29 March Friday

എടിഎമ്മിലെ നോട്ടുക്ഷാമം ഉയർത്തുന്ന ചോദ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018



രാജ്യത്തിന്റെ പലഭാഗത്തും നേരിടുന്ന എടിഎമ്മിലെ നോട്ടുക്ഷാമം വലിയ ചില സാമ്പത്തികനയ ദുരന്തങ്ങളുടെ നേർചിത്രമാണ് പകരുന്നത്. നോട്ടുനിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രി  നരേന്ദ്ര മോഡി, അത് കള്ളപ്പണം ഇല്ലാതാക്കാനും കള്ളനോട്ട് പിടികൂടാനുമുള്ള 'അതീവ ബുദ്ധിപൂർവമുള്ള നീക്ക'മായാണ് ആദ്യം അവതരിപ്പിച്ചത്്. ആ വാദം വേഗം പൊളിഞ്ഞു. റിസർവ് ബാങ്കിൽനിന്ന് ആദ്യം പുറത്തുവന്ന കണക്കുകൾതന്നെ വ്യക്തമാക്കിയത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകൾ അതേതോതിൽ ഖജനാവിലേക്ക് തിരിച്ചുവരുന്നു എന്നായിരുന്നു. അതോടെ കള്ളപ്പണവും കള്ളനോട്ടും ഈ നീക്കത്തിലൂടെ പിടിക്കപ്പെടില്ലെന്ന് ഉറപ്പായി. ഒടുവിലെ കണക്കനുസരിച്ച് നിരോധനസമയത്ത് പ്രചാരത്തിലുണ്ടായിരുന്നതിലധികം നോട്ട് ബാങ്കുകളിലൂടെ തിരിച്ചെത്തുകയും ചെയ്തു.

ആ പ്രചാരണം പൊളിയുമെന്ന് ഉറപ്പായപ്പോൾത്തന്നെ മോഡിയും പ്രചാരകരും ഗോൾ പോസ്റ്റ് മാറ്റിയിരുന്നു. 'ഞങ്ങൾ കറൻസിരഹിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്. ജനങ്ങൾ കറൻസിയിൽനിന്ന് പിന്തിരിയുന്നത് ഉടൻ കാണാം' എന്നായി. ഈയാഴ്ചയോടെ ആ വാദവും പൊളിഞ്ഞ് ഒടുങ്ങുകയാണ്. വടക്കെ ഇന്ത്യയിലാകെ എടിഎമ്മുകളിൽ പണമില്ലാതെയായത് വ്യക്തമാക്കുന്നത് സമ്പദ്വ്യവസ്ഥ കറൻസിയിൽതന്നെ കുടുങ്ങിക്കിടക്കുകയാണെന്നാണ്. ഇതിനൊപ്പം വെളിവാകുന്ന മറ്റൊരു കാര്യം ബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നന്നായി കുറയുന്നു എന്നതുകൂടിയാണ്. നിരോധനസമയത്ത് പ്രചാരത്തിലുണ്ടായിരുന്നതിലധികം നോട്ട് ഇപ്പോൾ പ്രചാരത്തിലുണ്ട്. ആ പണം ബാങ്കുകളിൽ എത്തുന്നില്ലെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ ബാങ്കുകൾക്ക് അവരുടെ എടിഎം നിറയ്ക്കാൻ നോട്ട് കിട്ടാത്തത്. മോഡിഭരണത്തിൽ തുടർച്ചയായി പുറത്തുവരുന്ന ബാങ്ക്തട്ടിപ്പുകൾ ജനങ്ങൾക്ക് പണം ബാങ്കിലിടാനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. അവർ നോട്ട് കൈയിൽ സൂക്ഷിക്കുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുന്നു. ഇങ്ങനെ മോഡിസർക്കാരിന്റെ വികലനയങ്ങളുടെ പലവശങ്ങൾ ഒന്നിച്ച് തുറന്നുകാട്ടുകയാണ് ഇപ്പോഴത്തെ നോട്ടുക്ഷാമം.

