാഭിമാനവും വെള്ളക്കാരല്ലാത്തവരോടുള്ള കടുത്ത ശത്രുതയും സ്‌ത്രീവിരുദ്ധതയും സജീവ വിഷയങ്ങളാക്കിയ ട്രംപ്‌ മാന്യമായ സംവാദത്തിനു പോലും തയ്യാറായില്ല. പ്രചാരണഘട്ടം മുതൽ വോട്ടെണ്ണൽ വരെ ജനാധിപത്യ വിരുദ്ധമായാണ്‌ അദ്ദേഹം പെരുമാറിയത്‌. പോസ്റ്റൽ വോട്ട്‌ പൂർണമായി എണ്ണരുതെന്നും എണ്ണണമെന്നും തരാതരംപോലെ ആവർത്തിച്ചു. തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭീഷണി മുഴക്കി. അമേരിക്കൻ സമൂഹത്തിൽ മേൽക്കൈയുള്ള സമ്പന്ന–-മധ്യവർഗ വിഭാഗങ്ങളുടെ ന്യൂനപക്ഷ–-- കുടിയേറ്റ വിരുദ്ധ സ്വാർഥ നിലപാടുകൾക്ക്‌ തീപിടിപ്പിച്ച്‌ വിജയം ഉറപ്പിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. ഇതുവഴി സ്വന്തം വോട്ടുകൾ പിടിച്ചുനിർത്താൻ സാധിച്ചു. എന്നാൽ, അതിനേക്കാൾ ശക്തമായ അടിയൊഴുക്ക്‌ ജനങ്ങൾക്കിടയിൽ ട്രംപിനെതിരെ രൂപപ്പെട്ടിരുന്നു. നിശ്ശബ്ദമായി ആഞ്ഞടിച്ച ജനവികാരത്തിൽ ജനവിരുദ്ധനായ ആ ഭരണാധികാരി കടപുഴകി.

അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യ അരക്ഷിതാവസ്ഥയിലും എത്തിച്ചതാണ്‌ ട്രംപ്‌ ഭരണത്തിന്റെ ‘സംഭാവന’. കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്കുവേണ്ടി മാത്രം നിലകൊണ്ട ട്രംപ്‌ ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ നടപടികൾ നിരന്തരം കൈക്കൊണ്ടു. ഇക്കാര്യത്തിൽ അന്താരാഷ്‌ട്ര മര്യാദകളും കരാറുകളുമൊന്നും മാനിക്കാൻ തയ്യാറായില്ല.  ജനതയെ കോവിഡ്‌ മഹാമാരിക്കു മുന്നിൽ മരിക്കാൻ വിട്ടുകൊടുത്ത്‌ കൈകൊട്ടിച്ചിരിക്കുകയായിരുന്നു അയാൾ. സ്‌ത്രീവിരുദ്ധതയുടെയും ആണധികാര മനോഭാവത്തിന്റെയും ആൾരൂപമായ ആ മനുഷ്യൻ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ കമല ഹാരിസ്‌ അടക്കമുള്ള സ്‌ത്രീകളെക്കുറിച്ച്‌ അങ്ങേയറ്റം വിലകുറഞ്ഞ പ്രസ്‌താവനകളാണ്‌ നടത്തിയത്‌.

പിന്തിരിപ്പനും ജനവിരുദ്ധനുമായ ഒറ്റപ്പെട്ട മനുഷ്യനല്ല ഡോണൾഡ്‌ ട്രംപ്‌. ലോകത്താകെ ശക്തിപ്പെടുന്ന വംശീയതയുടെയും ജനാധിപത്യവിരുദ്ധതയുടെയും മനുഷ്യത്വ വിരുദ്ധതയുടെയും പ്രതീകമാണ്‌. ഇന്ത്യയിൽ നരേന്ദ്ര മോഡി, ബ്രസീലിൽ ബോൾസനാരോ, തുർക്കിയിൽ എർദോഗൻ, ഫ്രാൻസിൽ മാക്രോൺ... തുടങ്ങി പല നാമങ്ങളിൽ ലോകത്തെ വരിഞ്ഞുമുറുക്കുന്ന ജനാധിപത്യ വിരുദ്ധതയുടെയും വംശീയതയുടെയും രൂപം‌. കള്ളങ്ങൾ പടച്ചുവിട്ടും പ്രചണ്ഡപ്രചാരണങ്ങൾ അഴിച്ചുവിട്ടും പിന്തിരിപ്പൻ പൊതുബോധ നിർമിതിയിലൂടെ മനുഷ്യരാശിയെ മയക്കിവീഴ്‌ത്തുന്ന മാരീചൻ. കോമാളിത്തവും അറിവുകേടും സങ്കുചിതത്വവും നിറഞ്ഞ ട്രംപ്‌ ഇതിനേക്കാൾ കനത്ത പ്രഹരം അർഹിക്കുന്നുണ്ട്‌. 

ജോ ബൈഡന്റെ വിജയം അമേരിക്കൻ ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റമുണ്ടാക്കില്ലെന്ന്‌ ലോകത്തിന്‌ ബോധ്യമുണ്ട്‌. വംശീയതയും ജനവിരുദ്ധതയും പരസ്യമായി ഉദ്‌ഘോഷിക്കാൻ ബൈഡനും കമല ഹാരിസും തയ്യാറായേക്കില്ല എന്നുമാത്രം. കോർപറ്റേറ്റ്‌ ശക്തികളും ധനമൂലധനവും നിയന്ത്രിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ കൂടെപ്പിറപ്പാണ്‌ സാമ്രാജ്യത്വ മനോഭാവം. സൈനികശക്തിയും സമ്മർദവുംവഴി ലോക രാജ്യങ്ങളെ വരുതിയിൽ നിർത്തിയും ചൂഷണം ചെയ്‌തുമാണ്‌ അമേരിക്ക ശക്തി സംഭരിക്കുന്നത്‌. ട്രംപിന്റെ തോൽവിയിൽ ആശ്വസിക്കുകയല്ലാതെ ബൈഡന്റെ ജയത്തിൽ ആഹ്ലാദിക്കാൻ മനുഷ്യരാശിക്ക്‌ കഴിയില്ല.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top