25 April Thursday

ബാങ്ക്‌ലയനം: സാമ്പത്തികവളർച്ചയ്‌ക്കോ?

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോൾ പത്ത്‌ പൊതുമേഖലാ ബാങ്കിനെ ഒറ്റയടിക്ക് ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ലയനം പ്രാബല്യത്തിൽ വരുന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നിലവിലെ 27-ൽ നിന്ന് 12 ആയി ചുരുങ്ങും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കും ലയിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, സിൻഡിക്കറ്റ് ബാങ്കും കനറ ബാങ്കും ചേർന്ന് കനറ ബാങ്ക്, യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ഒന്നായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്കും ഇന്ത്യൻ ബാങ്കും ലയിച്ച് ഇന്ത്യൻ ബാങ്ക് എന്നിങ്ങനെയാണ് പത്തു ബാങ്കിനെ നാലെണ്ണമായി ചുരുക്കുന്നത്. 
 2017ൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് സ്‌റ്റേറ്റ് ബാങ്കിനെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചു.

ആ ലയനം 2019 ഏപ്രിൽമുതൽ പ്രാബല്യത്തിലായി. ഒടുവിലിപ്പോൾ ബാങ്ക് ദേശസാൽക്കരണത്തിന്റെ അമ്പതാം വാർഷികത്തിൽ ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം. പത്ത്‌ ബാങ്ക്‌ നാലാക്കിയെന്നു പറഞ്ഞാൽ ആറ്‌ ബാങ്ക്‌ പൂട്ടിയതിനു തുല്യം.സാമ്പത്തികവളർച്ച ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് സമ്പദ് വ്യവസ്ഥയ്‌ക്ക് ഉത്തേജനം നൽകാനെന്ന പേരിൽ ധനമന്ത്രി സീതാരാമൻ ലയനതീരുമാനം പ്രഖ്യാപിച്ചത്.

സാമ്പത്തികവളർച്ചയ്‌ക്ക് വൻകിട ബാങ്കുകൾ വേണമെന്നാണ് സർക്കാരിന്റെ വാദം. സർക്കാരിന്റെ ഈ വാദത്തിന് ന്യായവും യുക്തിയുമുണ്ടോ? ലയനം സമ്പദ് വ്യവസ്ഥയ്‌ക്ക് ഏതെങ്കിലും വിധത്തിൽ സഹായകമാകുമോ,  ബാങ്കിങ് രംഗം നേരിടുന്ന പ്രതിസന്ധിക്ക് ലയനം പരിഹാരമാകുമോ, ഇതിന്റെ പ്രത്യാഘാതം എന്തൊക്കെ എന്നീ പ്രശ്നങ്ങൾ ഇവിടെ ഗൗരവമായ പരിശോധന അർഹിക്കുന്നു. ബാങ്കുകളുടെ വലുപ്പത്തിൽ വലിയ കാര്യമില്ലെന്ന് 2008ൽ അമേരിക്കയിൽ ആരംഭിച്ച് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ച വൻ സാമ്പത്തികത്തകർച്ച വ്യക്തമാക്കുന്നുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ലീമാൻ ബ്രദേഴ്സ് എട്ടു നിലയിൽ പൊട്ടിയതാണ്‌ അന്ന് ബാങ്കിങ്‌ മേഖലയിലെ തകർച്ചയ്‌ക്ക് തുടക്കം. അപ്പോൾ, വൻകിട ബാങ്കുകൾ എന്ന സർക്കാർവാദത്തിന് അടിസ്‌ഥാനമില്ല. മാത്രമല്ല, ആ ബാങ്കിങ്‌ തകർച്ച ഇന്ത്യയിലേക്ക്‌ ബാധിക്കാതിരുന്നത്‌ ഇവിടത്തെ പൊതുമേഖലാ ബാങ്കുകളുടെ കരുത്തുകൊണ്ടാണെന്നും അറിയണം. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം വെട്ടിച്ചുരുക്കി സ്വകാര്യബാങ്കുകളെ ശക്തിപ്പെടുത്താനാണ് തുടർച്ചയായ ലയനത്തിലൂടെ  മോഡി സർക്കാർ ശ്രമിക്കുന്നത്.

