29 March Friday

മാതൃകയായ അനുയാത്ര

വെബ് ഡെസ്‌ക്‌Updated: Wednesday Jun 14, 2017

മനുഷ്യന്റെ ഭിന്നശേഷി എന്ന അവസ്ഥയെ  വൈദ്യശാസ്ത്ര പരമായ കാഴ്ചപ്പാടുകളില്‍ കുരുക്കിയിടാതെ സാമൂഹികതലത്തിലേക്കും അതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍വചനങ്ങളിലേക്കും കൊണ്ടുവന്നത് സമീപകാലത്താണ്. ശാരീരികമോ മാനസികമോ  ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകളല്ല, അത്തരം ബലഹീനതകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍മൂലം പൂര്‍ണവും ഗുണപരവുമായ സാമൂഹ്യ ഇടപെടലുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് 'ഭിന്നശേഷി'. ബോധപൂര്‍വമായ ഇടപെടലിലൂടെ അത്തരം തടസ്സങ്ങള്‍ ഒഴിവാക്കപ്പെടുമ്പോഴാണ് ഭിന്നശേഷിയുള്ളവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നത്. 

ഭിന്നശേഷിയുള്ളവര്‍ അഥവാ അംഗപരിമിതര്‍, തുടര്‍ച്ചയായതും ബോധപൂര്‍വവുമായ സാമൂഹികശ്രദ്ധ അര്‍ഹിക്കുന്നു. അവരുമായി അനുയാത്ര ചെയ്യേണ്ട സമൂഹവും ഭരണാധികാരികളും അതിന് തയ്യാറാകാതിരിക്കുമ്പോഴാണ്, കണ്ണുകാണാത്തവരും കാതുകേള്‍ക്കാത്തവരും ചലനശേഷി നഷ്ടപ്പെട്ടവരുമെല്ലാം ഒറ്റപ്പെടുകയും നിസ്സഹായാവസ്ഥയില്‍ എത്തുകയും ചെയ്യുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഈ വിഷയം ശരിയായി പരിഗണിച്ചിരുന്നു. ആ വാഗ്ദാനത്തിന്റെ വിപുലീകൃതമായ സാക്ഷാല്‍ക്കാരമാണ്  കേരളത്തെ അംഗപരിമിതസൌഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന 'അനുയാത്ര'’പദ്ധതി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്ത ഈ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്. 

പുനരധിവാസസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതും വ്യക്തിഗത സഹായങ്ങള്‍ നല്‍കുന്നതുംകൊണ്ടുമാത്രം ഭിന്നശേഷിക്കാരോടുള്ള കടമ പൂര്‍ത്തീകരിക്കാനാകില്ല. സമഗ്രവും സംയോജിതവുമായ കാഴ്ചപ്പാടാണ് അതിനാവശ്യം. 22 അനുബന്ധ പദ്ധതികളടങ്ങിയ 'അനുയാത്ര' അത്തരമൊരു കാഴ്ചപ്പാടിന്റെ ഉല്‍പ്പന്നമാണെന്ന് നിസ്സംശയം പറയാം. അംഗപരിമിതരുടെ അവകാശങ്ങളില്‍ അധിഷ്ഠിതമായ സമഗ്ര ജീവിതചക്രസമീപനമാണ് ഈ പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. അംഗപരിമിതരുടെ അവകാശനിയമം നിലവിലുണ്ട്. അതിനനുസരിച്ചും വൈകല്യങ്ങള്‍ പ്രതിരോധിക്കുന്നതുമുതല്‍ സുസ്ഥിരമായ പുനരധിവാസംവരെ ഉള്‍പ്പെടുത്തിയും രൂപപ്പെടുത്തിയ ഈ പദ്ധതി വിജയത്തിലെത്തിക്കുന്നതിന് നാടിന്റെയാകെ സഹായ സഹകരണങ്ങള്‍ വേണ്ടതുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയതനുസരിച്ച് എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാരാണ് കേരളത്തില്‍. ഇവര്‍ക്കായി സര്‍ക്കാര്‍തലത്തിലും അനേകം സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലും സഹായപദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, ഏകീകൃതമായ സമീപനമോ സഹായം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാകുന്ന അവസ്ഥയോ ഇല്ല. ഏതൊക്കെ നിലകളിലുള്ള സഹായം ആര്‍ക്കൊക്കെ ലഭ്യമാക്കണമെന്ന് കണ്ടെത്തുന്നതാണ് ഒരു പ്രശ്നം. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി പ്രത്യേക ഗ്രാമസഭ കൂടിയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചും ഈ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ ഇടപെട്ടിരുന്നു. അതിന്റെ ഏകീകൃതരൂപമാണ് സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ- കുടുംബക്ഷേമ- സാമൂഹ്യനീതി വകുപ്പുകള്‍ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതി. ഇതിനായി തുടക്കത്തില്‍തന്നെ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബലിറ്റീസിന്റെ ബജറ്റില്‍നിന്ന് 31 കോടി രൂപ വകയിരുത്തിയത് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചുള്ള ശുഭസൂചനകള്‍ നല്‍കുന്നു.  

