25 April Thursday

ഭരണഘടന മാനിക്കാൻഎല്ലാവരും ബാധ്യസ്ഥർ

വെബ് ഡെസ്‌ക്‌Updated: Friday Dec 25, 2020

സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനുള്ള ശുപാർശ നിരസിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി അസാധാരണവും ഭരണഘടനാ വിരുദ്ധവുമാണ്. സംസ്ഥാന ചരിത്രത്തിൽ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. സഭയിൽ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ നിരാകരിക്കാൻ ഗവർണർക്ക് അധികാരമില്ല. ഭരണഘടന സംരക്ഷിക്കുമെന്ന്‌ സത്യവാചകം ചൊല്ലി സ്ഥാനമേറ്റ ഗവർണർക്ക്‌ വ്യക്തിപരമായി യോജിപ്പില്ലെങ്കിലും സർക്കാരിന്റെ ശുപാർശ അംഗീകരിക്കുകയേ വഴിയുള്ളൂ. ഈ മാസം 31ന്‌ സഭ വിളിച്ചുചേർക്കാൻ ഗവർണറോട്‌ വീണ്ടും ശുപാർശ ചെയ്യാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്‌. ഇത്‌ അംഗീകരിച്ച്‌ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ ഗവർണർ തയ്യാറാകണം.

നിയമസഭയിൽ ഭൂരിപക്ഷമുള്ള മന്ത്രിസഭ ആവശ്യപ്പെട്ടാൽ സഭ ചേരുന്നതിന്റെ അടിയന്തര സാഹചര്യമോ കാരണങ്ങളോ അന്വേഷിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണറുടെ വിവേചനാധികാരത്തിൽ പെടാത്ത വിഷയമാണിത്‌. പ്രത്യേകസമ്മേളനം വിളിക്കുന്നതിന്റെ  അടിയന്തര സാഹചര്യം ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ ബോധ്യപ്പെടാത്തതിന്‌ കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന്‌ പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്‌.

കാർഷികമേഖലയും കൃഷിക്കാരുടെ ജീവിതവും തകർക്കുന്ന മൂന്ന്‌ കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യം സമരപാതയിലാണ്. കൊടുംശൈത്യത്തെ അവഗണിച്ച് കൃഷിക്കാർ ഡൽഹിയുടെ അതിർത്തികളിൽ സമരം തുടങ്ങിയിട്ട് ആഴ്‌ചകളായി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സമരത്തിന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, കായികതാരങ്ങൾ, സാംസ്കാരികപ്രവർത്തകർ, റിട്ട. ഉദ്യോഗസ്ഥർ എന്നുവേണ്ട സമസ്തമേഖലയിലുംപെട്ടവർ സമരത്തിനുപിന്നിൽ അണിനിരന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ കരിനിയമങ്ങൾ പിൻവലിക്കണമെന്നത് കേരളത്തിലെ ജനങ്ങളുടെയാകെ അഭിപ്രായമാണ്. കാർഷികോൽപ്പന്നങ്ങൾക്ക്‌ മറ്റ്‌ സംസ്ഥാനങ്ങളിലെ കൃഷിക്കാരെ ആശ്രയിക്കുന്ന കേരളത്തിന്‌ സ്വന്തം നിലപാട്‌ പ്രഖ്യാപിക്കാൻ അവകാശവും അധികാരവുമുണ്ട്‌. ആ ജനാഭിപ്രായം പ്രതിഫലിക്കുക സഭ പാസാക്കുന്ന പ്രമേയത്തിലൂടെയാണ്. ഇതിനാണ്, പ്രത്യേക സഭാ സമ്മേളനം ചേരാൻ മന്ത്രിസഭ തീരുമാനിച്ചത്. ഈ സാഹചര്യം ഗവർണർക്ക് ബോധ്യപ്പെടണമെന്ന് ഒരു നിർബന്ധവുമില്ല.

