24 April Wednesday

അതിർത്തി പ്രശ്‌നത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2022


തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയത ഇളക്കിവിടുക എന്നത്‌ ബിജെപി തെരഞ്ഞെടുപ്പ്‌ തന്ത്രമാക്കുന്നത്‌ കുറെ നാളുകളായി.  തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ വർഗീയ സംഘർഷങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനങ്ങളും വിദ്വേഷപ്രസംഗങ്ങളും പതിവാണ്‌. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെയാണ്‌ ഇതിന്‌ നേതൃത്വം നൽകുക. പട്ടിണിയും തൊഴിലില്ലായ്‌മയും വിലക്കയറ്റവും ഉൾപ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനാണ്‌ ഇത്‌.  ഇപ്പോൾ ബിജെപി ഭരിക്കുന്ന രണ്ട്‌ സംസ്ഥാനത്ത്‌ അതിർത്തിത്തർക്കത്തിന്റെയും ഭാഷാ പ്രശ്‌നത്തിന്റെയും പേരിൽ  ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്‌. ഇരു സംസ്ഥാനത്തിലെയും മുഖ്യമന്ത്രിമാരാണ്‌ പ്രകോപനം സൃഷ്ടിച്ചത്‌. 1960കളിൽ  സംസ്ഥാന പുനഃസംഘടന നടന്നതുമുതൽ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ  അതിർത്തിത്തർക്കം നിലനിൽക്കുന്നു. ഭാഷാടിസ്ഥാനത്തിൽ ബെലഗാവിയിൽ ആർക്കാണ്‌ ഭൂരിപക്ഷമെന്നതാണ്‌ പ്രശ്‌നം. അടുത്തവർഷം കർണാടക നിയമസഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്രയിൽ ബിഎംസിയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്‌ മുഖ്യമന്ത്രിമാർ തന്നെ പ്രശ്‌നം കുത്തിപ്പൊക്കിയത്‌.

ഈ വിഷയത്തിൽ അക്രമാസക്തമായ പല സമരവും മുമ്പ്‌ അരങ്ങേറിയിട്ടുണ്ട്‌.  ഇരു സംസ്ഥാനങ്ങളിലും ഏറെ വൈകാരികമായ പ്രശ്നമാണ് ബെലഗാവി. സംസ്ഥാന പുനഃസംഘടനാ നിയമം പാസാക്കിയതോടെ ബെലഗാവി മൈസൂർ സംസ്ഥാനത്തിന്റെയും പിന്നീട് കർണാടക സംസ്ഥാനത്തിന്റെയും ഭാഗമായി.  ബെലഗാവിയും സമീപ പ്രദേശങ്ങളും മഹാരാഷ്ട്രയോടു ചേർക്കണമെന്ന ആവശ്യവുമായി ബെലഗാവിയിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ പാർടികൾ രംഗത്തുവന്നു.  ബെലഗാവി ആസ്ഥാനമായുള്ള മഹാരാഷ്ട്ര ഏകീകരൺ സമിതി വിഷയം ഏറ്റെടുത്തു.  ഈ സംഘടനയ്ക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർടികളുടെ പിന്തുണയുണ്ട്. ബെൽഗാം, നിപ്പനി, കാർവാർ എന്നിവിടങ്ങളിലെ എണ്ണൂറോളം ഗ്രാമങ്ങൾ തങ്ങളുടെ ഭാഗമാണെന്നാണ് മഹാരാഷ്ട്ര അവകാശപ്പെടുന്നത്. മറുഭാഗത്ത് കർണാടക രക്ഷണവേദിക ബെലഗാവി കന്നഡ സംസാരിക്കുന്നവർക്ക് പ്രാമുഖ്യമുള്ള സ്ഥലമാണെന്നും കർണാടകയോടൊപ്പംതന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടും രംഗത്തുണ്ട്‌.  സ്കൂളുകളിൽ കന്നട നിർബന്ധിത ഭാഷയാക്കുന്നതിനെതിരെ 1986 ജൂണിൽ നടന്ന സംഘർഷവും പൊലീസ് വെടിവയ്പും തർക്കം രൂക്ഷമാക്കി.  ഭരണഘടനയുടെ 131 (ബി) അനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് 2004ൽ മഹാരാഷ്ട്ര സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും  കോടതിയുടെ പരിഗണനയിലാണ്. നവംബർ 30ന്‌ കേസ്‌ പരിഗണിക്കാനിരിക്കെയായിരുന്നു ഇരു സംസ്ഥാനവും സംഘർഷത്തിലേക്ക്‌ എത്തിയത്‌. മഹാരാഷ്ട്ര – കർണാടക അതിർത്തി ജില്ലയായ സാംഗ്‍ലിയിലെ ചില ഗ്രാമങ്ങൾ കർണാടകത്തിനൊപ്പം ചേർക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചതാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക്‌ കാരണം. ബൊമ്മെയുടെ അവകാശവാദം നിഷേധിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാകട്ടെ രൂക്ഷമായ ഭാഷയിലാണ്‌ പ്രതികരിച്ചത്‌.

