28 March Thursday

ബാങ്കിങ് പാക്കേജ് പരിഷ്കരണത്തിന് വഴിയൊരുക്കാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2017



പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനെന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച 2.11 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജിനു പിന്നില്‍ ഒളിഅജന്‍ഡകള്‍ ഏറെ. രാജ്യത്തെ ബാങ്കിങ് പ്രവര്‍ത്തനങ്ങളിലുള്ള സര്‍ക്കാര്‍ നിയന്ത്രണം പരിമിതപ്പെടുത്തുകയും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയും ചെയ്യുന്ന ബാങ്ക് ഇന്‍ഷുറന്‍സ് പരിഷ്കരണത്തിന് വഴിയൊരുക്കുകയെന്നതാണ് ഇതില്‍ പ്രധാനം. കിട്ടാക്കട പ്രതിസന്ധിയില്‍നിന്ന് പൊതുമേഖലാ ബാങ്കുകളെ കരകയറ്റാനെന്ന പേരില്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയായി വന്‍ പരിഷ്കാരങ്ങള്‍ ഉടനുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞതിന്റെ ഉള്ളടക്കം മറ്റൊന്നുമല്ല. ഉത്തേജക പാക്കേജിന്റെ മറപിടിച്ച് സമൂല ബാങ്കിങ് പരിഷ്കരണംമാത്രമാണ് പോംവഴിയെന്നു വരുത്തി ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ (എഫ്ആര്‍ഡിഐ) നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 9.5 ലക്ഷം കോടി രൂപയാണ്. ഈ നിഷ്ക്രിയ ആസ്തി കാരണം ബാങ്കുകളുടെ വായ്പാശേഷി നഷ്ടപ്പെട്ടു. സ്വകാര്യ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കുറഞ്ഞു. സമ്പദ്ഘടന തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇതാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്തുകൊണ്ട് കിട്ടാക്കടമെന്നു പരിശോധിക്കുമ്പോഴാണ് പൂച്ച പുറത്തുചാടുക. റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയ പ്രകാരം വെറും 12 അക്കൌണ്ടില്‍ 1.75 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമുണ്ട്. മൊത്തം കിട്ടാക്കടത്തിന്റെ അഞ്ചിലൊന്നാണിത്. ഒരു കമ്പനിക്ക് ഒന്നിലേറെ വായ്പാ അക്കൌണ്ട് ഉണ്ടാകാമെന്നതിനാല്‍ ഭീമ കുടിശ്ശികക്കാരുടെ എണ്ണം 12ല്‍ താഴെയായിരിക്കും. വിരലിലെണ്ണാവുന്ന ഈ കുത്തകകളില്‍നിന്നുപോലും കടം ഈടാക്കാന്‍ ചെറുവിരല്‍ അനക്കാതെ ബാങ്കുകളുടെ 'രക്ഷയ്ക്ക്' സര്‍ക്കാര്‍ പണം ഇറക്കുമ്പോള്‍ ഉദ്ദേശ്യം വ്യക്തം.

കിട്ടാക്കടത്തിന്റെ 12 ശതമാനം മാത്രമാണ് അഞ്ചു കോടി രൂപയില്‍ താഴെ വായ്പയെടുത്ത ഇടപാടുകാരുടേത്. വായ്പ നല്‍കുന്നതിലെ സമ്പന്ന പക്ഷപാതിത്വമാണ്  കിട്ടാക്കടപ്രതിഭാസത്തിന്റെ കാരണം. ഈ നയം മാറ്റാനോ വന്‍കിടക്കാരില്‍നിന്ന് വായ്പ തിരിച്ചുപിടിക്കാനോ നടപടിയൊന്നുമില്ല. പ്രതിസന്ധിയുടെ പുകമറ സൃഷ്ടിച്ച് ബാങ്കിങ് ദേശസാല്‍ക്കരണം അട്ടിമറിക്കാനാണ് കരുക്കള്‍ നീക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ മുഴുവന്‍ ധനസ്ഥാപനങ്ങളെയും ഏക നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരാനാണ് നീക്കം.

