01 October Sunday

ചരിത്രം വളച്ചൊടിക്കാൻ അമൃത് മഹോത്സവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷത്തെ മുൻനിർത്തി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ  ‘ആസാദി കാ അമൃത്‌ മഹോത്സവ്‌’ സംബന്ധിച്ച ഒരു പ്രസ്‌താവന പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ(പിഐബി) ജനുവരി 11ന്‌ പുറത്തുവിടുകയുണ്ടായി. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിൽനിന്ന്‌ ഇന്ത്യൻ ജനത പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ വീരോജ്വലമായ ചരിത്രത്തെ തിരുത്തിയെഴുതാനും വളച്ചൊടിക്കാനുമുള്ള അവസരമായാണ്‌ മോദി സർക്കാർ ഈ അവസരത്തെ കാണുന്നതെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പിഐബിയുടെ വാർത്താകുറിപ്പ്‌. ബ്രിട്ടീഷ്‌ ഭരണവുമായി ബന്ധപ്പെട്ട്‌ മാത്രമല്ല സ്വാതന്ത്ര്യസമരമെന്നും അതിനുമുമ്പും ഇന്ത്യ അടിമത്തത്തിൻ കീഴിലാണെന്നും പറഞ്ഞ്‌ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിന്റെ ശോഭകെടുത്താനുള്ള നീക്കവും ഇതിൽ നിഴലിച്ചുകാണാം. കോടാനുകോടി ജനങ്ങൾ അവരുടെ മത, ജാതി, ഭാഷാ വ്യത്യാസങ്ങൾക്ക്‌ അതീതമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്‌ 1947 ആഗസ്‌ത്‌ 15ന്‌ രാജ്യം സ്വാതന്ത്ര്യം നേടിയത്‌. സ്വാതന്ത്ര്യ സമരത്തിലും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപീകരണത്തിലും  ആർഎസ്‌എസിനും അതിന്റെ മുൻഗാമികൾക്കും ഒരു പങ്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യസമര ചരിത്രത്തെ തങ്ങൾക്ക്‌ അനുകൂലമായി വളച്ചൊടിക്കാനും വക്രീകരിക്കാനുമുള്ള അവസരമായാണ്‌ മോദി സർക്കാർ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷത്തെ കാണുന്നത്‌ എന്നതിനുള്ള തെളിവാണ്‌ പിഐബിയുടെ പ്രസ്‌താവന.

ചരിത്രം എങ്ങനെയാണ്‌ വളച്ചൊടിക്കപ്പെടുന്നത്‌ എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌, 1857ലെ മഹത്തായ ലഹള അഥവാ ഒന്നാം സ്വാതന്ത്ര്യസമരത്തൈ സ്വാധീനിച്ച വ്യക്തിത്വങ്ങളാണ്‌ സ്വാമി വിവേകാനന്ദനും രമണ മഹർഷിയുമെന്ന പിഐബി പ്രസ്‌താവനയിലെ പരാമർശം. സ്വാമി വിവേകാനന്ദൻ ജനിച്ചത്‌ 1863ലും രമണമഹർഷി ജനിച്ചത്‌  1879ലുമാണ്‌. 1857നുശേഷം ജനിച്ചവർ എങ്ങനെയാണ്‌ ഒന്നാം സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ചത്‌! ഹിന്ദുക്കളും മുസ്ലിങ്ങളും യോജിച്ച്‌ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടമായിരുന്നു അത്‌. ത്സാൻസിയിലെ റാണി ലക്ഷ്‌മിഭായിയും താന്തിയാ തോപെയും എല്ലാം ആ പോരാട്ടത്തിൽ അണിനിരന്നു. ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്നുകൊണ്ട്‌ അവർ ബ്രിട്ടനിൽനിന്ന്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മുഗൾരാജാവായ ബഹദൂർഷായെ സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇപ്പോഴും ധർമസംസദുകളിൽനിന്ന്‌ ഉയരുന്നത്‌ മുസ്ലിങ്ങളെ വംശഹത്യ നടത്താനുള്ള ആഹ്വാനങ്ങളാണ്‌. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ അട്ടിമറിച്ച്‌ ഹിന്ദു രാഷ്ട്രം രൂപീകരിക്കാനാണ്‌  ആർഎസ്‌എസും ബിജെപിയും നിരന്തരം ശ്രമിക്കുന്നത്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉള്ളടക്കത്തിന്‌ കടകവിരുദ്ധമായ നീക്കമാണിത്‌.

ഇതുവരെയും അജ്ഞാതരായ സ്വാതന്ത്ര്യസമര സേനാനികളിലേക്ക്‌ ശ്രദ്ധതിരിക്കുന്നതിനാണ്‌ അമൃത മഹോത്സവ്‌ എന്നും പിഐബിയുടെ പ്രസ്‌താവന വിശദീകരിക്കുന്നു. ബ്രിട്ടീഷുകാരുമായി ചങ്ങാത്തംകൂടിയ ആർഎസ്‌എസ്‌, ഹിന്ദുത്വ പശ്‌ചാത്തലമുള്ളവരെ സ്വാതന്ത്ര്യസമരത്തിന്റെ വീരനായകരായി അവതരിപ്പിക്കാനുള്ള ഗൂഢനീക്കമാണ്‌ ഇത്‌. ആർഎസ്‌എസിനോട്‌ അനുകമ്പാപൂർവമായ സമീപനം വച്ചുപുലർത്തുന്ന ബ്രദർഹുഡ്‌ ഇൻ സാഫറൺ(വാൾട്ടർ കെ ആൻഡേഴ്‌സൺ, ശ്രീധർ ഡി ഡംലേ എന്നിവർ എഴുതിയത്‌–-1987) എന്ന ഗ്രന്ഥത്തിൽപ്പോലും ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ പൂർണമായും വിട്ടുനിന്നെന്ന്‌ വിശദീകരിക്കുന്നുണ്ട്‌. 1942ലെ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭകാലത്ത്‌ ബോംബെ ആഭ്യന്തരമന്ത്രാലയം രേഖപ്പെടുത്തിയത്‌ ‘സംഘ്‌(ആർഎസ്‌എസ്‌) സൂക്ഷ്‌മതയോടെ നിയമം പാലിച്ചുവെന്നും 1942 ആഗസ്‌തിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്തില്ലെന്നുമാണ്‌.’ വസ്‌തുത ഇതായിരിക്കെ കമ്യൂണിസ്‌റ്റുകാർക്കെതിരെ കള്ളപ്രചാരവേലയാണ്‌ ക്വിറ്റ്‌ ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട്‌ സംഘപരിവാർ നടത്തുന്നത്‌. അത്തരം പ്രചാരകർ അറിയേണ്ട ഒരു കാര്യമുണ്ട്‌. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ 50–-ാം വാർഷികം 1992ൽ ആഘോഷിക്കുമ്പോൾ പാർലമെന്റിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമ, 1942 സെപ്‌തംബർ അഞ്ചിന്‌ ലണ്ടനിലെ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌ ഓഫീസിലേക്ക്‌ ഡൽഹിയിൽ നിന്നയച്ച  കത്ത്‌ ഉദ്ധരിച്ചുകൊണ്ട്‌ പറഞ്ഞത്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ അംഗങ്ങൾ ബ്രിട്ടീഷ്‌വിരുദ്ധ വിപ്ലവകാരികളാണ്‌ എന്നാണ്‌.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം തകർക്കാനുള്ള സംഘപരിവാറിന്റെ നീചമായ നീക്കത്തെ പരാജയപ്പെടുത്തുകതന്നെ വേണം. സ്വാതന്ത്ര്യ സമരത്തിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top