29 February Thursday

വ്യക്തികളെ തടവിലിടാം ; ചിന്തകളെ സാധ്യമല്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2023


പരാജയഭീതിയുണ്ടാകുമ്പോൾ അക്രമാസക്തരാകുന്ന സവിശേഷമായ സ്വഭാവവൈകൃതം സംഘപരിവാറിന്‌ സ്വന്തമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുക്കുംതോറും ആ ഭീതി വർധിക്കുന്നതിന്റെ ഫലമാണ്‌ വിമതശബ്‌ദമുയർത്തുന്നവർക്കും സ്വതന്ത്രചിന്ത വച്ചുപുലർത്തുന്നവർക്കും എതിരെയുള്ള ആക്രമണങ്ങൾ. ന്യൂസ്‌ക്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട്‌ ബദൽ മാധ്യമങ്ങളെ കാൽച്ചങ്ങലയിട്ടു പൂട്ടാൻ ശ്രമിക്കുന്ന കാഴ്‌ചയിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഞെട്ടിവിറച്ചു നിൽക്കുമ്പോഴാണ്‌ അടുത്ത ആഘാതം. ബുക്കർ പ്രൈസ്‌ നേടി സാഹിത്യനഭസ്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ അരുന്ധതി റോയ്‌യെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഡൽഹി ലഫ്‌റ്റനന്റ്‌ ഗവർണർ വിമൽകുമാർ സക്‌സേന അനുമതി നൽകിയിരിക്കുന്നു. അങ്ങനെ ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശവപ്പെട്ടിക്കുമേൽ ഒരാണികൂടി അടിച്ചുകയറ്റിയിരിക്കുകയാണ്‌. ഹിതകരമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നവരെയും മാധ്യമങ്ങളെയും സംഘടനകളെയും വ്യക്തികളെയും ആക്രമിച്ച്‌ വായടപ്പിക്കാനും സർക്കാരിനെതിരെ ചിന്തിക്കുന്നവരെപ്പോലും ഭയവിഹ്വലരാക്കാനുമുള്ള ശ്രമത്തിൽ പ്രതിഫലിക്കുന്നത്‌  ബിജെപി സർക്കാരിന്റെയും അതിനെ നിയന്ത്രിക്കുന്ന ആർഎസ്‌എസിന്റെയും ഫാസിസ്റ്റ്‌ പ്രവണതയാണ്‌.

2010ൽ ഡൽഹിയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലുള്ള കേസിലാണ്‌ അരുന്ധതി റോയ്‌യെയും കശ്‌മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ അധ്യാപകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഷെയ്‌ഖ്‌ ഷൗക്കത്ത്‌ ഹുസൈനെയും പ്രോസിക്യൂട്ട്‌ ചെയ്യാൻ ഡൽഹി ലഫ്‌റ്റനന്റ്‌ ഗവർണർ അനുമതി നൽകിയത്‌. 2010 ഒക്‌ടോബർ 10ന്‌ നടന്ന ‘ആസാദി–- ദ ഒൺലി വേ’ എന്ന പരിപാടിയിൽ പ്രസംഗിക്കവെ, കശ്‌മീരിനെ ഇന്ത്യയിൽനിന്ന്‌ അടർത്തി മാറ്റണമെന്ന്‌ പരാമർശിച്ചെന്നാരോപിച്ചാണ്‌ ഇരുവർക്കുമെതിരെ യുഎപിഎ നിയമത്തിന്റെ പതിമൂന്നാം വകുപ്പ്‌ ചുമത്തി കേസെടുത്തത്‌. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 505 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്‌തതായി പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടതിനാലാണ്‌ പ്രോസിക്യൂഷന്‌ അനുമതി നൽകിയതെന്നാണ്‌ ലഫ്‌റ്റനന്റ്‌ ഗവർണറുടെ വാദം. ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്‌ അരുന്ധതിക്കും ഷൗക്കത്ത്‌ ഹുസൈനുമെതിരെ ചാർത്തിയിട്ടുള്ളത്‌.