മുംബൈ ആസ്ഥാനമാക്കി സ്ഥാപിക്കുന്ന ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ കോര്‍പറേഷന്‍ (എഫ്ആര്‍സി) നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ബാങ്കിങ് മേഖലയില്‍ കോര്‍പറേറ്റ് താല്‍പ്പര്യ സംരക്ഷണം സമ്പൂര്‍ണമാകും. വിവിധ സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരായിരിക്കും ബോര്‍ഡ് അംഗങ്ങളെങ്കിലും റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയ കേന്ദ്ര സംവിധാനങ്ങള്‍ തുടര്‍ന്നുവന്നതായിരിക്കില്ല എഫ്ആര്‍സിയുടെ മുന്‍ഗണനകള്‍. അനിയന്ത്രിതമായ അധികാരങ്ങളാണ് ബില്ലില്‍  എഫ്ആര്‍സിക്ക് നല്‍കിയിരിക്കുന്നത്. ഗ്രാമീണ, കാര്‍ഷിക വായ്പകള്‍, ഇന്‍ഷുറന്‍സുകള്‍, സഹകരണ ബാങ്കിങ് തുടങ്ങി വൈവിധ്യമാര്‍ന്നതും ഓരോ മേഖലയിലെയും തനതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ നയമാണ് നിലനില്‍ക്കുന്നതെങ്കില്‍ പുതിയ പരിഷ്കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ് പ്രവര്‍ത്തനം ഏകശിലാരൂപമാകും.

ഏത് സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനും പിരിച്ചുവിടാനും ലയിപ്പിക്കാനുമൊക്കെ കോര്‍പറേഷന് അധികാരമുണ്ടാകും. കേരളംപോലെ വികേന്ദ്രീകൃത വായ്പാരീതികളും സഹകരണപ്രസ്ഥാനവും ശക്തമായ സംസ്ഥാനങ്ങള്‍ക്ക് പുതിയ നീക്കം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന റിസര്‍വ് ബാങ്ക് അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്റെ പ്രവര്‍ത്തനവും പുതിയ പരിഷ്കരണത്തോടെ അവസാനിക്കും. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കി, പാര്‍ലമെന്റിനോടുപോലും വിധേയത്വമില്ലാത്ത പുതിയ അധികാരകേന്ദ്രം രൂപപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷം സാധാരണജനങ്ങള്‍ക്ക് ബാങ്കിങ് അപ്രാപ്യമാകും. എസ്ബിടി ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചതിനെത്തുടര്‍ന്ന് സാധാരണ ഇടപാടുകാര്‍ക്ക് നേരിട്ട തിരിച്ചടി ചെറുതല്ല. എന്തിനേറെ, മിനിമം ബലന്‍സിന്റെ വ്യവസ്ഥ കൊണ്ടുവന്ന് എസ്ബിഐ പാവങ്ങളില്‍നിന്ന് കൊള്ളയടിച്ചത് 235 കോടി രൂപയാണ്. അമിതമായ സര്‍വീസ് ചാര്‍ജുകളും ഫീസുകളും ചുമത്തി പാവങ്ങളെ കൊള്ളയടിക്കുമ്പോള്‍ സഹസ്രകോടികള്‍ വെട്ടിച്ച മല്യമാര്‍ക്ക് വിദേശത്തും സ്വദേശത്തും സുഖവാസം.

കേന്ദ്രം ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന ബാങ്ക് മൂലധന പാക്കേജുതന്നെ ദുരൂഹതകള്‍ നിറഞ്ഞതാണ്. രണ്ടു വര്‍ഷത്തെ കാലപരിധി 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളതാണെന്നതില്‍ സംശയമില്ല. 2.11 ലക്ഷം കോടിയുടെ പാക്കേജില്‍ 18,139 കോടി മാത്രമാണ് ബജറ്റുവിഹിതം. 1.35 ലക്ഷം കോടിയുടെ റീക്യാപ്പിറ്റലൈസേഷന്‍ ബോണ്ടുകള്‍വഴി സമാഹരിക്കുമെന്നാണ് പറയുന്നത്. വിപണിയില്‍ ബോണ്ട് വിറ്റ് സമാഹരിക്കുന്ന തുക ബാങ്കുകള്‍ക്ക് മൂലധനമായി നല്‍കുമെന്നാണ് പറയുന്നത്. ബോണ്ടുകളുടെ സ്വഭാവം പിന്നീട് തീരുമാനിക്കുമെന്ന ജെയ്റ്റ്ലിയുടെ പ്രഖ്യാപനവും സംശയാസ്പദമാണ്. അവശേഷിക്കുന്ന 57,861 കോടി ഗവണ്‍മെന്റ് ഇക്വിറ്റി ഷെയര്‍ കുറച്ചുകൊണ്ട് ബാങ്കുകള്‍ നേരിട്ട് വിപണിയില്‍നിന്ന് സമാഹരിക്കാമെന്നാണ്. ഫലത്തില്‍ പൊതുമേഖലാ ഓഹരിവില്‍പ്പനതന്നെ. ഈ കണ്‍കെട്ടുവിദ്യകള്‍ ജനങ്ങളുടെ ചെലവില്‍ നടത്തുന്ന കറകളഞ്ഞ കോര്‍പറേറ്റു സേവയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top