കാര്യക്ഷമമായ മാനേജ്മെന്റോടെ, കാർഷികമേഖലയടക്കം സമ്പദ് വ്യവസ്ഥയുടെ മുൻഗണനാ മേഖലകളിൽ ഇടപെട്ട് സാമ്പത്തികവളർച്ച കൈവരിക്കാൻ ബാങ്കിങ്‌ മേഖലയെ ഫലപ്രദമായി ഉപയോഗിക്കണമെന്നതിൽ തർക്കമില്ല. അതിന്‌ പക്ഷേ വേണ്ടത്‌ ലയനമല്ല, ബാങ്കുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കലാണ്‌.എന്നാൽ, കോർപറേറ്റ്‌ മുതലാളിമാർക്കുവേണ്ടി ബാങ്കുകളെയാകെ വരുതിയിൽനിർത്താനാണ് കേന്ദ്ര സർക്കാർ എപ്പോഴും ശ്രമിക്കുന്നത്‌.  നാടിന്റെ പുരോഗതിക്ക് സഹായകമാകണമെങ്കിൽ ബാങ്കിങ് മേഖലയുടെ പ്രവർത്തനം വ്യാപകമാകണം. എവിടെയും ബാങ്കിടപാടുകൾ സാധ്യമാകണം. അർഹരായ എല്ലാവർക്കും വായ്‌പ കിട്ടണം. നമ്മുടെ രാജ്യത്തിന്റെ ഗ്രാമീണമേഖലകളിൽ ജനകോടികൾക്ക്‌ ഇനിയും ബാങ്ക് അക്കൗണ്ടില്ല. പല ഗ്രാമങ്ങളിലും ബാങ്ക് ശാഖകൾപോലുമില്ല. പത്ത്‌ ബാങ്കിന്റെ ലയനംകൂടി പ്രാബല്യത്തിൽവരുമ്പോൾ ബാങ്കുശാഖകളുടെ എണ്ണം വീണ്ടും കുറയും. ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറയ്‌ക്കും. ഇതോടെ ഈ ബാങ്കുകളുടെ പ്രവർത്തനം താളംതെറ്റും. സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ ഗ്രാമീണ, അർധ ഗ്രാമീണ മേഖലകളിൽ അയ്യായിരത്തോളം ശാഖ പൂട്ടി. ബാങ്ക് ഓഫ് ബറോഡയും 500 ശാഖ അടച്ചു.  ഇപ്പോഴത്തെ മെഗാ ലയനം പ്രാബല്യത്തിലാകുന്നതോടെ കേരളത്തിൽമാത്രം മുന്നൂറോളം ശാഖ പൂട്ടുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. അതായത്, ബാങ്കിങ് മേഖലയുടെ പ്രവർത്തനം ചുരുങ്ങും. സാധാരണക്കാർക്ക് ബാങ്കിങ്‌ സേവനംതന്നെ കിട്ടാത്ത അവസ്ഥയും വന്നേക്കാം. ഇതെങ്ങനെ സാമ്പത്തികവളർച്ചയ്‌ക്ക് സഹായമാകും? വളർച്ചയെ സഹായിക്കില്ലെന്നുമാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് അനുഭവം.

കോർപറേറ്റ് വമ്പന്മാർക്ക് പൊതുമേഖലാ ബാങ്കുകളിൽനിന്ന് കോടിക്കണക്കിനു രൂപ വായ്‌പ കൊടുപ്പിക്കുകയും അവരത് തിരിച്ചടയ്‌ക്കാതെ വരുമ്പോൾ കിട്ടാക്കടമായി പ്രഖ്യാപിച്ച് എഴുതിത്തള്ളുകയുമാണ് കാലങ്ങളായി ബാങ്കിങ്‌ രംഗത്ത് സർക്കാർ ഇടപെടലോടെ നടന്നുവരുന്നത്. കിട്ടാക്കടംമൂലം പെരുവഴിയിലായ ബാങ്കുകൾക്ക് സർക്കാർ നൽകുന്ന മൂലധനമാകട്ടെ ജനങ്ങളുടെ പണവുമാണ്. കോർപറേറ്റ് കൊള്ളയ്‌ക്ക് സർക്കാർ കൂട്ട് നിൽക്കുകയും അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കുകയും ചെയ്യുന്നു. ഇന്ത്യൻ ബാങ്കിങ് രംഗം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് ഇതാണ്. കാർഷികമേഖലയ്‌ക്കോ നോട്ടുനിരോധനം തകർത്ത ചെറുകിട–- - ഇടത്തരം വ്യവസായമേഖലയ്‌ക്കോ ഒരു വായ്‌പയും കിട്ടാത്ത സാഹചര്യം. നടപ്പുവർഷം ഏപ്രിൽ–--ജൂൺ കാലയളവിൽപ്പോലും കോർപറേറ്റ് വ്യവസായികളുടെ വായ്‌പ 7.6 ശതമാനം വർധിച്ചപ്പോൾ ചെറുകിട–- ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്‌പ മുൻവർഷത്തെ 0.7 ശതമാനത്തിൽനിന്ന് 0.6 ശതമാനമായി കുറഞ്ഞു. ഇതേസമയം, 2018 മാർച്ച് 31 വരെ ബാങ്കുകളുടെ കിട്ടാക്കടം 10,36,187 കോടി രൂപയായിരുന്നു എന്നറിയുമ്പോഴാണ് വായ്പകൾ എവിടേക്ക് പോകുന്നുവെന്ന് വ്യക്തമാകുന്നത്‌. ഈ സ്ഥിതിക്ക്‌ അറുതിവരുത്തുകയാണ്‌ വേണ്ടത്‌.

ഇനി സമ്പദ്‌വ്യവസ്ഥയുടെ ചിത്രംകൂടി നോക്കുക. മുതൽമുടക്കുകളില്ല, തൊഴിലില്ല, വരുമാനമില്ല. വിപണിയിലെത്തുന്ന സാധനങ്ങൾ വാങ്ങാനാളില്ല. അങ്ങനെ ഉൽപ്പാദനമേഖലകളാകെ തകരുന്നു. ഇത് പരിഹരിക്കാൻ അടിസ്ഥാന ഘടകമേഖലകളിലും ഉൽപ്പാദനരംഗത്തും മുതൽമുടക്ക് വർധിക്കണം. തൊഴിലും വരുമാനവും കൂടണം. സാമ്പത്തിക പ്രവർത്തനങ്ങളാകെ സജീവമാകണം. സർക്കാരിന്റെ ഇടപെടൽ ഈ വഴിക്കാണ് വേണ്ടത്. അല്ലാതെ, ബാങ്കുകൾ കൂട്ടത്തോടെ ലയിപ്പിച്ച് മാന്ദ്യത്തിൽനിന്ന് കരകയറാനാകില്ല, സാമ്പത്തികവളർച്ച  കൈവരിക്കാനുമാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top