19 April Friday

കന്യാസ്‌ത്രീകളെ ആക്രമിച്ച്‌ ഭയം വിതയ്‌ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 26, 2021


ഏത്‌ മതവിശ്വാസം സ്വീകരിക്കാനും അതനുസരിച്ച്‌ ജീവിക്കാനും നമ്മുടെ ഭരണഘടന പൗരന്മാർക്ക്‌ അവകാശം നൽകുന്നുണ്ട്‌‌. എന്നാൽ, ഇത്തരം അവകാശങ്ങളെല്ലാം നിഷേധിച്ച്‌ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആളുകളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ നിത്യേനയെന്നോണം രാജ്യത്ത്‌ നടക്കുന്നു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജ്‌രംഗ്‌ദളിന്റെ മതവിദ്വേഷ ഗുണ്ടാരാജിനിരയായ മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീകൾ രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സാക്ഷിക്കു മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ ഒട്ടും ശുഭകരമല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതനിരപേക്ഷതയും പൗരസ്വാതന്ത്ര്യവും എത്രമാത്രം അപകടത്തിലാണെന്ന്‌ ഈ സംഭവം വ്യക്തമാക്കുന്നു. സംഘപരിവാർ തീവ്രവാദികളുടെ അതിക്രമങ്ങളും കടന്നാക്രമണങ്ങളും രാജ്യത്തിന്റെ‌ മതനിരപേക്ഷതയ്‌ക്കും പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാകുകയാണ്‌.

ഡൽഹിയിൽനിന്ന്‌ ഒഡിഷയിലേക്ക്‌ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന നാല്‌ യുവകന്യാസ്‌ത്രീകൾക്കുനേരെ ബജ്‌രംഗ്‌ദൾ ഗുണ്ടാസംഘം നടത്തിയ ആൾക്കൂട്ട ആക്രമണം സംഘപരിവാറിന്റെ ആവർത്തിച്ചുള്ള യുദ്ധ പ്രഖ്യാപനമാണ്‌. തിരുഹൃദയ സന്ന്യാസിനി സംഘത്തിലെ അംഗങ്ങളായ രണ്ട്‌ യുവ കന്യാസ്‌ത്രീകളും കന്യാസ്‌ത്രീപട്ടത്തിന്‌ പഠിക്കുന്ന രണ്ട്‌ യുവതികളുമാണ്‌ ആക്രമണത്തിനിരയായത്‌. കന്യാസ്‌ത്രീപട്ടത്തിന്‌ പഠിക്കുന്ന യുവതികളെ നാട്ടിലെത്തിക്കാൻ ഒഡിഷയിലേക്ക്‌ പോകുകയായിരുന്നു ഇവർ. യുവതികളെ മതം മാറ്റാൻ കൊണ്ടുപോകുകയാണെന്ന്‌ ആക്രോശിച്ച്‌ ട്രെയിനിൽവച്ച്‌ ആക്രമണം തുടങ്ങിയ ബജ്‌രംഗ്‌ദൾ ഗുണ്ടകൾ ഝാൻസിയിലെത്തിയപ്പോൾ ഇവരെ പുറത്തിറക്കി. നൂറോളം പേരുള്ള അക്രമിസംഘം ഭീഷണിപ്പെടുത്തിയും തീവ്രഹിന്ദുത്വ ആക്രോശങ്ങൾ മുഴക്കിയും കന്യാസ്‌ത്രീകളെ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. പാതിരാത്രിയോളം സ്‌റ്റേഷനിൽ കഴിയേണ്ടിവന്ന ഇവരെ അഭിഭാഷകർ ഇടപെട്ട ശേഷമാണ്‌ മോചിപ്പിച്ചത്‌. ഉത്തർപ്രദേശിലെ മതംമാറ്റ നിരോധന നിയമമനുസരിച്ച്‌‌ കന്യാസ്‌ത്രീകളെ ജയിലിലടയ്‌ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ജന്മനാ ക്രിസ്‌തുമത വിശ്വാസികളാണെന്ന് പറഞ്ഞിട്ടും അക്രമികൾ ചെവിക്കൊണ്ടില്ല. രേഖകൾ കാണിച്ചിട്ടും അക്രമത്തിന്‌ കുറവുണ്ടായില്ല. അക്രമികൾ എബിവിപി പ്രവർത്തകരാണെന്ന്‌ റെയിൽവേ അധികൃതർ സമ്മതിച്ചിട്ടുണ്ട്‌. എന്നാൽ, അവർക്കെതിരെ കേസെടുക്കാൻ റെയിൽവേ പൊലീസ്‌ തയ്യാറായിട്ടില്ല.

