21 September Thursday

തെലങ്കാനയിലെ പുതിയ രാഷ്ട്രീയശക്തി

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


തെലങ്കാനയിൽ പുതിയൊരു രാഷ്ട്രീയശക്തി ഉദയം ചെയ്തിരിക്കുന്നു. ദളിത്, ന്യൂനപക്ഷം തുടങ്ങി വിവിധ സാമൂഹ്യശക്തികളും കമ്യൂണിസ്റ്റുകാരും ബുദ്ധിജീവികളും ചേർന്നുള്ള അതിവിപുലമായ ബഹുജനമുന്നണിക്കാണ് തെലങ്കാനയിൽ രൂപംനൽകിയിട്ടുള്ളത്. ബഹുജന ഇടതുമുന്നണി അഥവാ ബിഎൽഎഫ് മൂന്നാഴ്ചമുമ്പ് ഹൈദരാബാദിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തതോടെതന്നെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയചർച്ചയായി ഈ മുന്നണി മാറി. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗങ്ങളെ വെറും വോട്ടുബാങ്കായിമാത്രം കാണുന്ന ഭരണവർഗപാർടികളിൽനിന്ന് വ്യത്യസ്തമായി, ഈ വിഭാഗം ജനങ്ങളുടെ അടിസ്ഥാന സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ബിഎൽഎഫ് ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ഈ വിഭാഗം ജനങ്ങളിൽ മുന്നണി നൽകിയിട്ടുള്ളത്. തെലങ്കാനയുടെ രാഷ്ട്രീയചരിത്രത്തിന്റെ ഗതി മാറ്റിയെഴുതാൻ പോകുന്നതാണ് പുതിയ മുന്നണിയെന്ന കാര്യത്തിൽ സംശയമില്ല. 

ഉത്തർപ്രദേശിലെയും ബിഹാറിലെയും ബഹുജൻ രാഷ്ട്രീയം ഉയർത്തിക്കാട്ടി തെലങ്കാനയിൽ രൂപംകൊണ്ട ബഹുജനമുന്നണിക്കും ആയുസ്സില്ലെന്നാണ് ബൂർഷ്വാ രാഷ്ട്രീയപാർടികളുടെ പ്രചാരണം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അല്ലെങ്കിൽ കോൺഗ്രസ് എന്നീ കക്ഷികൾക്കുമാത്രമേ സംസ്ഥാനത്തിന്റെ അധികാരം നേടാൻ കഴിയൂ എന്നും അതിനാൽ ബിഎൽഎഫിന് ഭാവിയില്ലെന്നുമാണ് ഈ കക്ഷികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, മറ്റു ബഹുജൻ മുന്നണികളിൽനിന്ന് വ്യത്യസ്തമായി പ്രത്യയശാസ്ത്രപരമായ അടിത്തറ ഈ മുന്നണിക്കുണ്ടെന്ന കാര്യം ഇവർ വിസ്മരിക്കുകയാണ്. തുടർച്ചയായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളർന്നുവന്ന മുന്നണിയാണിത്. ജാതിവിവേചനത്തിനെതിരെ പോരാടുന്നതിന് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ 1998 മുതൽ കുല വിവക്ഷ പോരാട്ടസമിതി (കെവിപിഎസ്) എന്ന സംഘടന പ്രവർത്തിച്ചുവരുന്നുണ്ട്. ദളിതർക്ക് ക്ഷേത്രപ്രവേശനം ഉറപ്പുവരുത്തുക, പ്രത്യേക ഗ്ലാസിൽ  ചായ നൽകുന്നത് അവസാനിപ്പിക്കുക, മൃതദേഹം മറവുചെയ്യുന്നതിന് സ്ഥലം അനുവദിക്കുക, പൊതുകിണറിൽനിന്ന് വെള്ളം കോരാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി എണ്ണമറ്റ പോരാട്ടങ്ങളാണ് കെവിപിഎസ് നടത്തിയത്. ഇതോടൊപ്പം നവ ഉദാരവൽക്കരണ നയത്തിനെതിരെ ദളിതരെയും ആദിവാസികളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും സംഘടിപ്പിക്കുകയും ചെയ്തു. അതായത് ജാതിവിവേചനത്തിനും സാമൂഹ്യനീതിക്കുമായി സിപിഐ എം നടത്തിയ നിരന്തരപോരാട്ടത്തിന്റെ ഫലമായാണ് തെലങ്കാനയിൽ പുതിയ മുന്നണി രൂപംകൊണ്ടിട്ടുള്ളതെന്നർഥം. സാമൂഹ്യശക്തികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള സഖ്യം പോരാട്ടങ്ങളിലൂടെ വളർന്നുവന്നതാണെന്നർഥം. 28 പാർടികളാണ് ബിഎൽഎഫിന്റെ കുടക്കീഴിൽ അണിനിരന്നിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായങ്ങളും തത്വശാസ്ത്രങ്ങളും വച്ചുപുലർത്തുന്ന ഇവരെയെല്ലാം യോജിപ്പിക്കുന്ന ഘടകം സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ സാമ്പത്തിക‐ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിരന്തരമായ പോരാട്ടം തുടരുമെന്ന ഗ്യാരന്റിയാണ്. മാർക്സിസ്റ്റ് ആചാര്യന്മാർ പറഞ്ഞതുപോലെ ആശയംതന്നെ രാഷ്ട്രീയശക്തിയായി മാറുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്. ശക്തമായ ഈ പ്രത്യയശാസ്ത്ര അടിത്തറ ഉള്ളതുകൊണ്ടുതന്നെ, ബൂർഷ്വാ രാഷ്ട്രീയ കക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെ എളുപ്പം തകർന്നുപോകുന്ന ഐക്യമല്ല തെലങ്കാനയിൽ രൂപംകൊണ്ടിട്ടുള്ളത്.

