26 April Friday

വിവേകം നയിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം അവസാനിപ്പിച്ച് ബാബ്റി മസ്ജിദ്–രാമജന്മഭൂമി കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചരിത്രപ്രധാനമായ വിധി പറഞ്ഞു. അയോധ്യയിൽ ബാബ്റി മസ്ജിദ്–-രാമജന്മഭൂമി തർക്കം നിലനിന്ന 2.77 ഏക്കർ ഭൂമിയിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പള്ളി നിർമിക്കാൻ അയോധ്യയിൽ അഞ്ച്‌ ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തർക്കത്തിലുള്ള ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബർ 30ലെ വിധി അസാധുവാക്കിയാണ് രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി നൽകിയത്. വർഗീയ ശക്തികൾ മുതലെടുപ്പ് നടത്തി വൻതോതിൽ അക്രമത്തിനും ജീവഹാനിക്കും ഇടയാക്കിയ പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് വിധിയിലൂടെ സുപ്രീംകോടതി ലക്ഷ്യമിടുന്നത്.

മധ്യസ്ഥന്മാർ മുഖേന നടത്തിയ ചർച്ച വഴിമുട്ടിയപ്പോഴാണ് കേസിൽ സുപ്രീംകോടതി വാദം കേൾക്കാൻ ആരംഭിച്ചത്. നൂറുകണക്കിന് രേഖകളും സാക്ഷിമൊഴികളും വിശ്വാസപരമായ പ്രശ്നങ്ങളുമെല്ലാം പരിഗണിച്ചശേഷമാണ് കോടതി അന്തിമവിധി പറഞ്ഞത്. ഭരണഘടന, മതനിരപേക്ഷത, വിശ്വാസം, ചരിത്രം എന്നിവയെക്കുറിച്ചെല്ലാം പലവിധ നിരീക്ഷണങ്ങൾ വിധിന്യായത്തിൽ കോടതി മുന്നോട്ടുവച്ചു. 1949 ഡിസംബർ 23ന് ബാബ്‌റി മസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവച്ചതും 1992 ഡിസംബർ 6ന് പള്ളി പൊളിച്ചതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി. പള്ളി തകർത്ത ക്രിമിനൽ കേസിലും ഉടൻ വിധി പ്രസ്താവിക്കണം. കുറ്റക്കാരെ ശിക്ഷിക്കണം.


 

ചരിത്രവും വിശ്വാസവും വൈകാരികതയും കൂടിക്കുഴഞ്ഞ  ബാബ്റി മസ്ജിദ്–-രാമജന്മഭൂമി വിഷയത്തിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയെ വിവേകത്തോടും സമചിത്തതയോടും സമീപിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മതത്തെയും വിശ്വാസത്തെയും അതിവൈകാരികമായി ഊതിക്കത്തിക്കുന്നതിന്റെ ദുരന്തഫലങ്ങൾ പലതരത്തിൽ അനുഭവിച്ച രാജ്യത്തിന് ഇനിയൊരു ആഘാതം താങ്ങാനാകില്ല. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധിയിൽ ജയപരാജയങ്ങൾ ഇഴപിരിക്കുന്നതിൽ അർഥമില്ല. വിശ്വാസത്തിന്റെയും വൈകാരിക വിക്ഷോഭങ്ങളുടെയും ബലാബലത്തിൽ ആരും ഒന്നും നേടുന്നില്ല; എല്ലാവരും നഷ്ടപ്പെടുന്നതേയുള്ളൂ.