കുഞ്ഞുങ്ങളിലുണ്ടാകുന്ന ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികള്‍ പ്രാരംഭഘട്ടത്തില്‍തന്നെ കണ്ടെത്തുക പ്രധാനമാണ്. നവജാതശിശുക്കളെ പരിശോധനയ്ക്ക് വിധേയമാക്കി വെല്ലുവിളികള്‍ ഉചിതസമയത്ത് കണ്ടെത്തുന്നതിനും പരിഹാരത്തിന് ഇടപെടുന്നതിനുമുള്ള സംവിധാനം വിപുലമായി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. ഇതിനായി ശിശുരോഗവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതും  മാതൃകാ ശിശുപുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും ജനനവൈകല്യങ്ങള്‍ നേരിടുന്ന കുട്ടികളുടെ ശാരീരിക- മാനസിക വികാസത്തില്‍ വലിയ സഹായമാകും. അതോടൊപ്പംതന്നെ, അട്ടപ്പാടിപോലെ പ്രത്യേക പരിഗണന വേണ്ട ഇടങ്ങളിലെ സവിശേഷ ഇടപെടല്‍, സ്പെഷ്യല്‍ അങ്കണവാടികള്‍ എന്നിവ പ്രശംസനീയ നീക്കങ്ങളാണ്. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ള അംഗപരിമിതര്‍ക്ക്  'സ്വാവലംബന്‍ ഇന്‍ഷുറന്‍സ്' പദ്ധതിയുടെ പരിരക്ഷ ഏര്‍പ്പെടുത്തുമെന്നതാണ് മുഖ്യമന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. 

ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സമൂഹത്തിന്റെ നാനാമേഖലകളിലും ഇടപെടുന്നു എന്നതിന്റെ നഖചിത്രമാണ് അനുയാത്ര പദ്ധതിയുടെ അനുഭവം. 'സര്‍ക്കാരിന്റെ പരിഗണനയിലില്ലാത്ത ഒരാളുപോലുമില്ല' എന്നു പറയാന്‍ കഴിയുന്നത് ആധുനികകാലത്ത് അസാധാരണമായ അനുഭവമാണ്. പൊതുമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ആരോഗ്യ- വിദ്യാഭ്യാസ- ഇതര സേവന മേഖലകള്‍ വാണിജ്യവല്‍ക്കരിക്കുകയും ചെയ്യുന്ന കാലത്ത്, എല്ലാ  സേവനമേഖലകളിലും  കൂടുതല്‍ ശക്തമായി ഇടപെടുന്ന സര്‍ക്കാരാണ് കേരളത്തിലേത്. ഏതു മലയാളിക്കും അഭിമാനകരമായ അനുഭവമാണിത്. ബദല്‍ വികസനമാതൃക എന്തെന്ന് രാജ്യത്തിനുമുന്നില്‍ സ്വയം ഒരു പാഠപുസ്തകമായി തെളിയിക്കുകയാണ് കേരളം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top