ഏഷ്യൻ ഗെയിംസിന് ഹാങ്ചൗവിൽ കൊടിയിറങ്ങുമ്പോൾ ആതിഥേയരായ ചൈനയുടെ ആധിപത്യം സമ്പൂർണമാണ്. ട്രാക്കിലും ഫീൽഡിലും ഗെയിംസിലും ചൈന ശരിക്കുമൊരു വൻമതിലാണ്. ചൈനയും ജപ്പാനും ദക്ഷിണകൊറിയയും മെഡൽ വാരുന്ന കളിത്തട്ടിലേക്കാണ് ഇന്ത്യയുടെ വരവ്. ഗെയിംസിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. 19–-ാം ഗെയിംസിൽ 100 മെഡൽ ലക്ഷ്യമിട്ട് നേടിയത് 107 മെഡലും നാലാം സ്ഥാനവും. അതിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടു ഗെയിംസിലും എട്ടാം സ്ഥാനമായിരുന്നു.
ഇത്തവണ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തിയത്. 661 അംഗ സംഘത്തിൽ 333 പുരുഷന്മാരും 328 വനിതകളും ഉൾപ്പെടുന്നു. ഇക്കുറി ആകെയുള്ള 40 ഇനത്തിൽ 39ലും ഇന്ത്യ മത്സരിച്ചിരുന്നു. അതിൽ 22 ഇനത്തിൽ മെഡൽ നേടി. 68 പേരെ അണിനിരത്തിയ അത്‌ലറ്റിക്‌സിലാണ് കൂടുതൽ മെഡൽ–- 29. ഷൂട്ടിങ്ങിൽ 22. അമ്പെയ്‌ത്തിൽ ഒമ്പത്. ഷൂട്ടിങ്ങിൽ ഏഴു സ്വർണമുണ്ട്. അത്‌ലറ്റിക്‌സിൽ ആറ്. അമ്പെയ്‌ത്തുകാർ അഞ്ചു സ്വർണം കൊണ്ടുവന്നു. ക്രിക്കറ്റിലും കബഡിയിലും ഇരട്ടസ്വർണം സാധ്യമായി. സ്‌ക്വാഷ് ടീം രണ്ടു സ്വർണം നേടി.
ബാഡ്‌മിന്റൺ, ടെന്നീസ്, അശ്വാഭ്യാസം, പുരുഷ ഹോക്കി എന്നിവയിൽ ഓരോ സ്വർണം കിട്ടി.
ഈ നേട്ടമൊന്നും ഒറ്റ രാത്രിയിൽ സാധ്യമായതല്ല. ഒറ്റ ആഹ്വാനത്തിൽ പൊട്ടിവീണതുമല്ല. കായികതാരങ്ങളുടെയും അവർക്കൊപ്പംനിന്ന പരിശീലകരുടെയും കുടുംബത്തിന്റെയും വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. ഏത് രംഗത്തായാലും അസാധ്യമായി ഒന്നുമില്ലെന്ന തിരിച്ചറിവിലേക്കാണ് വിജയം വിരൽചൂണ്ടുന്നത്. ഈ വിജയത്തിനു പിന്നിലൊരു കൂട്ടായ്‌മയുണ്ട്. കളിക്കാരും പരിശീലകരും കായികസംഘടനകളും ഭരണസംവിധാനങ്ങളും ചേർന്നൊരുകൂട്ട്. എല്ലാവരും ഒത്തൊരുമയോടെ ഒറ്റ ലക്ഷ്യത്തിനുവേണ്ടി പ്രയത്നിച്ചപ്പോൾ ആഗ്രഹിച്ചതിനപ്പുറം നേടാനായി.
ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ നേടിയ വിജയത്തിൽ കേരളവും പങ്കാളിയായി. മലയാളികളായ 12 താരങ്ങൾ മെഡൽ സ്വന്തമാക്കി. പുരുഷ ഹോക്കിയിൽ സ്വർണം നേടിയ ടീമിന്റെ ഗോൾകീപ്പർ എറണാകുളത്തുകാരൻ പി ആർ ശ്രീജേഷായിരുന്നതിൽപ്പരമൊരു അഭിമാനം വേറെ എന്തുണ്ട്. പുരുഷന്മാരുടെ റിലേയിൽ സ്വർണക്കുതിപ്പ് നടത്തിയ നാലുപേരിൽ മൂന്നും മലയാളികളായിരുന്നു. മുഹമ്മദ് അനസും അമോജ് ജേക്കബ്ബും മുഹമ്മദ് അജ്‌മലും തമിഴ്‌നാട്ടുകാരൻ രാജേഷ് രമേഷും. ക്രിക്കറ്റിൽ മിന്നുമണിയും സ്‌ക്വാഷിൽ ദീപിക പള്ളിക്കലും ചാട്ടത്തിൽ ആൻസി സോജനും മിന്നിയ വനിതകളായി. ബാഡ്‌മിന്റണിൽ എച്ച് എസ് പ്രണോയ് രണ്ടു മെഡലാണ് സ്വന്തമാക്കിയത്.
സംഘാടനത്തിൽ ഒരിക്കൽക്കൂടി ചൈന വിസ്‌മയിപ്പിച്ചു. ഉദ്‌ഘാടന– -സമാപന ചടങ്ങുകൾ ലോകത്തെ അമ്പരപ്പിച്ചു. മത്സരനടത്തിപ്പിൽ അച്ചടക്കവും കൃത്യനിഷ്‌ഠയും മുഖമുദ്രയായി. ഒളിമ്പിക്‌സ് അടക്കമുള്ള മെഗാ മേളകൾ നടത്തി പരിചയമുള്ള ചൈനയ്‌ക്ക് ഏഷ്യൻ ഗെയിംസ് എളുപ്പമായിരുന്നു. ലോകനിലവാരത്തിലുള്ള സംഘാടനമാണ് ഹാങ്ചൗ സമ്മാനിച്ചത്.
നാട്ടിൽ നടന്ന ഗെയിംസിൽ ചൈനയ്‌ക്ക് എതിരില്ലായിരുന്നു. 201 സ്വർണവും 111 വെള്ളിയും 71 വെങ്കലവുമാണ് സമ്പാദ്യം. ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി 11–-ാംതവണയാണ് ചൈന മെഡൽനേട്ടത്തിൽ ഒന്നാമതെത്തുന്നത്. നാലുപതിറ്റാണ്ടായി തുടരുന്ന ആധിപത്യം. ടോക്യോ ഒളിമ്പിക്‌സിൽ ഒറ്റ സ്വർണവ്യത്യാസത്തിൽ അമേരിക്കയെ വിറപ്പിച്ച് രണ്ടാമതെത്തിയ ചൈനയ്‌ക്ക് ഏഷ്യയിൽ എതിരാളികളില്ല. പാരീസ് ഒളിമ്പിക്‌സിന് ഇനി ഒമ്പതു മാസമേയുള്ളൂ. ഇതേ രീതിയിൽ ഒത്തുപിടിച്ചാൽ പാരീസിലും ഇന്ത്യക്ക് തിളങ്ങാം. ഇനിയുള്ള തയ്യാറെടുപ്പുകൾ പാരീസ് ലക്ഷ്യമിട്ടാകട്ടെ, അതിനായി കാത്തിരിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..