21 June Friday

തുടർ ഭരണത്തിന് ഈ വിധിയെഴുത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


കേരളീയർ കാത്തിരുന്ന ദിനം. ജനാധിപത്യത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തം. ജനാധികാരത്തിന്റെ സഫലനിമിഷങ്ങൾ. കേരളത്തിന്റെ പതിനഞ്ചാം നിയമസഭയിലേക്ക് ചൊവ്വാഴ്ച നടന്ന നിർണായക തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രബുദ്ധരായ വോട്ടർമാർ വിവേകപൂർണമായി വോട്ട്‌ രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ കേരളം, വിജയകരമായ ഒരേടുകൂടി എഴുതിച്ചേർത്തു. ഇത് എൽഡിഎഫ് തുടർഭരണത്തിന്റെ പുതിയ ചരിത്രത്തിലേക്കുള്ള വിധിയെഴുത്ത്.

മഹാമാരിക്കാലത്തെയും അതിജീവിച്ച് നടന്ന ഈ തെരഞ്ഞെടുപ്പിൽ 75 ശതമാനത്തോളം പേർ വോട്ട്‌ രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്ക്. വോട്ടെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള അതീവ ജാഗ്രതയും താൽപ്പര്യവും വെളിപ്പെടുത്തുന്നതായി മികച്ച പോളിങ് ശതമാനം. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും മികച്ച പോളിങ്ങുണ്ടായി. ചിലയിടങ്ങളിൽ സംഘർഷമുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും ബോധപൂർവം ശ്രമിച്ചെങ്കിലും വോട്ടെടുപ്പ് പൊതുവെ ശാന്തമായിരുന്നുവെന്നതും എടുത്തുപറയേണ്ടതുണ്ട്. യുഡിഎഫ്‌ വ്യാജ വോട്ട്‌ സംബന്ധിച്ച ആരോപണം ഉയർത്തിയെങ്കിലും അത്തരം സംഭവങ്ങൾ ഉണ്ടായില്ല. ബിജെപി–-യുഡിഎഫ്‌ ഒത്തുകളിയും പലബൂത്തിലും ദൃശ്യമായിരുന്നു.

ജനങ്ങൾ അവരുടെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നെഞ്ചേറ്റിക്കഴിഞ്ഞുവെന്ന് വോട്ടെടുപ്പിന് എത്രയോനാൾ മുമ്പുതന്നെ വ്യക്തമായതാണ്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും കേരളജനത അത് ആവർത്തിച്ച് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വോട്ടെടുപ്പ് ആരംഭിച്ചതുമുതൽ അവസാനിക്കുംവരെ മലയാള മനസ്സുകളുടെ ആ വിളംബരം കാണാമായിരുന്നു. ഇന്ത്യയാകെ, ലോകംപോലും പ്രതീക്ഷയോടെ നോക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ജനക്ഷേമത്തിന്റെയും സാമൂഹ്യ വികസനത്തിന്റെയും ബദൽ മാതൃകയ്‌ക്ക് ജനങ്ങൾ വലിയ അംഗീകാരം നൽകുമെന്ന് ഉറപ്പാണ്.


 

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കുന്ന നടപടികളും നാടിന്റെ വികസനവുമാണ് എൽഡിഎഫ് സർക്കാർ അഞ്ചുവർഷവും നടപ്പാക്കിയത്. മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ച് കേരളം സ്വീകരിച്ച നടപടികൾ രാജ്യാന്തരതലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ഇടതുപക്ഷത്തിന്റെ ഈ ജനപക്ഷ രാഷ്ട്രീയ നിലപാടുകൾക്ക് ലഭിക്കുന്ന അംഗീകാരമാകും തെരഞ്ഞെടുപ്പ് ഫലം. എവിടെയും കണ്ട ഇടതുതരംഗം അത് വ്യക്തമാക്കുന്നുണ്ട്.

കൃത്യമായ നിലപാടുകളോടെയും വ്യക്തമായ കർമപരിപാടികളോടെയും എൽഡിഎഫ് ജനങ്ങളെ സമീപിച്ചപ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദമുണ്ടാക്കാനാണ് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി ശ്രമിച്ചത്. സർക്കാർ നടപ്പാക്കിയ വികസന- ക്ഷേമ പരിപാടികൾക്കെതിരെ ഒന്നും പറയാനില്ലാതെ ആരോപണങ്ങൾ കെട്ടഴിച്ചു വിടുകയായിരുന്നു അവർ. തരംതാണ രാഷ്ട്രീയക്കളികളുടെ എത്രയോ രംഗങ്ങൾ കേരളം കണ്ടു.

സർക്കാരിനെതിരെയും ഭരണ നേതൃത്വത്തിനെതിരെയും ഏതാനും മാധ്യമങ്ങളുടെ സഹായത്തോടെ സംഘടിതവും ആസൂത്രിതവുമായ ദുരാരോപണം എല്ലാ ദിവസവും ഉന്നയിക്കലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പണി. കേരളത്തിൽ കറങ്ങുന്ന കേന്ദ്രഏജൻസികൾ യുഡിഎഫിനും ബിജെപിക്കും ചൂട്ടുപിടിച്ചു.


