കളിക്കളത്തിൽ ഏഷ്യയുടെ മാറ്റുരയ്‌ക്കപ്പെടുന്നു. ഏഷ്യാ വൻകരയുടെ ഒളിമ്പിക്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന ഏഷ്യൻ ഗെയിംസിന് ശനിയാഴ്‌ച ചൈനയിലെ ഹാങ്ചൗ നഗരത്തിൽ ഔദ്യോഗിക തുടക്കമാകുകയാണ്. ചില മത്സരങ്ങൾ നാലു ദിവസംമുമ്പെ തുടങ്ങി. ഒക്‌ടോബർ എട്ടുവരെയാണ് പത്തൊമ്പതാമത് ഗെയിംസ്. ഒളിമ്പിക്‌സും ലോകകപ്പും അടക്കമുള്ള പരമോന്നത കായികവേദികളിലേക്കുള്ള ഒരുക്കമാണ് ഈ ഗെയിംസ്. ഇവിടെനിന്നാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളെ വെല്ലുവിളിക്കാനുള്ള ആത്മധൈര്യവും ഊർജവും ഏഷ്യൻ ടീമുകൾ നേടുന്നത്. അതിനാൽ ഏഷ്യൻ ആധിപത്യത്തിനായുള്ള ഈ പോര് തീർച്ചയായും ലോകനിലവാരത്തിലുള്ളതാകും. കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞവർഷം മാറ്റിവച്ച ഗെയിംസാണ് ‘ഹാങ്ചൗ 2022’ എന്ന വിളിപ്പേരിൽ 2023ൽ അവതരിക്കുന്നത്.
ഏഷ്യയുടെ അഭിമാന ഗെയിംസിന് ചൈന ആതിഥേയരാകുന്നത് മൂന്നാം തവണ. 1990ൽ ബീജിങ്ങായിരുന്നു ആദ്യ വേദി. 2010ൽ ഗാങ്ചൗ നഗരം ഗെയിംസ് നടത്തി. 2008ൽ ഒളിമ്പിക്‌സ് സംഘടിപ്പിച്ചതാണ് ചൈനയുടെ ആത്മവിശ്വാസത്തിന്റെ കരുത്ത്. ബീജിങ്ങായിരുന്നു ആതിഥേയർ. ഇത്തവണ ഹാങ്ചൗവിനൊപ്പം അഞ്ചു സമീപ നഗരംകൂടിയുണ്ട്. 54 വേദിയിൽ 40 ഇനത്തിലാണ് മത്സരം. 61 വിഭാഗത്തിലായി 481 സ്വർണമെഡലാണ് 16 ദിവസത്തെ ഗെയിംസിൽ നിശ്ചയിക്കപ്പെടുക. 45 രാജ്യത്തെ 12,500 കായികതാരങ്ങൾ അണിനിരക്കും. ഈ പങ്കാളിത്തം ഒളിമ്പിക്‌സിനേക്കാൾ കൂടുതലാണ്. കഴിഞ്ഞതവണ ടോക്യോയിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്തത് 11,420 അത്‌ലറ്റുകളാണ്. 1951ൽ ഡൽഹിയിലായിരുന്നു ആദ്യ ഗെയിംസ്. 11 രാജ്യത്തുനിന്നായി 489 കായികതാരങ്ങളാണ് പങ്കെടുത്തത്. എട്ടിനത്തിൽ 57 വിഭാഗത്തിലായിരുന്നു മത്സരം. ഏഴു പതിറ്റാണ്ടിനിപ്പുറം ലോകത്തിനൊപ്പം ഏഷ്യൻ ഗെയിംസും വളർന്നു.
ചൈനയുടെ സംഘാടനമികവും ആതിഥ്യമര്യാദയും അനുഭവിച്ചറിഞ്ഞാകും ഹാങ്ചൗ വിടപറയുക. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും തുറന്നിടുന്നതാകും സംഘാടനം. പൂർണമായും പരിസ്ഥിതി സൗഹൃദ ഗെയിംസാണ് വാഗ്‌ദാനം. ഏഷ്യൻ പോരിൽ ആതിഥേയരായ ചൈനയാണ് ഒന്നാമത്. ഒപ്പംപിടിക്കാൻ ജപ്പാനും ദക്ഷിണകൊറിയയുമുണ്ട്. ആദ്യ പത്തിലാണ് ഇന്ത്യയുടെ സ്ഥാനം. ജപ്പാനായിരുന്നു ആദ്യ എട്ട് ഗെയിംസിലും ഒന്നാമത്. ചൈന മുന്നിലെത്തുന്നത് 1982ൽ ഇന്ത്യ വീണ്ടും വേദിയായപ്പോഴാണ്. ആ ഡൽഹി ഗെയിംസിൽ തുടങ്ങിയ ആധിപത്യം കഴിഞ്ഞ പത്തു തവണയായിട്ടും വിട്ടുകൊടുത്തിട്ടില്ല.
