24 April Wednesday

അസം പൗരത്വപട്ടിക: നീതി ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019



വംശവിദ്വേഷത്തിന്റെ മറ്റൊരു പോർമുഖമായി സംഘപരിവാർ ലക്ഷ്യമിട്ട അസം പൗരത്വപട്ടിക അന്തിമമായതോടെ 19 ലക്ഷത്തിലേറെ മനുഷ്യർക്കാണ‌് ചവിട്ടിനിന്ന മണ്ണ‌് നഷ്ടപ്പെട്ടത‌്. എന്തു ചെയ്യും, എങ്ങോട്ടുപോകും, ആര‌് സംരക്ഷിക്കും? ഇങ്ങനെ ഉത്തരമില്ലാത്ത ഒട്ടനേകം ചോദ്യങ്ങളാൽ കൊത്തിവലിക്കപ്പെടുന്ന അസംഖ്യം ജീവിതങ്ങൾ. ബംഗ്ലാദേശിൽനിന്നുള്ള മുസ്ലിംകുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ‌് ആഗസ‌്ത‌് 31ന‌് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത‌്. പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷിച്ച 3.3 കോടി പേരിൽ ഇത്രയധികമാളുകൾ പുറത്താക്കപ്പെടുമെന്ന‌് ആരും പ്രതീക്ഷിച്ചതല്ല. പുറന്തള്ളപ്പെടുന്നത‌് എത്ര കുറച്ചുപേരായാലും അത‌് നീതീകരണമില്ലാത്ത മനുഷ്യാവകാശ പ്രശ‌്നമാണെന്നിരിക്കെ, ഇത്രയേറെ മനുഷ്യരെ രാജ്യമില്ലാത്തവരാക്കിയ നടപടിക്ക‌് എന്ത്‌ സാധുതയാണുള്ളത‌്.

  മുസ്ലിംവിരുദ്ധതയും മണ്ണിന്റെമക്കൾവാദവുമൊക്കെ ചേർത്ത‌് തങ്ങളുടെ രാഷ്ട്രീയ അജൻഡകൾ കൊഴുപ്പിക്കാമെന്ന മോഹമായിരുന്നു പൗരത്വപട്ടികയ‌്ക്ക‌് കരുക്കൾ നീക്കിയ ബിജെപിയെയും അസം ഗണപരിഷത്തിനെയും നയിച്ചിരുന്നത‌്. എന്നാൽ, വിവിധ ഘട്ടങ്ങളിൽ നടന്ന കോടതി ഇടപെടലുകൾ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അന്തിമ പട്ടിക പുറത്തുവന്നതോടെ അതിശക്തമായ പ്രതിഷേധമാണ‌് ഉയർന്നുവന്നിട്ടുള്ളത‌്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന തിരിച്ചറിവ്‌ പട്ടികയിൽ പിഴവുണ്ടെന്ന വാദവുമായി രംഗത്തിറങ്ങാൻ ഭരണകക്ഷികളെത്തന്നെ നിർബന്ധിതരാക്കി. ജനിച്ചുവളർന്ന മണ്ണിൽനിന്നും  ജീവിതം കരുപ്പിടിപ്പിച്ച പരിസരങ്ങളിൽനിന്നും അന്യരാക്കപ്പെട്ടവരുടെ അരക്ഷിതാവസ്ഥയ്‌ക്ക‌് എന്ത്‌ മറുമരുന്നാണ‌് ഭരണാധികാരികൾക്ക‌് നിർദേശിക്കാനുള്ളത‌്.

ട്രിബ്യൂണലിൽ അപ്പീൽ നൽകാൻ 120 ദിവസത്തെ സാവകാശം, അതുവരെ ആരെയും അറ‌സ‌്റ്റുചെയ്യില്ല തുടങ്ങിയ ആശ്വാസ വചനങ്ങൾ അധികൃതർ ഉരുവിടുന്നുണ്ടെങ്കിലും അതൊന്നും ജനമനസ്സിലെ തീ കെടുത്തുന്നില്ല. പട്ടികയിൽപെടാത്തവർ ജീവനൊടുക്കിയ സംഭവങ്ങൾവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. 1971 മാർച്ച‌് 25ന‌് ശേഷം ബംഗ്ലാദേശിൽനിന്ന‌് കുടിയേറിയവരെ പുറത്താക്കണമെന്നാണ‌് പൗരത്വപട്ടികയ്‌ക്ക്‌ അടിസ്ഥാനമായി പറയുന്നതെങ്കിലും അതിന‌ുമുമ്പ‌് കുടിയേറിയവരും അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരുമെല്ലാം വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട‌്. സാങ്കേതികപ്പിഴവുകളും ഉദ്യോഗസ്ഥ പകപോക്കലുകളും കാരണം യഥാർഥ രേഖകൾ ഉള്ളവർപോലും പട്ടികയിൽനിന്ന‌് പുറത്തായി. മുൻ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ കുടുംബത്തിലെ നാല‌ുപേരാണ‌് ഒഴിവാക്കപ്പെട്ടത‌്. കാർഗിൽ യുദ്ധം നയിച്ച റിട്ട. ഓണററി ല‌ഫ‌്റ്റനന്റ‌് മുഹമ്മദ‌് സനാവുല്ലയും  മൂന്ന‌്  മക്കളും പുറത്തായ പട്ടികയിൽ അദ്ദേഹത്തിന്റെ ഭാര്യ ഉൾപെട്ടിട്ടുണ്ട‌്‌.സിറ്റിങ്‌ എംഎൽഎയും മുൻ എംഎൽഎയും പ്രമുഖ രാഷ്ട്രീയ പാർടികളുടെ നേതാക്കളും പ്രവർത്തകരും പുറത്തായവരുടെ കൂട്ടത്തിലുണ്ട‌്‌.

പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട‌് വിവിധ ഘട്ടങ്ങളിലുണ്ടായ പിഴവുകൾ പരിഹരിക്കുന്നതിലോ നിശ്ചിത മാനദണ്ഡ പ്രകാരം പുറത്താകുന്നവരുടെ കാര്യത്തൽ തുടർനടപടി സ്വീകരക്കുന്നതിലോ കേന്ദ്ര–- -സംസ്ഥാന സർക്കാരുകൾക്ക‌് വ്യക്തമായ നിലപാടൊന്നുമില്ല.

പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട‌് വിവിധ ഘട്ടങ്ങളിലുണ്ടായ പിഴവുകൾ പരിഹരിക്കുന്നതിലോ നിശ്ചിത മാനദണ്ഡ പ്രകാരം പുറത്താകുന്നവരുടെ കാര്യത്തൽ തുടർനടപടി സ്വീകരക്കുന്നതിലോ കേന്ദ്ര–- -സംസ്ഥാന സർക്കാരുകൾക്ക‌് വ്യക്തമായ നിലപാടൊന്നുമില്ല. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ 2015 മുതൽ നടന്നുവരുന്ന പട്ടിക പുതുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട അസമിൽ ജനങ്ങൾ സഹിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ‌്. നിരവധിതവണ കൂടിക്കാഴ‌്ചയ‌്ക്ക‌്  ഹാജരായും  രേഖകൾ നൽകിയും കുഴഞ്ഞുപോയവരാണ‌് ഏറെയും. അവരിൽ പലരും ഇനിയും ട്രിബ്യൂണലും

കോടതിയും കയറിയിറങ്ങണം. എന്താണ‌് യുക്തമായ പരിഹാരം എന്ന‌് എവിടെയും ചർച്ചചെയ്യപ്പെടുന്നില്ല. മറിച്ച‌് പുറത്താക്കപ്പെട്ടവരുടെയും ഉൾപ്പെട്ടവരുടെയും മതംതിരിച്ചുള്ള കണക്കെടുപ്പാണ‌് ബിജെപി നടത്തുന്നത‌്. ബംഗാളിൽനിന്നുള്ള ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്നും ബംഗ്ലാദേശ്‌ മുസ്ലിങ്ങൾ അനധികൃതമായി പട്ടികയിൽ ഉൾപ്പെട്ടെന്നും പറയുന്നവരുടെ ലക്ഷ്യം വ്യക്തമാണ‌്.  സ്വാതന്ത്ര്യകാലംമുതൽ ഇങ്ങോട്ട‌് കിഴക്കൻ ബംഗാളിൽനിന്നുണ്ടായ കുടിയേറ്റത്തിനെതിെരെ 1989ൽ അസം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭമാണ‌് സുപ്രീംകോടതിയുടെ തീർപ്പിനും പൗരത്വപട്ടിക ഉണ്ടാക്കുന്നതിനും വഴിവച്ചത‌്. എന്നാൽ, ഇതിന‌് വർഗീയനിറം കൈവന്നത‌് ബിജെപി അധികാരത്തിൽ വന്നതോടെയാണ‌്. അയോധ്യ, കശ‌്മീർ, മുത്തലാഖ‌്, ഗോസംരക്ഷണം തുടങ്ങിയവപോലെ അസം പൗരത്വപട്ടികയും ബിജെപിയുടെ കൈയിൽ ഒരു വർഗീയകാർഡുമാത്രമാണ‌്.

യുദ്ധവും ക്ഷാമവും പ്രകൃതിദുരന്തങ്ങളുമൊക്കെ എല്ലാക്കാലത്തും മനുഷ്യരുടെ പലായനത്തിന‌് കാരണമായിട്ടുണ്ട‌്. നാടുവിട്ട‌് ഓടുമ്പോൾ അവരാരും ജാതിയും മതവും നോക്കാറില്ല. എത്തിയ നാട്ടിൽ  ജീവിതം  കെട്ടിപ്പടുക്കാൻ ശ്രമിച്ചു. എന്നാൽ, അവരുടെ തലമുറകളും വേട്ടയാടപ്പെടുകയാണ‌്‌. തദ്ദേശീയർക്കും കുടിയേറുന്നവർക്ക‌് അവരവരുടേതായ പ്രശ‌്നങ്ങളുണ്ട‌്. ഇതിന‌്  രമ്യമായ പരിഹാരം കണ്ടെത്തുകയാണ‌് ഒരു പരിഷ‌്കൃതസമൂഹത്തിൽ സർക്കാരിന്റെ ഉത്തരവാദിത്തം. പട്ടികയിൽപെടാത്ത ഹിന്ദു അഭയാർഥികൾക്ക്‌ പൗരത്വം നൽകാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന ബിജെപിയുടെ പ്രഖ്യാപനം പ്രശ‌്നം കൂടുതൽ വഷളാക്കുകയേയുള്ളൂ. മതത്തിനും രാഷ്ട്രീയ അജൻഡയ്‌ക്കുമപ്പുറം എല്ലാവർക്കും നീതി ലഭിക്കുന്ന ഒരു പരിഹാരത്തിന‌് മുൻകൈയെടുക്കേണ്ടത‌് കേന്ദ്ര–- സംസ്ഥാന സർക്കാരുകളും നീതിപീഠങ്ങളുമാണ‌്. ഇന്ത്യയുടെ വടക്ക‌് കിഴക്കൻ ദേശത്തെ ഈ നെരിപ്പോട‌് ഇതരദേശങ്ങളിലേക്ക‌് പടരാതിരക്കാനുള്ള ജാഗ്രതയാണ്‌ കാലം ആവശ്യപ്പെടുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top