29 May Monday

പുതിയ പുലരിയുടെ കേളികൊട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 10, 2021തിങ്കളാഴ്ച സായംസന്ധ്യയിൽ കണ്ണൂരിലെ ധർമടത്ത് കേരളം കണ്ടത് പുതിയ പുലരിയുടെ കേളികൊട്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയന് ധർമടത്ത് നൽകിയ സ്വീകരണം അക്ഷരാർഥത്തിൽ മുന്നണിയുടെ വിജയകാഹളം മുഴങ്ങുന്നതായി. ജനപക്ഷ സർക്കാരിന്റെ തുടർഭരണം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന ജനകീയ വിളംബരമാണ് അവിടെ കേട്ടത്.

സ്ഥാനാർഥി പ്രഖ്യാപനംകൂടി ഉടൻ പൂർത്തിയാകുന്നതോടെ തുടക്കത്തിൽ തന്നെ അങ്കത്തട്ടിൽ എൽഡിഎഫ് മുന്നേറ്റം ഉറപ്പായി. മുന്നണിയുടെ മണ്ഡലം, പഞ്ചായത്ത് കൺവൻഷനുകളും ആരംഭിക്കുകയായി. എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തിയ രണ്ട് വികസന മുന്നേറ്റ ജാഥ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ മുന്നോടിയായിരുന്നു. വർത്തമാനകാല രാഷ്ട്രീയവും എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നയങ്ങളും പരിപാടികളും വിശദീകരിച്ച് മുന്നേറിയ ആ ജാഥകൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ വലിയ രാഷ്ട്രീയ ഇടപെടലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചിട്ടയായ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. തിങ്കളാഴ്ച ധർമടത്തെ സ്വീകരണയോഗത്തോടെ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയൊരു ഘട്ടത്തിലെത്തി.


 

കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങളും ജനങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കി, പുതിയ വികസനപാതയിലൂടെ മുന്നേറാനാണ് എൽഡിഎഫ് സർക്കാർ അഞ്ചുവർഷവും ശ്രമിച്ചത്. ഈ അടിത്തറയിൽ നിന്നുകൊണ്ടുതന്നെ പുതിയ കേരളത്തിലേക്ക് എന്ന ഉറപ്പാണ് എൽഡിഎഫ് ജനങ്ങൾക്ക് നൽകുന്നത്. ഏതു പ്രതിസന്ധിക്ക് നടുവിലും പുതിയ വികസനപാത വെട്ടിത്തുറക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. മനുഷ്യ ജീവിതത്തിൽ വേരുകളാഴ്ത്തി വിശ്വമാകെ പടർന്നു നിൽക്കുന്ന ഒരിടമായി കേരളം മാറി.

പ്രളയവും നിപായും ഓഖിയും ഒടുവിൽ കോവിഡ് മഹാമാരിയും പ്രതിസന്ധിയുടെ നിലയില്ലാക്കയങ്ങൾ തീർത്തപ്പോഴും മാനവികതയുടെ മഹാസന്ദേശവുമായി സർക്കാർ നടത്തിയ ഇടപെടലുകൾ ജനങ്ങളുടെ അനുഭവമാണ്. മനുഷ്യരുടെ ജീവനും ജീവിതവും സംരക്ഷിക്കാനും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുമായിരുന്നു സർക്കാർ ശ്രമിച്ചത്. സർക്കാർ ജനങ്ങളെ ചേർത്തുനിർത്തി, ഒപ്പംനിന്നു. ഒട്ടും അങ്കലാപ്പില്ലാതെ വികസനപ്രവർത്തനങ്ങളും തുടർന്നു. കേരളത്തിലെ ഓരോ മനുഷ്യനും ഇതിന്റെ അനുഭവസ്ഥരാണ്. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരിച്ചുവരണമെന്ന് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. അതിന്റെ ഒട്ടേറെ സൂചനകൾ ഇതിനകം വന്നുകഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ജനമനസ്സുകളുടെ വിളംബരമായി. ധർമടം അത് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.

എൽഡിഎഫ് ജനപക്ഷ വികസനരാഷ്ട്രീയം മുന്നോട്ടുവയ്ക്കുമ്പോൾ കേരള രാഷ്ട്രീയം രണ്ടു ചേരിയായി നിൽക്കുന്നതായി ഏവർക്കും ബോധ്യപ്പെടും. ജനകീയ വികസനവും ജനക്ഷേമവുമായി എൽഡിഎഫ് ഒരുവശത്തും ഈ വികസന- ക്ഷേമ നടപടികളെ എങ്ങനെയും തകർക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശക്തികളും മറുവശത്തും. ബിജെപിയും കേരളത്തിലെ കോൺഗ്രസും ഒറ്റക്കെട്ടായി അതിന്റെ മുന്നിലുണ്ട്. നാട് ഒരിക്കലും കാണാത്തവിധം സുസംഘടിതമായ, ഭാവനാപൂർണമായ, ദീർഘവീക്ഷണത്തോടെയുള്ള വികസനമാണ് അഞ്ചുവർഷത്തിനകം കേരളത്തിലുണ്ടായത്. അസാധ്യമെന്ന് പറഞ്ഞ് മുൻസർക്കാരുകൾ കൈയൊഴിഞ്ഞ എത്രയോ പദ്ധതികൾ ഈ സർക്കാർ നടപ്പാക്കി.


