02 May Thursday

ലബനനിലെ അട്ടിമറിനീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 20, 2020


ഇന്ന്‌ ലബനൻ അശാന്തമാണ്. ആഗസ്‌ത്‌ 4ന്‌ തലസ്ഥാനമായ ബെയ്‌റൂത്തിൽ അമോണിയം നൈട്രേറ്റ്‌ ശേഖരത്തിന്‌ തീപിടിച്ചുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ്‌ ലബനനിൽ അസ്വസ്ഥത പടർന്നത്‌. 200 പേരാണ്‌ ഈ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്‌. 5000 പേർക്ക്‌ പരിക്കേറ്റു. ഇതിനു‌ശേഷം ഇറാൻ പിന്തുണയുള്ള ഹിസബൊള്ള സർക്കാരിനെതിരെ വൻ ജനകീയ പ്രതിഷേധമാണ്‌ ഉയർന്നുവന്നിട്ടുള്ളത്‌. ഭരണമാറ്റം ആവശ്യപ്പെട്ടാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയിട്ടുള്ളത്‌. പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതിനകം അഞ്ഞൂറിലധികം പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. മറ്റെല്ലാ മൂന്നാം ലോകരാജ്യങ്ങളിലുമെന്നപോലെ ലബനനിലെ ഹിസബൊള്ള സർക്കാരിനെയും അസ്ഥിരമാക്കാൻ അമേരിക്കയും പാശ്ചാത്യശക്തികളും ഇടങ്കോലിടൽ നയവുമായി ഈ കൊച്ചുരാജ്യത്തും എത്തിയിരിക്കുകയാണ്‌.

അമേരിക്ക ശത്രുവായി പ്രഖ്യാപിച്ച ഇറാനെ ക്ഷീണിപ്പിക്കാൻ അവർ പിന്തുണയ്‌ക്കുന്ന ലബനൻ സർക്കാരിനെ താഴെയിറക്കുന്നതിലൂടെ കഴിയുമെന്നാണ്‌ അമേരിക്കയുടെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായാണ്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ ബെയ്‌റൂത്തിലെത്തിയതും സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തതും. എന്നാൽ, ‘രാഷ്ട്രീയവും സാമ്പത്തികവുമായ  പരിഷ്‌കാരങ്ങൾ’ നടപ്പാക്കിയാൽ മാത്രമേ സഹായം നൽകൂ എന്നാണ്‌ മാക്രോണിന്റെ ഭാഷ്യം. മാക്രോണിന്‌ പിറകെ അമേരിക്കയും സർക്കാർവിരുദ്ധ പ്രക്ഷോഭകർക്ക്‌ പിന്തുണയുമായി രംഗത്തെത്തി. നിലവിലുള്ള ഭരണത്തിൻകീഴിൽ ലബനൻ ജനത ഏറെ കഷ്ടപ്പെട്ടുവെന്നും അതിനാൽ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനങ്ങളോട്‌ ഉത്തരവാദിത്തമുള്ള, അവരെ സമൃദ്ധിയിലേക്ക്‌ നയിക്കുന്ന സർക്കാരിന്‌ അമേരിക്ക പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചു.


 

അമേരിക്കയുടെയും ഫ്രാൻസിന്റെയും ഈ ഇടപെടൽ സാമ്രാജ്യത്വ ശക്തികൾ ഇതപര്യന്തം തുടരുന്ന തങ്ങൾക്ക്‌ ഇഷ്ടമല്ലാത്ത, വഴങ്ങാത്ത ഭരണാധികാരികളെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്‌ കാണാം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ പ്രക്ഷോഭം നയിക്കാനുള്ള എല്ലാ അവകാശങ്ങളും ആ രാജ്യത്തെ ജനങ്ങൾക്കുണ്ട്‌. ലബനനിലെ ജനങ്ങളാണ്‌ അവരെ ആര്‌ ഭരിക്കണമെന്ന്‌ അന്തിമമായി തീരുമാനിക്കേണ്ടത്‌. മറിച്ച്‌ മുൻ കൊളോണിയൽ മേധാവിയായ ഫ്രാൻസോ അമേരിക്കയോ അല്ല. എന്നാൽ, പാശ്ചാത്യശക്തികൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ അവരുടെ വരുതിയിലൊതുങ്ങാത്ത ലബനൻ ഭരണാധികാരികളെ മാറ്റാനുള്ള അവസരമായി സ്‌ഫോടനദുരന്തത്തെ ഉപയോഗിക്കുകയാണ്‌.

