06 December Wednesday

വൻ വിജയമാകുന്ന ബാങ്ക് പണിമുടക്ക്

വെബ് ഡെസ്‌ക്‌Updated: Thursday May 31, 2018


ഇന്ത്യയിലാകെ പൊതുമേഖലാ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു. ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സമരവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസി(യുഎഫ്ബിയു)ന്റെ നേതൃത്വത്തിലാണ് സമരം. 48 മണിക്കൂർ നീളുന്ന സമരം വ്യാഴാഴ്ചയും തുടരും.

അടുത്തകാലത്ത് പലപ്പോഴായി കേന്ദ്ര ബിജെപി സർക്കാരിന്റെ ബാങ്കിങ‌് നയങ്ങൾക്കെതിരെ സമരം നയിച്ചുവരുന്ന യുഎഫ്ബിയു ഇക്കുറി സേവനവേതന കരാറുകൾ പരിഷ്‌കരിക്കണമെന്ന ആവശ്യവുമായാണ് സമരരംഗത്തുള്ളത്. ആവശ്യം വേതനപരിഷ്‌കരണമാണെങ്കിലും ഇതുവരെ ബാങ്കിങ് മേഖലയിലെ ദുർനയങ്ങൾക്കെതിരെ നടന്ന പോരാട്ടങ്ങളുടെ തുടർച്ചതന്നെയാണ് ഈ പണിമുടക്ക്.

2017 ഒക്ടോബർ 31ന് കാലഹരണപ്പെട്ട ഉഭയകക്ഷി കരാർ പുതുക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ, വേണമെങ്കിൽ രണ്ടു ശതമാനം വർധന തരാം. അതിൽ കൂടുതൽ തരാനാകില്ല എന്ന കർശന നിലപാടാണ്, ചർച്ചകളിൽ സർക്കാർ നിർദേശപ്രകാരം ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ സ്വീകരിക്കുന്നത്.

ഒരുകാലത്ത് അധികവേതനം കിട്ടുന്ന മേഖല എന്ന നിലയിൽ ബാങ്കിങ‌്മേഖലയെ സാധാരണക്കാർ നോക്കിക്കണ്ടിരുന്നു. എന്നാൽ ,ഇന്ന് മറ്റ് പല മേഖലകളുമായി താരതമ്യംചെയ്താൽ ബാങ്കിങ‌് മേഖലയിലെ വേതനനിരക്ക് കുറഞ്ഞുവരികയാണ്. മറുവശത്ത് ജോലിഭാരവും ഉത്തരവാദിത്തവും റിസ്‌ക്കും കൂടിവരികയും ചെയ്യുന്നു. സ്വാഭാവികമായും കൂടുതൽ വേതനവർധന ബാങ്കിങ‌് മേഖലയിൽ പണിയെടുക്കുന്നവർ അർഹിക്കുന്നുവെന്ന് വ്യക്തം. അതുകൊണ്ടുതന്നെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ അർഹിക്കുന്ന സമരത്തിലാണ് തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്നത്.

ബാങ്കിങ‌് വ്യവസായത്തിൽ പ്രശ്‌നങ്ങളുണ്ട്. ബാങ്കുകളുടെ അറ്റ നഷ്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാ ബാങ്കുകളും ലക്ഷം കോടിയുടെ പ്രവർത്തന ലാഭത്തിലാണ്. എന്നാൽ, 2013ലെ ബാങ്ക് കിട്ടാക്കടം 2,42,609 കോടി രൂപയായിരുന്നു. 2017ലെത്തുമ്പോൾ കിട്ടാക്കടം 8,40,958 കോടി രൂപയിലെത്തി.  വിജയ‌്മല്യ, നീരവ‌് മോഡി തുടങ്ങിയ കോർപറേറ്റുകളും അവരെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരുമാണ് ഇതിനു കാരണക്കാർ. ഈ കൊള്ളകൂടി അവസാനിപ്പിച്ചാലേ ബാങ്കുകളെ രക്ഷിക്കാനാകൂ. ബാങ്ക് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും തൊഴിലും പെൻഷനും കൃത്യമായി ലഭ്യമാകുകയുള്ളൂ. അതുകൊണ്ടാണ് ഈ സമരം കേന്ദ്രസർക്കാരിന്റെ ദുർനയങ്ങൾക്കുകൂടി എതിരാകുന്നത്.

നിയോലിബറൽ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത ബാങ്ക്‌രംഗത്തെ തൊഴിൽശക്തിയെ തുറന്നെതിർക്കാൻതന്നെയാണ് സർക്കാർ നീക്കം. വേതനപരിഷ്‌കരണ ചർച്ചകളിൽ സർക്കാർ കാട്ടുന്ന പിടിവാശി ഇതിന്റെ തെളിവാണ്. സർക്കാർ ലക്ഷ്യംവയ്ക്കുന്നത് ഈ മേഖലയെ യൂണിയൻ വിമുക്തമാക്കുകയെന്നതാണ്. അതിനുള്ള തന്ത്രങ്ങൾ അവർ മെനയുന്നു. എല്ലാ സംഘടനകളും ഒന്നിച്ചുനിന്നുയർത്തുന്ന ആവശ്യത്തെപ്പോലും അവഗണിച്ചു മുന്നോട്ടുപോയാൽ ഈ രംഗത്തെ സംഘടനകളുടെ വിശ്വാസ്യത തകർക്കാം എന്ന് സർക്കാർ കണക്കുകൂട്ടുന്നു.

