26 April Friday

ബംഗാളില്‍ സമാധാനം പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 10, 2017

പശ്ചിമബംഗാളിലെ 24 പര്‍ഗാന ജില്ലയില്‍ ഈമാസം ആദ്യംമുതല്‍ ആരംഭിച്ച വര്‍ഗീയലഹളയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മമത ബാനര്‍ജി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. കലാപത്തിന് കാരണമായി സാമൂഹ്യമാധ്യമങ്ങളിലും ചില ടെലിവിഷന്‍ ചാനലുകളിലും വന്ന തെറ്റായ വാര്‍ത്തയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. കുറച്ചുകാലമായി പശ്ചിമബംഗാളില്‍നിന്ന് അസ്വസ്ഥജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹൌറയിലെ ദുലാഗഡിലും 24 പര്‍ഗാന ജില്ലയിലുള്ള ഹസിനഗറിലും നേരത്തെതന്നെ വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായി. ഡാര്‍ജിലിങ് കുന്നുകളില്‍ പട്ടാളം ഇറങ്ങി. അതിനുപുറമെയാണ് 24 പര്‍ഗാന ജില്ലയിലും ഹൌറ, ബിര്‍ഭൂം, മാള്‍ദ ജില്ലകളിലും അടുത്തിടെയായി പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ അസ്വാസ്ഥ്യങ്ങളുമാണ് ഇതിന് കാരണം. ബസിര്‍ഹട്ട്, ബന്‍ഗാവ്, ബറാസത്ത് എന്നീ സബ്ഡിവിഷനുകളിലാണ് വര്‍ഗീയകലാപം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഇസ്ളാമിനെയും അവരുടെ പുണ്യകേന്ദ്രങ്ങളെയും അവഹേളിച്ചുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ബംഗാളിനെ വീണ്ടും വര്‍ഗീയകലാപത്തിലേക്ക് നയിച്ചത്. കൌമാരപ്രായക്കാരന്റേതായിരുന്നു ഈ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇയാള്‍ക്ക് ആര്‍എസ്എസ്- ബിജെപിയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഈ രീതിയിലുള്ള സംശയങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. അതോടൊപ്പം ബാദുരിയയിലെ ഹിന്ദുവനിതകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന രീതിയിലുള്ള വ്യാജചിത്രങ്ങളുമായുള്ള ഫെയ്സ്ബുക്ക് പോസ്റ്റും വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. ഏതായാലും ഇത്തരം പ്രചാരണങ്ങളോട് വൈകാരികമായ പ്രതികരണങ്ങളുണ്ടായി. ആദ്യം കലാപമുണ്ടായത് 24 പര്‍ഗാന ജില്ലയിലെ ബാദുരിയ ഗ്രാമത്തിലാണ്. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു. മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് ഹിന്ദുക്കളും മറിച്ചും കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായി. ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്യുകയും ബാദുരിയ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പൊലീസ് സ്റ്റേഷനുമുമ്പില്‍ തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസിന് നേരിയ തോതില്‍ ബലപ്രയോഗം നടത്തേണ്ടിയും വന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും സ്ഥിതിഗതി സാധാരണനിലയിലാക്കാന്‍ കഴിഞ്ഞില്ല. രണ്ടുമൂന്നു ദിവസംകൂടി സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. മതമൌലികവാദികള്‍ തെരുവ് ഭരിക്കാന്‍ തുടങ്ങിയപ്പോഴും മമത ബാനര്‍ജിയുടെ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നു. 'ഉള്‍ടോരഥ്' (ജഗന്നാഥ മടക്കയാത്ര) ഉത്സവം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയെങ്കിലും ചിലയിടത്ത് പ്രശ്നമുണ്ടായി. ഹിന്ദുക്കളും മുസ്ളിങ്ങളും അവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഒത്തുകൂടി. സ്ഥിതിഗതി സാധാരണനിലയിലേക്ക് മാറ്റുന്നതിനായി പൊലീസ് എത്തിയപ്പോള്‍ അവരെ തടയുന്നതിലേക്ക് കാര്യങ്ങളെത്തി. 24 പര്‍ഗാന ജില്ലാ എസ്പിക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. മാത്രമല്ല, ഈ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജൂലൈ നാലോടെ സ്ഥിതിഗതിനിയന്ത്രണവിധേയമാക്കാന്‍ അര്‍ധസൈനിക സേനയെ അയക്കേണ്ട സ്ഥിതിയുണ്ടായി. എന്നിട്ടും സാധാരണനില പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ബസിര്‍ഹട്ടിലൂടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 

അസ്വസ്ഥത സൃഷ്ടിക്കുന്നതില്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പങ്കെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മതമൌലികവാദ ശക്തികളില്‍നിന്ന് തൃണമൂലിന് പിന്തുണ ലഭിച്ചതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഈ ശക്തികള്‍ പല ഊഹാപോഹങ്ങളും പടര്‍ത്തിയത് സ്ഥിതി വഷളാക്കിയെന്നുമാത്രമല്ല അത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനും കാരണമായി. തെരഞ്ഞെടുത്ത സര്‍ക്കാരിനെ എങ്ങനെയും പിരിച്ചുവിടാന്‍ ബിജെപിയും ഈ അവസരത്തെ പരമാവധി ഉപയോഗിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്കുതര്‍ക്കവും സ്ഥിതി വഷളാക്കി. സ്ഥിതിഗതികളിലുള്ള ഉല്‍ക്കണ്ഠ ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ കേസരിനാഥ ത്രിപാഠി മുഖ്യമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പങ്കുവച്ചതാണ് പ്രശ്നത്തിന് തുടക്കം. മുഖ്യമന്ത്രി രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. ബിജെപി ബ്ളോക്ക് പ്രസിഡന്റിനെപ്പോലെ, ഭീഷണിയുടെ സ്വരത്തിലാണ് ഗവര്‍ണര്‍ പെരുമാറിയതെന്ന് മമത ആരോപിച്ചു. ഗവര്‍ണറും തിരിച്ചടിച്ചു. ക്രമസമാധാനം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഗവര്‍ണറും തിരിച്ചടിച്ചു. ക്രമസമാധാനപാലനത്തിലുണ്ടായ പരാജയം മറച്ചുവയ്ക്കാനാണ് മമത തനിക്കെതിരെ തിരിഞ്ഞതെന്നും ഗവര്‍ണര്‍ ആരോപിച്ചു. അതിനിടെ, ഗവര്‍ണര്‍ ത്രിപാഠി മോഡിവാഹിനിയുടെ വിശ്വസ്ത ഭടനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍സിന്‍ഹ അവകാശപ്പെട്ടത് ഈ വാക്കുതര്‍ക്കത്തിന് എരിവും പുളിയും നല്‍കി. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനേക്കാള്‍ രാഷ്ട്രീയലാഭം നേടാനുള്ള തമ്മിലടിയാണ് കേന്ദ്ര- സംസ്ഥാന ഭരണകക്ഷി നടത്തുന്നത്. ഇത് ഖേദകരമാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള സത്വരനടപടിയാണ് ഉണ്ടാകേണ്ടത് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top