26 April Friday

തമിഴ്‌നാട്ടിലെ ‘ഗെറ്റൗട്ട്‌ ഗവർണർ’ ക്യാമ്പയിനും ആരിഫ്‌ ഖാന്റെ കത്തും

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022


വീണ്ടുമൊരു ‘വിമോചന’സമരം വേണ്ടിവരുമെന്ന്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ വലിച്ച്‌ താഴെയിടുമെന്ന്‌ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരു പ്രസ്‌താവനകൾക്കും ഒരേ സ്വരമാണ്‌.  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ  ഉപയോഗിച്ചുള്ള ഇടപെടൽമുതൽ വിഴിഞ്ഞം കലാപനീക്കംവരെ മനസ്സിൽവച്ചാണ്‌ ചിലർ ‘വിമോചന’ സമരകാലം സ്വപ്‌നം കാണുന്നത്‌. അതിന്റെ തെളിവാണ്‌ ഒരേ ചിന്തയുള്ള രണ്ടു നേതാക്കൾ നടത്തിയ ആഗ്രഹപ്രകടനങ്ങൾ. തമിഴ്നാട്ടിലും ഗവർണറെ ഉപയോഗിച്ചുള്ള കരുനീക്കങ്ങളും കളിയും തുടരുകയാണ്. ഗവർണർ ആർ എൻ രവി സമാധാനാന്തരീക്ഷത്തിന്‌  തുരങ്കംവയ്ക്കുന്നെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിനുതന്നെ പറയേണ്ടിവന്നു. കർത്തവ്യം മറന്ന്‌ അട്ടിമറിക്ക്‌ പശ്ചാത്തലമൊരുക്കുന്ന ഗവർണറെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രാഷ്ട്രപതിക്ക് കത്ത് നൽകുകയുമുണ്ടായി.  ഗവർണർമാരെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിച്ച് സംസ്ഥാനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തതിനു പിന്നാലെ രവിയെ നീക്കണമെന്ന് ആവശ്യപ്പെട്ട്  സ്റ്റാലിനും രാഷ്ട്രപതിക്ക്‌  കത്തയച്ചു. ഡിഎംകെ  നേതൃത്വത്തിലുള്ള ജനാധിപത്യ മതനിരപേക്ഷ മുന്നണിയിലെ എല്ലാ എംഎൽഎമാരും അതിൽ ഒപ്പുവച്ചിരുന്നു.

വൈസ്‌ ചാൻസലർ നിയമനാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ ഏപ്രിലിൽ പാസാക്കി ഗവർണർ ആർ എൻ രവിക്ക്‌ അയച്ചതാണ്. അത്‌ മാറ്റിവച്ച അദ്ദേഹം അളഗപ്പ, മനോൻമണിയം സുന്ദരനാർ, തിരുവള്ളുവർ സർവകലാശാലകളിൽ തന്നിഷ്ട പ്രകാരം വിസിമാരെ തിരുകിക്കയറ്റി നിയമസഭയെപ്പോലും വെല്ലുവിളിച്ചു.  ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വൈസ് ചാൻസലർമാരെ തീരുമാനിക്കാനാകാത്ത സ്ഥിതി സർവകലാശാലകളിൽ ഭരണസ്‌തംഭനത്തിന്‌ കാരണമാകുന്നത്‌  ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് സ്റ്റാലിൻ പറ‌ഞ്ഞത്. 21 ബില്ലുകളിൽ ഒപ്പിടാതെ  ഗവർണർ സംസ്ഥാന ഭരണത്തെ വീർപ്പുമുട്ടിക്കുകയാണ്‌. ഓൺലൈൻ റമ്മി നിരോധനം അടക്കമുള്ള ബില്ലുകളും ഓർഡിനൻസുകളും  പിടിച്ചുവച്ചവയിൽപ്പെടും. ഓൺലൈൻ റമ്മി സ്ഥാപനങ്ങളിൽനിന്ന്‌ വൻ കോഴ കൈപ്പറ്റിയതിനാലാണ്‌ ഒളിച്ചുകളിയെന്ന വാർത്തകളും വന്നുകഴിഞ്ഞു. ഗവർണറെ  സന്ദർശിച്ച  മുഖ്യമന്ത്രി, ഭരണഘടനയുടെ ആത്മാവും തമിഴ്നാട്ടിലെ ജനങ്ങളുടെ ഇച്ഛയും സംരക്ഷിക്കാൻ ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. മധുര കാമരാജ് സർവകലാശാലാ ബിരുദദാന ചടങ്ങ് ഗവർണർ രാഷ്ട്രീയവൽക്കരിച്ചതിനാൽ ഉന്നതവിദ്യാഭ്യാസ മന്ത്രി  കെ പൊന്മുടി ബഹിഷ്കരിക്കുകയും ചെയ്‌തു. തമിഴ്‌നാട്ടിലെ ജനാധിപത്യ പാർടികൾ പുതിയ സമരമുഖം തുറന്നിരിക്കയാണ്‌. ബില്ലുകൾ ഒപ്പിടാത്ത ഗവർണറുടെ ധിക്കാരത്തിനെതിരെ ‘ഗെറ്റൗട്ട്‌  രവി’ ക്യാമ്പയിൻ തുടങ്ങിക്കഴിഞ്ഞു.

ഏറെ കോളിളക്കമുണ്ടാക്കിയ കുഴൽപ്പണ‐ ക്രിമിനൽ കേസുകൾ ഒതുക്കാൻ കത്തയച്ച ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഗവർണർ സ്ഥാനത്ത്‌ തുടരുന്നത്‌ ധാർമികതയോടുള്ള വെല്ലുവിളിയാണ്‌. നാണംകെട്ടും  ചടഞ്ഞുകൂടാതെ  രാജിവച്ചൊഴിയേണ്ട  കുറ്റമല്ലേ  അത്‌.  കൊടകര കള്ളപ്പണ ഇടപാട്‌  ഉൾപ്പെടെ ഉന്നത ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കേസുകളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക്‌  അയച്ച  കത്ത് തീർത്തും അസ്വാഭാവികവും അമ്പരപ്പിക്കുന്നതുമാണ്.  നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ സ്ഥാനാർഥിയെ  തട്ടിക്കൊണ്ടുപോകൽ അടക്കം കെ സുരേന്ദ്രൻ ഉൾപ്പെടെ  പ്രതിയായ കേസുകളാണ് അട്ടിമറിക്കാൻ ശ്രമിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നുപോലും മുഖവിലയ്‌ക്കെടുക്കാതെ ക്രിമിനലുകൾക്കായി മുഖ്യമന്ത്രിക്ക് കത്തയച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി  മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. കള്ളപ്പണ ഇടപാടുകൾ  ഉൾപ്പെടുന്ന രാജ്യദ്രോഹക്കേസുകൾ അട്ടിമറിക്കാനാണ് ആരിഫ്‌ മൊഹമ്മദ് ഖാൻ  പദവി ദുരുപയോഗം ചെയ്‌തത്. ബിജെപിയുടെ ചട്ടുകമായി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണർ രാജ്ഭവനെ ആർഎസ്‌എസ്‌ കാര്യാലയമായി അധഃപതപ്പിക്കുകയാണ്. അത്തരമൊരാൾ ഉടൻ പദവിയൊഴിഞ്ഞ്‌ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top