ഇതിനിടെ മുമ്പില്ലാത്ത ചില നീക്കങ്ങൾ ബാങ്കിങ‌് മേഖലയിലെ ജീവനക്കാരെ ഭിന്നിപ്പിക്കാനായി നടക്കുന്നതും കാണാതിരുന്നുകൂടാ. യുഎഫ്ബിയു ബാങ്കിങ‌് മേഖലയിലെ മുഴുവൻ സംഘടനകളുടെയും സമരവേദിയാണെങ്കിലും നേതൃത്വത്തിന്റെ ചാഞ്ചാട്ടങ്ങൾ മുൻകാലങ്ങളിൽ അവരുടെ സമരശേഷിയെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. മുൻകാല കരാറുകളിൽ പുതുതായി ബാങ്കിലെത്തിയവർക്ക് വേണ്ട പരിഗണന കിട്ടിയില്ല എന്ന പരാതി ഉയർന്നിരുന്നു.

ഈ പഴുതിലൂടെ സമരക്കാരെ ഭിന്നിപ്പിക്കാമോ എന്നാണ് നോട്ടം. അതിനായി യുവാക്കളായ ബാങ്ക് ജീവനക്കാരെ പ്രത്യേകം അണിനിരത്തി യുഎഫ്ബിയു നേതൃത്വത്തിനെതിരെ കലാപത്തിനാണ് ശ്രമം. സമരത്തിന്റെ സംഘശക്തിയെ ഭിന്നിപ്പിച്ച് സർക്കാരിനെ രക്ഷിച്ചെടുക്കാൻ സംഘപരിവാർ കേന്ദ്രങ്ങളിൽ രൂപപ്പെട്ട തന്ത്രമാണിത്. കേരളത്തിൽ ഇത് തെല്ലും വിലപ്പോയിട്ടില്ല.  ഇവിടെ സമരരംഗത്ത് വൻതോതിൽത്തന്നെ ചെറുപ്പക്കാരായ ബാങ്ക് ജീവനക്കാർ അണിനിരക്കുന്നു. ബിഎംഎസ് നയിക്കുന്ന എൻഒബിഡബ്ല്യു യുഎഫ്ബിയുവിൽ അംഗമാണ്. എന്നിട്ടും ഇത്തരത്തിലൊരു നീക്കം നടക്കുന്നു.

ഇത്തരം നീക്കത്തിനെതിരെയുള്ള ജാഗ്രതകൂടി യുഎഫ്ബിയുവിന് വരുംനാളുകളിൽ ഉണ്ടാകണം. നടക്കുന്ന വേതനചർച്ചകളിൽ പുതുതായി ബാങ്കിലെത്തുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം; ഒപ്പം ഇത്തരം ഭിന്നിപ്പിക്കൽ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും വേണം.

സംഘടിതശക്തിയുടെ കരുത്താണ് ബാങ്ക് മേഖലയിൽ ഇന്നുള്ളത്. മുഴുവൻ ജീവനക്കാരെയും പ്രതിനിധാനംചെയ്യുന്ന സംഘടനകൾ ഒന്നിച്ചുനിൽക്കുന്നു എന്നത് ഇന്നത്തെ കാലത്ത് നിസ്സാരമല്ല. യുഎഫ്ബിയു നേതൃത്വത്തിൽനിന്ന് മുമ്പുണ്ടായിട്ടുള്ള ചാഞ്ചാട്ടങ്ങളും വർഗസഹകരണ സമീപനങ്ങളും എന്തുതന്നെയായാലും ഈ ഐക്യം തകരാതെ സൂക്ഷിക്കണം. മറുവശത്ത് അത്രശക്തമായ പടയൊരുക്കങ്ങളാകും നടക്കുക.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ദുർനയങ്ങൾക്കെല്ലാം അരങ്ങും അണിയറയുമാകുന്ന മേഖലയാണ് ബാങ്കിങ‌് മേഖല. ഇവിടെ തൊഴിലാളിശക്തിയെ ദുർബലപ്പെടുത്താനായാൽ അത് സർക്കാരിന് വലിയ നേട്ടമാകും. അതുകൊണ്ട് മുഴുവൻ പ്രഹരശേഷിയും സംഭരിച്ചുതന്നെ പൊരുതേണ്ടിയിരിക്കുന്നു. രണ്ടുദിവസമായി നടത്തുന്ന പണിമുടക്കിന്റെ തുടർച്ചയെന്നോണം കൂടുതൽ യോജിച്ച പ്രക്ഷോഭങ്ങൾ ഈ മേഖലയിൽ ഉണ്ടാകുകയുംവേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top