25 September Monday

അയോധ്യ നീതി ഇന്നുംഅകലെ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

കാല്‍നൂറ്റാണ്ടുമുമ്പ് അയോധ്യയിലെ ബാബ്റി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ കാവിഭീകരതയുടെ ത്രിശൂലമേറ്റു തകര്‍ന്നുവീണപ്പോള്‍ മതനിരപേക്ഷ ഇന്ത്യക്കാണ് യഥാര്‍ഥത്തില്‍ പോറലേറ്റത്.  ഭരണഘടനയിലെ ആമുഖത്തില്‍തന്നെ പറയുന്ന മതനിരപേക്ഷ ഇന്ത്യക്ക് ഏറ്റവും പരിക്കേറ്റ ദിനമായിരുന്നു 1992 ഡിസംബര്‍ ആറ്.  സ്വാതന്ത്യ്രത്തിനുമുമ്പുതന്നെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് ഇന്ത്യയില്‍ വേരോട്ടവും സംഘടനാരൂപവും ഉണ്ടായിരുന്നെങ്കിലും അതിന് ഇന്നുകാണുന്ന വ്യാപ്തി ഉണ്ടായിരുന്നില്ല. വിഭജനകാലത്തുപോലും ഹിന്ദുത്വ വര്‍ഗീയതയ്ക്ക് ഇന്നു കാണുന്ന മാനത്തിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ബാബ്റി മസ്ജിദ് തകര്‍ത്തതോടെയാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയാധികാരത്തിലേക്കുള്ള ഉയര്‍ച്ച ലഭിക്കുന്നത്. 1984ലെ രണ്ട് ലോക്സഭാ സീറ്റില്‍നിന്ന് ഇന്നത്തെ 282 സീറ്റിലേക്കുള്ള ബിജെപി വളര്‍ച്ച സാധ്യമാക്കിയ ഏറ്റവും പ്രധാന സംഭവം, അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതാണെന്ന് പറയാം. രാജ്യത്തെ പ്രത്യേകിച്ചും ഹിന്ദി മേഖലയില്‍ വര്‍ഗീയധ്രുവീകരണത്തിന് ആഴവും പരപ്പും നല്‍കിയ സംഭവം ഇതായിരുന്നു.

ബിജെപി രൂപീകരണകാലത്ത് വാജ്പേയിയും മറ്റും ഉയര്‍ത്തിയ ഗാന്ധിയന്‍ സോഷ്യലിസമെന്ന ആശയം പാര്‍ടി വളര്‍ത്താന്‍ പര്യാപ്തമല്ലെന്നു കണ്ട്് 1989ലെ പാലംപുര്‍ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍വച്ചാണ് രാമജന്മഭൂമി പ്രശ്നം ഏറ്റെടുത്ത് പ്രക്ഷോഭം നടത്താന്‍ ബിജെപി തീരുമാനിക്കുന്നത്. തുടര്‍ന്നങ്ങോട്ട് ആര്‍എസ്എസും വിഎച്ച്പിയും ബജ്രംഗ്ദളും ബിജെപിയും ചേര്‍ന്ന് ഹിന്ദുത്വവര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന ശിലാന്യാസവും രഥയാത്രയും കര്‍സേവയും മറ്റും നടത്തി മതനിരപേക്ഷ ഇന്ത്യയെ ശിഥിലമാക്കി. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വസമീപനം ഈ ശക്തികള്‍ക്ക് ആക്കംപകര്‍ന്നു. 1949ല്‍ രാമവിഗ്രഹം ബാബ്റി മസ്ജിദില്‍ സ്ഥാപിച്ചതും  1986 ല്‍ മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ചതും ശിലാന്യാസം നടന്നതും അവസാനം പള്ളി തകര്‍ത്തതും കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴായിരുന്നു. നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോഴായിരുന്നു ബാബ്റി മസ്ജിദ് തകര്‍ത്തത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ പ്രധാനമന്ത്രി റാവുവാണെന്ന് അദ്വാനിയും ഗുരുവിന്റെ ഗുരുവാണ് റാവുവെന്ന് വാജ്പേയിയും പറയാനുള്ള കാരണവും മറ്റൊന്നല്ല.

കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ (ജനസംഘത്തിന് പങ്കുള്ള) ഈ സംഭവത്തിനുമുമ്പ് ഗുജറാത്തിലും ബിഹാറിലും മറ്റും രൂപംകൊണ്ടിരുന്നുവെങ്കിലും ബിജെപിക്ക് തനിച്ച് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് അയോധ്യ മുദ്രാവാക്യം ഏറ്റെടുക്കാന്‍ തുടങ്ങിയതിനുശേഷമായിരുന്നു. 2002ല്‍ ഗോധ്ര സംഭവത്തെതുടര്‍ന്ന് ഗുജറാത്തിലുണ്ടായ വംശഹത്യയും 2007ലെ ഒഡിഷയിലെ കന്ദമലില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ നടന്ന വേട്ടയും 2014ല്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ വര്‍ഗീയകലാപവും മറ്റും സംഘപരിവാറിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. എണ്ണമറ്റ വര്‍ഗീയലഹളകളിലൂടെ ജനങ്ങളെ ഹിന്ദുവെന്നും മുസ്ളിമെന്നും ധ്രുവീകരിച്ചാണ് ബിജെപി രാഷ്ട്രീയലക്ഷ്യം കണ്ടത്. അതിന്നും സഹാരന്‍പുരിലും ഭദ്രക്കിലും മറ്റുമായി നിര്‍ബാധം തുടരുകയാണ്. ഘര്‍ വാപസിയും ലൌ ജിഹാദും ഗോസംരക്ഷണവും മറ്റും ധ്രുവീകരണം ലക്ഷ്യമാക്കി തരാതരംപോലെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണെന്നുമാത്രം. ഇതിനപ്പുറം ഒരു രാഷ്ട്രീയ അജന്‍ഡയും ബിജെപിക്കില്ലെന്നതാണ് പ്രധാന വസ്തുത. അയോധ്യ സംഭവം കഴിഞ്ഞ് 25 വര്‍ഷം പിന്നിടുമ്പോഴും അന്ന് ആയുധമാക്കിയ ഉപകരണംതന്നെയാണ് ബിജെപി ഇന്നും ഉപയോഗിക്കുന്നതെന്ന് കാണാം. മൂര്‍ച്ച കൂട്ടിയും കുറച്ചും ഉപയോഗിക്കുന്നുവെന്നുമാത്രം. 

കാല്‍നൂറ്റാണ്ടിനുശേഷവും ബാബ്റി മസ്ജിദ് തകര്‍ത്ത കേസിനോ വിദ്വേഷപ്രസംഗം നടത്തിയത് സംബന്ധിച്ച കേസിനോ സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനോ ഇനിയും അന്ത്യമായിട്ടില്ല. വിവിധ കോടതികളില്‍ ഇത് തീര്‍പ്പാകാതെ കിടക്കുകയാണ്. ബാബ്റി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് ഒരാള്‍പോലും ജയില്‍വാസം അനുഭവിച്ചില്ലെന്നതും നീതി എത്രമാത്രം അകലെയാണെന്നതിന്റെ ദൃഷ്ടാന്തമാണ്. ബാബ്റി പള്ളി നിലനിന്ന സ്ഥലം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി 2010 സെപ്തംബറില്‍ വിധി പ്രസ്താവിച്ചെങ്കിലും അത് ഏറെ വിമര്‍ശിക്കപ്പെട്ടു. മൂന്നു കക്ഷികള്‍ക്ക് ഭൂമി പകുത്തുനല്‍കുകയായിരുന്നു കോടതി. വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഈ വിധിപ്രസ്താവത്തില്‍ വസ്തുതകള്‍ക്കായിരുന്നില്ല മേല്‍ക്കൈ ലഭിച്ചത്. സ്വാഭാവികമായും കേസിലെ കക്ഷികളെല്ലാംതന്നെ ഈ വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു.

കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം അംഗീകരിച്ച കോടതി ചൊവ്വാഴ്ചമുതല്‍ അതിനായി തയ്യാറാവുകയും ചെയ്തു. ഇതോടെ കോടതിയെ സ്വാധീനിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്കും തുടക്കമായി. ഉഡുപ്പിയില്‍ വിഎച്ച്പി വിളിച്ചുചേര്‍ത്ത ധര്‍മസംസദില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്, പള്ളി തകര്‍ത്ത സ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ്. കോടതിക്കുപുറത്ത് പരിഹാരം കാണാനെന്ന പേരില്‍ ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തില്‍ ചര്‍ച്ചാപ്രഹസനവും സംഘടിപ്പിച്ചു. മതനിരപേക്ഷ ഇന്ത്യന്‍ റിപ്പബ്ളിക്കിനെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എങ്കിലേ ഇന്ത്യ എന്ന മതനിരപേക്ഷ റിപ്പബ്ളിക്കിന് നിലനില്‍പ്പുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top