08 December Friday

ആസിഫ ഈ നാടിന്റെ മകൾ

വെബ് ഡെസ്‌ക്‌Updated: Friday Apr 13, 2018


ജമ്മു കശ്മീരിലെ കത്തുവയിൽ എട്ടുവയസ്സുകാരി ആസിഫയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ  പ്രതിഷേധം ആളിക്കത്തുകയാണ്. ഏഴുദിവസത്തോളം ക്ഷേത്രത്തിൽ  പൂട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷമാണ്  ആസിഫയെ കൊലപ്പെടുത്തിയത്. കേസിലെ പ്രതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കശ്മീരിലെ പിഡിപി‐ ബിജെപി സർക്കാരിലെ രണ്ട് മന്ത്രിമാരും അഭിഭാഷകരും നടത്തിയ പ്രകടനവും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻ റവന്യൂ ഉദ്യോഗസ്ഥൻ സഞ്ചി റാമാണ്  പ്രധാന പ്രതി.

കഴിഞ്ഞ തിങ്കളാഴ്ച കുറ്റവാളികളെ പിന്തുണച്ച് ബിജെപി മന്ത്രിമാരും  തദ്ദേശീയരും ഹിന്ദു ലേബലിൽ അണിനിരക്കുന്ന  അഭിഭാഷകരും കോടതിക്കുമുന്നിൽ പ്രതിഷേധിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്നും ജനങ്ങളുടെ മനോവികാരം മനസ്സിലാക്കാതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നുമാണ് അവരുടെ  വാദം. കുറ്റപത്രം സമർപ്പിക്കാനെത്തിയ പൊലീസിനെ തടയുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാൽ, പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും കേസെടുക്കുകയുംചെയ്തു. അതിനെ പ്രതിരോധിക്കാൻ ഹിന്ദുയുവതികൾ എന്ന ബാനറിൽ നിരാഹാരസമരം നടത്തുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു. കേസ് അന്വേഷണസംഘത്തിൽ മുസ്ലിങ്ങൾ ഉണ്ടായിരുന്നെന്നും അതുകൊണ്ട് നടപടിയിൽ വിശ്വാസമില്ലെന്നും ആക്ഷേപിച്ച് ഹിന്ദുത്വ തീവ്രവാദികൾ പ്രതിഷേധം അഴിച്ചുവിട്ടു. 

നാടോടിഗോത്രമായ ബഖർവാൽ സമുദായത്തിൽപ്പെട്ട എട്ടുവയസ്സുകാരിയായിരുന്നു ആസിഫ ബാനു. ഈ ഗോത്രവിഭാഗത്തെ പ്രദേശത്തുനിന്ന് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു മതാന്ധത ബാധിച്ച അക്രമികളുടെ ലക്ഷ്യം.  ജനുവരി പത്തിന്, മേയ്ക്കാൻ വിട്ടിരുന്ന കുതിരകളെ തിരിച്ചുകൊണ്ടുവരാനായി കാട്ടിൽ പോയപ്പോഴാണ് ആസിഫയെ കാണാതായത്. കുതിരകൾ തിരിച്ചെത്തിയെങ്കിലും ആസിഫ തിരികെയെത്തിയില്ല.
ഇതേത്തുടർന്ന് ആസിഫയുടെ അച്ഛൻ യൂസഫ് പുജ്വല അയൽവാസികളെയും നാട്ടുകാരെയുംകൂട്ടി തെരച്ചിൽ തുടങ്ങി. ടോർച്ചുകളും കോടാലികളുമായി അവർ ഉൾക്കാടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും ആസിഫയെ കണ്ടെത്താനായില്ല. ജനുവരി 12 ആയപ്പോഴാണ് പൊലീസിനെ അവർ വിവരമറിയിച്ചത്. ആരുടെയെങ്കിലുംകൂടെ ഒളിച്ചോടിക്കാണും എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

