13 August Saturday

നാദംമൂളിയ ഒറ്റക്കമ്പി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


 
കാവ്യഭംഗി നിറഞ്ഞുതുളുമ്പിയ വശ്യമനോഹരങ്ങളായ ഒട്ടേറെ  ഗാനം മലയാളികൾക്ക്‌ സമ്മാനിച്ച ബിച്ചു തിരുമല ഓർമയായി. പ്രണയവും വിരഹവും വിഷാദവും തത്വജ്ഞാനവും  ആദർശവും  മരണവുമെല്ലാം ഗൃഹാതുരത കലർന്ന നിലയിൽ ആഴത്തിൽ ധ്വനിപ്പിച്ച ആ വരികൾക്ക്‌ മരണമില്ല. കെടാമംഗലം സദാനന്ദന്റെ തിരക്കഥ ആസ്‌പദമാക്കി  1970ൽ എം കൃഷ്ണൻനായർ ഒരുക്കിയ  ‘ശബരിമല ശ്രീധർമശാസ്‌ത’യിൽ  സഹസംവിധായകനായാണ് ചലച്ചിത്ര പ്രവേശനം. ഗാനരചനയ്‌ക്കും  സംഗീതസംവിധാനത്തിനും പുറമെ, ‘ഇഷ്ടപ്രാണേശ്വരി’(സംവിധാനം‐ സാജൻ‐1979)സിനിമയുടെ തിരക്കഥയും ‘ശക്തി’(സംവിധാനം‐ വിജയ്‌ ആനന്ദ്‌‐1980)യുടെ കഥയും സംഭാഷണവും തയ്യാറാക്കി. അയ്യായിരത്തോളം സിനിമ–-ഭക്തി ഗാനങ്ങൾ ആ തൂലികയിൽ പിറന്നു. പൂങ്കാറ്റിനെയും  കിളികളെയും നിർത്തി നിരന്തരം കഥകൾ ചൊല്ലാൻ മോഹിപ്പിച്ച കവി, എൺപതുകളുടെ തുടക്കത്തിൽ ഒട്ടേറെ സുവർണ ഹിറ്റുകളാൽ  തിളങ്ങി. അങ്ങനെ സ്വന്തമായ ഇടമുറപ്പിച്ച  ബിച്ചു, ജനപ്രിയ ഗാനരചനയുടെ പന്ഥാവിൽ  വേറിട്ടുനിന്നു. ഫാസിലിന്റെ മഞ്ഞിൽവിരിഞ്ഞ പൂക്കൾ(1980)വഴിത്തിരിവായി.

കാവ്യഭാവനകളുടെ വൈവിധ്യവും ഗാംഭീര്യവും ലാളിത്യവും ഒരേ ആവൃത്തിയിൽ വിസ്‌മയകരമായ നിലയിൽ വഴങ്ങി. വ്യത്യസ്‌തതകളാൽ എല്ലാ പരീക്ഷണത്തിനും അദ്ദേഹത്തിന്റെ  വരികൾ സാധ്യത നൽകി. വെറും ശബ്ദങ്ങൾകൊണ്ടുപോലും അർഥവും താളവും വികാരവും  ജനിപ്പിച്ചു. അനുപമമായ ആ മികവിനൊപ്പം ഉൾക്കനമില്ലാത്ത ചില ചിത്രങ്ങൾക്ക്‌  അലസമായി പാട്ടെഴുതിയതിൽ ചെറിയ വിമർശങ്ങൾ നേരിടേണ്ടിവന്നതും  സ്വാഭാവികം. എന്നാൽ, അമ്പരപ്പിച്ച ഗാനങ്ങൾക്കു മുന്നിൽ അത്‌ നിസ്സാരം. 

