28 March Thursday

അവസാനം വേണ്ടേ റോഡിലെ കുരുതിക്ക്‌?

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


വ്യാഴാഴ്ച കേരളം ഞെട്ടിയാണ് ഉണർന്നത്. 19 പേരുടെ ജീവനാണ് പുലർച്ചെ കോയമ്പത്തൂർ–-സേലം ബൈപാസിൽ അപകടത്തിൽ പൊലിഞ്ഞത്. ഇവരിൽ അധികവും ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികളായിരുന്നു. ഏറെപ്പേരും ചെറുപ്പക്കാർ. റോഡ് സുരക്ഷയിൽ വളരെ പിന്നിലാണ് നാം. ലോകാരോഗ്യ സംഘടന ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ലോകത്ത് റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണമുണ്ടാകുന്ന രാജ്യമാണ് ഇന്ത്യ. 2018ൽ മാത്രം ഇന്ത്യൻ റോഡുകളിൽ അവസാനിച്ചത് ഒന്നരലക്ഷം പേരുടെ ജീവിതമാണ്. 199 രാജ്യത്തിന്റെ കണക്കാണ് പരിഗണിച്ചത്. റോഡപകടങ്ങളിൽ ലോകത്താകെ മരിക്കുന്നവരിൽ 11 ശതമാനം പേരും ഇന്ത്യയിലാണ്.

ഈ കണക്കിൽ കേരളത്തിന്റെ പങ്കും കുറവല്ല. ഓരോ വർഷവും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും കൂടിവരുന്നു. അപൂർവം വർഷങ്ങൾ മാത്രമാണ് അപവാദം. 2018ൽ സംസ്ഥാനത്താകെ മരിച്ചത് 4303 പേരാണ്. 2019ൽ സെപ്തംബർ വരെയുള്ള കണക്കേ കൂട്ടിയിട്ടുള്ളൂ, അതുതന്നെ 3375  വരും. റോഡപകടങ്ങളും റോഡിന്റെ മോശം അവസ്ഥയുമാണ് രാജ്യത്തും സംസ്ഥാനത്തും അപകടമരണം കൂടുന്നതിന് കാരണമെന്ന് പറയാനാകില്ല. റോഡ് മെച്ചപ്പെടുന്നതനുസരിച്ച് മരണം കൂടുന്നതായാണ് കണക്കുകൾ. ഇന്ത്യയിലാകെ റോഡിൽ രണ്ടു ശതമാനത്തിൽ താഴെയാണ് ദേശീയപാതയുള്ളത്. എന്നാൽ, അപകടമരണങ്ങളിൽ 36 ശതമാനവും ആവശ്യത്തിന് വീതിയും നാലുവരിയും ആറുവരിയുമുള്ള ഈ ദേശീയപാതകളിലാണ്. അതുപോലെ രാജ്യത്താകെ മൂന്നു ശതമാനത്തിൽ താഴെ റോഡേ സംസ്ഥാന പാതയായുള്ളൂ. പക്ഷേ, മരണക്കണക്കിൽ 27 ശതമാനം ഈ സ്റ്റേറ്റ് ഹൈവേയിലുമുണ്ട്. അതായത് ആകെയുണ്ടാകുന്ന മരണങ്ങളിൽ 63 ശതമാനം മെച്ചപ്പെട്ട റോഡുകളിലാണ്. ഇപ്പോൾ തിരുപ്പൂരിലുണ്ടായ അപകടവും വളരെ മികച്ച റോഡിൽ തന്നെ. എതിരെ വണ്ടിവരാനുള്ള ഒരു സാഹചര്യവുമില്ലാത്ത, ഉടനീളം മീഡിയനുള്ള ബൈപാസിലാണ് മീഡിയൻ ചാടിക്കടന്നെത്തി കെഎസ്ആർടിസി ബസ് ഇടിച്ചുതകർത്ത കണ്ടെയ്‌നർ ലോറി ഇത്രയും വലിയ അപകടത്തിന് ഇടയാക്കിയത് .


