09 February Thursday

അർമേനിയ അസർബൈജാൻ സമാധാനപാത

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


റഷ്യയുടെ മധ്യസ്ഥതയിൽ വെള്ളിയാഴ്‌ച മോസ്‌കോയിൽ നടന്ന ചർച്ചയിലാണ്‌ മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകളായ അർമേനിയയും അസർബൈജാനും തമ്മിൽ രണ്ടാഴ്‌ചയായി തുടരുന്ന യുദ്ധത്തിന്‌ താൽക്കാലിക വിരാമമായത്‌. അസർബൈജാന്റെ ഭാഗമാണെങ്കിലും അർമേനിയയുടെ നിയന്ത്രണത്തിലുള്ള നഗോർണോ കാരബാഖ്‌ പ്രവിശ്യയെ ചൊല്ലിയാണ്‌ ഇരുരാജ്യവും ഏറ്റുമുട്ടിയത്‌. മാർച്ചിൽത്തന്നെ സംഘർഷം തുടങ്ങിയിരുന്നുവെങ്കിലും കോവിഡ്‌  മഹാമാരി പടർന്നുപിടിച്ചതിനാലാണ്‌ അതിൽ അയവ്‌ വന്നത്‌‌. ‌

റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവിന്റെ മധ്യസ്ഥതയിൽ മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകളുടെ വിദേശമന്ത്രിമാരുടെ യോഗത്തിൽവച്ചാണ്‌ വെടിനിർത്തൽ കരാറിലെത്തിയത്‌. ശനിയാഴ്ചയോടെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന വെടിനിർത്തൽ  ലംഘിച്ചുവെന്നാണ്‌ ഇരുരാഷ്ട്രവും ഇപ്പോൾ പരസ്‌പരം ആരോപിക്കുന്നത്‌. വടക്കുകിഴക്കൻ അർമേനിയയിലെ കപാൻ പട്ടണത്തിനുനേരെ ആക്രമണമുണ്ടായി എന്ന്‌ അർമേനിയ പരാതിപ്പെടുമ്പോൾ അസർബൈജാനിലെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിൽ ആക്രമണമുണ്ടായതായി അസർബൈജാനും ആരോപിക്കുന്നു. സെപ്‌തംബർ 27ന്‌‌ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതിനകംതന്നെ ആയിരത്തോളം പേർക്ക്‌ ജീവഹാനി സംഭവിച്ചിട്ടുണ്ട്‌. വെടിനിർത്തൽ ഫലം കണ്ടില്ലെങ്കിൽ അത്‌ വലിയ ദുരന്തത്തിലേക്ക്‌ നയിക്കും.

മലനിരകളാൽ നിബിഢമായ നഗോർണോ കാരബാഖ്‌ എന്ന പ്രദേശത്തെ ചൊല്ലിയാണ്‌ ദക്ഷിണ കാക്കസസ്‌ മേഖലയിലെ അർമേനിയയും അസർബൈജാനും തമ്മിൽ തർക്കമുള്ളത്‌. സോവിയറ്റ്‌ കാലത്താണ്‌ ഈ പ്രവിശ്യ അസർബൈജാന്റെ ഭാഗമാകുന്നത്‌. എന്നാൽ, ഈ പ്രവിശ്യയിലെ ഒന്നരലക്ഷത്തോളം ജനങ്ങളിൽ 90 ശതമാനവും അർമേനിയൻ വംശജരാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ച തുടങ്ങിയതോടെ സങ്കുചിത ദേശീയബോധവും മറ്റും കുത്തിയിളക്കപ്പെട്ടു. സോവിയറ്റ്‌ യൂണിയൻ ദുർബലമായിക്കൊണ്ടിരുന്ന 1988ലാണ്‌ നഗോർണോ കാരബാഖ്‌ പ്രവിശ്യാ അസംബ്ലി സ്വയംഭരണം റദ്ദാക്കി അർമേനിയയുടെ ഭാഗമാകാൻ തീരുമാനിച്ചത്‌. ഇതിനെ അസർബൈജാൻ ജനത ശക്തമായി എതിർത്തു. മൂന്ന്‌ വർഷത്തിനുശേഷമാണ്‌ അർമേനിയയും അസർബൈജാനും സ്വതന്ത്രരാഷ്ട്രങ്ങളായത്‌. അതോടെ നഗോർണോ കാരബാഖിനെച്ചൊല്ലി മൂന്ന്‌ വർഷംനീണ്ട യുദ്ധവുമുണ്ടായി. 1994ൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഒരു സമാധാനസന്ധി ഒപ്പിട്ടിരുന്നില്ല. ഈ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള റഷ്യക്കും മറ്റ്‌  യൂറോപ്യൻ യൂണിയൻ ശക്തികൾക്കും ഇരുരാഷ്ട്രത്തെയും ശാശ്വതസമാധാനത്തിലേക്ക്‌ നയിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ്‌ ഇപ്പോഴത്തെ സംഘർഷം.


