26 April Friday

ഡിജിറ്റൽ സർവകലാശാല പ്രതീക്ഷയുടെ കാൽവയ്‌പ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020


 

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല കേരളത്തിൽ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അത്യധികം ആവേശത്തോടെയാണ്‌ യുവതലമുറ സ്വീകരിക്കുന്നത്‌. ഡിജിറ്റൽ സാങ്കേതികവിദ്യയിലെ നൂതന മാറ്റങ്ങൾക്ക്‌  അനുസൃതമായി പഠന–-ഗവേഷണങ്ങൾക്ക്‌ മുൻതൂക്കം നൽകുന്ന സർവകലാശാല യാഥാർഥ്യമാകുന്നതോടെ ഈ രംഗത്ത്‌ ലോകത്തെ ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നായി കേരളം മാറും. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഐടി വ്യവസായത്തിന്റെയും കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ ഇത്‌ വലിയ കുതിപ്പേകും.  നവകേരളം കെട്ടിപ്പടുക്കുന്നതിന്‌ അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും മുതൽ ഡിജിറ്റൽ സാങ്കേതികവിദ്യയടക്കമുള്ള നൂതനമേഖലകളിൽവരെ വളർച്ച കൈവരിക്കേണ്ടതുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ഉൾക്കാഴ്‌ചയാണ്‌ ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്‌.

വിവരസാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും പിൻബലമില്ലാതെ ലോകത്തിന്‌ ഇനി മുന്നോട്ടുപോകാനാകില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം പുത്തൻ സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം നാൾക്കുനാൾ വർധിക്കുകയാണ്‌. സമൂഹത്തിന്റെ നേരിയ ചലനം പോലും മനുഷ്യരുടെ വിരൽത്തുമ്പിലേക്ക്‌ മാറിക്കഴിഞ്ഞ ലോകത്ത്‌ വിവര–-ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിവിധ ശാഖകൾ അത്രയ്‌ക്ക്‌ സ്വാധീനമാണ്‌ ചെലുത്തുന്നത്‌. വിവര–-ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അടിത്തറയിൽ പുതിയ വിജ്ഞാനശാഖകളും ഗവേഷണമേഖലകളും രൂപംകൊള്ളുന്നു. സമൂഹത്തിന്റെ ഓരോ ചലനത്തിലും ഇത്തരം പുത്തൻ സാങ്കേതികശാഖകളുടെ സാന്നിധ്യം നമ്മൾ അനുഭവിച്ചറിയുന്നു. നാളത്തെ ജീവിതം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിന്‌ പുത്തൻ സാങ്കേതികവിദഗ്‌ധരെ വൻതോതിൽ കേരളത്തിനും ലോകത്തിനും ആവശ്യമുണ്ട്‌. ഇക്കാര്യം തിരിച്ചറിഞ്ഞാണ്‌ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയ്‌ക്ക്‌ തുടക്കംകുറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം തയ്യാറെടുക്കുന്നത്‌. ഇതുവഴി ഒരിക്കൽക്കൂടി കേരളം ഇന്ത്യക്ക്‌ വഴികാട്ടുകയാണ്‌.

ഡിജിറ്റൽ സർവകലാശാല യാഥാർഥ്യമാകുന്നതോടെ സാങ്കേതികവിദ്യാഭ്യാസം നേടിയ യുവജനങ്ങൾക്ക്‌ കൂടുതൽ ഉയർന്ന പഠന–-ഗവേഷണത്തിന്‌ കേരളത്തിൽ അവസരമൊരുങ്ങും