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ തെരഞ്ഞെടുപ്പിനെമാത്രം കണ്ട് രൂപംകൊണ്ട മുന്നണിയുമല്ല ഇത്. ടിആർഎസും കോൺഗ്രസും ബിജെപിയും പിന്തുടരുന്ന നയങ്ങളോ സമീപനങ്ങളോ അല്ല ബിഎൽഎഫിന്റേത്. എന്നാൽ, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തോട് മുഖംതിരിഞ്ഞ് നിൽക്കുകയും ബിഎൽഎഫിന്റെ പരിപാടിയല്ല. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റിലും ബിഎൽഎഫ് മത്സരിക്കുകതന്നെ ചെയ്യും. രാഷ്ട്രീയ അധികാരം നേടുകയെന്നത് സാമ്പത്തിക‐ സാമൂഹ്യ മാറ്റത്തിന് അനിവാര്യമാണ്. എന്നാൽ, അധികാരം ലഭിച്ചില്ലെന്നുവച്ച് അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള പോരാട്ടത്തിന് അവധി നൽകുക ബിഎൽഎഫിന്റെ നയമല്ലെന്നുമാത്രം. ബഹുജൻ രാഷ്ട്രീയത്തിന് ബിഎൽഎഫ് മാതൃകയാക്കുന്നത് ഉത്തർപ്രദേശോ ബിഹാറോ അല്ല. മറിച്ച് കേരളമാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സാമൂഹ്യ‐ സാമ്പത്തിക മേഖലയിൽ കൊയ്ത നേട്ടമാണ് അവർക്ക് വഴികാട്ടുന്നത്. ഒരു കാര്യം ഉറപ്പിച്ചുപറയാം; തെലങ്കാനയുടെ രാഷ്ട്രീയാന്തരീക്ഷത്തിൽ ബഹുജനങ്ങളുടെ പ്രതീക്ഷയായി ബിഎൽഎഫ് ഉയർന്നുവരികയാണ്     


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top