28 September Thursday

ബാങ്കിങ് -ധനകാര്യ മേഖല സംരക്ഷിക്കാൻ ഈ പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 17, 2021ഇന്ത്യയുടെ ബാങ്കിങ് -ധനകാര്യ മേഖലയിൽ ആപത്തിന്റെ കൂട്ടമണികൾ മുഴങ്ങുന്നു. എവിടെയും അപായസൂചനകൾ. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് വരാൻ പോകുന്ന വലിയ ആപത്തുകളുടെ പ്രഖ്യാപനമായിരുന്നു. ഇന്ത്യയുടെ ഖജനാവായി നിലകൊള്ളുന്ന പൊതുമേഖലാ ബാങ്കുകളെ കോർപറേറ്റ് വമ്പൻമാർക്ക് തീറെഴുതാൻ പോകുന്നുവെന്നായിരുന്നു ബജറ്റ് പ്രഖ്യാപനത്തിന്റെ ആകെത്തുക.

വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനിൽപ്പും പോരാട്ടവും മാത്രമാണ് പോംവഴി. ആ പോരാട്ടത്തിന്റെ ധീരമായ പ്രഖ്യാപനവും മുന്നേറ്റവുമാണ് രണ്ടു ദിവസമായി രാജ്യം കണ്ടത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങളും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന പണിമുടക്കിൽ പത്തു ലക്ഷത്തിലേറെ ജീവനക്കാരും ഓഫീസർമാരും പങ്കെടുത്തു. ബാങ്കിങ് മേഖല സ്തംഭിച്ചു.

പണിമുടക്കിനാധാരമായ വിഷയങ്ങൾ ബാങ്ക് ജീവനക്കാരെയോ ഉപഭോക്താക്കളെയോ മാത്രം ബാധിക്കുന്ന ഒന്നായിരുന്നില്ല. സാധാരണക്കാരെയും കൃഷിക്കാരെയും രാജ്യത്തെ തന്നെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ വിവിധ രാഷ്ട്രീയ പാർടികളും പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാർഢ്യത്തിന്റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും തിങ്കളാഴ്ച സ്വകാര്യവൽക്കരണ വിരുദ്ധ ദിനമായും ആചരിച്ചു. കഴിഞ്ഞ നവംബർ 26 മുതൽ കൃഷിക്കാർ നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടം ആവേശകരമായി തുടരുന്നതിനിടെ ഈ പ്രക്ഷോഭം ഇന്ത്യയുടെ സമരചരിത്രത്തിൽ മറ്റൊരേടായി. ബാങ്ക് ജീവനക്കാരുടെ ഐക്യവേദി നടത്തിയ പണിമുടക്കിന് റിസർവ് ബാങ്ക് ജീവനക്കാരും ഐക്യദാർഢ്യമേകി. വരും ദിവസങ്ങളിൽ ഇൻഷുറൻസ് ജീവനക്കാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്നത് എണ്ണമറ്റ സമര പരമ്പരകൾ.

അക്ഷരാർഥത്തിൽ ഇന്ത്യയുടെ പൊതുമേഖലയ്‌ക്ക് ചരമക്കുറിപ്പ് എഴുതുന്നതായിരുന്നു നിർമല സീതാരാമന്റെ ഇത്തവണത്തെ ബജറ്റ്. നേരത്തെ ഓഹരി വിൽപ്പന പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ഐഡിബിഐ) പുറമെ, രണ്ടു പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, എൽഐസിയുടെ ഓഹരി വിൽപ്പന, ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വിദേശ മൂലധനം, ജനറൽ ഇൻഷുറൻസിന്റെ സ്വകാര്യവൽക്കരണം എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയും ആസ്തി വിൽപ്പനയും സ്വകാര്യവൽക്കരണവും ഇതോടൊപ്പം നടപ്പാക്കാനാണ് പരിപാടി. പൊതുമേഖലയിലെ ചുരുക്കം ചില സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാം ചുളുവിലയ്ക്ക് വിറ്റഴിക്കുകയാണ് ലക്ഷ്യം. 2020 മേയിൽ അവതരിപ്പിച്ച ‘ആത്മനിർഭർ' പരിപാടിയുടെ ആവർത്തനമായിരുന്നു ബജറ്റ്.

