25 April Thursday

ജനാധിപത്യം ഇനി എത്രനാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

അമിതാധികാര വാഴ്‌ചയുടെ അപകടകരമായ അരങ്ങേറ്റമാണ്‌ ഇന്ത്യയിൽ നടക്കുന്നത്‌. ജനാധിപത്യം ഇനി എത്രനാൾ എന്ന ചോദ്യമാണ്‌ മുഴങ്ങുന്നത്‌. ജമ്മു കശ്‌മീരിനെ എഴുപതാണ്ട്‌ സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി നിലനിർത്തിയ ഭരണഘടനയുടെ 370 –-ാം  അനുച്ഛേദം അട്ടിമറിച്ച ബിജെപി സർക്കാരിന്റെ നടപടി രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കിയിരിക്കുന്നു. ഈ അതിർത്തി സംസ്ഥാനത്തെ രണ്ടാക്കി വെട്ടിമുറിക്കാനും കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാക്കാനുമുള്ള ബില്ലും പാസാക്കി. ഇവിടത്തെ ജനങ്ങൾ അനുഭവിച്ചുവന്ന പ്രത്യേക ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ  35എ  വകുപ്പും എടുത്തുകളഞ്ഞു. കശ്‌മീർ ജനതയേയും രാജ്യത്തേയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ  ഈ തീരുമാനത്തിന്‌ പിന്നിൽ ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജൻഡ മാത്രമാണുള്ളത്‌.

കശ്‌മീരിൽ ഭീകരാക്രമണവും പാകിസ്ഥാൻ അധിനിവേശവും ആസന്നമാണെന്ന ഭീതി സൃഷ്‌ടിച്ച്‌ സൈനികരെ കുത്തിനിറച്ചശേഷമാണ്‌ ഈ  രാഷ്‌ട്രീയനീക്കം.  കർഫ്യു പ്രഖ്യാപിച്ച്‌ പ്രതിപക്ഷ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. ഫോണും ഇന്റർനെറ്റും നിശ്ചലമാണ്‌.  ഈ കശ്‌മീർ മോഡൽ അവിടെമാത്രം ഒതുങ്ങുമെന്ന്‌ കരുതാനാകില്ല.  ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും  ഫെഡറലിസവും  ബഹുസ്വരതയും ബലികഴിച്ച്‌ ഏകാധിപത്യ വാഴ്‌ചയിലേക്ക്‌ രാജ്യത്തെ മോഡിഭരണം നയിക്കുമെന്ന ഭീതിയാണ്‌ വളരുന്നത്‌. ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്ന കശ്‌മീർവിഷയം ഒരുതരത്തിലുള്ള കൂടിയാലോചനയും ഇല്ലാതെ  സ്വേച്ഛാപരമായി തിടുക്കത്തിൽ നടപ്പാക്കുമ്പോൾ കൊലചെയ്യപ്പെടുന്നത്‌ ജനാധിപത്യം തന്നെയാണ്‌.

മുസ്ലിംവിരോധം പടർത്തി ഹിന്ദുത്വചിന്തയെ ബലപ്പെടുത്താനുള്ള പദ്ധതികളാണ്‌ മോഡിസർക്കാർ  പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്നത്‌. ബിജെപിയുടെ പ്രകടനപത്രികയിലടക്കം ഇത്‌ മറയില്ലാതെ പ്രഖ്യാപിച്ചിരുന്നു. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, രാമക്ഷേത്രം നിർമിക്കുക, ഏകീകൃത സിവിൽ കോഡ്‌ നടപ്പാക്കുക തുടങ്ങിയ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ  അടിയന്തര പ്രാധാന്യത്തോടെയാണ്‌ സർക്കാർ  കൈകാര്യം ചെയ്യുന്നത്‌. ഭാര്യയെ  ഉപേക്ഷിക്കുന്ന മുസ്ലിം പുരുഷന്മാർക്ക്‌ തടവുശിക്ഷ നൽകുന്ന മുത്തലാഖ്‌ ബിൽ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ്‌ കശ്‌മീർ അജൻഡ മോഡി സർക്കാർ പുറത്തെടുത്തത്‌. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനുള്ള ബില്ലുകളും  ഇതിനിടയിൽ കൊണ്ടുവന്നു.

