27 April Saturday

കേരളത്തിന്റെ മുന്നേറ്റത്തിന്‌ കപ്പൽ ഗതാഗതവും

വെബ് ഡെസ്‌ക്‌Updated: Friday Aug 6, 2021


കടൽവഴിയുള്ള ആഭ്യന്തര ചരക്കുനീക്കം സംസ്ഥാനത്ത്‌ സജീവമാകുകയാണ്‌. അഴീക്കൽ–-ബേപ്പൂർ–-കൊച്ചി റൂട്ടിൽ കണ്ടെയ്‌നറുകളും വഹിച്ചുള്ള കപ്പലോട്ടം യാഥാർഥ്യമായിക്കഴിഞ്ഞു. കൊച്ചിയിൽ ഇറക്കുന്ന മലബാറിലേക്കുള്ള ഉൽപ്പന്നങ്ങളാണ്‌ എത്തുന്നത്‌. ടൈൽസ്‌, മാർബിൾ, സിമന്റ്‌, ടയർ, ഭക്ഷ്യഎണ്ണ തുടങ്ങിയവ ഇപ്പോഴെത്തുന്നു. മടക്കയാത്രയിൽ പ്ലൈവുഡ്‌, പാദരക്ഷകൾ, കോഴിക്കോടൻ ബേക്കറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നു. മുംബൈ ആസ്ഥാനമായ റൗണ്ട്‌ ദി കോസ്റ്റ്‌ ഷിപ്പിങ്‌ കമ്പനിയുടെ ‘ഹോപ്‌ സെവൻ’ എന്ന കപ്പലാണ്‌ സർവീസ്‌ നടത്തുന്നത്‌. ചരക്കുകൾ കൂടുന്ന മുറയ്‌ക്ക്‌ കൂടുതൽ കപ്പലിറക്കാൻ ഒരുങ്ങുകയാണ്‌ കമ്പനി. ജൂലൈ ആദ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ സർവീസ്‌ ഫ്ലാഗ്‌ഓഫ്‌ ചെയ്‌തത്‌.

ഇതോടെ മലബാറിലെ വ്യവസായ–-വാണിജ്യ മേഖലയാകെ പ്രതീക്ഷയിലാണ്‌. ചുരുങ്ങിയ ചെലവിലും ആയാസരഹിതമായും ചരക്കുനീക്കമെന്നത്‌ അവരുടെ സ്വപ്നമാണ്‌. കൊച്ചിയിൽനിന്ന്‌ മലബാറിലേക്ക്‌ ദിവസവും നാലായിരത്തോളം കണ്ടെയ്‌നർ റോഡുമാർഗം എത്തുന്നുണ്ട്‌. ഇത്‌ കപ്പൽവഴിയാകുമ്പോൾ നിരക്കിൽ 30–-40 ശതമാനം കുറവുവരും. റോഡിലെ തടസ്സം കാരണം നിശ്ചിതസമയത്ത്‌ ചരക്കെത്താനും കയറ്റാനുമുള്ള പ്രയാസം ഒഴിവായിക്കിട്ടും. അസഹ്യമായ ഗതാഗതക്കുരുക്കിനും ആശ്വാസമാകും. കപ്പൽ ഗതാഗതത്തിന്‌ റോഡ്‌ വഴിയുള്ളതിന്റെ 15 ശതമാനം ഇന്ധനം കുറവുമതി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും കഴിയും.

ബേപ്പൂരിൽനിന്ന്‌ ഗൾഫ്‌ നാടുകളിലേക്ക്‌ നേരിട്ട്‌ ചരക്കുകപ്പലുകൾ അയക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്‌. ഇവിടെ കസ്റ്റംസ്‌–-എമിഗ്രേഷൻ ക്ലിയറൻസ്‌ സംവിധാനം ആരംഭിക്കാത്തതാണ്‌ തടസ്സം. ഇതിനുള്ള നടപടികൾ ഇരുവകുപ്പും ഊർജിതമാക്കുന്നുവെന്നാണ്‌ അറിയുന്നത്‌. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ ഐഎസ്‌‌പിഎസ്‌ കോഡുള്ള അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്താൻ തുറമുഖം, ഫിഷറീസ്‌, ടൂറിസം വകുപ്പുകൾ കൊണ്ടുപിടിച്ച ശ്രമത്തിലാണ്‌. ഇത്‌ യാഥാർഥ്യമായാൽ മലബാറിന്റെ വ്യവസായ–-തൊഴിൽ രംഗത്ത്‌ കുതിച്ചുചാട്ടംതന്നെ സാധ്യമാകും. ഇതിനുപുറമെ കൊച്ചിയെ ബന്ധപ്പെടുത്തി വിദേശത്തേക്ക്‌ കണ്ടെയ്‌നർ കപ്പൽസർവീസ്‌ ആരംഭിക്കാൻ സർക്കാർ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്‌. നിരവധി കപ്പൽ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.