സഭ വിളിച്ചുചേർക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ നിഷേധിക്കാൻ അധികാരമില്ലാത്തതുപോലെ, മന്ത്രിസഭയുടെ ശുപാർശയില്ലാതെ ഏകപക്ഷീയമായി സഭ വിളിച്ചുചേർക്കാനും ഗവർണർക്ക് സാധിക്കില്ല. 1973ൽ അരുണാചൽപ്രദേശ് ഗവർണറുമായി ബന്ധപ്പെട്ട കേസിലെ ചരിത്രപ്രസിദ്ധമായ വിധിയിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ ഉപദേശം അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് അന്ന്‌ ജസ്റ്റിസ് ഖെഹർ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കി.

എന്നാൽ, ഗവർണർപദവിയുടെ ദുരുപയോഗമാണ് കാലങ്ങളായി നടക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ, ഭൂരിപക്ഷമില്ലാത്ത ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ ഗവർണർ ഭഗത് സിങ് കോഷിയാരി മുഖ്യമന്ത്രിയാക്കിയത് സമീപകാല അനുഭവം. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ ഫഡ്നാവിസിന് രാജിവച്ചൊഴിയേണ്ടി വന്നു.

ഗവർണർപദവിയുടെ പ്രസക്തി തുടക്കംമുതൽ ചോദ്യംചെയ്യപ്പെട്ടിട്ടുള്ളതാണ്‌. രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്‌ പാർലമെന്റ്‌ അംഗങ്ങളും നിയമസഭാംഗങ്ങളും ചേർന്നാണ്‌. എന്നാൽ, ഗവർണർ നിയമനം തികച്ചും രാഷ്‌ട്രീയമാണ്‌. വ്യത്യസ്‌ത മേഖലകളിൽ പ്രമുഖരായവരെ ഗവർണർ പദവിയിലേക്ക് പരിഗണിക്കണമെന്ന് സർക്കാരിയാ കമീഷനും എം എം പൂഞ്ചി കമീഷനുമെല്ലാം ശുപാർശ ചെയ്‌തത്‌ പരിഗണിക്കപ്പെട്ടതേയില്ല. നിഷ്‌പക്ഷരായി പ്രവർത്തിച്ച ജസ്റ്റിസ് പി സദാശിവത്തെപ്പോലുള്ള ഗവർണർമാരും ഉണ്ടായിരുന്നുവെന്ന് കാണാതെ പോകുന്നില്ല.

രാഷ്ട്രപതിയാൽ അഥവാ കേന്ദ്ര മന്ത്രിസഭയാൽ (കൃത്യമായി പറഞ്ഞാൽ കേന്ദ്ര ഭരണകക്ഷിയാൽ) നിയമിക്കപ്പെടുന്ന ആളാണ് ഗവർണർ. അതുകൊണ്ടുതന്നെ ഭരണഘടനാപരമായ നിഷ്‌പക്ഷത ഉറപ്പാക്കാൻ മിക്കവരും ശ്രമിക്കാറില്ല. ജനങ്ങളോടല്ല കേന്ദ്ര ഭരണകക്ഷിയോടാണ് ഗവർണർമാരുടെ ഉത്തരവാദിത്തവും വിധേയത്വവും. കേന്ദ്രത്തെ വിമർശിക്കാനും ചോദ്യം ചെയ്യാനും സംസ്ഥാനങ്ങൾക്ക്‌ അധികാരമില്ലെന്ന മട്ടിലാണ്‌ പെരുമാറ്റം. കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയിലും തെളിഞ്ഞുകാണുന്നത് ആ വിധേയത്വമാണ്‌. ദേശീയ പൗരത്വനിയമത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ പരസ്യവിമർശമാണ്‌ അദ്ദേഹം നടത്തിയത്‌. 31ന്‌ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള മന്ത്രിസഭയുടെ ശുപാർശ ഭരണഘടനാ ബാധ്യതയും കീഴ്‌വഴക്കവുമനുസരിച്ച് അംഗീകരിക്കാൻ ഗവർണർ തയ്യാറാകുകയാണ്‌ വേണ്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top