10 June Saturday

എന്തിനാണ് ഈ വർഗീയ തീക്കളി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 27, 2022


അധികാരത്തിലേക്കുള്ള ഇന്ത്യൻ ഫാസിസ്റ്റുകളുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു അയോധ്യയിലെ ബാബ്‌റി പള്ളി തകർക്കൽ. എൽ കെ അദ്വാനി അടക്കമുള്ളവരുടെ  നേതൃത്വത്തിൽ  1992 ഡിസംബർ ആറിന് പള്ളി തകർക്കുംമുമ്പ് രാജ്യമൊട്ടുക്ക് തീവ്രവർഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് കലാപങ്ങൾ സംഘടിപ്പിച്ചു. പള്ളിയുടെ കുംഭഗോപുരങ്ങൾ തകർക്കുമ്പോൾ തകർന്നത്  ഇന്ത്യൻ മതനിരപേക്ഷതയുടെ മഹിതമായ മൂല്യങ്ങൾ കൂടിയായിരുന്നു. ഹിന്ദുത്വ ഭീകരരെ തടയാൻ ഏതറ്റംവരെയും പോകാൻ കഴിയുമായിരുന്നിട്ടും അന്നത്തെ കോൺഗ്രസ്‌ പ്രധാനമന്ത്രി പി വി നരസിംഹറാവു പള്ളി പൊളിക്കലിന് മൗനാനുവാദം നൽകിയെന്നത് ആധുനിക ഇന്ത്യാ ചരിത്രത്തിലെ ലജ്ജാകരമായ ഏട്.

അന്ന് പള്ളി തകർത്തുകൊണ്ട് ഹിന്ദുത്വ ഭീകരർ ആക്രോശിച്ചത് ‘കാശി, മഥുര ബാക്കി ഹേ' എന്നാണ്. അയോധ്യയിലെ ബാബ്‌റി പള്ളി തകർത്തു, ഇനി കാശി (വാരാണസി)യിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദും തകർക്കാൻ ബാക്കിയുണ്ടെന്ന്. ഈ രണ്ടു പ്രഖ്യാപനവും സാധ്യമാക്കാനുള്ള ആസൂത്രിതശ്രമങ്ങളാണ് ഇപ്പോൾ തുടരുന്നത്. നവലിബറൽ, കോർപറേറ്റ് അനുകൂലനയം സൃഷ്ടിച്ച വിലക്കയറ്റവും ദാരിദ്ര്യവും തൊഴിലില്ലായ്മയുംമൂലം ദുരിതത്തിലായ ഇന്ത്യൻ ജനത മോദി സർക്കാരിനെതിരെ വർഗപരമായി സംഘടിക്കുന്നത് തടയുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ഒന്നരവർഷം കഴിഞ്ഞ്‌ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ ഇങ്ങനെയൊരു ധ്രുവീകരണതന്ത്രം ബിജെപിയെ സംബന്ധിച്ച് അനിവാര്യമാണ്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കുമേൽ വർഗീയതയുടെ മറക്കുട ഉയർത്തണം അവർക്ക്.

ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഹിന്ദുമത സ്വഭാവത്തിലുള്ള ഒരു കൂറ്റൻ നിർമിതി നിലനിന്നിരുന്നുവെന്ന് പ്രസ്താവിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ റിപ്പോർട്ടാണ് 2010 സെപ്തംബർ മുപ്പതിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്റെ സുപ്രധാന വിധിക്ക് നിദാനമായത്. 2.77 ഏക്കർ ഭൂമി മൂന്നു വിഭാഗത്തിനായി വീതിച്ചു നൽകിയ വിധിയെ അടിസ്ഥാനമാക്കിയാണ് രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നത്. എഎസ്ഐയിലെ സംഘപരിവാർ അനുകൂലികളായ ആർക്കിയോളജിസ്റ്റുകൾ റിപ്പോർട്ടിനെ സ്വാധീനിച്ചെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിനു സമാനമായ തിരക്കഥയാണ് കാശി, മഥുര പള്ളികളുടെ  കാര്യത്തിൽ സംഘപരിവാർ തയ്യാറാക്കുന്നത്. ഗ്യാൻവാപി പള്ളിയിൽ മെയ് 17നു ശിവലിംഗം കണ്ടെടുത്തതായി ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നു.  അതിനെത്തുടർന്ന് ഈ പ്രദേശത്ത്‌ സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യത്തിലുള്ള  കോടതി വ്യവഹാരങ്ങൾ പുരോഗമിക്കുകയാണ്. പഴയ ഒരു ജലധാരയന്ത്രത്തിന്റെ ഭാഗങ്ങളെന്നു കരുതുന്ന രൂപമാണ് ശിവലിംഗമായി ഉയർത്തിക്കാട്ടുന്നത്.

ഇതിന്റെ പിന്നാലെയാണ് മഥുര ഷാഹി ഈദ് മസ്ജിദിൽ സ്ഥല പരിശോധന നടത്താൻ തയ്യാറാണെന്ന് എഎസ്ഐ മഥുര ജില്ലാ കോടതിയിൽ പറഞ്ഞത്. ജനുവരി 20നു മുമ്പ് റിപ്പോർട്ട്‌ നൽകാൻ കോടതി നിർദേശിച്ചിട്ടുമുണ്ട്. ഹിന്ദുസേന എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റ് വിഷ്ണുഗുപ്തയുടെ ഹർജിയാണ് കോടതി ഉത്തരവിന് ആധാരം. ശ്രീകൃഷ്ണ ജന്മസ്ഥാനമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പള്ളി തകർക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. മുഗൾ ചക്രവർത്തി  ഔറംഗസേബിന്റെ കാലത്ത്  കത്ര കേശവദേവ് ക്ഷേത്രം  തകർത്താണ് പള്ളി പണിതതെന്ന ഒരു കഥയും കോടതിയെ ബോധ്യപ്പെടുത്താനും ഇവർ ശ്രമിക്കുന്നു. ഏതായാലും ഹിമാചൽപ്രദേശിലും ഡൽഹി മുനിസിപ്പാലിറ്റിയിലും തകർന്നടിഞ്ഞ ബിജെപിക്ക് അടുത്തവർഷം നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതല്ലാതെ മറ്റു ആയുധങ്ങളില്ല. ഈ വർഗീയ തീക്കളിയിൽ എത്ര ജീവനുകൾ ബലിനൽകേണ്ടി വരുമെന്നതാണ് രാജ്യത്തെ അലട്ടുന്ന ചോദ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top