03 June Saturday

അസം‌ മിസോറം മേഘാലയ സംഘർഷവും ഹിന്ദുത്വ ദേശീയതയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021


സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ അതിരുകളുടെ പേരിൽ അസം, മിസോറം സംസ്ഥാനങ്ങൾ ശത്രുരാജ്യങ്ങളെപ്പോലെ ഏറ്റുമുട്ടുകയാണ്. ജൂലൈ 26ന്‌ ആറ്‌ അസം പൊലീസുകാരെ മിസോ പൊലീസ്‌ വെടിവച്ചുകൊന്നത്‌ പ്രദേശത്തിന്റെ രൂക്ഷത വെളിവാക്കുന്നു. യന്ത്രത്തോക്കുകൾപോലും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിൽ അസം ജില്ലാ പൊലീസ്‌ സുപ്രണ്ട്‌ ഉൾപ്പെടെ അറുനൂറോളം കാക്കിധാരികൾക്കാണ്‌ പരിക്കേറ്റത്‌.

മേഘാലയിലും കലാപം പടരുകയാണ്. നിരോധിത തീവ്രവാദ സംഘടനയായ എച്ച്എൻഎൽസിയുടെ തലവൻ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്. മുഖ്യമന്ത്രി കൊൺറാഡ് സങ്മയുടെ വസതി ആക്രമിക്കപ്പെട്ടു. തലസ്ഥാനമായ ഷില്ലോങ്ങിൽ ഒരാഴ്ചയായി കർഫ്യൂ ആണ്. നാല് ജില്ലയിൽ മൊബൈൽ - ഇന്റർനെറ്റ് സേവനം റദ്ദാക്കി. സംസ്ഥാന ആഭ്യന്തരമന്ത്രി രാജിവച്ചു.

സ്വതന്ത്ര ഇന്ത്യ ദീർഘകാലം ഭരിച്ച കോൺഗ്രസിനും രണ്ടാംവട്ടം ഭരണത്തിലുള്ള ബിജെപിക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കാനായിട്ടില്ല. അസമും മിസോറമും മേഘാലയയും ഇപ്പോൾ ഭരിക്കുന്നത്‌ എൻഡിഎയുടെ വടക്കുകിഴക്കൻ രൂപമായ എൻഇഡിഎ(നോർത്ത്‌ ഈസ്‌റ്റ്‌ ഡെമോക്രാറ്റിക്‌ അലയൻസ്‌) ആണ്‌. ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമായ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ എൻഇഡിഎയുടെ സ്ഥാപക കൺവീനറാണ്‌. സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ(എംഎൻഎഫ്‌) തലവനാണ്‌ മിസോറം മുഖ്യമന്ത്രി സോറം താംഗ. എൻഇഡിഎ നേതാവാണ് മേഘാലയ മുഖ്യമന്ത്രി സങ്മ.

അസം-–-മിസോ അതിർത്തിയിൽ പൊലീസുകാർ ഏറ്റുമുട്ടിയപ്പോൾ മുഖ്യമന്ത്രിമാർ ട്വിറ്ററിൽ പ്രകോപനപരമായ പ്രസ്താവനകളിലായിരുന്നു. നേതൃതലത്തിൽ തൊലിപ്പുറമെയുള്ള വെടിനിർത്തലായെങ്കിലും അതിർത്തിയിൽ സ്ഥിതി സ്ഫോടനാത്മകമാണ്. മിസോറമിനുനേരെ അസം സാമ്പത്തിക ഉപരോധം തുടരുന്നു. അവശ്യസാധനങ്ങളുമായി മിസോറമിലേക്ക്‌ പോകുന്ന ട്രക്കുകൾ ബറാക്‌ താഴ്‌വരയിൽ അസമുകാർ കത്തിക്കുന്നു. തകർത്ത ഏക റെയിൽമാർഗം പുനഃസ്ഥാപിച്ചിട്ടില്ല. കേന്ദ്രസർക്കാരാകട്ടെ വിഷയം അർധസൈന്യത്തെ ഏൽപ്പിച്ച്‌ മൗനവ്രതത്തിലാണ്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ രണ്ട്‌ സംസ്ഥാന പൊലീസ്‌ സേന ആദ്യമായാണ്‌ യുദ്ധസമാനമായി ഏറ്റുമുട്ടുന്നത്‌. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒരു തവണപോലും ഇതിനെ അപലപിച്ചില്ല. ദേശീയോദ്‌ഗ്രഥന സമിതി വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.