ഒരു ഗ്രാമവും പ്രമേയം പാസാക്കിയിട്ടില്ലെന്നും ആരും എവിടേക്കും പോകില്ലെന്നും  മറാത്തി സംസാരിക്കുന്ന ബെലഗാവി മാത്രമല്ല, കാർവാറും നിപ്പനിയും മഹാരാഷ്ട്രയോട് ചേർക്കാൻ പ്രക്ഷോഭം നടത്തുമെന്നും ഫഡ്നാവിസ്‌ പ്രഖ്യാപിച്ചു. ഫഡ്നാവിസ് പ്രഖ്യാപിച്ച രീതിയിൽ ഒന്നും സംഭവിക്കില്ലെന്നും കർണാടകത്തിന്റെ  ഭൂമിയും അതിർത്തിയും സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നും  മഹാരാഷ്ട്രയിലെ സോലാപൂർ, അക്കലക്കോട്ടെ ജില്ലകൾ കർണാടകയ്ക്ക് വിട്ടുനൽകണമെന്നും ബൊമ്മെ മറുപടി പറഞ്ഞതോടെ ഇരു ഭാഗത്തും സംഘർഷം ഉടലെടുത്തു. ബെലഗാവി തിരിച്ചുകിട്ടുന്നതിനുള്ള പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്‌ പെൻഷൻ നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം സ്ഥിതി വഷളാക്കി. കർണാടകത്തിൽ താമസിക്കുന്നവർക്കും പെൻഷൻ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതിനു മറുപടിയായി കർണാടകത്തെ ഒരുമിപ്പിക്കാൻ പൊരുതിയ മഹാരാഷ്ട്രയിലുള്ള കർണാടകക്കാർക്കും പെൻഷൻ നൽകാൻ  കർണാടക സർക്കാരും തീരുമാനിച്ചു.

മഹാരാഷ്ട്രയിലെ കന്ന‍ട പഠിപ്പിക്കുന്ന സ്കൂളുകൾക്ക് ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചു.  മഹാരാഷ്ട്ര മന്ത്രിമാരുടെ ബെലഗാവി സന്ദർശിക്കാനുള്ള തീരുമാനം സ്ഥിതി വഷളാക്കി. പിന്നാലെ ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ ആക്രമിക്കപ്പെട്ടു.  ബസ്‌, ട്രക്ക്‌ സർവീസുകൾ ഇരു സംസ്ഥാനവും രണ്ടു ദിവസം  നിർത്തിവച്ചു. തൽക്കാലം സ്ഥിതി ശാന്തമാണെങ്കിലും 19നു തുടങ്ങാനിരിക്കുന്ന ശീതകാല സമ്മേളനം ബെലഗാവിയിൽ  നടത്തുന്നത്‌ സംഘർഷം രൂക്ഷമാക്കുമെന്ന ആശങ്കയിലാണ്‌ ജനങ്ങൾ. ബെലഗാവിയിൽ നിയമസഭാ സമ്മേളനം ചേരുന്നതിനെതിരായ ‘മഹാമേള’ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന്‌ മഹാരാഷ്ട്ര ഏകീകരൺ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്‌.  ഇരു സംസ്ഥാനങ്ങൾ തമ്മിൽ വാഗ്വാദങ്ങളും വെല്ലുവിളികളും സംഘർഷങ്ങളും മുറുകുമ്പോൾ  കേന്ദ്രസർക്കാർ പ്രശ്‌നപരിഹാരത്തിന്‌ ഇടപെടാതെ മാറിനിൽക്കുകയാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നം ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top