26 April Friday

തല്ലിക്കെടുത്താനാകില്ല കര്‍ഷക സമരാഗ്നി

വെബ് ഡെസ്‌ക്‌Updated: Saturday Jul 8, 2017

രാജ്യത്തെ കര്‍ഷകര്‍ കടുത്ത രോഷത്തിലാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്് ന്യായമായ വില ലഭിക്കാത്തതാണ് പ്രധാന കാരണം. കാര്‍ഷികമേഖലയോടുള്ള സര്‍ക്കാരുകളുടെ അവഗണനയും ഈ രോഷം ഇരട്ടിപ്പിച്ചു. ഉല്‍പ്പാദനക്കുറവല്ല മറിച്ച് ഉല്‍പ്പാദനവര്‍ധനയാണ് കൃഷിക്കാര്‍ക്ക് ഇക്കുറി വിനയായത്. മോഡി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെയാണ് മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ആന്ധ്രയിലെയും ഗുജറാത്തിലെയും കര്‍ഷകര്‍ പ്രക്ഷോഭപാതയിലേക്ക് നീങ്ങിയത്. മധ്യപ്രദേശിലെ മാള്‍വ മേഖലയിലെ മന്ദ്സോര്‍ ജില്ലയിലെ പിപ്ലിയ മണ്ഡിയാണ് ഈ പ്രക്ഷോഭത്തിന്റെ കമ്പനകേന്ദ്രം.  ഇവിടെ സമരത്തിനിറങ്ങിയ അഞ്ചു കര്‍ഷകരെ ശിവ്രാജ്സിങ് ചൌഹാന്റെ പൊലീസ് വെടിവച്ചുകൊന്നു. ഒരാളെ പൊലീസ് മര്‍ദിച്ചും കൊന്നു. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനും തുടങ്ങി. ജൂണിനുശേഷം മാത്രം മധ്യപ്രദേശില്‍ 55 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. രാജസ്ഥാനില്‍ വെളുത്തുള്ളിക്കുണ്ടായ വിലത്തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനാകാതെ അഞ്ചു കര്‍ഷകര്‍ ആത്മഹത്യചെയ്തു. കര്‍ഷക ആത്മഹത്യയുടെ തലസ്ഥാനമായ മഹാരാഷ്ട്രയിലും അവര്‍ ജീവനൊടുക്കുന്നത് തുടരുകയാണ്.

സ്വാഭാവികമായും രാജ്യത്തെ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങി. അവരുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ 150 ചെറുതും വലുതുമായ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് ഭൂമി അധികാര്‍ ആന്ദോളന് (ബിഎഎ) രൂപം നല്‍കി.  അദാനിക്കും അംബാനിക്കും വേണ്ടി നിലകൊള്ളുന്ന 'മോദാനി' വികസനത്തെ എതിര്‍ക്കുകയാണ് ലക്ഷ്യം. കൃഷിയും വ്യവസായങ്ങളും രാജ്യത്തെ പ്രകൃതിവിഭവങ്ങളും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന സമീപനത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. സമര പരിപാടിയുടെ ഭാഗമായി മന്ദ്സോറില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.  എന്നാല്‍, മോഡിയുടെ ഇന്ത്യയില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ പോലും സ്വാതന്ത്യ്രമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ഷക നേതാക്കളെയും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കിസാന്‍ മുക്തിയാത്രയ്ക്ക് നേതൃത്വം നല്‍കുന്ന അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ സമന്വയ സമിതി നേതാക്കളായ ഹന്നന്‍ മൊള്ള, സുഭാഷിണി അലി, മേധാ പട്കര്‍, യേഗേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളെയും കര്‍ഷകരെയുമാണ് അറസ്റ്റ് ചെയ്തത്. സമാധാനപരമായി തുടങ്ങിയ യാത്രയില്‍ പങ്കെടുത്തവരെ മന്ദ്സോറിലെ പിപ്ലിയ മണ്ഡിയിലാണ് പൊലീസ് തടഞ്ഞത്. വെടിയേറ്റുമരിച്ച കര്‍ഷകര്‍ക്കായി രക്തസാക്ഷിമണ്ഡപം നിര്‍മിക്കാനുള്ള ശ്രമവും പൊലീസ് തടഞ്ഞു.

കര്‍ഷകര്‍ റാലിക്ക് എത്തുന്നത് തടയാന്‍ ഗ്രാമപാതകളില്‍ പൊലീസ് വ്യാപക തടസ്സം സൃഷ്ടിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി. സമരസമിതി നേതാവും മുന്‍ എംഎല്‍എയുമായ ഡോ. സുനിലത്തെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണിയും തടസ്സങ്ങളും അവഗണിച്ച് നൂറുകണക്കിന് കര്‍ഷകരും തൊഴിലാളികളും പ്രതിഷേധത്തിനെത്തിയെന്ന് മാത്രമല്ല കിസാന്‍ മുക്തിയാത്ര പ്രയാണം തുടരുകയും ചെയ്തു.  ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന വഴി ഡല്‍ഹിയിലെത്തുന്ന യാത്രയ്ക്ക് വഴിയിലുടനീളം കര്‍ഷകര്‍ വന്‍ സ്വീകരണമാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

കാര്‍ഷികവായ്പ എഴുതിത്തള്ളുക, വിളകളുടെ ഉല്‍പ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്തുള്ള താങ്ങുവില നിശ്ചയിക്കുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുക, കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. നര്‍മദ അണക്കെട്ടിന്റെ ഉയരം 17 മീറ്റര്‍ വീണ്ടും ഉയര്‍ത്തി അരലക്ഷത്തോളം കുടുംബങ്ങളെ നഷ്ടപരിഹാരമൊന്നും നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുക, ആദിവാസി ഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് (കോര്‍പറേറ്റുകള്‍ക്ക്) കൈമാറുന്നതിന് ജാര്‍ഖണ്ഡില്‍ നടത്തുന്ന നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്. സ്വാഭാവികമായും ആയിരക്കണക്കിന് കര്‍ഷകരാണ് ഈ പ്രക്ഷോഭത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ പ്രക്ഷോഭാഗ്നിയെ തല്ലിക്കെടുത്താനുള്ള നീക്കങ്ങളും ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരുകള്‍ ശക്തമാക്കി. ദേശീയ സുരക്ഷാനിയമം ഉള്‍പ്പെടെ ഉപയോഗിച്ചാണ് സമരത്തെ സര്‍ക്കാര്‍ നേരിടുന്നത്. വ്യാഴാഴ്ച മന്ദ്സോറില്‍നിന്ന് ആരംഭിച്ച കിസാന്‍ മുക്തിയാത്ര 18ന് ഡല്‍ഹി—ജന്തര്‍മന്ദറില്‍  റാലിയോടെ സമാപിക്കുമ്പോള്‍ അതൊരു വലിയ പ്രസ്ഥാനമായി തീരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒരു സര്‍ക്കാരിനും ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. 130 കോടി ജനങ്ങളുടെ വയര്‍ നിറയ്ക്കുന്നവരെ അടിച്ചൊതുക്കി രാജ്യം ഭരിക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കുമെന്ന് ഭരണാധികാരികളെ ഓര്‍മിപ്പിക്കട്ടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top