28 March Thursday

കശ്മീർ ജനതയെ തടവിലിട്ട നാളുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


നാനാത്വത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യംവച്ച്‌ കേന്ദ്ര ബിജെപി സർക്കാർ ജമ്മു- കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയിട്ട് ഒരു വർഷമായി. ഭരണഘടനയിലെ 370–--ാം അനുച്ഛേദം  എടുത്തുകളഞ്ഞ് സംസ്ഥാനത്തെ  രണ്ടായി വിഭജിച്ചത് 2019 ആഗസ്ത് അഞ്ചിനാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി മാറ്റുകയെന്ന ആർഎസ്എസിന്റെ മുഖ്യ അജൻഡയുടെ ഭാഗമായിരുന്നു രാജ്യത്തിന്റെ ഹൃദയം പിളർന്ന ആ നടപടി. 

ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ നടുക്കുറ്റിയും ആകെത്തുകയുമാണ്. അത്‌ തകർത്ത്, തീർത്തും ഏകപക്ഷീയമായി, ഒരിടത്തും ചർച്ച ചെയ്യാതെയാണ് കേന്ദ്രം ഭരണഘടനാ വിരുദ്ധനടപടി പ്രഖ്യാപിച്ചത്. ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുകയാണ് രണ്ടാം മോഡി സർക്കാർ തുടർച്ചയായി ചെയ്യുന്നത്. അയോധ്യയിൽ ബാബ്‌റി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം പണിയുന്നതും ഈ അജൻഡതന്നെ. മതനിരപേക്ഷ ദേശീയ ഐക്യം തകർക്കൽതന്നെ മുഖ്യ ലക്ഷ്യം.

1947ൽ സ്വാതന്ത്ര്യം എന്ന സാഫല്യത്തോടൊപ്പം രാഷ്ട്രവിഭജനമെന്ന ദുരന്തവുംകൂടി നമുക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അന്ന് മതനിരപേക്ഷ ഇന്ത്യക്കൊപ്പം ഉറച്ച് നിന്നവരാണ് കശ്മീർ ജനത. മുസ്ലിംരാജ്യമായി മാറിയ പാകിസ്ഥാന്റെ കൂടെ ചേരാതെ കശ്മീർ ഇന്ത്യക്കൊപ്പം ചേരുകയായിരുന്നു. വൈവിധ്യമാർന്ന സംസ്കാരവും മതനിരപേക്ഷ പാരമ്പര്യവും മുറുകെപ്പിടിച്ച ഇന്ത്യയിൽ പ്രത്യേക പദവിയും സ്വയംഭരണവും അന്നുതന്നെ ഉറപ്പുനൽകിയിരുന്നു. ഇത് ഭരണഘടനാപരമായ ബാധ്യതയുമാണ്. കശ്മീരിനെ ഇന്ത്യയോട്‌ ചേർത്ത്‌ നിർത്തിയതിൽ ഭരണഘടനാപരമായ ഈ ഉറപ്പ് പരമപ്രധാനം. ഈ പ്രത്യേക പദവിയും സ്വയംഭരണവും ഇല്ലാതാക്കാൻ കോൺഗ്രസ് ഭരണത്തിലടക്കം പലപ്പോഴും ശ്രമമുണ്ടായി. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് നിലകൊള്ളുന്ന ആർഎസ്എസിന് തുടക്കംമുതൽ ഈ ലക്ഷ്യമുണ്ട്.

 

എല്ലാ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കലാണ് പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കേന്ദ്ര സർക്കാർ ചെയ്തത്. താഴ്‌വരയിലെ രാഷ്ട്രീയനേതൃത്വത്തെ അപ്പാടെ തടവിലാക്കി. വാർത്താമാധ്യമങ്ങളുടെ പ്രവർത്തനം തടഞ്ഞു. ഇന്റർനെറ്റ് അടക്കം എല്ലാ വാർത്താവിനിമയ സൗകര്യങ്ങളും റദ്ദാക്കി. മുൻ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എംഎൽഎമാർ, പൗരാവകാശ പ്രവർത്തകർ എന്നിവരെയെല്ലാം തടവിലാക്കി. ഫോണിൽപ്പോലും ആർക്കും വർത്തമാനം പറയാൻ കഴിയാത്ത സ്ഥിതി. ഒരു വിവരവും ജനങ്ങൾ അറിയരുതെന്ന് ഉറപ്പാക്കുകയായിരുന്നു സർക്കാർ. ഒരു വർഷം പിന്നിടുമ്പോഴും സാധാരണ നിലയിലല്ല.

ഒട്ടേറെ നേതാക്കൾ ഇപ്പോഴും തടവിലാണ്. മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർടി (പിഡിപി) പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ കഴിഞ്ഞയാഴ്ച മൂന്നു മാസത്തേക്കുകൂടി നീട്ടി. ആരൊക്കെ, എവിടെയൊക്കെ തടവിലെന്ന് കശ്മീർ അധികൃതരോ കേന്ദ്ര സർക്കാരോ വെളിപ്പെടുത്തുന്നില്ല. നാഷണൽ കോൺഫറൻസിന്റെ 16 നേതാക്കളും പിഡിപിയുടെ എട്ട്‌ നേതാക്കളും തടങ്കലിലാണെന്ന് ആ പാർടികൾ പറയുന്നു. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ളയെയും ഒമർ അബ്ദുള്ളയെയും വിട്ടയച്ചത് അടുത്തിടെമാത്രം. തടങ്കലിലായിരുന്ന സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് ചികിത്സ കിട്ടാൻപോലും സുപ്രീംകോടതിയുടെ ഇടപെടൽ വേണ്ടിവന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്.

