19 April Friday

ബാഴ്‌സിലോണയിലെ ഭീകരാക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

ജനങ്ങള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളിലേക്ക് വാഹനമോടിച്ച് കയറ്റി മരണസംഖ്യ വര്‍ധിപ്പിക്കുകയെന്നത് ഭീകരവാദികളുടെ പുതിയ തന്ത്രമാണ്. പ്രത്യേകിച്ചും യൂറോപ്യന്‍ നഗരങ്ങളിലാണ് ഈ തന്ത്രം ഇസ്ളാമിക സ്റ്റേറ്റിനെ പോലുള്ള ഭീകരവാദികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഉപയോഗിച്ചുവരുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്സിലോണയിലും കടല്‍തീര ടൂറിസ്റ്റ് കേന്ദ്രമായ കാമ്പ്രിസിലും ഉണ്ടായ ഭീകരാക്രമണം. ഈ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും നൂറോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫ്രാന്‍സിലെ നീസിലും (2016 ജൂലൈ), ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലും (2016 ഡിസംബര്‍) സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലും (2017 ഏപ്രില്‍) ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലുമാണ് (2017 ജൂണ്‍) നേരത്തേ ഭീകരവാദികള്‍ വാഹനങ്ങള്‍ ആയുധങ്ങളാക്കിയുള്ള ഭീകരാക്രമണം നടത്തിയത്.  

സ്പെയിനിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ആക്രമണങ്ങളാണ് ആഗസ്ത് 17നു നടന്നത്. അമേരിക്ക, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ പൌരന്മാരും കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ 32 രാജ്യത്തുള്ളവരുണ്ടെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളെന്ന് കരുതുന്ന അഞ്ചു പേരും കൊല്ലപ്പെട്ടു. കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച വാനിന്റെ ഡ്രൈവറായ മൊറോക്കന്‍ വംശജനായ 22കാരന്‍ യൂനിസ് അബോ യാക്കൂബ് രക്ഷപ്പെട്ടതായി സംശയിക്കുന്നു. ഫ്രാന്‍സിലേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.  കാമ്പ്രിസില്‍ കൊല്ലപ്പെട്ട അഞ്ച് ഭീകരവാദികളില്‍ മൂസ ക്വകാബിര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന പിരനീസ് മലനിരകള്‍ക്കടുത്തുള്ള റിപ്പോള്‍ ഗ്രാമത്തിലും മറ്റും പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും അവര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് സ്പാനിഷ് അധികൃതര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും 13 വര്‍ഷം മുമ്പ് തലസ്ഥാനമായ മാഡ്രിഡിലെ ട്രെയിനില്‍ ബോംബ് പൊട്ടിത്തെറിച്ച് 191 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം സ്പെയിനിലുണ്ടാകുന്ന ഏറ്റവും പ്രധാന ഭീകരാക്രമണമാണ് ബാഴ്സിലോണയിലേത്. ഫ്രാന്‍സിനെ അപേക്ഷിച്ച് ശക്തമായ നിരീക്ഷണ സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും ഉണ്ടായിരുന്നിട്ടും ഭീകരാക്രമണം നടന്നത് സ്പെയിനിന് ക്ഷീണമായി. മാഡ്രിഡില്‍ അല്‍ ഖായ്ദയാണ് ആക്രമണത്തിനു പിന്നിലെങ്കില്‍ ബാഴ്സിലോണയില്‍ അല്‍ ഖായ്ദയുടെ തന്നെ വകഭേദമായ ഐഎസാണെന്ന് മാത്രം. സ്വന്തം തട്ടകമായ ഇറാക്കിലും സിറിയയിലും കനത്ത തിരിച്ചടി വാങ്ങുന്ന ഐഎസ് ഒറ്റപ്പെട്ട ആക്രമണം നടത്തി സജീവ സാന്നിധ്യം ഉറപ്പിക്കാനുള്ള തന്ത്രമാണ് മെനയുന്നതെന്ന് സ്പെയിനില്‍ നടത്തിയ ആക്രമണങ്ങളില്‍നിന്ന് അനുമാനിക്കാം. കാലിഫൈറ്റിന്റെ കേന്ദ്രമായ ഇറാക്കിലെ മൊസൂളുംകൂടി കൈവിട്ടതോടെ ഐഎസുകാര്‍ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി ആക്രമണങ്ങള്‍ക്ക് തുടക്കമിടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ബാഴ്സിലോണയില്‍ നടന്നത് അത്തരത്തിലുള്ള ആക്രമണമാണോ എന്ന പരിശോധനയും നടന്നുവരികയാണ്.

ബാഴ്സിലോണയിലെ ഭീകരാക്രമണത്തെ രാജ്യത്ത് പട്ടാളഭരണം ഏര്‍പ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കാനുള്ള വലതുപക്ഷ പോപ്പുലര്‍ പാര്‍ടി സര്‍ക്കാരിന്റെ നീക്കം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ സ്പെയിന്‍ ഭരിച്ച ഏകാധിപതി ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ ഭരണത്തിനു ശേഷം ആദ്യമാണ് രാജ്യത്ത് പട്ടാളത്തെ ഇറക്കാനുള്ള നീക്കം മരിയാനോ രജോയ് സര്‍ക്കാര്‍ നടത്തുന്നത്. സൈന്യത്തോട് തയ്യാറായി നില്‍ക്കാനും ഉത്തരവിറങ്ങിയാല്‍ ഉടന്‍ രാജ്യത്തെമ്പാടും വിന്യസിക്കാനും സൈനിക മേധാവിയോട് പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ബാഴ്സിലോണ ഉള്‍പ്പെടുന്ന കറ്റാലന്‍ പ്രവിശ്യയുടെ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്നിനു നടക്കാനിരിക്കുന്ന ഹിതപരിശോധന തടയാനും വര്‍ധിച്ചുവരുന്ന തൊഴിലാളി സമരങ്ങളെ നേരിടാനുമാണ് പട്ടാളവിന്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലതുപക്ഷ സര്‍ക്കാര്‍ തുടക്കമിട്ടിട്ടുള്ളത്. എന്നാല്‍, ഈ നീക്കത്തെ കമ്യൂണിസ്റ്റ് പാര്‍ടിയും മറ്റ് ഇടതുപക്ഷകക്ഷികളും ശക്തമായി വിമര്‍ശിച്ചു. ഭീകരവാദം തടയാന്‍ രഹസ്യാന്വേഷണ വിഭാഗത്തെയും സുരക്ഷാ സംവിധാനങ്ങളെയും ശക്തമാക്കുന്നതിനു പകരം രാജ്യത്ത് പട്ടാളത്തെ വിന്യസിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്ന് ഇടതുപക്ഷം മുന്നറിയിപ്പു നല്‍കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top