 

അപകട കാരണങ്ങളിൽ എല്ലാ പഠനവും മുഖ്യമായി ചൂണ്ടിക്കാട്ടുന്നത് അമിതവേഗം തന്നെയാണ്. ഇപ്പോഴത്തെ അപകടത്തിനും വേഗം ഒരു കാരണമായിട്ടുണ്ടാകുമെന്ന് കരുതണം. വേഗത്തിന്റെ കാര്യത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളൊന്നും ഫലപ്രദമാകുന്നില്ല. പിഴശിക്ഷയിൽ ഒതുങ്ങുന്ന നടപടികൾ ആരെയും വേഗം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നില്ല. ഓൺലൈനിൽ ഒരു ക്ലിക്കിൽ അടയ്ക്കാവുന്ന പിഴയൊന്നും ആരും ശിക്ഷയായി കരുതാത്ത അവസ്ഥയായി. കേരളത്തിൽ രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ അടക്കമുള്ള ദീർഘദൂര ബസുകൾ പലതും നിശ്ചിത സമയത്തിന്‌ ഒന്നും രണ്ടും മണിക്കൂർ മുമ്പ് ലക്ഷ്യത്തിലെത്തുന്ന സ്ഥിതിയുണ്ട്. യാത്രക്കാർക്ക്  വേഗം ഹരമായി തോന്നാം. നേരത്തെ എത്തുന്നത് സൗകര്യപ്രദവുമാണ്. പക്ഷേ, ഈ അമിതവേഗം വരുത്താവുന്ന വൻ അപകടത്തെപ്പറ്റി ചിന്തിക്കേണ്ടതല്ലേ?

അധിക മരണങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ പലതും പുലർച്ചെയാണ് സംഭവിക്കുന്നത്. ഡ്രൈവർ ഉറങ്ങിയെന്ന കാരണം പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തടസ്സങ്ങളില്ലാത്ത റോഡും ജോലി ക്ഷീണവും ഇങ്ങനെ വണ്ടി ഓടിക്കുന്നതിനിടയിൽത്തന്നെ ഡ്രൈവർമാരെ  ഉറക്കത്തിലേക്ക് തള്ളിവിട്ടു എന്നുവരാം. തിരുപ്പൂരിലെ അപകടത്തിൽ ഈ രണ്ടു കാരണവും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ പ്രാഥമിക നിഗമനം. കണ്ടെയ്‌നർ ലോറി നിയന്ത്രണംവിട്ട് മീഡിയൻ കുറുകെ കടന്ന്  ബസിൽ ഇടിക്കാൻ അതിവേഗവും ഇടയാക്കിയിരിക്കാം. മലയാളികൾ ഉൾപ്പെട്ട അപകടമെന്ന നിലയിൽ വിവരമറിഞ്ഞപ്പോൾമുതൽ സംസ്ഥാന സർക്കാർ സജീവമായി രംഗത്തിറങ്ങി. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട നടപടികളും സ്വീകരിച്ചു. സഹായങ്ങളും പ്രഖ്യാപിച്ചു. രണ്ടു മന്ത്രിമാർ അപകടസ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ഇപ്പോഴത്തെ അപകടം തമിഴ്നാട്ടിലാണുണ്ടായത്. കേരളത്തിലും എപ്പോഴും സംഭവിക്കാവുന്ന ദുരന്തമാണിത്. ഇവിടെയും റോഡുകൾ മെച്ചപ്പെടുകയാണ്. പലരും വേഗം കുറയ്ക്കാനോ നിയന്ത്രണങ്ങൾ പാലിക്കാനോ തയ്യാറാകുന്നില്ല. തിരുപ്പൂരിലേതിനു സമാനമായ അപകടങ്ങൾ ഇവിടെയും ആവർത്തിക്കാതെ നോക്കേണ്ടതുണ്ട്. അമിതവേഗംമൂലവും ഡ്രൈവർ ഉറങ്ങുന്നതുമൂലവും ഉണ്ടാകുന്ന അപകടങ്ങളെങ്കിലും തടയാൻ എന്തുചെയ്യാനാകുമെന്ന് സർക്കാർ  പരിശോധിക്കണം. റോഡ് സുരക്ഷാവിദഗ്‌ധരുടെ സഹായത്തോടെ ഒരു പദ്ധതി തയ്യാറാക്കാൻ അടിയന്തരനടപടി വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top