പ്രഥമ ഗെയിംസിൽ ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനം നേടിയ ചരിത്രമുണ്ട് ഇന്ത്യക്ക്. എന്നാൽ, പിന്നീട് ആ നേട്ടം സാധ്യമായില്ല. 1990ൽ ബീജിങ്ങിൽ പതിനൊന്നാമതായി. ബാക്കിയെല്ലാ ഗെയിംസിലും ആദ്യ പത്തിൽ സ്ഥാനംപിടിച്ചു. കഴിഞ്ഞ തവണ ജക്കാർത്തയിൽ നടന്ന ഗെയിംസിലായിരുന്നു വലിയ നേട്ടം. എട്ടാമതായെങ്കിലും 16 സ്വർണമടക്കം 70 മെഡൽ നേടി. ഇക്കുറി 100 മെഡലാണ് ലക്ഷ്യം. ഇന്ത്യ 655 അംഗസംഘത്തെയാണ് അവതരിപ്പിക്കുന്നത്. ലോകനിലവാരത്തിലുള്ള താരങ്ങൾ ധാരാളം. വിവിധ ഇനങ്ങളിൽ ലോകത്തെ മികച്ച ടീമുകളും ഇന്ത്യക്കുണ്ട്. ഹോക്കിയിലും ക്രിക്കറ്റിലും ചെസിലും സ്വർണപ്രതീക്ഷയാണ്. കബഡിയിലും ബാഡ്‌മിന്റണിലും അമ്പെയ്‌ത്തിലും മെഡൽ വരും. ബോക്‌സിങ്ങിൽ ലോകചാമ്പ്യൻ നിഖാത് സരീനും ഭാരോദ്വഹനത്തിൽ മീരാഭായ്‌ചാനുവും മെഡൽ ഉറപ്പിച്ചവരാണ്. അത്‌ലറ്റിക്‌സിൽ നീരജ് ചോപ്രയെന്ന ലോക, ഒളിമ്പിക്‌സ് ചാമ്പ്യനുണ്ട്. ജാവലിൻത്രോയിൽ സ്വർണനേട്ടം ആവർത്തിക്കാനാകും.
ഇന്ത്യൻ സംഘത്തിൽ അഭിമാനമായി 40 മലയാളി താരങ്ങളുണ്ട്. അതിൽ മെഡൽ നേടാൻ കെൽപ്പുള്ളവരുണ്ട്. ഹോക്കി ടീമിന്റെ കാവൽക്കാരൻ പി ആർ ശ്രീജേഷും ബാഡ്‌മിന്റണിൽ ലോക മെഡൽ നേടിയ എച്ച് എസ് പ്രണോയിയും പ്രധാന പേരുകളാണ്. അത്‌ലറ്റിക്‌സിൽ എം ശ്രീശങ്കർ, അബ്‌ദുള്ള അബൂബക്കർ, ജിൻസൻ ജോൺസൻ, ബാഡ്‌മിന്റണിൽ ട്രീസ ജോളി, നീന്തലിൽ സജൻ പ്രകാശ്, ക്രിക്കറ്റിൽ മിന്നുമണി എന്നിങ്ങനെ പട്ടിക നീളുന്നു. പുരുഷ, വനിതാ വോളിബോൾ ടീമിൽ പത്തു പേരാണ് കേരളത്തിന്റെ പ്രതിനിധികൾ. ഒളിമ്പിക്‌സ് അടുത്തവർഷം നടക്കാനിരിക്കെ ഏഷ്യൻ കരുത്തിന്റെ വിളംബരമാകും ഈ ഗെയിംസ്. കളത്തിനു പുറത്ത് കളി നടക്കുന്ന കാലത്ത് ഏഷ്യൻ കൂട്ടായ്‌മയുടെയും സൗഹൃദത്തിന്റെയും പുതിയ വാതായനങ്ങൾ തുറക്കാനായാൽ അതുതന്നെയാകും ‘ഹാങ്ചൗ’ നൽകുന്ന സന്ദേശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..