വിവരസാങ്കേതികവിദ്യയും ഡിജിറ്റൽ സാങ്കേതികവിദ്യയും അത്ഭുതകരമായ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന മേഖലകളാണ്‌. ഈ രംഗത്തെ പഠന–-ഗവേഷണങ്ങൾ വിജ്ഞാനത്തിന്റെ വൈവിധ്യമാർന്ന ചാലുകളിലൂടെയാണ്‌ പുരോഗമിക്കുന്നത്‌. നിർമിതബുദ്ധി, ഓഗ്‌മെന്റഡ്‌ റിയാലിറ്റി, ബ്ലോക്ക്‌ ചെയിൻ, കോഗ്നിറ്റീവ്‌ സയൻസ്‌, സൈബർ സെക്യൂരിറ്റി എന്നിങ്ങനെ പല മേഖലകളിലേക്ക്‌ അത്‌ പടർന്നുകയറുന്നു. ഇത്തരം രംഗങ്ങളിലെല്ലാം എണ്ണമറ്റ വിദഗ്‌ധരെ ആവശ്യമായിവരികയാണ്‌. ഡിജിറ്റൽ മേഖലയിൽ ഉന്നതനിലവാരമുള്ള സാങ്കേതികവിദഗ്‌ധരുടെ അഭാവമുണ്ട്‌. കേരളത്തിലെ യുവജനങ്ങൾക്ക്‌ ഇത്തരം മേഖലകളിൽ ഉന്നതപഠനം നടത്തുന്നതിന്‌ ഇന്ന്‌ സൗകര്യമില്ല. വിദേശരാജ്യങ്ങളിൽ പോയാലേ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഉന്നതപഠനം സാധിക്കൂ. ഡിജിറ്റൽ സർവകലാശാല യാഥാർഥ്യമാകുന്നതോടെ സാങ്കേതികവിദ്യാഭ്യാസം നേടിയ യുവജനങ്ങൾക്ക്‌ കൂടുതൽ ഉയർന്ന പഠന–-ഗവേഷണത്തിന്‌ കേരളത്തിൽ അവസരമൊരുങ്ങും. ഇതോടെ സാങ്കേതിക വിദഗ്‌ധരെ തേടി ലോകം കേരളത്തിലേക്ക്‌ ഉറ്റുനോക്കും.

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ മാനേജ്‌മെന്റ്‌ കേരള (ഐഐഐടിഎംകെ)എന്ന സ്ഥാപനത്തെ ‘ദി കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഡിജിറ്റൽ സയൻസസ്‌ ഇന്നൊവേഷൻ ആൻഡ്‌ ടെക്‌നോളജി’ എന്ന പേരിൽ ഡിജിറ്റൽ സർവകലാശാലയാക്കി ഉയർത്താനാണ്‌ സംസ്ഥാന സർക്കാരിന്റെ തീരുമാനം. തിരുവനന്തപുരം ടെക്‌നോ സിറ്റിയിൽ ഐഐഐടിഎംകെയ്‌ക്കായി പണിപൂർത്തിയായിവരുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള ക്യാമ്പസാണ്‌ ഡിജിറ്റൽ സർവകലാശാലയുടെ ആസ്ഥാനമാകുക. കേരളത്തിൽ ഐടി വികസനത്തിന്‌ തുടക്കംകുറിച്ച ഇ കെ നായനാർ സർക്കാരിന്റെ കാലത്ത്‌ 2000ൽ ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ്‌ ഐഐഐടിഎംകെ എന്ന സ്ഥാപനം. കേരളത്തിൽ ഐടി പഠനവും ഗവേഷണവും പുതിയ ഘട്ടത്തിലേക്ക്‌ കടക്കുമ്പോൾ ദേശീയ–-അന്തർദേശീയ അംഗീകാരം നേടിയ ഐഐഐടിഎംകെയെ ലോകോത്തര സർവകലാശാലയാക്കി പരിവർത്തിപ്പിക്കുകയാണ്‌ സംസ്ഥാന സർക്കാർ.

ശാസ്‌ത്രവും സാങ്കേതികവിദ്യയും അവയെക്കുറിച്ചുള്ള പഠനവും എന്നും വികസിച്ചുകൊണ്ടേയിരിക്കുന്നു. പുതിയ അറിവുകളിലൂടെ ശാസ്‌ത്രം സ്വയം വളരുകയും സമൂഹത്തിന്റെ വളർച്ചയിൽ പങ്കുവഹിക്കുകയും ചെയ്യുന്നു. ശാസ്‌ത്ര–-സാങ്കേതികവിദ്യകളെ സമൂഹത്തിന്റെ മുന്നേറ്റത്തിന്‌ ചാലകശക്തിയാക്കാൻ ഇച്ഛാശക്തിയും ഭാവനയുമുള്ള ഒരു സർക്കാരിനേ കഴിയൂ. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ശാസ്‌ത്ര–-സാങ്കേതിക മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തി യുവതലമുറയ്‌ക്ക്‌ പുതിയ അവസരങ്ങൾ ഒരുക്കാൻ പരിശ്രമിക്കുകയാണ്‌. കെട്ടുകഥകളെ ശാസ്‌ത്രമാക്കി വിമാനങ്ങളും ആണവമുനകളും തിരയുന്നവർ സമൂഹത്തെ പിന്നോട്ടുനടത്തുമ്പോൾ കേരളം മറ്റൊരു വഴിയിലൂടെ മുന്നോട്ടു കുതിക്കുകയാണ്‌. കേരളത്തിന്റെ മുന്നേറ്റത്തിലെ പുതിയ കാൽവയ്‌പാണ്‌ ഡിജിറ്റൽ സർവകലാശാല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top