എന്തിന്‌ കശ്‌മീരിന്‌ പ്രത്യേക പദവി, എല്ലാവ്യക്തികൾക്കും ഒരേ നിയമമല്ലേ വേണ്ടത്‌ തുടങ്ങിയ ലളിതയുക്തികൾ ഉയർത്തിയാണ്‌ ബിജെപി വിഭാഗിയ അജൻഡകൾ നടപ്പാക്കുന്നത്‌. ജമ്മു കശ്‌മീർ മാത്രമല്ല, പ്രത്യേക ഭരണഘടനാ പരിരക്ഷ അനുഭവിക്കുന്ന സംസ്ഥാനമെന്നത്‌ ഇവർ സൗകര്യപൂർവം വിസ്‌മരിക്കുന്നു. 371 –-ാം അനുച്ഛേദത്തിന്റെ വിവിധ വകുപ്പുകൾപ്രകാരം മഹാരാഷ്‌ട്രയും ഗുജറാത്തുമടക്കം വിവിധ സംസ്ഥാനങ്ങൾക്ക്‌ വിവിധ വിഷയങ്ങളിൽ പ്രത്യേക പരിരക്ഷ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്‌. കശ്‌മീരിന്‌ ഭരണഘടനാ പരിരക്ഷ കൈവന്ന സാഹചര്യവും വിലയിരുത്തപ്പെടേണ്ടതുണ്ട്‌. സ്വാതന്ത്ര്യവും വിഭജനവും യാഥാർഥ്യമായ ഘട്ടത്തിൽ മുസ്ലിം ഭൂരിപക്ഷ  പ്രദേശമായിട്ടും പാകിസ്ഥാനൊപ്പം പോകാത്ത കശ്‌മീർ ജനതയെ  ഇന്ത്യൻ യൂണിയനിൽ  നിലനിർത്താൻ മഹാരാജാ ഹരി സിങ്‌ ഉണ്ടാക്കിയ കരാറാണ്‌ പ്രത്യേക പദവിക്ക്‌ ആധാരം. മറ്റ്‌ ചില സംസ്ഥാനങ്ങളിലും വിവിധ ജനവിഭാഗങ്ങൾ പ്രത്യേക പരിരക്ഷ അനുഭവിക്കുന്നുണ്ടെങ്കിലും  കശ്‌മീരിന്റെ ഭരണഘടനാ പദവിമാത്രം പാകിസ്ഥാനുമായി  ചേർത്തുവച്ച്‌ വിവാദമാക്കാൻ തൽപ്പരകക്ഷികൾ പരിശ്രമിച്ചു. ഇതിലൂടെ രൂപപ്പെട്ട അന്യവൽക്കരണവും വിശ്വാസ രാഹിത്യവുമാണ്‌ കശ്‌മീർ ജനതയിൽ മുറിവുകളുണ്ടാക്കിയത്‌. ഭീകരപ്രവർത്തനം ഉള്ളിൽനിന്നായാലും അതിർത്തികടന്നുള്ളതായാലും നേരിടുകതന്നെ വേണം. എന്നാൽ, ഭീകരപ്രവർത്തനത്തിന്റെ പേരിൽ ജനങ്ങളെയാകെ ശത്രുക്കളായി കാണുന്ന നടപടിയാണ്‌ ബിജെപി ഭരണത്തിൽനിന്ന്‌ ഉണ്ടാകുന്നത്‌.

