03 October Tuesday

കേന്ദ്ര ഏജൻസികൾ ജനാധിപത്യത്തിന്‌ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2022


ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളാണ്‌. 2014ൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും അടിച്ചമർത്തുന്നു. സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് തുറുങ്കിലടയ്‌ക്കുന്നു.  സ്വതന്ത്രചിന്തയും പൗരാവകാശങ്ങളും അടിച്ചമർത്തി വിയോജിപ്പിന്റെ സ്വരംപോലും ഇല്ലാതാക്കുകയാണ്‌. ആർഎസ്എസ് അജൻഡ തുറന്നുകാണിക്കുന്ന പ്രമുഖ ബുദ്ധിജീവികൾ, അഭിഭാഷകർ, എഴുത്തുകാർ, കവികൾ, ആക്ടിവിസ്റ്റുകൾ, വിദ്യാർഥികൾ, നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ കള്ളക്കേസിൽപ്പെടുത്തിയും കൃത്രിമത്തെളിവുകൾ ഉണ്ടാക്കിയും വിചാരണ കൂടാതെ ജയിലിൽ അടയ്‌ക്കുന്നു. ചിലർക്ക്‌ ജീവൻതന്നെ നഷ്ടമായി. കത്തോലിക്കാ പുരോഹിതനും ഗോത്രമേഖലയിലെ ജീവകാരുണ്യപ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഉദാഹരണം.

ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞാണ്‌ ഭീമ കൊറേഗാവ് കേസിൽ കൃത്രിമത്തെളിവുണ്ടാക്കി രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപ്പേരെ അറസ്റ്റുചെയ്‌തത്‌. ഇതിൽ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റുചെയ്യാൻ എൻഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ സ്വാമിയുടെ ലാപ്ടോപ്പ്‌ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകിക്കയറ്റിയെന്നാണ്‌ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്‌. ആർസെനൽ കൺസൾട്ടിങ്‌ എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമാണ്‌  ഇതു കണ്ടെത്തിയത്‌. 2017-നും 2019-നും ഇടയ്ക്കാണ് 40 ഫയൽ സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പിൽ തിരുകിക്കയറ്റിയത്. ഈ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഗൂഢപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്‌. കൃത്രിമത്തെളിവുകളുടെ പേരിലാണ്‌ ഇതേ കേസിൽ വിപ്ലവകവി വരവര റാവു ഉൾപ്പെടെയുള്ളവരെ യുഎപിഎ ചുമത്തി ജയിലിൽ അടച്ചത്‌.

സർക്കാരിന്‌ ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമത്തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഭീകരസംഘമായി എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ മാറി. എൺപത്തിനാലുകാരനായ, പാർക്കിൻസൺ രോഗിയായ സ്റ്റാൻ സ്വാമി എന്ന സന്യാസിയെ നിശ്ശബ്ദനാക്കാൻ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന്‌ ഇപ്പോഴാണ് പൂർണമായും മനസ്സിലാകുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക്‌ തെളിവെല്ലാം വ്യാജമാണെന്ന്‌ വ്യക്തമാക്കിയിട്ടും മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും കുറ്റവിമുക്തരാക്കണമെന്ന ഹർജികളും എൻഐഎ തുടർച്ചയായി എതിർത്തുകൊണ്ടിരിക്കുന്നു. രാഷ്ടീയ എതിരാളികളുടെയും പാർടിയിലെ എതിർവിഭാഗത്തിന്റെയും രഹസ്യങ്ങൾ ചോർത്താൻ മോദി സർക്കാർ ഇസ്രയേലിൽനിന്നും പെഗാസസ്‌ ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയതും ഇതേ സമയത്താണ്‌. ആഗോള മാധ്യമ കൂട്ടായ്‌മ പുറത്തുകൊണ്ടുവന്ന ഇക്കാര്യം വിവാദമായപ്പോൾ സർക്കാർ അന്വേഷണത്തിന്‌ തയ്യാറായിരുന്നില്ല. സുപ്രീംകോടതി ഇടപെട്ട്‌ പ്രത്യേക അന്വേഷണ കമീഷനെ നിയോഗിച്ചെങ്കിലും സർക്കാർ പൂർണമായും സഹകരിച്ചില്ല. പെഗാസസ്‌ സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും രഹസ്യമാക്കിവച്ചിരിക്കയാണ്‌ മോദി സർക്കാർ.

