18 April Thursday

നിലമറന്ന്‌ ഗവർണർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2022


ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നടപടികളും പ്രതികരണങ്ങളും നിയമപരവും യുക്തിസഹവും അല്ലാതായിട്ട്‌ കുറച്ചുകാലമായി. സർക്കാരിനോട്‌ നിരന്തരം ഏറ്റുമുട്ടുക, ഭരണപരമായ കാര്യങ്ങളിൽ ഇടങ്കോലിടുക –- ഇതായിരുന്നു അദ്ദേഹത്തിന്റെ ചെയ്‌തി. ഇപ്പോൾ സാമാന്യബോധംപോലും നഷ്‌ടപ്പെട്ട നിലയിലായി രാജ്‌ഭവനിൽനിന്നുള്ള പ്രതികരണം. ഗവർണർക്കുവേണ്ടി ഔദ്യോഗിക അക്കൗണ്ടിൽ രാജ്‌ഭവൻ പിആർഒ ചെയ്‌ത ട്വീറ്റ്‌ കടുത്ത ഭീഷണിയാണ്‌. ‘മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ, ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകളുണ്ടായാൽ മന്ത്രിസ്ഥാനം റദ്ദാക്കും’. ​അത്യസാധാരണവും രേഖാമൂലമുള്ളതുമായ ഈ പരസ്യപ്രതികരണത്തെ അപലപിച്ച്‌ നിയമജ്ഞരും രാഷ്‌ട്രീയ നിരീക്ഷകരും രംഗത്തുവന്നു.
ഗവർണറുടെ അമിതാധികാര പ്രയോഗങ്ങൾക്ക്‌ ഭരണഘടനാ വകുപ്പുകളുടെയോ ചട്ടങ്ങളുടെയോ കീഴ്‌വഴക്കങ്ങളുടെയോ പിൻബലമില്ലെന്ന്‌ എല്ലാവരും വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ഭരണഘടനാതലവനായ ഗവർണർ പ്രവർത്തിക്കേണ്ടത്‌ മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണെന്ന്‌ ആർട്ടിക്കിൾ 163(1) അർഥശങ്കയ്‌ക്ക്‌ ഇടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്‌. സ്വമേധയാ പ്രവർത്തിക്കാൻ ഗവർണർക്ക്‌ അവസരമുണ്ടാകുന്നത്‌ മന്ത്രിസഭ നിലവിലില്ലാതെ, ഭരണഘടനാദത്തമായ ചുമതലയുള്ളപ്പോൾ മാത്രമാണ്‌. ആർട്ടിക്കിൾ 164 (1) പ്രകാരം, മുഖ്യമന്ത്രിയുടെ ഉപദേശമാണ്‌ മന്ത്രിമാരുടെ നിയമനത്തിന്‌ ആധാരം. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ കാര്യത്തിലുള്ള ഗവർണറുടെ പ്രീതി എന്നത്‌ മുഖ്യമന്ത്രിയുടെ ഉപദേശം മാത്രമാണ്‌. മന്ത്രിമാരിൽ മുഖ്യമന്ത്രി അവിശ്വാസം  അറിയിച്ചാൽ മാത്രമേ ഗവർണർക്ക്‌ അപ്രീതി ഉണ്ടാകേണ്ടതുള്ളൂ. മന്ത്രിസഭയ്‌ക്ക്‌ നിയമസഭയോടാണ്‌ കൂട്ടുത്തരവാദിത്വമെന്ന്‌ 164(2) വ്യക്തമാക്കുന്നു. സുപ്രീം കോടതി നിരവധി കേസുകളിൽ ഇതു ശരിവച്ചിട്ടുണ്ട്‌.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന പാർടിയുടെയോ മുന്നണിയുടെയോ സഭാനേതാവിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയും സത്യപ്രതിജ്ഞ ചെയ്യിക്കുകയുമാണ്‌ ഗവർണറുടെ ചുമതല. ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭയെ അധികാരത്തിലേറ്റിയ ഗവർണർമാരുടെ തെറ്റായ നടപടി നീതിപീഠം ഇടപെട്ട്‌ തിരുത്തിയ സംഭവം കേന്ദ്രത്തിൽ ബിജെപി ഭരണം വന്നശേഷം പലതവണ ഉണ്ടായി. പല സംസ്ഥാനങ്ങളിലും സർക്കാരുകളെ അട്ടിമറിക്കാൻ ഗവർണർമാർ ഒത്താശ ചെയ്യുന്നു. ഇതൊന്നും സാധ്യമാകാത്ത ഇടങ്ങളിൽ ഗവർണർമാർ ഭരണപ്രതിസന്ധിയുണ്ടാക്കുന്നു. ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടാതിരിക്കുക, ഭരണനടപടികളിൽ ഇടപെടുക, സർവകലാശാലകളെ രാഷ്‌ട്രീയവേദിയാക്കുക, രാജ്‌ഭവനുകൾ ആർഎസ്‌എസ്‌ കേന്ദ്രമാക്കുക, ആഡംബര ജീവിതത്തിന്‌ സർക്കാരിൽ സമ്മർദം ചെലുത്തുക, രാഷ്‌ട്രീയ പ്രസ്‌താവനകൾ നടത്തുക തുടങ്ങിയവയാണ്‌ കേന്ദ്ര പ്രതിപുരുഷൻമാരായ ഗവർണർമാരുടെ വിക്രിയകൾ. ഇത്തരക്കാരെ രാഷ്‌ട്രീയമായി നേരിടുന്നതാണ്‌ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കണ്ടത്‌. പലയിടത്തും സർവകലാശാല ചാൻസലർ പദവി ഗവർണറിൽനിന്ന്‌ മാറ്റി നിയമനിർമാണം നടത്തി.

