27 April Saturday

രവിശങ്കറെ അയോധ്യയില്‍ കെട്ടിയിറക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 22, 2017


കാല്‍നൂറ്റാണ്ടുമുമ്പാണ് അയോധ്യയിലെ ബാബ്റി മസ്ജിദ്  തകര്‍ത്തത്. മതനിരപേക്ഷ ഇന്ത്യക്ക് ഏറ്റവും പരിക്കേറ്റ ദിനമായിരുന്നു 1992 ഡിസംബര്‍ ആറ്. കാല്‍നൂറ്റാണ്ടിനുശേഷവും തര്‍ക്കസ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കത്തിനോ ബാബ്റി മസ്ജിദ് തകര്‍ത്ത കേസിനോ അന്ത്യമായിട്ടില്ല. വിവിധ കോടതികളില്‍ ഇത് തീര്‍പ്പാകാതെ കിടക്കുകയാണ്. തര്‍ക്കഭൂമി സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി 2010ല്‍ വിധി പ്രസ്താവിച്ചെങ്കിലും അത് ഏറെ വിമര്‍ശിക്കപ്പെട്ടു. മാത്രമല്ല, കേസിലെ കക്ഷികളെല്ലാംതന്നെ ഈ വിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം അംഗീകരിച്ച കോടതി അതിന് തയ്യാറെടുക്കുകയാണ്. മാത്രമല്ല, ഇരുവിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത് യോജിച്ച ഒരു പരിഹാരത്തിലെത്താന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഏറെ അത്ഭുതകരമായ കാര്യം ഇരുകക്ഷികളും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ആവശ്യപ്പെട്ടത്്. ഇരുകക്ഷികളും അംഗീകരിക്കുന്നപക്ഷം മാധ്യസ്ഥനാകാനും അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനോട് അനുകൂലമായി ആരും പ്രതികരിക്കാന്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് ആ നീക്കം ഉപേക്ഷിച്ചുവെന്നുമാത്രം. ഈ ഘട്ടത്തിലാണ് ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള മാധ്യസ്ഥശ്രമത്തിന് തുടക്കമായത്. 

ശ്രീ ശ്രീ രവിശങ്കര്‍ മാധ്യസ്ഥവേഷം കെട്ടിയിറങ്ങിയതിന് ഒരു രാഷ്ട്രീയപശ്ചാത്തലമുണ്ട്. ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 25-ാംവര്‍ഷത്തിലും വിഷയം സജീവമായി നിലനിര്‍ത്തുക എന്നതാണ് ആ ലക്ഷ്യം. മുന്‍ ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നപോലെ നരേന്ദ്ര മോഡിയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി സംഘപരിവാര്‍ സംഘടനകള്‍ക്കും സ്വാമിമാര്‍ക്കുമുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണ വേളയില്‍ അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം മോഡി നഗരത്തിലെത്തിയെങ്കിലും അയോധ്യ സന്ദര്‍ശിച്ചില്ല. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുവേളയിലും മുഖ്യപ്രചാരകനായ മോഡി അയോധ്യ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. അതായത് രാമജന്മഭൂമിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന വിശ്വഹിന്ദു പരിഷത്തിനും മറ്റും മോഡിയുടെ ഈ അവഗണനയില്‍ ശക്തമായ പ്രതിഷേധമുണ്ട്. അതുകൊണ്ടാണ് അവര്‍ അയോധ്യപ്രസ്ഥാനത്തെ സജീവമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഇവരുടെ വികാരം മനസ്സിലാക്കിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകട്ടെ അയോധ്യ സന്ദര്‍ശിക്കാനുള്ള ഒരവസരവും പാഴാക്കാറുമില്ല.