മതനിരപേക്ഷ ഇന്ത്യ എന്ന ആശയത്തെത്തന്നെ അപകടത്തിലാക്കിയ ബാബ്റി മസ്ജിദ്–രാമജന്മഭൂമി പ്രശ്നം ജനാധിപത്യ വിശ്വാസികൾക്ക് വലിയ അനുഭവപാഠമാണ്.  വിശ്വാസവും ചരിത്രവും വർത്തമാനവും അതിവൈകാരികമായി കൂട്ടിക്കുഴച്ചാൽ എത്രമാത്രം ജീവനും സമ്പത്തും നഷ്ടമാകുമെന്ന് ഈ പ്രശ്നം കാണിച്ചുതന്നിട്ടുണ്ട്. ഭൂതകാലത്തെ തിരുത്തിയെഴുതാനോ മാറ്റിത്തീർക്കാനോ കഴിയില്ലെന്ന ചരിത്രപാഠം മറന്നവരാണ് ഇത്തരം പ്രശ്നങ്ങളുടെ പേരിൽ വൈകാരികത ഇളക്കിവിടുന്നത്. ചരിത്രത്തിൽനിന്ന് പാഠം പഠിക്കുകയും വർത്തമാനത്തെ ഊർജമാക്കി ഭാവിയിലേക്ക് ജീവിതം കരുപ്പിടിപ്പിക്കുകയുമാണ് പുരോഗമനോന്മുഖമായ സമൂഹം ചെയ്യേണ്ടത്. ദൗർഭാഗ്യവശാൽ വിശ്വാസത്തിന്റെ പേരിലുള്ള ഭ്രാന്തമായ വൈകാരികതയും അന്ധവിശ്വാസവും സമൂഹത്തിന്റെ കൊടിയടയാളമാകുമ്പോൾ നാടും ജനങ്ങളും പരാജയപ്പെടുന്നു.

സുപ്രീംകോടതിയുടെ വിധിതീർപ്പിൽ അതിരുവിട്ട് ആഘോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല. സമൂഹത്തെ ഭിന്നിപ്പിക്കുകയും വർഗീയസംഘർഷങ്ങളുടെ പുതിയ വഴിച്ചാലുകൾ തുറന്നിടുകയുമാണ് അത്തരക്കാരുടെ ലക്ഷ്യം. സാമ്പത്തികമാന്ദ്യത്തിന്റെയും ദുരിതങ്ങളുടെയും കാലത്ത് മനുഷ്യജീവിതത്തെ തൊട്ടുനിൽക്കുന്ന ഒട്ടേറെ പ്രശ്നങ്ങളെച്ചൊല്ലി സമൂഹം ഉൽക്കണ്ഠാകുലമാകേണ്ടതുണ്ട്. മനുഷ്യരും അവരുടെ ആധികളുമാണ് പരമപ്രധാനം.

പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ കോടതികളുടെ തീർപ്പിന് വിടണമെന്നുമുള്ള അഭിപ്രായമാണ് ഇടതുപക്ഷപാർട്ടികൾ എന്നും മുന്നോട്ടുവച്ചിരുന്നത്. കോടതിയുടെ നിരീക്ഷണങ്ങളിൽ ചിലത് പരസ്പരവിരുദ്ധമല്ലേ എന്ന സംശയം ഉയർന്നേക്കാം. അങ്ങനെ സംശയിക്കുന്നവർക്ക് നിയമത്തിന്റെ വഴി തേടാൻ ഇനിയും അവസരമുണ്ട്.

ഇന്ത്യ എന്ന സങ്കൽപ്പം നിലനിൽക്കുമോ എന്ന ആശങ്കയ്‌ക്കിടയിലാണ് സുപ്രീംകോടതി വിധി വരുന്നത്. പരസ്പര വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും വെട്ടം തല്ലിക്കെടുത്തുന്ന ശക്തികൾ അവസരം പാർത്ത് കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. വെറുപ്പിന്റെയും പകയുടെയും പ്രത്യയശാസ്ത്രം അരങ്ങത്ത് ആടിത്തകർക്കുന്നു. സുപ്രീംകോടതി വിധിയെച്ചൊല്ലി അമിതമായി ആഹ്ലാദിക്കുന്നവരും അലോസരപ്പെടുന്നവരും ഭിന്നിപ്പിന്റെ ശക്തികൾക്ക് വെള്ളവും വളവും നൽകുകയാണെന്ന് തിരിച്ചറിയണം. സമാധാനപരമായ സഹവർത്തിത്വത്തിലൂടെ മുന്നോട്ടുപോയാലേ ഒരു ജനത ജയിക്കുകയുള്ളൂ. തോറ്റ ജനതയെന്ന് ചരിത്രം നമ്മളെ അടയാളപ്പെടുത്താൻ അനുവദിച്ചുകൂടാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top