29 March Friday

കര്‍ഷകസമരം പുതിയ തലത്തില്‍ എത്തുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017


അധികാരപ്രമത്തതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ആക്രോശമുയര്‍ത്തി സംഘപരിവാര്‍ സമഗ്രാധിപത്യമോഹവും അതിലെത്തിച്ചേരാനുള്ള പ്രവണതയും തുടരെ പ്രകടിപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ പ്രാഥമികമായ മൂല്യങ്ങളെപ്പോലും വകവയ്ക്കാതെയും നിരസിച്ചും ചാക്കിട്ടുപിടിത്തത്തിന്റെയും അധികാരമുപയോഗിച്ചുള്ള അവിഹിത ഇടപെടലുകളുടെയും ബലത്തില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവുമൊടുവിലത്തെ സംഘപരിവാര്‍ നീക്കമാണ് ഗുജറാത്തിലേത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടപ്പലായനവും അവരെയും സഹായിക്കുന്നവരെയും തേടിയുള്ള കേന്ദ്ര ഏജന്‍സികളുടെ പരക്കംപാച്ചിലും ഇതാണ് തെളിയിക്കുന്നത്. വര്‍ഗീയതയും പശുവും ചാണകവും കോര്‍പറേറ്റുകളുടെ അമിതലാഭത്തിലേക്കുള്ള കുതിച്ചുചാട്ടവുമല്ലാതെ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളൊന്നും കാണാത്ത, ശ്രദ്ധിക്കാത്ത മോഡിസര്‍ക്കാരിനെതിരായ വികാരമാണ് നാടാകെ പടരുന്ന കര്‍ഷകസമരങ്ങളില്‍ വ്യക്തമാകുന്നത്. 

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഭൂമി അധികാര്‍ ആന്ദോളന്‍ നയിക്കുന്ന കര്‍ഷകസമരം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് ഇതര വര്‍ഗബഹുജന വിഭാഗങ്ങളുടെ പിന്തുണ ലഭ്യമാക്കാനും അത്  ദേശീയതലത്തിലേക്ക് വളര്‍ത്തിയെടുക്കാനുമുള്ള ശ്രമത്തിലാണ് കര്‍ഷകസംഘടനകളുടെ കൂട്ടായ്മ. അതിന്റെ ഭാഗമായി ആഗസ്ത് ഒമ്പതിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കര്‍ഷകപ്രക്ഷോഭം വ്യാപിപ്പിക്കുകയാണ്. കേന്ദ്ര തൊഴിലാളിസംഘടനകള്‍, വിദ്യാര്‍ഥികള്‍, മഹിളകള്‍, യുവജനങ്ങള്‍ എന്നിവരുടെ പിന്തുണകൂടി നേടി ഭൂമി അധികാര്‍ ആന്ദോളന്‍ രംഗത്തുവന്നത്, പ്രക്ഷോഭത്തെ പുതിയ തലത്തിലേക്ക് നയിക്കും. ഏഴ് ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ കര്‍ഷകകുടുംബങ്ങള്‍ക്കും പലിശരഹിത ബാങ്ക് വായ്പ ലഭ്യമാക്കുകയും കര്‍ഷകരുടെ ആത്മഹത്യ ഇല്ലാതാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് അതിലെ ഒരു പ്രധാന ആവശ്യം.

വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനം അധികം വരുന്ന വില നിശ്ചയിക്കുക, സംഭരണകേന്ദ്രങ്ങള്‍ ഒരുക്കുക, പശുസംരക്ഷണത്തിന്റെ പേരുപറഞ്ഞ് മുസ്ളിങ്ങളെയും ദളിതരെയും ആള്‍ക്കൂട്ട അക്രമങ്ങളിലൂടെ കൊന്നൊടുക്കുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നിയമനടപടി എടുക്കുക, ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍നിന്ന് ഔദ്യോഗികമായി പിന്‍വലിക്കുക, നിയമവിരുദ്ധമായ ഒഴിപ്പിക്കലും ഭൂമി ഏറ്റെടുക്കലും അവസാനിപ്പിക്കുക, എല്ലാ ഗ്രാമീണ തൊഴിലാളികള്‍ക്കും നിയമപ്രകാരം ചുരുങ്ങിയ വേതനം ഉറപ്പുവരുത്തുക, കര്‍ഷകത്തൊഴിലാളികള്‍ക്കും രണ്ട് ഏക്കറില്‍ താഴെ ഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും 60 വയസ്സ് കഴിഞ്ഞാല്‍ 5000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് മറ്റാവശ്യങ്ങളില്‍ ചിലത്. ഇവയാകെ കര്‍ഷക ജനസാമാന്യത്തെമാത്രം ബാധിക്കുന്നവയല്ല. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യങ്ങളാണ്.  

എന്‍ഡിഎ സര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ കാര്‍ഷികപ്രതിസന്ധി അതീവ രൂക്ഷമാക്കുന്നതാണ്. കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം അധികവില നല്‍കുമെന്നായിരുന്നു ബിജെപിയുടെ 2014ലെ തെരഞ്ഞെടുപ്പുവാഗ്ദാനം. അത് നടപ്പാക്കുന്നതിനുപകരം കൊള്ളലാഭം കൊയ്തെടുക്കാനും പ്രകൃതിവിഭവങ്ങള്‍ പിടിച്ചെടുക്കാനും കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. കര്‍ഷകര്‍, ഗ്രാമീണതൊഴിലാളികള്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളിലും അസ്വസ്ഥത പടര്‍ന്നുപിടിക്കുകയാണ്. കര്‍ഷക ആത്മഹത്യ ശക്തിപ്പെടുകയും കൂടുതല്‍ വ്യാപകമാവുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ തെറ്റായ സാമ്പത്തിക വികസന നയം തിരുത്താന്‍ തയ്യാറല്ലെങ്കില്‍ ആസന്നഭാവിയില്‍ കാര്‍ഷികപ്രതിസന്ധി സ്ഫോടനാത്മകമാകുമെന്ന ശരിയായ വിലയിരുത്തലാണ് കര്‍ഷകകൂട്ടായ്മയെ യോജിച്ച പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതും രൂക്ഷമാക്കിയതുമാണ് ഇന്നത്തെ കാര്‍ഷികത്തകര്‍ച്ച. അതും അത്തരം ജനദ്രോഹങ്ങളും മറച്ചുവയ്ക്കാനുള്ള ഉപാധികൂടിയാണ് വര്‍ഗീയ ആക്രമണങ്ങള്‍ ബോധപൂര്‍വം കെട്ടഴിച്ചുവിടുന്നതിലൂടെ കാണാനാകുന്നത്. ബഹുജനരോഷം ആഭ്യന്തര ഏറ്റുമുട്ടലുകളിലേക്ക് വഴിതിരിച്ചുവിടുക എന്ന ക്രൂരവും കുടിലവുമായ രാഷ്ട്രീയകുതന്ത്രമാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. മുസ്ളിങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ അതിന്റെ ഭാഗമാണ്.

കര്‍ഷകപ്രക്ഷോഭത്തിന് സര്‍വതലങ്ങളില്‍നിന്നുമുള്ള പിന്തുണ ലഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാകുന്നത് ഈ പശ്ചാത്തലത്തിലാണ്. തൊഴിലാളി- കര്‍ഷക ഐക്യം ശക്തിപ്പെടുത്തി അടിത്തട്ടില്‍ ജനങ്ങളെയാകെ പ്രക്ഷോഭരംഗത്ത് അണിനിരത്തുക എന്ന ചുമതലയാണ് ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ടുതന്നെ ഈ സമരം വിജയിപ്പിക്കുന്നതില്‍ കേരളത്തിലെ പുരോഗമനശക്തികള്‍ക്കാകെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top