19 April Friday

ബാബ്റി മസ്‌ജിദിൽനിന്ന് ജ്ഞാൻവാപിയിലേക്കോ

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

ഉത്തർപ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തിന്‌ സമീപമുള്ള ജ്ഞാൻവാപി മസ്‌ജിദ്‌ മതപരമായ മറ്റേതെങ്കിലും മന്ദിരത്തിന്‌ മാറ്റംവരുത്തിയാണോ(ഹിന്ദുക്ഷേത്രം തകർത്താണോ) സ്ഥാപിച്ചതെന്ന്‌ പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയോട്(എഎസ്‌ഐ)‌ വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്‌ജി അശുതോഷ്‌ തിവാരി ഉത്തരവിട്ടിരിക്കുകയാണല്ലോ. ഇതിനായി അഞ്ചംഗ സംഘത്തെയും കോടതി നിയോഗിച്ചിരിക്കുകയാണ്‌. മസ്‌ജിദ്‌ നിർമിക്കുംമുമ്പ്‌ ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നോ എങ്കിൽ അതിന്റെ കാലപ്പഴക്കം, വലുപ്പം, രൂപകൽപ്പനയുടെ ശൈലി, പ്രതിഷ്‌ഠ എന്നീ കാര്യങ്ങളും കണ്ടെത്താനാണ്‌ കോടതി ഉത്തരവിട്ടിട്ടുള്ളത്‌. മുസ്ലിം ആരാധനയ്‌ക്ക്‌ ഭംഗം വരുത്താതെ സർവേ നടത്താനാണ്‌ നിർദേശം. കാശി വിശ്വനാഥക്ഷേത്രസ്ഥലത്ത്‌ മുഗൾരാജാവ്‌ ഔറംഗസേബിന്റെ കാലത്ത്‌ നിർമിച്ചതാണ്‌ മസ്‌ജിദ്‌ എന്നും അതിനാൽ അത്‌ തകർത്ത്‌ ആ സ്ഥലം ക്ഷേത്രത്തിന്റെ ഭാഗമാക്കണമെന്നതും‌ ആർഎസ്‌എസ്‌ നേതൃത്വം നൽകുന്ന സംഘപരിവാറിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്‌. ‌ അഭിഭാഷകൻ വിജയ്‌ ശങ്കർ രസ്‌തോഗിയും മറ്റ്‌ മൂന്നുപേരും നൽകിയ ഹർജിയിലെ ആവശ്യവും ഇതുതന്നെയാണ്‌. ഈ ആവശ്യത്തിലാണ്‌ ഇപ്പോൾ എഎസ്‌ഐ സർവേയ്‌ക്ക്‌ കോടതി അനുവാദം നൽകിയിട്ടുള്ളത്‌. ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതാണ്‌ വാരാണസി സിവിൽ കോടതിയുടെ ഈ തീരുമാനം.

അയോധ്യയിൽ ബാബ്‌റി മസ്‌ജിദും മഥുരയിലെ ഷാഹി ഈദ്‌ഗാഹും കാശിയിലെ ജ്ഞാൻവാപി മസ്‌ജിദും ഉൾപ്പെടെ രാജ്യത്ത്‌ 40,000 ന്യൂനപക്ഷ ആരാധനാലയം ഹിന്ദു ആരാധനാലയങ്ങൾ തകർത്ത്‌ നിർമിച്ചതാണെന്നതാണ്‌ സംഘപരിവാറിന്റെ വാദം. രാജ്യമെങ്ങും വർഗീയധ്രുവീകരണം നടത്താൻ ഇതുവഴി കഴിയുമെന്ന്‌ സംഘപരിവാറിന്‌ നന്നായി അറിയാം. അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ ഹിന്ദുത്വതീവ്രവാദികൾ ഇടിച്ചുനിരത്തിയ ഘട്ടത്തിൽ അവർ ഉയർത്തിയ മുദ്രാവാക്യം ‘കാശി മഥുര ബാക്കി ഹേ’ എന്നായിരുന്നു‌. ബാബ്‌റിമസ്‌ജിദ്‌ തകർത്തിടത്ത്‌ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ _രാമക്ഷേത്രനിർമാണം ആരംഭിച്ചിരിക്കുന്നു. സ്വാഭാവികമായും സംഘപരിവാറിന്റെ അടുത്ത ഉന്നം കാശിയും മഥുരയുമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അവരുടെ ലക്ഷ്യപൂർത്തീകരണത്തിന്‌ അറിഞ്ഞോ അറിയാതെയോ ജുഡീഷ്യറിയും ഭാഗഭാക്കാകുന്നുവെന്നതാണ്‌ ദുഃഖകരമായ സത്യം. ഇന്ത്യൻ റിപ്പബ്ലിക് സെക്കുലർ റിപ്പബ്ലിക് ആണെന്ന സങ്കൽപ്പത്തിനാണ്‌ ഇതോടെ ഇടിവ്‌ തട്ടുന്നത്‌. അത്‌ കാത്തുസൂക്ഷിക്കാൻ ബാധ്യതയുള്ള ജുഡീഷ്യറിയും അതിൽനിന്ന്‌ പിൻവാങ്ങുകയാണോ എന്ന സംശയം അടുത്ത കാലത്തായി ബലപ്പെട്ടുവരികയാണ്‌.

