25 April Thursday

ഭട്ടിൻഡ ക്യാമ്പിലെ കൊലപാതകവും ആത്മഹത്യയും

വെബ് ഡെസ്‌ക്‌Updated: Saturday Apr 15, 2023


ഇന്ത്യയിലെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക കേന്ദ്രവും ആയുധസംഭരണശാലയുമായ പഞ്ചാബിലെ ഭട്ടിൻഡ ക്യാമ്പിലെ വെടിവയ്‌പിൽ നാലു സൈനികർക്ക് ജീവഹാനി സംഭവിച്ചത്‌ രാജ്യത്തെയാകെ ഞെട്ടിപ്പിച്ച സംഭവമായി. പാകിസ്ഥാൻ അതിർത്തിക്ക്‌ 45 കിലോമീറ്റർ അടുത്താണ് കരസേനാ സൈനികർക്ക് പരിശീലനം ഉൾപ്പെടെ നൽകുന്ന ക്യാമ്പ്. ബുധൻ പുലർച്ചെ നാലരയ്‌ക്ക്‌ മെസ്‌ ഹാളിനുള്ളിൽ നടന്ന വെടിവയ്‌പിൽ ജവാന്മാരായ സാഗർ ബന്നെ, ആർ കമലേഷ്‌, ജെ യോഗേഷ് കുമാർ, സന്തോഷ്‌ എം നഗരാൾ എന്നിവരാണ്‌ മരിച്ചത്‌. ഡ്യൂട്ടി കഴിഞ്ഞ് തളർന്നുറങ്ങുകയായിരുന്നു കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാലുപേരും. മറ്റ് ഉദ്യോഗസ്ഥർക്ക് പരുക്കോ വസ്തുവകകൾക്ക് നാശനഷ്ടമോ പറ്റിയിട്ടില്ലെന്നാണ്‌ കരസേനാ സൗത്ത് വെസ്റ്റേൺ കമാൻഡ് അറിയിച്ചത്‌. രണ്ട് അക്രമികളിൽ ഒരാളുടെവശം ഇൻസാസ യന്ത്രത്തോക്കും രണ്ടാമന്റെ കൈയിൽ വൻ മഴുവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്യാമ്പിൽനിന്ന് 28 വെടിയുണ്ടയുള്ള ഇൻസാസ്‌ യന്ത്രത്തോക്ക്‌ നഷ്ടപ്പെട്ടതായി പൊലീസിന്‌ പരാതി ലഭിക്കുകയുണ്ടായി. വെടിവയ്പിനുശേഷമുള്ള തിരച്ചിലിൽ തോക്ക്‌ വീണ്ടെടുത്തു. തുടർന്ന്‌, കാവൽ ജോലിചെയ്യുകയായിരുന്ന ലഘു രാജ് ശങ്കറും വെടിയേറ്റ് മരിച്ചതായി കണ്ടെത്തി. അവധി കഴിഞ്ഞ്‌ ഏപ്രിൽ പതിനൊന്നിനാണ് അദ്ദേഹം തിരിച്ചെത്തിയത്. ലഘു രാജ് ശങ്കർ വെടിവച്ച് ആത്മഹത്യചെയ്യുകയായിരുന്നെന്നും ആദ്യത്തെ വെടിവയ്പുമായി ബന്ധമില്ലെന്നുമാണ് അധികൃതരുടെ വാദം.

സംഭവം നടന്ന്‌ മൂന്നു ദിവസം പിന്നിട്ടിട്ടും ഭട്ടിൻഡ ക്യാമ്പിൽ അഞ്ചു സൈനികർ മരിച്ചതിലെ ദുരൂഹത നീങ്ങിയിട്ടില്ല. ഭീകരാക്രമണ സാധ്യത തള്ളുകയും നുഴഞ്ഞുകയറ്റം നിഷേധിച്ചിട്ടും ക്യാമ്പിൽ കയറി വെടിയുതിർത്തവരെ പിടിക്കാനായില്ലെന്നതും ഗൗരവമാണ്‌. പാക് അതിർത്തിയോട്‌ തൊട്ടുരുമ്മി നിൽക്കുന്ന ആയുധസംഭരണശാലയിലാണ് അക്രമികൾക്ക് തടസ്സമില്ലാതെ നുഴഞ്ഞുകയറാനും 80 മീഡിയം റെജിമെന്റിലെ നാല് സൈനികരെ വകവരുത്താനും പൊടിപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാനും സാധിച്ചതെന്നതും നിസ്സാരമല്ല. സംഭവത്തെതുടർന്ന്‌ സൈന്യത്തിന്റെ ദ്രുതകർമസേന പ്രദേശം സീൽചെയ്‌ത്‌ പഞ്ചാബ് പൊലീസുമായി ചേർന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്‌.

സൈനിക ക്യാമ്പിലെ ആഭ്യന്തരപ്രശ്‌നങ്ങൾ കാരണത്താലുണ്ടായ വെടിവയ്‌പ്‌ ആകാമെന്നാണ് ഉന്നതസേനാ മേധാവികളുടെ ഭാഷ്യം. പ്രദേശത്ത് അതിശക്തമായ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയോട് ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷ സാധ്യത ഏറെയുള്ള അതിർത്തി സംസ്ഥാനമെന്ന നിലയിൽ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷയും ഒരുക്കി. പ്രതികളെന്ന് സംശയിക്കുന്ന ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈന്യം വ്യക്തമാക്കിയിരിക്കുകയാണ്‌. രണ്ടുപേരാണ് വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായവും  രേഖപ്പെടുത്തി. മുഖംമൂടി അണിഞ്ഞവരാണ് വെടിയുതിർത്തത്‌. വെളുത്ത കുർത്തയും പൈജാമയും ധരിച്ചെത്തിയ ഇരുവരും ആക്രമണശേഷം കാട്ടു പ്രദേശങ്ങളിലേക്ക്‌ ഓടിയൊളിച്ചെന്നും എഫ്ഐആറിൽ പറയുന്നു. മുഖംമൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും മൂർച്ചയുള്ള ആയുധങ്ങളുമുണ്ടായി. വെടിയുതിർത്ത തോക്കും തിരകളും സമീപത്തുനിന്ന്‌ കണ്ടെത്തി. അവയുടെ ഫോറൻസിക് പരിശോധന നടത്താനിരിക്കുന്നു. നാല് സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഭട്ടിൻഡ സൈനിക ക്യാമ്പിൽ ഉന്നതതല സൈനിക പരിശോധനയുമുണ്ടായി. തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേർക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തതുമാത്രമാണ്‌ ഇതുവരെയുള്ള പുരോഗതി. തീവ്രദേശീയത, നിർമിത ദേശഭക്തി, മതഭിന്നത, ആൾക്കൂട്ട മനഃശാസ്‌ത്രം, ശത്രു‐ മിത്രം പ്രയോഗങ്ങൾ തുടങ്ങിയവ അടിച്ചേൽപ്പിച്ച്‌ സൈന്യത്തിലും സംശയത്തിന്റെ പുകമറയുണ്ടാക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കുമ്പോൾ പതിവു നാടകങ്ങൾക്കെതിരെ ജനാധിപത്യ‐ മതനിരപേക്ഷ വാദികൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top