പൊലീസ് അന്വേഷണം ദുർബലമായിരുന്നതിനെത്തുടർന്ന് ബക്കർവാൾ സമുദായത്തിൽനിന്ന് പ്രതിഷേധമുയർന്നുതുടങ്ങി. ഇതേത്തുടർന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെക്കൂടെ അന്വേഷണത്തിനായി നിയമിച്ചു. അതിലൊരാളായ ദീപക് ഖജൂരിയ എന്ന ഉദ്യോഗസ്ഥൻ കേസിലെ മുഖ്യപ്രതികളിലൊരാളാണ്. അഞ്ചുദിവസങ്ങൾക്കുശേഷമാണ് ആസിഫയുടെ മൃതശരീരം കണ്ടെടുത്തത്. ആസിഫ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു; കൂടാതെ കാലുകളൊടിഞ്ഞ നിലയിലായിരുന്നു. നഖങ്ങൾ കറുത്തനിറമായി മാറിയിരുന്നു. ദേഹമാസകലം നീലയും ചുവപ്പുമായ പാടുകളും ദൃശ്യമായിരുന്നു.

2018 ജനുവരി 26നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചത്. ഈ സംഘത്തിന്റെ കണ്ടെത്തലാണ് കേസിനെ മറ്റൊരു തലത്തിലേക്ക് നയിച്ചത്. ആസിഫയെ തട്ടിക്കൊണ്ടുപോയശേഷം ക്ഷേത്രത്തിലായിരുന്നു പൂട്ടിയിട്ടത്. മയക്കുമരുന്നുകളുപയോഗിച്ച് ആസിഫയെ ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. ഏഴുദിവസത്തോളം ആസിഫയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. കഴുത്തുഞെരിച്ചും, കല്ലുകൊണ്ട് തലയ്ക്കടിച്ചും അവർ ആ കുട്ടിയെ കൊന്നു. പോലീസിന്റെ റിപ്പോർട്ടനുസരിച്ച് സഞ്ജി റാം എന്ന മുൻസർക്കാരുദ്യോഗസ്ഥനും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. ചെളിയും രക്തവും പുരണ്ട വസ്ത്രങ്ങൾ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർ ചേർന്നു കഴുകിയ ശേഷമാണ് ഫോറൻസിക് ലാബിലേക്ക് അയച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ആസിഫയുടെ സംസ്കാര ചടങ്ങുകൾക്കിടയിൽ തീവ്ര ഹിന്ദുത്വവാദികൾ സ്ഥലം വളഞ്ഞിരുന്നു. അവരുടെ  ‘ഭീഷണിമൂലം പത്തോളം കിലോമീറ്ററുകൾ ആസിഫയുടെ ശരീരവുമായി സഞ്ചരിച്ചശേഷമാണ് സംസ്കാരം നടത്തിയത്.

രസാന ഗ്രാമത്തിലെ നാടോടികളായ ബഖർവാൽ മുസ്ലീംകളെ ആട്ടിയോടിക്കാൻ വേണ്ടിയാണ്  എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതെന്ന് കുറ്റപത്രം പറയുന്നു. 22 സാക്ഷികളെയും തെളിവുകളെയും അടിസ്ഥാനമാക്കി പൊലീസ് തയ്യാറാക്കിയ  കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം. എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാൻ കാരണമായി പ്രതികൾ പറയുന്നത്, ബഖർവാൽ മുസ്ലീംകൾ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണ്.

മുൻ റവന്യൂ ഉദ്യോഗസ്ഥൻ സഞ്ജിറാം, മകൻ വിശാൽ, മരുമകൻ(പ്രായപൂർത്തി ആയിട്ടില്ല), സ്പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദുട്ട, കോൺസ്റ്റബിൾ പർവേശ് കുമാർ എന്നിങ്ങനെ എട്ടു പ്രതികൾ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ്  ജമ്മു കശ്മീർ പൊലീസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. ബഖർവാൽ മുസ്ലീംകളോടുള്ള  അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം പറയുന്നു. രാജ്യം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ  ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ആസിഫ എന്ന കുഞ്ഞിന് സംഭവിച്ചത് ഒറ്റപ്പെട്ട ദുരന്തമല്ല. ഇന്ന് ഇന്ത്യ നേരിടുന്ന യഥാർഥ ദുരന്തത്തിന്റെ നേർചിത്രമാണത്. അതുകൊണ്ട് തന്നെ, ഓരോ ഇന്ത്യക്കാരനെയും അലോസരപ്പെടുത്തേണ്ട വാർത്തയാണ്, മുഖമാണ്, അനുഭവമാണ് ആസിഫയുടേത് 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top