ജനങ്ങളെയാകെ തടവിലാക്കി ബിജെപിയുടെ അജൻഡ ഓരോന്നായി നടപ്പാക്കുന്നതാണ് തുടർന്നുള്ള ദിവസങ്ങളിൽ കണ്ടത്. ഈ കോവിഡ് കാലത്തും അത് തുടരുന്നു. മേയിൽ സ്ഥിരവാസ (ഡൊമിസൈൽ) സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. ജമ്മു കശ്മീർ നിവാസികളല്ലാത്തവർക്കും സ്ഥിരവാസ സർട്ടിഫിക്കറ്റ് നൽകുകയാണ്. പുറത്തുനിന്ന്‌ എത്തുന്നവർക്കും ജോലിയും സ്വത്തും സമ്പാദിക്കാൻ ഇതുവഴി സാധിക്കും. മുസ്ലിം ജനവിഭാഗം കൂടുതലുള്ള കശ്മീരിന്റെ ജനസംഖ്യാ ക്രമത്തിൽ  അടിമുടി മാറ്റംവരുത്തുകയാണ് ലക്ഷ്യം.

 

ഭരണഘടനയിലെ 370–--ാം അനുച്ഛേദം  കശ്‌മീരിലെ ഭീകരപ്രവർത്തനത്തിന്റെ അടിവേരെന്നാണ് പ്രത്യേക പദവി റദ്ദാക്കിയതിന് ന്യായമായി ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. പ്രത്യേകപദവി കശ്മീരിന്റെ പുരോഗതിക്ക് തടസ്സമാണെന്നും പറഞ്ഞിരുന്നു. രണ്ടു വാദവും വസ്തുതകൾക്ക് നിരക്കുന്നതല്ല. 370–--ാം അനുച്ഛേദം  റദ്ദാക്കിയശേഷം ഭീകരപ്രവർത്തനവും സംഘർഷവും കുറഞ്ഞിട്ടില്ല. താഴ്‌വരയുടെ സാമൂഹ്യ-–-സാമ്പത്തിക പുരോഗതിയിൽ ഒരു മാറ്റവും വന്നിട്ടുമില്ല. ഈ വർഷം ആദ്യ ആറുമാസത്തിനകംതന്നെ 107 സംഭവത്തിൽ 229 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി വീടും തകർത്തു. സുരക്ഷാസേനയും ഭീകരരും തമ്മിൽ ഒട്ടേറെ ഏറ്റുമുട്ടലുമുണ്ടായി. പാക് അതിർത്തിയും ശാന്തമല്ല.

താഴ്‌വരയിൽ സമാധാനം കൈവരിക്കുമെന്ന സർക്കാരിന്റെ അവകാശവാദത്തിൽ ഒരു കഴമ്പുമില്ലെന്ന് ചുരുക്കം. ഈ ഒരു വർഷം സമ്പദ് വ്യവസ്ഥയ്‌ക്ക് 40,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ചൂണ്ടിക്കാട്ടിയതും ഇതോടൊപ്പം അറിയേണ്ട കാര്യം. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ പോയി. ഭീകര സംഘടനകളോടൊപ്പം ചേരുന്ന അഭ്യസ്തവിദ്യരായ യുവാക്കളുടെ എണ്ണവും കൂടിയെന്നാണ് റിപ്പോർട്ടുകൾ. വാസ്തവത്തിൽ, താഴ്‌വരയിലെ ജനങ്ങളുടെ ഭാവി അപകടത്തിലായിരിക്കുന്നു. അതുകൊണ്ട്, കശ്മീരിലെ ഇന്നത്തെ സ്ഥിതിക്ക് അറുതിവരുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. അതിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കണം. തടവിലുള്ള നേതാക്കളെയെല്ലാം വിട്ടയക്കണം.

 


 

ഇക്കാര്യത്തിലൊക്കെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർടിയായ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടും ചർച്ച ചെയ്യേണ്ടതുണ്ട്. മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയാൻ ഒത്താശചെയ്തതുപോലെ കശ്മീർവിഷയത്തിലും കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ്‌ കോൺഗ്രസിലെ പലരും സ്വീകരിച്ചത്. ഹിന്ദുത്വരാഷ്ട്രീയത്തെ പ്രത്യക്ഷമായും പരോക്ഷമായും അവർ അനുകൂലിക്കുന്നു. സ്വാതന്ത്ര്യസമര കാലത്തുതന്നെ കോൺഗ്രസിൽ ഈ നിലപാട്‌ സ്വീകരിച്ചവരുണ്ട്. ഹിന്ദ് ഹിന്ദി -ഹിന്ദു മുദ്രാവാക്യം മുഴക്കിയ മദൻ മോഹൻ മാളവ്യയും മറ്റും ഉദാഹരണം. ഇപ്പോഴും അത്തരം നിലപാട് കോൺഗ്രസിൽ പലരും സ്വീകരിക്കുന്നതാണ് രാജ്യം കാണുന്നത്.

മാനവ സാഹോദര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു നിലപാടാണ് ഇന്ത്യക്ക് വേണ്ടത്. അങ്ങനെയൊരു സാഹചര്യമുണ്ടാകണമെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ, പ്രതിലോമ രാഷ്ട്രീയത്തെ മുഖാമുഖം എതിർക്കുന്ന ധീരമായ നിലപാടുകളും ചെറുത്തുനില്പുകളും വേണം. ആ പോരാട്ടത്തിനായി മുന്നിൽനിൽക്കുകയാണ്, കാലം ഓരോ ഇന്ത്യക്കാരനോടും ആവശ്യപ്പെടുന്ന കടമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top