ബെയ്‌റൂത്തിൽ ഉണ്ടായ സ്‌ഫോടനത്തിനുമുമ്പുതന്നെ ലബനനിലെ ജനങ്ങൾ ഭരണാധികാരികൾക്കെതിരെ പ്രതിഷേധിക്കാനാരംഭിച്ചിരുന്നു. ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക്‌ നിപതിച്ച ഘട്ടത്തിൽത്തന്നെ അത്‌ ലബനനെയും ബാധിച്ചിരുന്നു. ടൂറിസവും ഗൾഫിൽ ജോലിചെയ്യുന്നവരിൽനിന്ന്‌ ലഭിക്കുന്ന പണവുമാണ്‌‌ ലബനന്റെ സാമ്പത്തിക സ്രോതസ്‌. എന്നാൽ, മഹാമാരി പടർന്നുപിടിച്ചതോടെ ഈ രണ്ട്‌ വരുമാന സ്രോതസും ഇല്ലാതായി. വിദേശകടം തിരിച്ചടയ്‌ക്കാൻ കഴിയാത്ത പ്രതിസന്ധി സംജാതമായി. അതോടൊപ്പം വിലക്കയറ്റവും  തൊഴിലില്ലായ്‌മയും യഥാക്രമം 56, 35 ശതമാനമായി ഉയർന്നു. മഹാമാരിക്കുമുമ്പേ തുടങ്ങിയ ഈ തകർച്ച കോവിഡ്‌ വ്യാപനത്തോടെ രൂക്ഷമായി. 10–-15 ബില്യൺ ഡോളർ വിദേശവായ്‌പ ലഭിച്ചാലേ സർക്കാരിന്‌ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, നേരത്തേയുള്ള വിദേശകടം തിരിച്ചടവ്‌ മാർച്ച്‌ മുതൽ മുടങ്ങിയതിനാൽ ആരും കടം നൽകാൻ തയ്യാറായതുമില്ല. ഈ ഘട്ടത്തിലാണ്‌  ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞത്‌. ഇതോടൊപ്പം നിലവിലുള്ള സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ആഖ്യാനവും ശക്തമായി. പക്ഷേ, ഇത്തരമൊരു അവസ്ഥയിലേക്ക്‌ രാജ്യം എത്തിച്ചേർന്നത്‌ നിയോലിബറൽ പരിഷ്‌കാരങ്ങളുടെ ഫലമായിരുന്നുവെന്ന കാര്യം മറച്ചുവയ്‌ക്കപ്പെട്ടു.


 

അമേരിക്കയും ഫ്രാൻസും മറ്റും ലബനനെ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും അവർ മുന്നോട്ടുവച്ച ഉപാധി പാശ്ചാത്യരാഷ്ട്രങ്ങളുമായും  ഇസ്രയേലുമായും സഹകരിക്കുന്ന ഒരു സർക്കാർ പകരംവയ്‌ക്കപ്പെടണമെന്നതായിരുന്നു. ഇറാൻ പിന്തുണയുള്ള ഹിസബൊള്ളകൾക്കായിരിക്കരുത്‌ ഭരണമെന്നർഥം. ഭരണമാറ്റത്തിനുവേണ്ടിയുള്ള പരസ്യമായ ആഹ്വാനമാണിത്‌. ലബനനെ ഇന്നത്തെ പ്രതിസന്ധിയിൽ എത്തിച്ച നിയോലിബറൽ നയങ്ങൾ ഉപേക്ഷിക്കാനല്ല മറിച്ച്‌ അത്‌ വീണ്ടും അഭംഗുരം തുടരുന്നതിനുവേണ്ടിയാണ്‌ ഭരണമാറ്റം വേണമെന്ന്‌ അമേരിക്കയും മറ്റും ആവശ്യപ്പെടുന്നത്‌.

ഹിസബൊള്ള സർക്കാരിനെ മാറ്റിയാലേ വായ്‌പ നൽകൂവെന്നാണ്‌ ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. വായ്‌പ ലഭിച്ചാൽത്തന്നെ പ്രതിസന്ധിയുടെ ഈ കാലത്ത്‌ അതെങ്ങനെ തിരിച്ചടയ്‌ക്കും? ജനങ്ങളുടെ വരുമാനം കുറയ്‌ക്കുന്ന വിധത്തിൽ ചെലവുചുരുക്കൽ നടപടി സ്വീകരിക്കണമെന്ന തീട്ടൂരമായിരിക്കും അടുത്തതായി വരിക.  അതായത്‌ ലബനൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും വലിച്ചെറിയപ്പെടും. ഏതൊരു മൂന്നാം ലോകരാജ്യത്തും അമേരിക്കയും കൂട്ടരും നടപ്പാക്കുന്ന പരമ്പരാഗത പദ്ധതികൾ തന്നെയാണ്‌ ലബനനിലും ആവർത്തിക്കപ്പെടുന്നത്‌. പ്രതിസന്ധിയെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി ഉപയോഗിക്കുന്ന സാമ്രാജ്യത്വ രീതിതന്നെയാണിത്‌. ജനങ്ങളുടെ പുരോഗതിയോ ഉന്നമനമോ അല്ല മറിച്ച്‌ മുതലാളിത്തത്തിന്‌ ലാഭം കുന്നുകൂട്ടാൻ സഹായിക്കുന്ന നിയോലിബറൽ ക്രമം ഭീഷണിയില്ലാതെ നിലനിർത്തുക മാത്രമാണ്‌ അമേരിക്കയുടെയും ഫ്രാൻസിന്റെയും മറ്റും ലക്ഷ്യം. അതാണ്‌ ലബനൻ പ്രതിസന്ധിയിലും തെളിയുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top