രണ്ടു പതിറ്റാണ്ടായി സംഘപരിവാർ ആദിവാസി മേഖലയിലെ  ക്രിസ്‌തുമത വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും വലിയ തോതിൽ ആക്രമിക്കുന്നു. പള്ളികൾക്ക് തീയിടൽ, ബലപ്രയോഗത്തിലൂടെ അവരെ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യുക,  സ്കൂളുകൾ, കോളേജുകൾ, സെമിത്തേരികൾ എന്നിവ നശിപ്പിക്കുക, പ്രാർഥന തടയുക തുടങ്ങിയ വിവിധ രീതിയിലുള്ള ആക്രമണങ്ങൾ തുടരുകയാണ്‌. 2007-ലെ ക്രിസ്‌മസിനോട്‌ അനുബന്ധിച്ച് ഒഡിഷയിലെ കാന്ധമാലിൽ ഹിന്ദുത്വ സംഘടനകൾ ആരംഭിച്ച ആക്രമണം ദിവസങ്ങളോളം തുടർന്നു. ഹോസ്റ്റലുകൾ, കോൺവെന്റുകൾ, എഴുന്നൂറിലധികം വീടുകൾ, 100 ആരാധാനാലയം, നിരവധി സ്ഥാപനങ്ങൾ എന്നിവ അഗ്നിക്കിരയാക്കി. അക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗുജറാത്തിൽ 1998ലെ ക്രിസ്‌മസ്‌ ദിനം മുതൽ 10 ദിവസം നീണ്ട ആക്രമണങ്ങളിൽ 25 ഗ്രാമത്തിലെ ക്രിസ്‌ത്യൻ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർത്തു. ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്ന ഓസ്‌ട്രേലിയൻ സ്വദേശിയായ സ്റ്റെയിൻസിനെയും ഒമ്പതും ഏഴും വയസ്സായ ഫിലിപ്പ്, തിമോത്തി എന്നീ കുട്ടികളെയും 1999 ജനുവരി 22-ന്‌ ഒഡിഷയിലെ ക്വഞ്ചാർ ജില്ലയിലെ മനോഹരപുർ ഗ്രാമത്തിൽ  ബജ് റംഗ്‌ദൾ പ്രവർത്തകർ ചുട്ടുകൊന്നു. തുടർന്നിങ്ങോട്ട്‌ ഉത്തരേന്ത്യയിൽ വ്യാപകമായ ആക്രമണങ്ങളായിരുന്നു. 2021ൽ മാത്രം  നാനൂറിലേറെ ആക്രമണം നടന്നു.

സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഇന്ത്യയിലെങ്ങും വിവിധ സംഘടനകളും പ്രമുഖ വ്യക്തികളും വ്യാപകമായി പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ, സ്വാമിയെ കൃത്രിമത്തെളിവുകളുണ്ടാക്കി ജയിലിൽ അടച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന റിപ്പോർട്ട്‌ പുറത്തുവന്നിട്ട്‌ പൊതുസമൂഹത്തിൽ  രോഷമുയരാത്തത്‌  നിർഭാഗ്യകരമാണ്‌. പ്രതിഷേധമുയർത്തേണ്ടവർ തന്നെ മൗനംപാലിക്കുകയാണ്‌.  കേന്ദ്രഭരണ കക്ഷിയുടെ ഒത്താശയോടെ പല സംസ്ഥാനത്തും ക്രിസ്‌തു മതവിശ്വാസികൾ ആക്രമിക്കപ്പെടുമ്പോൾ സംഘപരിവാറുമായി ചേർന്ന്‌ മുന്നോട്ടുപോകാനാണ്‌ കേരളത്തിലെ ഒരുവിഭാഗം മതമേലധ്യക്ഷൻമാർ ചർച്ച നടത്തി പിന്തുണ അറിയിക്കുന്നത്‌. ഇത്‌ അവർക്ക്‌ ഭൂഷണമാണോയെന്ന്‌ ആത്മപരിശോധന നടത്താനുള്ള സന്ദർഭമാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top