പ്രതിരോധം, വിദേശം, ധനം, വാർത്താവിനിമയം ഒഴികെ  പാർലമെന്റ്‌  പാസാക്കുന്ന നിയമങ്ങൾ നിയമസഭയുടെ  അംഗീകാരത്തോടെ മാത്രമേ ജമ്മു കശ്‌മീരിൽ  നടപ്പാക്കാനാകൂ എന്നതാണ്‌  അനുച്ഛേദം  370 ന്റെ കാതൽ.  അനുച്ഛേദം 35എ പ്രകാരം സ്വത്ത്‌, സർക്കാർ ജോലി എന്നിവയിൽ കശ്‌മീരിലെ  സ്ഥിരതാമസക്കാർക്ക്‌  പ്രത്യേക സംരക്ഷണവും ലഭിച്ചു. ഫെഡറൽ സത്തയ്‌ക്ക്‌ വിരുദ്ധമായ പല വ്യവസ്ഥകളും പലപ്പോഴായി നീക്കം ചെയ്‌തതുകൊണ്ടുതന്നെ നിലവിൽ കശ്‌മീരിന്റെ പ്രത്യേക പദവിക്ക്‌ ഒരു ജനവിഭാഗത്തിന്റെ സ്വയംഭരണാവകാശത്തിന്‌ അപ്പുറമുള്ള മാനമൊന്നുമില്ല. അതിനെ  കശ്‌മീരിന്റെ അശാന്തിയുമായി ബന്ധപ്പെടുത്തുന്നത്‌ തീർത്തും രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. സ്വതന്ത്രമായ രാഷ്‌ട്രീയ പ്രക്രിയവഴി ജനാധിപത്യഭരണം നിലനിർത്തുന്നതിനുപകരം അവസരവാദ കൂട്ടുകെട്ടുകളിലൂടെ അധികാരം പങ്കുവയ്‌ക്കുന്നതിന്‌ പ്രധാന കക്ഷികളായ നാഷണൻ കോൺഫ്രൻസും പിഡിപിയും തയ്യാറായത്‌ താഴ്‌വരയിലെ സ്ഥിതിഗതികൾ വഷളാക്കി. ഇക്കാര്യത്തിൽ കോൺഗ്രസിന്റെതും കുറ്റകരമായ അനാസ്ഥതന്നെ. ഏറ്റവുമൊടുവിൽ ബിജെപിയുമായി അധികാരം പങ്കുവയ്‌ക്കാൻ പിഡിപി തയ്യാറായതും കശ്‌മീരിൽ ഇടപെടാൻ കേന്ദ്രത്തിന്‌ കൂടുതൽ അവസരം ഒരുക്കി. പാകിസ്ഥാന്റെ നേരിട്ടുള്ള സഹായം ലഭിക്കുന്ന ഛിദ്രശക്തികൾക്ക്‌ എന്നും സഹായകമായിട്ടുള്ളത്‌ സംസ്ഥാനത്തെ രാഷ്‌ട്രീയ അസ്ഥിരതയും സൈനിക അതിക്രമങ്ങളും കേന്ദ്രഭരണവുമാണ്‌. ഭീകരവാദത്തിന്റെ വേരറുത്ത്‌ യുവജനങ്ങളെ ജനാധിപത്യപാതയിൽ അണിനിരത്തുന്നതിൽ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും മുൻ എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയും പാർടി സംസ്ഥാനകമ്മിറ്റിയും ദീർഘകാലമായി തുടരുന്ന  ഇടപെടലുകൾ  എടുത്തുപറയേണ്ടതാണ്‌.

ജനങ്ങളെ വിശ്വാസത്തിലെടുത്തും  മതനിരപേക്ഷതയെ വിലമതിച്ചുംമാത്രമേ കശ്‌മീരിന്റെ മുറിവുണക്കാനാകുകയുള്ളൂ. എന്നാൽ, പ്രത്യേക പരിഗണനകൾ എടുത്തുകളയാനുള്ള ഇപ്പോഴത്തെ തീരുമാനം കടുത്ത പ്രത്യാഘാതത്തിലേക്കായിരിക്കും സംസ്ഥാനത്തെ നയിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top