ദീപാവലിവേളയില്‍ അയോധ്യ സന്ദര്‍ശിച്ച അദ്ദേഹം സരയു നദീതീരത്ത് ശ്രീരാമന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നൂറുകണക്കിന് കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞുവീണ് മരിക്കുമ്പോഴും ഓക്സിജന്‍ സിലിണ്ടറിന് പണം നല്‍കാത്ത മുഖ്യമന്ത്രിയാണ് കോടികള്‍ ചെലവിട്ട് ശ്രീരാമപ്രതിമ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തത്. യോഗിയും അയോധ്യയും തമ്മിലുള്ള ഈ ബന്ധത്തിന് പലകാരണങ്ങളുമുണ്ട്. അതിലൊന്ന് ഉത്തര്‍പ്രദേശിലും ഗുജറാത്തിലും നടക്കുന്ന തെരഞ്ഞെടുപ്പാണ്. നവംബര്‍ 22 മുതല്‍ മൂന്നുഘട്ടങ്ങളിലായി ഉത്തര്‍പ്രദേശില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കും നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി ഗുജറാത്ത് നിയമസഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നടക്കും. ഈ വിഷയം വീണ്ടും തെരഞ്ഞെടുപ്പ് അജന്‍ഡയിലേക്കും ജനങ്ങളുടെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നതിനാണ് ശ്രീ ശ്രീ രവിശങ്കറെ മാധ്യസ്ഥദൂതുമായി കെട്ടി ഇറക്കിയിരിക്കുന്നത്. ഒരു ദശാബ്ദം മുമ്പും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സ്ഥാപകനായ ഈ കോടീശ്വരന്‍ സമാധാനദൂതുമായി ഇറങ്ങിയിരുന്നു. അന്ന് അദ്ദേഹം  പറഞ്ഞത്, തര്‍ക്കസ്ഥലം മുസ്ളിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു. തീര്‍ത്തും ഏകപക്ഷീയമായി നിര്‍ദേശം സമര്‍പ്പിച്ച വ്യക്തിയാണ് ഇപ്പോള്‍ നിഷ്പക്ഷ പരിവേഷം കെട്ടിയാടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സന്ദര്‍ശിക്കുകവഴി ബിജെപി കൈയൊപ്പോടെയാണ്  ശ്രീ ശ്രീയുടെ രംഗപ്രവേശമെന്ന് വ്യക്തം. എന്നാല്‍, ബിജെപി പിന്തുണയോടെയുള്ള ഈ ദൌത്യത്തെ ഹിന്ദു സംഘടനകള്‍മാത്രമല്ല, മുസ്ളിം സംഘടനകളും ഗൌരവത്തോടെയല്ല വീക്ഷിച്ചത്. കോടീശ്വരനായ, വിദേശഫണ്ട് സ്വീകരിക്കുന്ന സ്വാമിക്ക് ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ തടയാനുള്ള കുറുക്കുവഴിമാത്രമാണ് മാധ്യസ്ഥശ്രമമെന്ന് വിഎച്ച്പി നേതാവും മുന്‍ എംപിയുമായ രാംവിലാസ് വേദാന്തി കുറ്റപ്പെടുത്തി. അഖിലേന്ത്യാ അഖാഡ പരിഷത്തിന്റെ നേതാവ് നരേന്ദ്ര ഗിരിയും രവിശങ്കറിന്റെ നീക്കം വെറും നാടകമാണെന്ന് പരിഹസിച്ചു. കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോര്‍ഡാകട്ടെ, കോടതിവിധിയെമാത്രമേ അംഗീകരിക്കൂവെന്നും അതിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

ഇതോടെതന്നെ ശ്രീ ശ്രീ രവിശങ്കറുടെ മാധ്യസ്ഥശ്രമവും പരാജയപ്പെട്ടുവെന്ന് ഉറപ്പായി. വസ്തുത ഇതായിരിക്കെ ഭൂരിപക്ഷം മുസ്ളിങ്ങള്‍ക്കും രാമക്ഷേത്ര നിര്‍മാണത്തിനോട് എതിര്‍പ്പില്ലെന്ന, സത്യവുമായി പുലബന്ധംപോലും ഇല്ലാത്ത പ്രസ്താവനയുമായി തന്റെ മാധ്യസ്ഥശ്രമത്തെ ന്യായീകരിക്കാനാണ് രവിശങ്കര്‍ തയ്യാറാകുന്നത്. നേരത്തെ അയോധ്യ നിവാസികളും ശങ്കരാചാര്യരും നടത്തിയ മാധ്യസ്ഥശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ശ്രീ ശ്രീ രവിശങ്കറുടെ ശ്രമവും അതേവഴിക്കാണ് നീങ്ങുക. കോടതിവിധിമാത്രമായിരിക്കും ഈ പ്രശ്നത്തിനുള്ള അന്തിമപരിഹാരം. ബാബ്റി മസ്ജിദ് തകര്‍ത്ത് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും അന്തിമവിധിക്കായി കാത്തിരിക്കേണ്ട ഗതികേട് തുടരുകയാണെന്നതാണ് ഏറെ ദുഃഖകരം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top