ഇത് അത്ര വല്യകാര്യമല്ല എന്നമട്ടിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിക്കുന്നുണ്ട്. പെട്ടെന്നുണ്ടായ സംഭവമെന്ന് അദ്ദേഹം പ്രശ്നത്തെ നിസ്സാരമാക്കുന്നു. പരിഹാരമായി കൂടുതൽ നോട്ട് അച്ചടിക്കുമെന്നും പറയുന്നു. അതായത് ഇപ്പോൾ അച്ചടിക്കുന്നതിന്റെ അഞ്ചിരട്ടി നോട്ട് അച്ചടിക്കുമത്രേ. ഈ നോട്ടുകൾകൂടി വന്നാൽ വിപണിയിൽ നോട്ടുനിരോധനത്തിനുമുമ്പ് ഉണ്ടായിരുന്നതിനേക്കാൾ നാലിലൊന്ന് നോട്ടുകൾകൂടി എത്തും. നോട്ടുക്ഷാമത്തിന് ഇത് പരിഹാരമുണ്ടാക്കും. പക്ഷേ,  കറൻസിരഹിത സമ്പദ്വ്യവസ്ഥ എന്ന വാഗ്ദാനം എന്താകും? ആ വാഗ്ദാനം പൊളിഞ്ഞെന്നെങ്കിലും ധനമന്ത്രി സമ്മതിക്കുമോ?

ഇപ്പോഴത്തെ നോട്ടുക്ഷാമം കാണിക്കുന്നത് സമ്പദ്ഘടനയുടെ അനാരോഗ്യംകൂടിയാണ്. നോട്ടുകൾ ആളുകളുടെ കൈയിലുണ്ടായിട്ട് കാര്യമില്ല. അത് പ്രചരിക്കാനുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ സമൂഹത്തിൽ നടക്കണം. നോട്ടുകൾ ബാങ്കിലും വിപണിയിലും ഇല്ലെന്ന സ്ഥിതി വ്യക്തമാക്കുന്നത് അവയുടെ കൈമാറ്റം മരവിച്ചിരിക്കുകയാണെന്നുകൂടിയാണ്.

ഇപ്പോഴത്തെ നോട്ടുക്ഷാമത്തിന്റെ ഏറ്റവും ആപൽക്കരമായ സൂചന ബാങ്കുകളുടെ വിശ്വാസ്യതയിൽ ഉണ്ടായിരിക്കുന്ന ഇടിവുതന്നെയാണ്. പൊതുമേഖലാ ബാങ്കുകളെ അടക്കം കുംഭകോണങ്ങളുടെ നിഴലിലാക്കുന്ന സംഭവങ്ങളാണ് ബിജെപിഭരണത്തിൽ നടക്കുന്നത്.

പ്രധാനമന്ത്രിയുമായിവരെ അടുത്തബന്ധം പുലർത്തുന്ന തട്ടിപ്പുകാരായ വ്യവസായികൾക്കായി തുറന്നിട്ടിരിക്കുകയാണ് ബാങ്കുകളുടെ സ്ട്രോങ് റൂമുകൾ എന്ന തോന്നൽ വന്നു. ഒപ്പം വൻകിടക്കാരുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയും വിശ്വാസം തകർത്തു. അതിനിടയിലാണ് ഫിനാൻഷ്യൽ റസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് ബില്ലു (എഫ്ആർഡിഐ)മായി സർക്കാർ വന്നത്. അധികാരികളുടെ കെടുകാര്യസ്ഥതകൊണ്ടും തെറ്റായ നയസമീപനങ്ങൾമൂലവും ബാങ്കിന് ക്ഷതം വന്നാൽപ്പോലും അതിന്റെ കെടുതികൾ ബാങ്ക് നിക്ഷേപകർ വഹിക്കണമെന്ന് ഈ നിയമം പറയുന്നു. ജനങ്ങൾക്ക് പരിമിതമായെങ്കിലും ലഭ്യമായിരുന്ന ബാങ്കിങ് സേവനം ഇല്ലാതാകുമെന്നതും ജനങ്ങൾ നിക്ഷേപിക്കുന്ന പണംപോലും സംരക്ഷിക്കപ്പെടില്ലെന്നതുമാണ് ഈ ബില്ലിന്റെ പരിണതഫലം. ഇന്ത്യയിലെ പൊതുമേഖലാബാങ്കിങ് മേഖലയെ തകർക്കുക എന്ന തന്ത്രം വിജയം കാണുന്നതിന്റെ സൂചനകളാണെങ്ങും. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തെ വലിയൊരു പരിധിവരെ പ്രതിരോധിച്ച സംവിധാനമാണ് ഇങ്ങനെ തകരുന്നത്.

ചുരുക്കത്തിൽ എടിഎമ്മിലെ നോട്ടുക്ഷാമം ഒറ്റപ്പെട്ട ഒരു ദുസ്സൂചനയല്ല. നോട്ടുനിരോധനത്തിലൂടെ തുടക്കമിട്ട നയപ്രഖ്യാപനങ്ങളുടെ കൂട്ട പരാജയവും ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധിയുമാണ് അത് തുറന്നുകാട്ടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top