1969ൽ ബാങ്ക് ദേശസാൽക്കരണം നടക്കുന്നതുവരെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിന്റെ ഉപസ്ഥാപനങ്ങളുമൊഴികെ മിക്കവാറും എല്ലാ ബാങ്കുകളും സ്വകാര്യ മേഖലയിലായിരുന്നു. ഏതാണ്ട് 500 സ്വകാര്യ ബാങ്ക്‌ തകർന്നിട്ടുണ്ട്. ബാങ്കുകൾ തകർന്നപ്പോൾ നഷ്ടപ്പെട്ടത് ജനങ്ങളുടെ പണം. തകരാതെനിന്നവയാകട്ടെ കോർപറേറ്റുകളുടെ കൈയിലും. പൊതുജനങ്ങളുടെ ബാങ്ക് നിക്ഷേപമെല്ലാം കോർപറേറ്റുകൾ സ്വന്തം ബിസിനസിന് ഉപയോഗിച്ചു. ഈയൊരു സാഹചര്യത്തിലാണ് 1969ൽ 14 വൻകിട സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിച്ചത്. ഇതോടെ ഇന്ത്യയുടെ ബാങ്കിങ് സമ്പ്രദായത്തിൽ തന്നെ മാറ്റമുണ്ടായി. വായ്പാ മുൻഗണനകൾ മാറ്റിയെഴുതി. കൃഷിയും സൂഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുമല്ലാം പരിഗണിക്കപ്പെട്ടു. 1969ന് ശേഷവും രാജ്യത്ത് 39 സ്വകാര്യ ബാങ്ക്‌ തകർന്നിട്ടുണ്ട്. നവലിബറൽ സാമ്പത്തിക നയങ്ങൾക്ക് തുടക്കമിട്ട തൊണ്ണൂറുകളുടെ ആദ്യം ആരംഭിച്ച പത്തോളം പുതുതലമുറ ബാങ്കുകളിൽ പലതും പൊട്ടി. ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്, ടൈംസ് ബാങ്ക് എന്നിവയൊക്കെ ഇതിൽപ്പെടും.

സ്വകാര്യ ബാങ്കുകളിലെയും ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങളിലെയും അനേകം അഴിമതിക്കഥകളും രാജ്യത്തിന്റെ മുന്നിലുണ്ട്. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലക്ഷ്മിവിലാസ് ബാങ്ക്, ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങളായ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ), ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) എന്നിവയിലൊക്കെ നടന്ന കോടികളുടെ കോഴയും അഴിമതിയുമെല്ലാം അടുത്തകാലത്ത് പുറത്തുവന്നു. ഇതിൽ ചിലതിനെയൊക്ക പൊതുമേഖലാ ബാങ്കുകളുടെ പണം ഉപയോഗിച്ച് രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിച്ചതും മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ കോർപറേറ്റുകൾക്ക് ജനങ്ങളുടെ പണം കൊള്ളയടിക്കാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് എണ്ണം കുറയ്ക്കുന്നതും സ്വകാര്യവൽക്കരിക്കുന്നതുമെല്ലാം ഈ ഉദ്ദേശ്യത്തോടെ തന്നെ. ഇതൊന്നും കൂടാതെ കോർപറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ് നൽകാനും നീക്കമുണ്ട്. കോഴിക്കൂടിന്റെ കാവൽ കുറുക്കനെ ഏൽപ്പിച്ചപോലെയാകും അത്. ആ ബാങ്കുകളിലെത്തുന്ന നിക്ഷേപമെല്ലാം അടിച്ചുമാറ്റും. മുതലാളിമാർ പൊതുമേഖലബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്‌ക്കാത്ത പണം (കിട്ടാക്കടം) ഈടാക്കാൻ ഒരു നടപടിയുമെടുക്കുന്നില്ലെന്നത് ഇതോടൊപ്പം അറിയേണ്ട കാര്യമാണ്. അതിന് നിയമമുണ്ടായിട്ടും കേന്ദ്ര സർക്കാർ പ്രയോഗിക്കുന്നില്ല.

ബാങ്കു വായ്പകൾ നാടിന് പ്രയോജനകരമാകണം. അങ്ങനെ സംഭവിക്കണമെങ്കിൽ ചെറുകിട- ഇടത്തരം വ്യവസായങ്ങൾക്കും കാർഷിക മേഖലയ്‌ക്കും വായ്പ കിട്ടണം. അങ്ങനെ മാത്രമേ സമ്പദ്‌വ്യവസ്ഥയെ ഉണർത്താനാകൂ. അതിന് പൊതുമേഖലാ ബാങ്കുകൾ നാടിന്റെ ഖജനാവായി നിലകൊള്ളണം. അതിനാണ് ബാങ്ക് ജീവനക്കാരുടെ പോരാട്ടം. അത് രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള സമരമാണ്. ഇന്ത്യയുടെ ബാങ്കിങ് - ധനകാര്യ മേഖല സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top