എ ആർ റഹ്‌മാൻ മലയാളത്തിൽ സംഗീതംനൽകിയ ഏക സിനിമ ‘യോദ്ധ’ (സംവിധാനം സംഗീത്‌ ശിവൻ‐ 1992)യിലെ ഗാനങ്ങൾ ബിച്ചുവിന്റേതാണ്.  ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി’, ‘കുനുകുനെ ചെറു കുറുനിരകൾ’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ’ എന്നിങ്ങനെ മൂന്നും  ഹിറ്റായി. ദൂരദർശൻ കാർട്ടൂൺ പരമ്പര ‘ജംഗിൾബുക്കി’ന്‌  രചിച്ച അവതരണഗാനം ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ’ പ്രായവ്യത്യാസമില്ലാതെ ഏവരെയും ആകർഷിച്ചു. അത്‌ പലരും പാടിനടക്കാറുണ്ടായിരുന്നു. ‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി’തുടങ്ങിയ വരികളിൽ ഉറങ്ങിക്കിടക്കുന്ന സംഗീതം ഏതു ഹൃദയവും  തൊടും. ആസ്വാദകരിൽ തേന്മഴ ചൊരിഞ്ഞ "ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ’ (തേനും വയമ്പും) ഇതോട് ചേർത്തുവയ്ക്കാം.

കണ്ണുംകണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറുന്ന അനുരാഗവും കാറ്റു താരാട്ടുന്ന കിളിമരത്തോണിയും ഹംസങ്ങൾ നീന്തുന്ന നീലജലാശയത്തിൽ നീർപ്പോളകളുടെ ലാളനമേറ്റു വിരിഞ്ഞ നീലത്താമരയും മാനസവീണയിലൂടെ ഏഴു സ്വരവും തഴുകിവരുന്ന ദേവഗാനവും പ്രണയസരോവരതീരവും കടലിൽ നിന്നുയരുന്ന മൈനാകവും വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ വാടകയ്‌ക്കൊരു മുറിയെടുത്ത വടക്കൻ തെന്നലും പോലുള്ള ബിംബങ്ങൾ വല്ലാതെ പിടിച്ചുലച്ചവയായിരുന്നു. അരനൂറ്റാണ്ട്‌ നീണ്ട ഗാനസപര്യയിൽ രവീന്ദ്രനും എ ടി ഉമ്മറും ജെറി അമൽദേവും എം ജി രാധാകൃഷ്ണനുമൊക്കെ ഈണംനൽകി അനശ്വരമാക്കിയ  ഗാനങ്ങൾ. എല്ലാ മാനുഷിക വികാരവും ഇഴചേർത്ത്‌  വരികളിൽ വൈവിധ്യം തീർത്ത ബിച്ചുവിന്റെ ഗൃഹപാഠവും പ്രസിദ്ധമാണ്‌. "പാട്ടിന്റെ രചനാവേളയിൽ  വാക്കുകളുടെ അർഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദർഭവും അറിയണം. എന്താണ്‌ എഴുതുന്നതെന്നത്‌ നല്ല ധാരണയും അവശ്യം. ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം ഹൃദിസ്ഥമായിരിക്കണം. അവ മനസ്സിലാക്കി എഴുതുന്ന പാട്ടുകൾ നിലനിൽക്കും’എന്നായിരുന്നു  അവസാന കാലത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്‌. വയലാർ രാമവർമയും  പി ഭാസ്‌കരനും ഒ എൻ വിയും അടിമുടി നിറഞ്ഞുനിന്ന്‌  പന്തലിച്ച  കാലത്തും ശ്രദ്ധിക്കപ്പെട്ടുവെന്നത്‌ ബിച്ചു തിരുമലയുടെ സവിശേഷതയാണ്‌.  നാദംമൂളിയ ആ ഒറ്റക്കമ്പി നിശ്ശബ്ദമായിരിക്കുന്നു. മലയാള സിനിമാ ഗാനശാഖയെ ആസ്വാദകരിലേക്കടുപ്പിച്ച്‌ ജനകീയമാക്കിയതിൽ ചരിത്ര സംഭാവന നൽകിയ ബിച്ചു തിരുമലയ്ക്ക്‌ ആദരാഞ്ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top