26 April Friday

രാജ്യം വീണ്ടും വഞ്ചിക്കപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


മതനിരപേക്ഷ ഇന്ത്യയുടെ അടിത്തറ പൊളിച്ച ഒരു ക്രിമിനൽ കുറ്റത്തിലെ പ്രതികൾ ഒടുവിൽ വിട്ടയക്കപ്പെടുന്നു. 28 വർഷംമുമ്പ് രാജ്യത്തെ നടുക്കിക്കൊണ്ട് ബാബ്‌റി മസ്‌ജിദിന്റെ മിനാരങ്ങൾ തകർത്തെറിഞ്ഞവർ കുറ്റവിമുക്തരാകുന്നു. പള്ളി തകർത്ത ഗൂഢാലോചനയിൽ കുറ്റം ചുമത്തപ്പെട്ട മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ്‌ തുടങ്ങിയവരടക്കം 32 പേരെയാണ് ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി ബുധനാഴ്‌ച വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കോടതിക്കുമുമ്പിൽ എത്തിയില്ല എന്നാണ്‌ വിധിയിൽ പറയുന്നത്.

കെട്ടിടം പൊളിക്കാൻ പറ്റിയ ആയുധങ്ങളും പള്ളിപൊളിക്കുമെന്ന മുദ്രാവാക്യവുമായി അക്രമാസക്തരായ ജനക്കൂട്ടത്തെ മുന്നിൽനിന്ന്‌ നയിച്ച നേതാക്കൾ ഈ വിധിയോടെ, നിയമപ്രക്രിയക്ക് പുറത്തായി. മിനാരങ്ങൾ തകർന്നുവീണതിൽ ഇവർ പരസ്യമായി ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ പള്ളി പൊളിച്ചതിന്റെ പിറ്റേന്ന് മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, ആ നേതാക്കൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന വിചിത്രമായ കണ്ടെത്തലാണ് ഇപ്പോൾ കോടതി നടത്തിയിരിക്കുന്നത്. എന്നുമാത്രമല്ല, പള്ളി പൊളിച്ചവർ ഏതോ സാമൂഹ്യ വിരുദ്ധർ ആണെന്നും വിധിയിൽ വിവരിക്കുന്നു. അങ്ങനെ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നിൽ ഉൾപ്പെട്ടവരെയെല്ലാം കോടതി വെള്ളപൂശുന്നു.

പള്ളി തകർത്തതിനു പിന്നിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന്‌ പത്തുകൊല്ലംമുമ്പ് അലഹബാദ് ഹൈക്കോടതി ഒരിക്കൽ വിധിച്ചിരുന്നു. ആ വിധിക്കെതിരെ ഏറെ വിമർശവും ഉയർന്നു. പിന്നീട് 2017ൽ ഒരു പരാതി പരിഗണിച്ച സുപ്രീംകോടതിയാണ് അദ്വാനിയിലും മറ്റും ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടരാൻ വിധിച്ചത്. ഈ കേസിലാണ് തീർത്തും നിരാശാജനകമായ ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞവർഷം നവംബർ എട്ടിന്റെ അയോധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഇപ്പോൾ ലഖ്‌നൗ കോടതിയിൽ ആ കുറ്റകൃത്യംതന്നെ ഇല്ലതാകുംവിധം കേസിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തുന്നു.


 