നയപ്രഖ്യാപനം വായിക്കില്ലെന്നതടക്കം ഒട്ടേറെ വിവാദങ്ങൾ സൃഷ്‌ടിക്കുകയും പിൻമാറുകയും ചെയ്‌തായിരുന്നു ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ അരങ്ങേറ്റം. തുടർച്ചയായി സർക്കാരിന്റെയും സർവകലാശാലകളുടെയും പ്രവർത്തനങ്ങളിൽ തടസ്സങ്ങളുണ്ടാക്കി. പിന്നീട്‌ വൈസ്‌ചാൻസലർ മുതൽ അസി. പ്രൊഫസർവരെ നിയമനങ്ങളിൽ ബിജെപി നോമിനികളെ തിരുകിക്കയറ്റാൻ ശ്രമം തുടങ്ങി. സർവകലാശാലകൾ നീതിപൂർവം മുന്നോട്ടുപോയപ്പോൾ നിയമം ദുർവ്യാഖ്യാനംചെയ്‌ത്‌ ഉത്തരവുകളിറക്കി. ഓർഡിനൻസുകൾ തടഞ്ഞുവച്ചതിനാൽ നിയമസഭ അടിയന്തര സമ്മേളനം ചേർന്നു. സഭ പാസാക്കിയ ബില്ലുകൾ ഇനിയും ഒപ്പിടാനുണ്ട്‌. കേരള സർവകലാശാല വിസിയെ കണ്ടെത്താൻ നിയമവിരുദ്ധമായി രണ്ടംഗ സെർച്ച്‌ കമ്മിറ്റിയെ നിയോഗിച്ചു. സെനറ്റ്‌ വിളിക്കാൻ അന്ത്യശാസനം നൽകുകയും യോഗത്തിന്‌ എത്താത്ത അംഗങ്ങളെ പിരിച്ചുവിടുകയും ചെയ്‌തു. സർവകലാശാലകളോട്‌ നേരിട്ട്‌ പ്രൊഫസർമാരുടെ സീനിയോറിട്ടി പട്ടിക ആവശ്യപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടൊന്നും അരിശം തീരാഞ്ഞിട്ടാണ്‌ മന്ത്രിമാരെ പിരിച്ചുവിടാൻ പുറപ്പെട്ടിരിക്കുന്നത്‌.

ഔപചാരിക ഭരണഘടനാപദവി എന്നതിപ്പുറം സർക്കാരിന്റെ നയപരമോ ഭരണപരമോ ആയ പ്രവർത്തനങ്ങളിൽ നേരിട്ട്‌ ഇടപെടാൻ ഗവർണർക്ക്‌ ഒരു അധികാരവുമില്ലെന്ന്‌ ഉന്നത നീതിപീഠം പലവട്ടം വ്യക്തമാക്കിയതാണ്‌.  കേരള ഗവർണറുടെ തെറ്റായ നടപടികൾ തിരുത്തിക്കാൻ രാഷ്‌ട്രപതിയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ആവശ്യം പ്രസക്‌തമാണ്‌.   ഭരണഘടനാവിരുദ്ധമായ ഒരു നടപടിയും നിലനിൽക്കാൻ പോകുന്നില്ല. എന്നാൽ, ഗവർണർ തുടരെ സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾ അവഗണിക്കാവുന്നതല്ല. ഭരണഘടനയെ ചവിട്ടിമെതിച്ച്‌ കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമായി ഗവർണറെ തുടർന്നും ഉപയോഗിക്കാനാണ്‌ നീക്കമെങ്കിൽ കേരളം വഴങ്ങുമെന്ന്‌ പ്രതീക്ഷിക്കരുത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top