വളരുന്ന ലോകവ്യാപാരത്തോട്‌ കിടപിടിക്കാൻ തുറമുഖവികസനവും കടൽവഴിയുള്ള ചരക്കുനീക്കവും അതിപ്രധാനമാണ്‌. 585 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്‌ കേരളത്തിന്റെ കടൽത്തീരം. ചെറുതും വലുതുമായി 17 തുറമുഖം ഇവിടെയുണ്ട്‌. കപ്പൽഗതാഗതത്തിന്റെ സഹസ്രാബ്ദങ്ങളുടെ സ്മരണയുയർത്തുകയാണ്‌ അഴിമുഖങ്ങൾ. ചരിത്രഗതിയിൽ ഇവയുടെ പ്രതാപം മങ്ങിപ്പോകുകയായിരുന്നു. ഹുയാൻസാങ്ങും ഇബ്ൻ ബത്തൂത്തയും മാർക്കോ പോളോയും ഉൾപ്പെടെ മധ്യകാല വിദേശ സഞ്ചാരികളെല്ലാംതന്നെ കേരളത്തിന്റെ തുറമുഖങ്ങളുടെ പ്രൗഢി വിവരിക്കുന്നുണ്ട്‌. 2500 വർഷം മുമ്പുതന്നെ കൊടുങ്ങല്ലൂരിലെ മുസിരിസ്‌ തുറമുഖം ലോകത്തെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. 14–-ാം നൂറ്റാണ്ടിൽ പ്രളയത്തിലാണ്‌ ഇത്‌ നാമാവശേഷമായതെന്നാണ്‌ കരുതുന്നത്‌. കൊല്ലം തുറമുഖവുമായി ക്രിസ്‌തുവിനു മുമ്പുതന്നെ അറബി, റോമ, ചൈന, ഗ്രീക്ക്‌, പേർഷ്യക്കാർ സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. തുടർച്ചയായ കടൽക്ഷോഭംമൂലം 1973ൽ തുറമുഖം പൂട്ടിയിടേണ്ടിവന്നു. 2007ൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ നവീകരിച്ച്‌ വീണ്ടും തുറന്നുകൊടുത്തത്‌.

വലുപ്പത്തിൽ കൊച്ചി കഴിഞ്ഞാൽ രണ്ടാംസ്ഥാനമായിരുന്നു ബേപ്പൂരിന്‌. 1500 വർഷംമുമ്പേ ഇവിടെ ഉരുനിർമാണം തുടങ്ങിയതിന്‌ തെളിവുണ്ട്‌. ലോകത്തിലെ ഏറ്റവും സജീവമായ തുറമുഖമാണ്‌ കോഴിക്കോടെന്ന്‌ ഇബ്‌ൻ ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു വളപട്ടണം–-അഴീക്കൽ. സ്വാതന്ത്ര്യത്തിനുശേഷമാണ്‌ ഈ സ്ഥാനം നഷ്ടമായത്‌. എൽഡിഎഫ്‌ സർക്കാരുകൾ അധികാരമേറ്റ കാലത്തെല്ലാം തുറമുഖ നവീകരണത്തിന്‌ സജീവ പരിഗണനയാണ്‌ നൽകുന്നത്‌. കൊല്ലത്ത്‌ യാത്രക്കപ്പൽ അടുപ്പിക്കാൻ 20 കോടി ചെലവഴിച്ചുനിർമിച്ച ‘പാസഞ്ചർ കം കാർഗോ വാർഫ്‌’ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ബേപ്പൂർ തുറമുഖത്തിന്‌ ആഴംകൂട്ടൽ നടപടി പുരോഗമിക്കുകയാണ്‌. അഴീക്കലിൽ പുറംകടലിൽ നിർമിക്കുന്ന പുതിയ തുറമുഖത്തിന്റെ സാങ്കേതിക സാധ്യതാപഠനത്തിന്‌ കൺസൾട്ടൻസിയെ നിയമിച്ചുകഴിഞ്ഞു. 3000 കോടി ചെലവിൽ പൊതു–-സ്വകാര്യ പങ്കാളിത്തത്തിലാണ്‌ ഇത്‌ നിർമിക്കുക. അഴീക്കൽ–-ബേപ്പൂർ–-കൊച്ചി–-കൊല്ലം റോ റോ സർവീസ്‌ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌. ചരക്കുകയറ്റിയ വാഹനം യാനത്തിൽ കയറ്റി (റോൾ ഓൺ) മറ്റൊരു തുറമുഖത്ത്‌ ഇറക്കുന്നതാണ്‌ (റോൾ ഓഫ്‌) സംവിധാനം. സംസ്ഥാനത്തിനകത്തേക്ക്‌ വലിയൊരുഭാഗം ചരക്കുകൾ ഇനി റോ റോ സർവീസ്‌ വഴിയായിരിക്കും എത്തുക. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിർമാണം പൂർത്തിയാകുകയും ചെയ്‌താൽ കപ്പൽ ഗതാഗതത്തിന്റെ നഷ്ടപ്രതാപം ആധുനിക രൂപത്തിൽ കേരളത്തിന്‌ വീണ്ടെടുക്കാം. എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം ഇതിനുള്ള അന്തരീക്ഷമൊരുക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top