സിബിഐക്കായിരുന്നു അന്വേഷണച്ചുമതല. കേസിന്റെ എല്ലാ ഘട്ടത്തിലും സിബിഐ വീഴ്ച വരുത്തിയതായി വിമർശം ഉയർന്നിരുന്നു. വീഡിയോ, ഓഡിയോ തെളിവുകൾ അടക്കമുണ്ടായിരുന്ന കേസിൽ തെളിവുകളുടെ ആധികാരികത കോടതിയെ ബോധ്യപ്പെടുത്താൻ സിബിഐ ശ്രമിച്ചില്ല എന്ന ആക്ഷേപമുണ്ട്. ആ തെളിവുകൾ വിശ്വസനീയമല്ലെന്ന വിധിയിലെ നിഗമനത്തിന് കാരണം ആ അലംഭാവമാകാം. ഭരണകക്ഷിയുടെ രാഷ്ട്രീയതാല്പര്യം സംരക്ഷിക്കാൻ എത്ര വേണമെങ്കിലും തരംതാഴാൻ മടിയില്ലാത്ത സിബിഐയിൽനിന്ന് എന്തും പ്രതീക്ഷിക്കാം. എന്നാൽ, അന്വേഷണ ഏജൻസികളുടെ വീഴ്ചകൾപോലും മറികടന്ന് നീതി നടപ്പാക്കാൻ കോടതികൾ സ്വയം കരുത്തുകാട്ടിയ സന്ദർഭങ്ങൾ രാജ്യത്ത്‌ മുമ്പുണ്ടായിട്ടുണ്ട്. ഇവിടെ അതും ഉണ്ടായില്ല. ബാബ്‌റി മസ്ജിദ് തകർക്കൽ ഒരു ചതിയായിരുന്നു. കോടതിയിൽ പള്ളി സംരക്ഷിക്കും എന്ന് ഉറപ്പുനൽകിയ അന്നത്തെ ഉത്തർപ്രദേശ് സർക്കാരും അവർക്ക് ഒത്താശ ചെയ്ത കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരും ഒന്നിച്ചുനിന്ന് ചെയ്ത ചതി. ഇപ്പോൾ ഈ വിധിയോടെ ഭരണഘടനയിൽ മതനിരപേക്ഷത എഴുതിച്ചേർത്തിട്ടുള്ള നമ്മുടെ രാജ്യം ഒരിക്കൽക്കൂടി വഞ്ചിക്കപ്പെടുന്നു.

ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയും എന്ന ഭ്രാന്തൻ മുദ്രാവാക്യത്തിനു പിന്നിൽ ജനക്കൂട്ടത്തെ അണിനിരത്തി കെട്ടിപ്പടുത്ത വർഗീയകക്ഷിക്കാണ് ഇന്ന് രാജ്യഭരണം. പള്ളി തകർത്ത സ്ഥലത്ത് അമ്പലം പണിയാൻ കല്ലിടാൻ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പ്രധാനമന്ത്രിതന്നെ ഓടിയെത്തുന്നത് നമ്മൾ കണ്ടു. അവർ അവരുടെ അജൻഡ പല ചുവടുകൾ മുന്നോട്ട് നീക്കുകയാണ്. അന്വേഷണ ഏജൻസികൾ അവരുടെ ചൊൽപ്പടിക്കുണ്ട്. പക്ഷേ, ജുഡീഷ്യറികൂടി ഈ സമീപനം സ്വീകരിച്ചാൽ അതെത്ര ഭീതിജനകമാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സമീപകാലത്ത് ജുഡീഷ്യറിക്കെതിരെ ഉയർന്ന പല വിമർശങ്ങൾക്കും അടിവരയിടുകകൂടിയാണ് ഈ വിധിന്യായത്തിലൂടെ ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി ചെയ്തത്.

കൂടുതൽ അക്രമാസക്തമായ ഒരു ഭരണകൂടത്തെ ഇനി നമുക്ക് കാണേണ്ടിവരും. അയോധ്യക്കുശേഷം മഥുര, കാശി എന്നൊക്കെയുള്ള അവരുടെ മുദ്രാവാക്യങ്ങൾ ഇനി വെറുംവാക്കാവില്ല; പ്രയോഗത്തിൽ വരും. അതിനെ ചെറുക്കാൻ ജുഡീഷ്യറിപോലും ഉണ്ടാകില്ല. ഈ കേസിൽ സിബിഐ അപ്പീൽ പോകണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതുപോലും പരിഗണിക്കപ്പെടുമെന്ന് ഉറപ്പില്ല.

ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജനകീയ മുന്നേറ്റത്തിനുമാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ. ആ പരിശ്രമത്തിൽ പങ്കാളിയാകുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്തമായി മാറുന്നു.

AUDIO

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top