രാജ്യത്ത്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്തയ്‌ക്കുമുള്ള അവസാന ഇടംപോലും ഇല്ലാതാക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ എത്ര സൂക്ഷ്‌മമായാണ്‌ പ്രവർത്തിച്ചതെന്ന്‌ സമീപഭൂതകാലം നമ്മോട്‌ പറഞ്ഞു തരുന്നുണ്ട്‌. ചിന്തകരും സാമൂഹ്യപ്രവർത്തകരുമായ ഗോവിന്ദ്‌ പൻസാരെ, നരേന്ദ്ര ധാബോൽക്കർ, എം എം കൽബുർഗി, പത്രപ്രവർത്തക ഗൗരി ലങ്കേഷ്‌ എന്നിവരെ ആസൂത്രിതമായി കൊന്നൊടുക്കിയത്‌ സംഘപരിവാറിന്റെ സുശിക്ഷിതരായ ക്രിമിനലുകളായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തെ ശക്തമായി വെല്ലുവിളിച്ച ഈ നാലു പേരെ കൊലപ്പെടുത്തിയവർ നിയമവലയിൽ കുരുങ്ങാതിരിക്കുന്നതിൽ ബദ്ധ ശ്രദ്ധരാണ്‌ സംഘപരിവാർ. ഭീമ കൊറേഗാവ്‌ കേസിൽ ധൈഷണികരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ടു. സ്റ്റാൻ സ്വാമി എന്ന വയോധികനായ മനുഷ്യാവകാശപ്രവർത്തകന്‌ യാതനകൾക്കൊടുവിൽ മരണം വരിക്കേണ്ടി വന്നു. ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ നരേന്ദ്ര മോദിക്ക്‌ നിരന്തരം അലോസരമുണ്ടാക്കിയ അഭിഭാഷക ടീസ്‌ത സെതൽവാദ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരായ സഞ്‌ജീവ്‌ ഭട്ട്‌, ആർ ബി ശ്രീകുമാർ എന്നിവരെ തടവിലിട്ടതും ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെ അധികാരപ്രമത്തതയുടെ ദൃഷ്‌ടാന്തംതന്നെ.

പതിമൂന്നുവർഷം മുമ്പത്തെ കേസ്‌ പൊടിതട്ടിയെടുത്ത്‌ വിശ്വപ്രസിദ്ധയായ എഴുത്തുകാരിയെയും ഒരധ്യാപകനെയും തടവിലിടാനുള്ള ശ്രമം കേവലം രണ്ടു വ്യക്തികൾക്കെതിരെയുള്ള ഭരണകൂട ഭീകരത മാത്രമല്ല; ജനാധിപത്യ അവകാശങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ചവിട്ടിമെതിക്കലാണത്‌.

ദ ഗോഡ്‌ ഓഫ്‌ സ്‌മോൾ തിങ്‌സ്‌, മിനിസ്‌ട്രി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസ്‌ തുടങ്ങിയ സർഗരചനകൾക്കൊപ്പംതന്നെ രാഷ്‌ട്രീയ സാമൂഹ്യ സാമ്പത്തിക വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പുസ്‌തകങ്ങളും അരുന്ധതിയുടേതായുണ്ട്‌. പാർലമെന്റ്‌ ആക്രമണവുമായി ബന്ധപ്പെട്ട ‘ഡിസംബർ 13–- ദ സ്ട്രേഞ്ച്‌ കേസ്‌ ഓഫ്‌ അറ്റാക്ക്‌ ഓൺ ഇന്ത്യൻ പാർലമെന്റ്‌’,  ‘ദ ഹാങ്ങിങ്‌ ഓഫ്‌ അഫ്‌സൽ ഗുരു ആൻഡ്‌ ദ സ്‌ട്രേഞ്ച്‌ കേസ്‌ ഓഫ്‌ അറ്റാക്ക്‌ ഓൺ ഇന്ത്യൻ പാർലമെന്റ്‌' എന്നീ പുസ്‌തകങ്ങൾ തീർച്ചയായും ബിജെപിയുടെ പല വാദങ്ങളുടെയും പൊള്ളത്തരം വെളിവാക്കുന്നവയാണ്‌. ചിന്തിക്കുകയെന്ന പ്രക്രിയ നിയമവിധേയമായിരിക്കുന്നിടത്തോളം ഇത്തരം രചനകൾ പിറന്നുകൊണ്ടേയിരിക്കും. വ്യക്തികളെ തടവിലിടാം, ചിന്തകളെ തടവിലിടാനാകില്ലെന്ന്‌ ബിജെപി ഓർക്കുന്നത്‌ നന്ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top