രണ്ടാം മോഡി സർക്കാർ അധികാരമേറ്റതോടെ രാജ്യത്ത്‌ അരങ്ങേറുന്ന തീവ്രഹിന്ദുത്വ നീക്കങ്ങൾക്ക്‌ നിലമൊരുക്കുകയാണ്‌ ബജ്‌രംഗ്‌ദൾ അടക്കമുള്ള തീവ്രവാദിസംഘങ്ങൾ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി മാറ്റുന്നതിന്‌ പൗരത്വഭേദഗതി നിയമത്തിലൂടെ തുടക്കമിട്ട മോഡി സർക്കാർ ഏകീകൃത സിവിൽ കോഡ്‌ കൊണ്ടുവരാനും തയ്യാറെടുക്കുന്നു. ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പൗരത്വനിയമം നടപ്പാക്കുമെന്ന്‌ അമിത്‌ ഷാ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വശത്ത്‌ പാർലമെന്റിനെ നോക്കുകുത്തിയാക്കി ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾ പാസാക്കുമ്പോൾ മറുവശത്ത്‌ ന്യൂനപക്ഷങ്ങളെയും ജനാധിപത്യ–-മതേതര വാദികളെയും ആക്രമണങ്ങളിലൂടെ ഭയപ്പെടുത്തുന്നു. സംഘപരിവാറിന്‌ ഭൂരിപക്ഷമുള്ള പാർലമെന്റും നിയമസഭകളും ചർച്ചയില്ലാതെ പാസാക്കുന്ന നിയമങ്ങൾ അക്രമത്തിലൂടെയും ഭീഷണിയിലൂടെയും നടപ്പാക്കാനുള്ള ചുമതല ബജ്‌രംഗ്‌ദൾപോലുള്ള ഗുണ്ടാസംഘങ്ങൾ ഏറ്റെടുക്കുകയാണ്‌. സംഘപരിവാറുമായി സഖ്യം ചേരാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന ചില ന്യൂനപക്ഷ സംഘടനകൾക്ക്‌ ഝാൻസി സംഭവം പാഠമാകേണ്ടതുണ്ട്‌.

ന്യൂനപക്ഷങ്ങൾക്കും പുരോഹിതൻമാർക്കും കന്യാസ്‌ത്രീകൾക്കുംനേരെയുള്ള സംഘപരിവാർ ആക്രമണം പുതിയ സംഭവമല്ല. ഒഡിഷയിൽ സുവിശേഷ പ്രവർത്തകനായ ഗ്രഹാം സ്‌റ്റെയിൻസിനെയും രണ്ടു മക്കളെയും ചുട്ടുകൊന്നതടക്കം എത്രയോ ക്രൂരതകളുടെ ചോരക്കറ സംഘപരിവാറിന്റെ കൈകളിലുണ്ട്‌. മലയാളി കന്യാസ്‌ത്രീകൾ ഉൾപ്പെടെയുള്ളവരെ കടന്നാക്രമിച്ച ധാരാളം സംഭവങ്ങൾ. ന്യൂനപക്ഷങ്ങളുടെ പ്രാർഥനാ യോഗങ്ങളും ആരാധനാലയങ്ങളും പതിവായി ആക്രമിക്കപ്പെടുന്നു. ഇതിനെല്ലാം ഔപചാരിക പിൻബലം നൽകാനാണ്‌‌ മതംമാറ്റ നിരോധന നിയമവും പൗരത്വ നിയമവുമെല്ലാം കൊണ്ടുവരുന്നത്.

ബുദ്ധിയും ബോധവും നശിച്ച പ്രാകൃത മനസ്‌കരായ സംഘപരിവാറുകാർക്കു മുന്നിൽ ഭയപ്പെട്ട്‌ ജീവിക്കേണ്ട അവസ്ഥയിലാണ്‌ രാജ്യത്തെ മതന്യൂനപക്ഷങ്ങളും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരും. ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയൊന്നും സംഘപരിവാറിന്‌ വിഷയമല്ല. ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും തകർത്ത്‌ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള കുതന്ത്രങ്ങളാണ്‌‌ അവരുടെ ബുദ്ധിയിലാകെ. ദേശീയ പ്രസ്ഥാനങ്ങൾ രൂപം നൽകിയ നാനാത്വത്തിലധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയം ഇനി എത്രകാലം എന്ന ആശങ്കയാണെങ്ങും. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാൻ ജനങ്ങളാകെ ഒന്നിക്കേണ്ട സമയം. ഭേദചിന്തകൾ മാറ്റിവച്ച്‌ സ്വതന്ത്ര ഇന്ത്യക്കായി ഒരുമിച്ച്‌ നിൽക്കേണ്ട കാലം. ഇന്ത്യ നിലനിന്നാലേ വിരുദ്ധാശയങ്ങളുടെ ആരോഗ്യകരമായ സംവാദങ്ങൾക്ക്‌ അവസരമുള്ളൂ എന്ന്‌ ആരും മറന്നുകൂടാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top