27 May Monday

ഓസ്‌ട്രേലിയ നൽകുന്ന രാഷ്‌ട്രീയ പാഠം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ഒമ്പതുവർഷം തുടർച്ചയായ വലതുപക്ഷ ഭരണത്തിനുശേഷം ഓസ്‌ട്രേലിയയിൽ മധ്യ ഇടതുപക്ഷ കക്ഷിയായ ലേബർ പാർടി വിജയിച്ചു. 151 അംഗ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷംനേടിയാണ്‌ ലേബർ പാർടിയുടെ നേതാവായ ആന്റണി ആൽബനീസ്‌ പ്രധാനമന്ത്രിയാകുന്നത്‌. വലതുപക്ഷ ലിബറൽ–-നാഷണൽ സഖ്യത്തിന്‌ കനത്ത തിരിച്ചടിയേറ്റതിനെത്തുടർന്ന്‌ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസൺ രാജിവച്ചു. മോറിസണിനുശേഷം വലതുപക്ഷ സഖ്യത്തിന്റെ നേതാവാകുമെന്നു കരുതിയ ജോഷ്‌ ഫ്രൈഡൻബർഗും തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. തിങ്കളാഴ്‌ചതന്നെ പുതിയ സർക്കാർ അധികാരമേൽക്കും. ഉപരിസഭയായ സെനറ്റിലും പുരോഗമനകക്ഷികൾക്കാകും മുൻതൂക്കമെന്നാണ്‌ സൂചന.

ഒരു ദശാബ്ദത്തോളം അധികാരത്തിലിരുന്ന വലതുപക്ഷ ഭരണം പരാജയപ്പെടാനുള്ള പ്രധാന കാരണം അവർ സ്വീകരിച്ച ജനവിരുദ്ധനയങ്ങൾ തന്നെയാണ്‌. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തീവ്രവലതുപക്ഷ നിലപാടുകളാണ്‌ സ്‌കോട്ട്‌ മോറിസൺ സർക്കാർ സ്വീകരിച്ചത്‌. ഇന്ത്യയിൽ മോദി സർക്കാർ സ്വീകരിക്കുന്ന വർഗീയ നിലപാടുകളോട്‌ താരതമ്യപ്പെടുത്താവുന്ന പല നടപടിയും മോറിസൺ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ആദിവാസി ജനതയ്‌ക്കെതിരെ സ്വീകരിച്ച മർദന നടപടികളും സ്വവർഗ വിവാഹത്തിനെതിരെ നിലകൊണ്ടതും മറ്റും മോറിസൺ സർക്കാരിന്റെ ജനപ്രീതി കുറച്ചു. അതോടൊപ്പം ഉദാരവൽക്കരണനയം ശക്തമായി നടപ്പാക്കാൻ   സർക്കാർ നിലകൊള്ളുകയും ചെയ്‌തു. ജനക്ഷേമ നടപടികൾ ഒന്നൊന്നായി ഉപേക്ഷിക്കുകയും കോർപറേറ്റുകൾക്ക്‌ സൗജന്യങ്ങൾ വാരിക്കോരി നൽകുകയും ചെയ്‌തു. കാലാവസ്ഥാമാറ്റം തടയുന്നതിന്‌ കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്നു മാത്രമല്ല, ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ച്‌ വൻതോതിൽ കൽക്കരി ഖനനത്തിനും മറ്റും അനുമതി നൽകുകയും ചെയ്‌തു. അദാനി ഉൾപ്പെടെയുള്ളവർ ഇതിന്റെ ഗുണഭോക്താവായപ്പോൾ ഓസ്‌ട്രേലിയയിലെ ജനങ്ങൾ ലിബറൽ പാർടി സഖ്യത്തെ കൈയൊഴിഞ്ഞു. വരൾച്ച, കാട്ടുതീ, വെള്ളപ്പൊക്കം എന്നിവയുടെ ദുരിതങ്ങൾ അനുഭവിച്ച ക്വീൻസിലാൻഡിലെയും മറ്റും ജനങ്ങൾ ലിബറൽ പാർടിയെ തറപറ്റിച്ചു. പരിസ്ഥിതി വിഷയം ശക്തമായി ഉയർത്തുന്ന ഗ്രീൻ പാർടിക്കും മുന്നേറ്റമുണ്ടായി.