 

മധ്യപൗരസ്‌ത്യ ദേശത്തും കാക്കസസ്‌‌ മേഖലയിലും മാറിവരുന്ന ശാക്തിക ബലാബലത്തിന്റെ പ്രതിഫലനംകൂടിയാണ്‌ ഈ സംഘർഷം. അർമേനിയയുമായി റഷ്യക്ക്‌ അടുത്ത ബന്ധമാണുള്ളത്‌. ഇരുരാഷ്ട്രവും തമ്മിൽ സുരക്ഷാസന്ധി ഉണ്ടെന്ന്‌ മാത്രമല്ല റഷ്യക്ക്‌ സൈനികത്താവളവുമുണ്ട്‌ അർമേനിയയിൽ. അർമേനിയക്ക്‌ ആവശ്യമായ എണ്ണയും വാതകവും നൽകുന്നതും റഷ്യതന്നെ. അതുകൊണ്ടുതന്നെ അർമേനിയയെ കൈവിടാൻ റഷ്യക്കാകില്ല. അസർബൈജാനുമായും റഷ്യക്ക്‌ മോശമല്ലാത്ത ബന്ധം തന്നെയാണുള്ളത്‌. എന്നാൽ, തുർക്കിയാണ്‌ ആ രാഷ്ട്രവുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നത്‌.

മേഖലയിൽ വർധിച്ചുവരുന്ന അമേരിക്കൻ –-ഇസ്രയേൽ സ്വാധീനം ഒരുപോലെ തുർക്കിയെയും ഇറാനെയും റഷ്യയെയും അസ്വസ്ഥമാക്കുന്നുണ്ട്. ജോർജിയക്കും ഉക്രെയിനിനും പിറകെ 2018ലെ വർണ വിപ്ലവത്തിലൂടെയാണ്‌ അർമേനിയയിൽ നികോൾ പഷീനിയൻ പ്രധാനമന്ത്രിയായത്‌‌. അമേരിക്കയും ഇസ്രയേലുമായി അടുത്ത ബന്ധമാണ്‌ പഷീനിയൻ സ്ഥാപിച്ചുവരുന്നത്‌. ബെലാറസിലെ ഇപ്പോഴത്തെ ഭരണമാറ്റനീക്കത്തിന്‌ പിറകിലും പഷീനിയന്റെ കൈകളുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്‌. സിറിയയിലും ലിബിയയിലും എന്നപോലെ അർമേനിയൻ–- അസർബൈജാൻ തർക്കത്തിലും റഷ്യയും തുർക്കിയും ഇരുപക്ഷത്താണ്‌. യൂറോപ്യൻ യൂണിയനിലും ഏകാഭിപ്രായമല്ല ഉള്ളത്‌. ഫ്രാൻസ്‌ തുർക്കിക്കെതിരെ രംഗത്ത്‌ വന്നപ്പോൾ ജർമനി തുർക്കിയെ പിന്തുണയ്‌ക്കുന്ന പ്രസ്‌താവനയാണ്‌ നടത്തിയിട്ടുള്ളത്‌.

ഈയൊരു പശ്ചാത്തലത്തിലാണ്‌ മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തുർക്കി അസർബൈജാന്‌ സഹായവുമായി രംഗത്തുവന്നിട്ടുള്ളത്‌. സിറിയയിലും ലിബിയയിലും വിന്യസിച്ച സൈനികരെ തുർക്കി അസർബൈജാനിലേക്ക്‌ മാറ്റിയതായും വാർത്തയുണ്ട്‌. നഗോർണോ കാരബാഖ്‌ പ്രവിശ്യ വിട്ടുകിട്ടുന്നതുവരെ യുദ്ധം ചെയ്യണമെന്ന പക്ഷത്താണ്‌ തുർക്കി. എന്നാൽ, സംഘർഷം മൂർച്ഛിക്കുന്നതിൽ ഇറാനും റഷ്യക്കും താൽപ്പര്യമില്ല. ഇരുരാഷ്ട്രവുമായി റഷ്യയും ഇറാനും നിരന്തര സമ്പർക്കത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ വെടിനിർത്തൽ കരാറിലെത്തിയിട്ടുള്ളത്‌. അത്‌ നിലനിർത്താനും മേഖലയിൽ സംഘർഷം ലഘൂകരിക്കാനും ബന്ധപ്പെട്ട എല്ലാ രാഷ്ട്രവും തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം. കോവിഡ്‌ കാലത്ത്‌ ഒരു യുദ്ധം കൂടി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്‌ മനുഷ്യത്വരഹിതമാണ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top