മിസോറമിലെ ലുഷായ്‌ ഗോത്രപ്രദേശങ്ങളും അസമിലെ കച്ചർ സമതലവും തമ്മിൽ ബ്രിട്ടീഷുകാർ 1875ലും 1933ലും ഉണ്ടാക്കിയ അതിർത്തിയുടെ പേരിലാണ്‌ ഇപ്പോഴും തർക്കം തുടരുന്നത്‌. അസമിൽനിന്ന്‌ വേർപെട്ട്‌ 1972ൽ കേന്ദ്രഭരണപ്രദേശവും 1987ൽ മിസോറം സംസ്ഥാനവുമായെങ്കിലും ബ്രിട്ടീഷ്‌ അതിർത്തി തുടരുന്നു. 1875ലെ അതിർത്തി മിസോറം അംഗീകരിക്കുമ്പോൾ 1933ലേതിനാണ്‌ അസമിന്‌ പഥ്യം. നേരത്തേ തങ്ങളുടെ ഭാഗമായ മേഘാലയയും നാഗാലൻഡുമായും അസം അതിർത്തിത്തർക്കത്തിലാണ്‌. സമതല–-പർവത ജനവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായാണ്‌ ഇത്‌ കലാശിക്കുന്നത്‌.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ ഈ സംഘർഷമുണ്ട്‌. സമതലത്തിലുള്ളവർ നീതി നിഷേധിക്കുന്നു എന്ന വികാരം പർവതങ്ങളിലെ ഗോത്രവിഭാഗങ്ങളിൽ ശക്തമാണ്‌. മിസോറമിനെതിരെ അസം ഇപ്പോൾ നടപ്പാക്കുന്ന ഉപരോധം അപ്രഖ്യാപിതമായ രീതിയിൽ ഗോത്രജനത കാലങ്ങളായി അനുഭവിക്കുകയാണ്‌. സപ്തസഹോദരികൾ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിലും സിക്കിമിലുമായി 220 വംശീയ വിഭാഗമുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇതിൽ 145 ഗോത്രവിഭാഗമാണ്‌. അതിർത്തികൾ അഭിമാനംപോലെ കരുതുന്നവരാണിവർ. ചൈന, മ്യാൻമർ, ബംഗ്ലാദേശ്‌, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട ഇവിടേക്ക്‌ ഇന്ത്യയുടെ ഹൃദയഭൂമിയിൽനിന്ന്‌ കരവഴിയുള്ള ഗതാഗതം കുറവാണ്‌. സമതലമായ അസമിനെയും ബംഗാളിനെയും ഭൗതികമായി ആശ്രയിച്ചാണ്‌ ഇവരുടെ ജീവിതം. വംശീയവികാരം എളുപ്പത്തിൽ തീവ്രവാദത്തിലേക്ക്‌ നീങ്ങുന്ന സാഹചര്യമാണ്‌ ഇവിടങ്ങളിൽ. മിക്ക സംസ്ഥാനങ്ങളിലും ഒന്നിലേറെ സായുധ ഭീകരസംഘടനകൾ സജീവമാണ്‌. ഇവയ്‌ക്ക്‌ പ്രാദേശിക രാഷ്‌ട്രീയ രൂപവുമുണ്ട്‌.

ഇവയെ കൂട്ടുപിടിച്ച്‌ വടക്കുകിഴക്കൻ ഭരണംപിടിക്കുക എന്ന തന്ത്രവുമായാണ്‌ ബിജെപി 2016ൽ എൻഇഡിഎ രൂപീകരിച്ചത്‌. 2019ഓടെ മുഴുവൻ സംസ്ഥാനവും പിടിച്ച്‌ അവർ വിജയംകണ്ടു. ബംഗ്ലാദേശിൽനിന്നുള്ള മുസ്ലിംകുടിയേറ്റക്കാരാണ്‌ പ്രദേശത്തെ കുഴപ്പത്തിന്‌ കാരണമെന്ന വർഗീയ അജൻഡയായിരുന്നു ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ്‌ പ്രചാരണം. വിവിധ ഗോത്രവിഭാഗങ്ങളെ തരാതരംപോലെ തമ്മിലടിപ്പിക്കുകയും ചെയ്‌തു. ഇതിന്റെ പരിണിതഫലമാണ്‌ അസം–-മിസോ അതിർത്തിയിൽ തുടങ്ങി പ്രദേശമാകെ വ്യാപിക്കുന്ന സ്വത്വസംഘർഷങ്ങൾ. ഇന്ത്യയിൽനിന്ന് വേറിട്ടുപോകണമെന്ന് വാദിക്കുന്ന മേഘാലയയിലെ എച്ച്എൻഎൽസി അസം സമതല ജനവിഭാഗത്തെ വിദേശികളായാണ് കണക്കാക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ബിജെപി അതിർത്തി സംസ്ഥാനങ്ങളിൽപ്പോലും വിഘടനവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. കൊച്ചു സംസ്ഥാനമായ ത്രിപുരയെ വിഭജിക്കണമെന്ന്‌ വാദിക്കുന്ന ഭീകര സംഘടനയായ ഐപിഎഫ്‌ടി(ഇന്റിജീനിയസ്‌ പീപ്പിൾസ്‌ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര) ബിജെപിയുടെ സഖ്യകക്ഷിയാണെന്നത്‌ ഒരു ഉദാഹരണംമാത്രം. നൂറുകണക്കിന്‌ കമ്യൂണിസ്‌റ്റ്‌ പ്രവർത്തകരുടെ ജീവൻത്യജിച്ച്‌ ഭീകരവാദം തടഞ്ഞ ത്രിപുര വീണ്ടും അസ്വസ്ഥമാകുകയാണ്‌. ഹിന്ദുത്വദേശീയത എന്നത്‌ ഫാസിസത്തിലേക്കുള്ള ചവിട്ടുപടിയല്ലാതെ അതിന്‌ ഇന്ത്യയുടെ അഖണ്ഡതയുമായി പുലബന്ധംപോലുമില്ലെന്ന്‌ സ്വതന്ത്ര ഇന്ത്യ പലപ്പോഴായി പഠിപ്പിച്ചിട്ടുണ്ട്‌. ഇപ്പോഴിതാ വടക്കുകിഴക്കിന്റെ അശാന്തി അതിന്‌ അടിവരയിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top