ജനകീയ വിഷയങ്ങൾ ഉയർത്തിയാണ്‌ ലേബർ പാർടി ജനങ്ങളെ സമീപിച്ചത്‌. വിലക്കയറ്റം, കൂലിവർധന, സൗജന്യ ആരോഗ്യസേവനം, സൗജന്യ ശിശുപരിപാലനം, വയോജനങ്ങൾക്ക്‌ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ്‌ ലേബർ പാർടി പ്രധാനമായും ഉയർത്തിയത്‌. ഏറെ അവഗണിക്കപ്പെടുന്ന ആദിവാസി ജനസമൂഹത്തിന്‌ ഭരണഘടനാവകാശങ്ങൾ ഉറപ്പാക്കുമെന്നും അവർക്ക്‌ പാർലമെന്റിൽ പ്രാതിനിധ്യം നൽകുമെന്നും ലേബർ പാർടി വാഗ്‌ദാനം നൽകിയിട്ടുണ്ട്‌. കോവിഡ്‌ കാലത്ത്‌ ദുരിതമനുഭവിച്ച ജനങ്ങൾക്ക്‌ ആശ്വാസം നൽകുന്ന ക്ഷേമനടപടികളെക്കുറിച്ചും ലേബർ പാർടി സംസാരിച്ചു. ജനങ്ങളെ കേന്ദ്രസ്ഥാനത്ത്‌ നിർത്തിക്കൊണ്ടുള്ള  സമ്പദ്‌വ്യവസ്ഥയാണ്‌ താൻ വിഭാവനം ചെയ്യുന്നതെന്ന്‌ ആന്റണി ആൽബനീസ്‌ വിശദീകരിച്ചു. 

ജനങ്ങളെ വിഭജിക്കുന്ന മുദ്രാവാക്യങ്ങളല്ല മറിച്ച്‌ അവരെ ഒരുമിപ്പിച്ചുനിർത്തുന്നതിലാണ്‌ ലേബർ പാർടി ഊന്നിയത്‌. ഭയവും വിഭജനവുമല്ല മറിച്ച്‌ ഐക്യവും ശുഭാപ്‌തിവിശ്വാസവുമാണ്‌ ലേബർ പാർടി ഉയർത്തിപ്പിടിച്ചത്‌. അതിനുള്ള അംഗീകാരമാണ്‌ ജനവിധി. സാമൂഹ്യ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുള്ള മറുപടികൂടി ഓസ്‌ട്രേലിയൻ ജനവിധിയിലുണ്ടെന്ന്‌ അർഥം. ഇതിൽനിന്ന്‌ ഇന്ത്യപോലുള്ള രാജ്യങ്ങൾക്കും ഏറെ പഠിക്കാനുണ്ട്‌. ജാതിയും മതവും പറഞ്ഞ്‌, ജനങ്ങളെ ഭിന്നിപ്പിച്ചുനിർത്തി,  ജനകീയ വിഷയങ്ങൾ ചർച്ചയാകുന്നത്‌ എന്നന്നേക്കും തടയാനാകില്ലെന്ന രാഷ്ട്രീയ പാഠമാണ്‌ ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പ്‌ നൽകുന്നത്‌. പ്രധാനമന്ത്രി മോദി പിന്തുണച്ച തീവ്രവലതുപക്ഷക്കാരനായ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ഇപ്പോൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസണും പരാജയപ്പെട്ടത്‌ ഈ വസ്‌തുതയ്‌ക്കാണ്‌ അടിവരയിടുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top