 

ഇതോടൊപ്പം, രാജ്യത്തെ തന്നെ വിഭജിക്കുന്ന ബിജെപിയുടെ വർഗീയനയങ്ങൾക്കെതിരെ ധീരമായ നിലപാടെടുക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാന ഗവൺമെന്റായും പിണറായി സർക്കാർ ശ്രദ്ധിക്കപ്പെട്ടു. സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അഭിപ്രായ ധീരതയും ആദർശ ധീരതയും ജനങ്ങളുടെയാകെ, രാജ്യത്തിന്റെയാകെ, ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റി. ഇങ്ങനെ, വികസനത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും കാര്യത്തിൽ സർക്കാരിന് ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്ന് വന്നതോടെ കേരളത്തിലെ കോൺഗ്രസും ബിജെപിയും സർക്കാരിനെതിരെ ഒരുമിച്ച് അണിനിരക്കുകയായിരുന്നു. സർക്കാരിനെയും എൽഡിഎഫിനെയും തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

സ്വർണക്കടത്തിന്റെ പേരിൽ കേന്ദ്രഅന്വേഷണ ഏജൻസികളും ബിജെപിയും കോൺഗ്രസും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതും സർക്കാരിന്റെ പൊതു സ്വീകാര്യതയിലും ജനപിന്തുണയിലും വിറളിപൂണ്ടാണ്; വികസന പരിപാടികൾ അട്ടിമറിക്കാനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇഡി, കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു. കിഫ്ബിക്കെതിരെ കേസെടുത്തതും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് പറയുന്ന മൊഴി കസ്റ്റംസ് മാധ്യമങ്ങൾക്ക് നൽകിയതുമെല്ലാം സർക്കാരിനെ കരിവാരിത്തേക്കാൻ വേണ്ടിയായിരുന്നു. ഇതിന്റെയെല്ലാം പിന്നിൽ കളിക്കുന്നത് ബിജെപിയും കേന്ദ്ര ഗവൺമെന്റുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരുവനന്തപുരം പ്രസംഗം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോൺഗ്രസും അതിനൊപ്പം നിൽക്കുന്നു. അമിത് ഷാ കേരളത്തെ അപമാനിച്ചിട്ടും കോൺഗ്രസ് ഒരക്ഷരം മിണ്ടിയിട്ടില്ല. തെരഞ്ഞെടുപ്പിനെ മുൻനിർത്തി രണ്ടു കൂട്ടരും ചേർന്ന് നേരും നെറിയുംകെട്ട കളികൾ കളിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു തന്നെയാണ് ഇവർക്കുള്ള മുറുപടി. "ഇതിലൊന്നും വിറങ്ങലിച്ചു പോകുന്നവരല്ല ഇടതുപക്ഷം’.

സംശുദ്ധമായ മനുഷ്യസ്നേഹത്തിലൂന്നി, സദുദ്ദേശ്യങ്ങൾ നിറഞ്ഞ നടപടികൾ മാത്രമാണ് പിണറായി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. പ്രതിസന്ധിയുടെ കാലത്ത് എൽഡിഎഫ് അല്ല കേരളം ഭരിച്ചതെങ്കിൽ, പിണറായി അല്ല മുഖ്യമന്ത്രിയെങ്കിൽ സമീപകാല കേരളത്തിന്റെ ചരിത്രം എന്താകുമായിരുന്നു എന്ന് സംശയിക്കുന്ന അനേകർ കേരളത്തിലുണ്ട്. സ്നേഹവും സമാധാനവും നിലനിർത്തി പുതിയ കേരളത്തിന്റെ, പുതിയ പുലരികളിലേക്ക് മുന്നേറാൻ എൽഡിഎഫ് തിരിച്ചുവരേണ്ടതുണ്ട്. അതാണ് കേരളത്തിന്റെ മനസ്സ്. അതുറപ്പിക്കാൻ ഉണർന്നു പ്രവർത്തിക്കലാണ് ഇടതുമുന്നണിയെ സ്നേഹിക്കുന്ന എല്ലാവരുടെയും അടിയന്തര കടമ. ജനങ്ങൾ എൽഡിഎഫിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ, എൽഡിഎഫിന്റെ വഴി തടയാൻ ആർക്കുമാവില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top