എല്ലാ ആരാധനാലയങ്ങളുടെയും തൽസ്ഥിതി സ്വാതന്ത്ര്യം ലഭിച്ച സമയത്തുള്ളതുപോലെ നിലനിർത്തണമെന്ന്(അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ ഒഴിച്ച്‌)‌ നിഷ്‌കർഷിക്കുന്ന 1991 ലെ നിയമത്തിന്‌ കടകവിരുദ്ധമാണ്‌ വാരാണസി കോടതിയുടെ വിധിയെന്ന്‌ കാണാൻ പ്രയാസമില്ല. രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട്‌ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ 1991ലെ ആരാധനാസ്ഥല നിയമം കൊണ്ടുവന്നത്‌. രാമജന്മഭൂമി കേസിലെ വിധിന്യായത്തിൽപ്പോലും ഈ നിയമം മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ വഹിച്ച പങ്ക്‌ അഞ്ചംഗ ബെഞ്ച്‌ എടുത്തുപറഞ്ഞിട്ടുണ്ട്‌. അതിനാൽ വാരാണസി സിവിൽകോടതിയുടെ വിധി റദ്ദാക്കാൻ സുപ്രീംകോടതി ഇടപെടുകയാണ്‌ വേണ്ടത്‌. എന്നാൽ, 1991ലെ ആരാധനാസ്ഥല നിയമത്തെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജികൾ ഫയലിൽ സ്വീകരിച്ചുകൊണ്ട്‌ പ്രസ്‌തുത നിയമം പുനഃപരിശോധിക്കാൻ തീരുമാനിച്ച സുപ്രീംകോടതിയിൽനിന്ന്‌ ഇത്തരമൊരു നീക്കം പ്രതീക്ഷിക്കാമോ? _ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെയും ജസ്‌റ്റിസ്‌ എ എസ്‌ ബൊപ്പണ്ണയും അടങ്ങിയ ബെഞ്ചാണ്‌ പുനഃപരിശോധനയ്‌ക്ക്‌ ഉത്തരവിട്ടത്‌. ഈ വിധിയുടെ പശ്‌ചാത്തലത്തിൽ വാരാണസിയിലെ കോടതിവിധിക്ക്‌ മാനങ്ങൾ ഏറെയുണ്ട്‌.

രാജ്യത്ത്‌ സമാധാനം സ്ഥാപിക്കാൻ ബാബ്‌റിമസ്‌ജിദ്‌ നിലനിന്ന സ്ഥലം രാമജന്മഭൂമി ട്രസ്‌‌റ്റിന്‌ വിട്ടുനൽകണമെന്നായിരുന്നു സംഘപരിവാർ മുസ്ലിങ്ങളോട്‌ ആവശ്യപ്പെട്ടത്‌. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ബാബ്‌റിമസ്‌ജിദ്‌ ഇരുന്നിടം ക്ഷേത്രനിർമാണത്തിനായി വിട്ടുനൽകുകയും ചെയ്‌തു. ഇതോടെ സമാധാനം സ്ഥാപിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടത്‌. എന്നാൽ, സമാധാനത്തിന്റെ പാതയിലല്ല ഹിന്ദുത്വവാദികൾ ചരിക്കുന്നതെന്ന്‌ വാരാണസി സംഭവം തെളിയിക്കുന്നു. മധ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട എല്ലാ മുസ്ലിം ആരാധനാലയങ്ങളും ഹിന്ദു ആരാധനാലയങ്ങൾ തകർത്ത്‌ നിർമിച്ചതാണെന്ന ആഖ്യാനം മുന്നോട്ടുവച്ച്‌ വർഗീയധ്രുവീകരണം ശക്തമാക്കുകയാണ്‌ അവരുടെ ലക്ഷ്യമെന്ന്‌ പകൽപോലെ വ്യക്തം. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ ഉയർത്തിയല്ല, മറിച്ച്‌ ഇത്തരം  വർഗീയവാദങ്ങൾ ഉയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച്‌ രാഷ്ട്രീയവിജയം നേടുകയാണ്‌ ആർഎസ്‌എസിന്റെ പദ്ധതി. ബാബ്‌റിമസ്‌ജിദ്‌ വിജയംകൊണ്ട്‌ എല്ലാ _കാലത്തും തെരഞ്ഞെടുപ്പ്‌ വിജയം നേടാനാകില്ലെന്ന്‌ ഹിന്ദുത്വവാദികൾക്ക്‌ അറിയാം. അതിനാൽ പുതിയ തർക്കങ്ങൾ, കലാപങ്ങൾ സൃഷ്ടിക്കണം. കാശിയിലെ ജ്ഞാൻവാപി മസ്‌ജിദിനെതിരെയുള്ള നീക്കം ഇതിന്റെ ഭാഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top