 

പ്രചാരണവേളയിലെന്നപോലെ വോട്ടെടുപ്പ് ദിവസവും മറ്റൊന്നും പറയാനില്ലാതെ, ശബരിമല വിഷയം എടുത്തിട്ട് ജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ് നേതാക്കൾ ഒന്നടങ്കവും ബിജെപിയും ശ്രമിച്ചു. ഇതുകൊണ്ടൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും തദ്ദേശതെരഞ്ഞെടുപ്പിലെയും ഫലം വെളിപ്പെടുത്തിയിരുന്നു. ക്ഷേത്രങ്ങളെയും വിശ്വാസികളെയും ക്ഷേത്ര ജീവനക്കാരെയുമെല്ലാം സംരക്ഷിക്കുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങൾക്കറിയാം. എറണാകുളം ശിവക്ഷേത്രത്തിലെ മേൽശാന്തി കൈമുക്ക് പരമേശ്വരൻ നമ്പൂതിരിയെപ്പോലുള്ളവർ ഇക്കാര്യം ആവർത്തിച്ചു പറയുന്നത് ഇവിടെ ചൂണ്ടിക്കാട്ടട്ടെ. ശബരിമലയടക്കം വിവിധ ദേവസ്വങ്ങൾക്ക് സർക്കാർ നൽകിയ കോടിക്കണക്കിനു രൂപയുടെ സഹായത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം എടുത്തു പറയുകയുണ്ടായി. എല്ലാ മനുഷ്യരെയും സംരക്ഷിക്കാനാണ് സർക്കാർ നിലകൊണ്ടത്. എല്ലാവരെയും രക്ഷിച്ച സർക്കാരിനൊപ്പമാണ് ദേവൻമാരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത് അർഥവത്താണ്.

വസ്തുത ഇതായിരിക്കെ, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ്, ബിജെപി നേതാക്കൾ നോക്കുന്നത്. എങ്ങനെയും ഇടതുപക്ഷത്തിന്റെ തുടർഭരണം തടയണം. രണ്ടു കൂട്ടരും വിറളിപിടിച്ചോടുന്നത് അതിനുവേണ്ടിയാണ്. ഈ ലക്ഷ്യത്തെ മുൻനിർത്തി കോൺഗ്രസും ബിജെപിയും ലീഗുമെല്ലാം ചേർന്ന് വിവിധ മണ്ഡലങ്ങളിലുണ്ടാക്കിയ സഖ്യവും നടത്തിയിട്ടുള്ള വോട്ടുകച്ചവടവും അവർതന്നെ പരസ്യമായി പറയുന്നത് കേരളം കേട്ടു. പല ബൂത്തുകളിലും ബിജെപിക്ക് ഏജന്റുമാരുണ്ടായിരുന്നില്ലെന്നത് വോട്ടുകച്ചവടത്തിന് തെളിവായി. ഈ വൃത്തികെട്ട കളികൾക്കെല്ലാം വോട്ടർമാരുടെ കൃത്യമായ മറുപടിയാകും തെരഞ്ഞെടുപ്പ് ഫലം.

കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ സ്വീകരിച്ച നിലപാടിനെക്കുറിച്ചും ഒരു വാക്ക് പറയേണ്ടതുണ്ട്. ആരോഗ്യകരമായ, ശരിയായ ജനാധിപത്യം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അപ്പോൾ, മാധ്യമങ്ങൾ ജനങ്ങൾക്ക് നൽകുന്ന വിവരങ്ങൾ വസ്തുതാപരമായിരിക്കണം. സത്യാന്വേഷണമായിരിക്കണം മാധ്യമപ്രവർത്തനം. പക്ഷേ, കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ പ്രതിപക്ഷം കുത്തിപ്പൊക്കുന്ന അടിസ്ഥാനരഹിത വിവാദങ്ങൾ കത്തിക്കാനാണ് എപ്പോഴും ശ്രദ്ധിച്ചത്. അതിലെ സത്യം അവർ അന്വേഷിച്ചതേയില്ല. നിഷ്പക്ഷർ എന്ന് അവകാശപ്പെടുന്നവർ യുഡിഎഫിന്റെയും ബിജെപിയുടെയും മുഖപത്രങ്ങളെപ്പോലെയായി. എന്നാൽ, ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾ എൽഡിഎഫിനൊപ്പം അണിനിരന്നു.

കേരളത്തിന്റെ സർവതല സ്പർശിയായ മാറ്റങ്ങൾക്ക് വഴിയൊരുക്കാനും നാടിനെ മതനിരപേക്ഷതയിലും മതസൗഹാർദത്തിലും ഉറപ്പിച്ചുനിർത്താനും ഇടതുപക്ഷത്തിനേ കഴിയൂ എന്ന് ജനങ്ങളാകെ അംഗീകരിക്കുന്ന യാഥാർഥ്യമാണ്. എല്ലാ കണ്ണുകളും കേരളത്തിലേക്ക് ഉറ്റുനോക്കുന്നതും അതുകൊണ്ടുതന്നെ. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മാനവികതയുടെ, മതനിരപേക്ഷതയുടെ മഹാ സന്ദേശമാണ് ഏവരുടെയും പ്രതീക്ഷയ്‌ക്ക് അടിസ്ഥാനം.
ജനങ്ങളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കി, അറിവും പ്രതിഭയും സർഗശേഷിയും മനുഷ്യസ്നേഹവും ഒന്നിച്ചിഴചേർന്നുള്ള കേരളത്തിന്റെ മുന്നേറ്റമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ഇതാണ് നവകേരളത്തിലേക്കുള്ള ദൃഢമായ പാത. ഒന്നുകൂടി പറയട്ടെ, ഇത് ജനങ്ങൾ അവരുടെ അനുഭവങ്ങളിലൂടെ തൊട്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ എൽഡിഎഫ് ചരിത്ര വിജയം നേടും. തുടർഭരണം ഉറപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top