28 March Thursday

ജനങ്ങളെ തോൽപ്പിക്കുന്ന കോൺഗ്രസ്‌ രാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Saturday Apr 8, 2023


എ കെ ആന്റണിയുടെ മകനും എഐസിസി സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻ വിഭാഗം തലവനുമായിരുന്ന അനിൽ കെ ആന്റണി ബിജെപിയിൽ ചേർന്നത്‌ കോൺഗ്രസ്‌ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കയാണ്‌.  കേരളത്തിലെ ചില നേതാക്കൾ അത്‌ പരസ്യമാക്കാനും മടിച്ചില്ല. 2002 ഫെബ്രുവരി–- മാർച്ച്‌ മാസങ്ങളിൽ  ഗുജറാത്തിനെ കീറിമുറിച്ച്‌ മനുഷ്യരക്തത്തിൽ കുതിർത്ത  വംശഹത്യയിൽ, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററിയോടുള്ള ബിജെപി നിലപാടിനൊപ്പമായിരുന്നു അനിൽ.

കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശം ഉയർത്തിയിട്ടും കോൺഗ്രസ്‌ സംസ്‌കാരം അധമമാണെന്ന്‌ തുറന്നടിച്ചിട്ടും ഹൈക്കമാൻഡ്‌ പ്രതികരിച്ചതേയില്ല. ചില മാധ്യമങ്ങളാകട്ടെ ഇപ്പോഴത്തെ രാജിവാർത്തയിൽ ആദർശവും വൈകാരികതയും തിരുകിക്കയറ്റി നാണംകെടുകയായിരുന്നു. പകൽ കോൺഗ്രസ് രാത്രി ആർഎസ്‌എസ്–- ആന്റണി മുമ്പ്‌ സൂചിപ്പിച്ചത്‌ വീട്ടുകാര്യമായിരുന്നെന്ന് മറച്ചുപിടിച്ചു. കുറച്ചുനാളായി മകനുമായി രാഷ്ട്രീയം ചർച്ചചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. പിന്നെ ആരോടെങ്കിലും അങ്ങനെ ചെയ്‌തിരുന്നോ. ന്യൂനപക്ഷങ്ങൾ അതിരുവിടുകയാണെന്ന തന്റെ കാഴ്‌ചപ്പാട്‌ ആന്റണി മകനിലേക്ക്‌ പകർന്നിരിക്കുകയുമാണ്‌. ഫാസിസ്റ്റ്‌ പ്രവണതകൾ ഏറിവരുമ്പോഴും സിപിഐ എം വിരുദ്ധതമാത്രം കൈമുതലാക്കിയ ആ മുതിർന്ന നേതാവ്‌ പലപ്പോഴും രാഷ്ട്രീയ നിരക്ഷരതയുടെ ആൾരൂപമായി അവതരിക്കുകയുംചെയ്‌തു. മാധ്യമങ്ങളെ പുളകംകൊള്ളിക്കാൻ പ്രയോഗിച്ച പൊടിക്കൈകൾ ആന്റണിയെ ചിലപ്പോഴെല്ലാം അപഹാസ്യനാക്കുകയുമുണ്ടായി.

പല കാര്യത്തിലും കോൺഗ്രസ്‌ –- ബിജെപി അതിർരേഖ മാഞ്ഞുപോയതും മാധ്യമങ്ങൾ കണ്ടതേയില്ല. കോൺഗ്രസ്‌ തകർന്നുകൊണ്ടിരിക്കുന്നു എന്നതിനേക്കാൾ, വലിയ പാരമ്പര്യം അവകാശപ്പെടുന്ന ആ പാർടി  ജനങ്ങളെ തോൽപ്പിച്ചുകൊണ്ടിരിക്കയാണ്‌എന്നതാണ്‌ പ്രശ്‌നം. അതിന്റെ ഉപകരണമായി അനിൽ ആന്റണി മാറിയത്‌ കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നതും ഗൗരവതരംതന്നെ. കർണാടകത്തിൽ സംഘപരിവാർ ഫാസിസ്റ്റ്‌ രീതികൾ ഒന്നൊന്നായി ചുഴറ്റി ഭീകരത സൃഷ്ടിക്കുകയാണ്‌. പശുക്കടത്ത്‌ ആരോപിച്ച്‌ ഇദ്രിസ് പാഷയെന്ന മുസ്ലിം ചെറുപ്പക്കാരനെ ഹിന്ദുത്വഭീകരർ മാണ്ഡ്യയിൽ വധിച്ചത്‌ കഴിഞ്ഞദിവസമാണ്‌. ക്രിസ്‌ത്യാനികൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന്‌ മന്ത്രി എൻ മുനിരത്‌നയ്‌ക്കെതിരെ കേസ്‌ എടുക്കേണ്ടിയുംവന്നു. ചേരികളിൽ മതപരിവർത്തനം തകൃതിയാണെന്നും അതിനായി എത്തുന്നവരെ ചവിട്ടിപ്പുറത്താക്കണമെന്നുമായിരുന്നു  മന്ത്രിയുടെ  വ്യാജപ്രചാരണം. അവിഭക്ത ആന്ധ്രപ്രദേശിലെ അവസാന മുഖ്യമന്ത്രി നല്ലാരി കിരൺകുമാർ റെഡ്ഡി വെള്ളിയാഴ്‌ച ബിജെപിയിൽ ചേർന്നത്‌ ഒരു പ്രവണതയുടെ തുടർച്ചയാണ്‌.

കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് കഴിഞ്ഞമാസമാണ് അദ്ദേഹം രാജിവച്ചത്. അതേവഴി സ്വീകരിച്ച ഒരുകൂട്ടം മുൻമുഖ്യമന്ത്രിമാരുമുണ്ട്‌. എസ് എം കൃഷ്ണ, ദിഗംബർ കാമത്ത്, വിജയ് ബഹുഗുണ, ബിരേൻ സിങ്‌, എൻ ഡി തിവാരി, പ്രേമഖണ്ഡു,  അമരീന്ദർ സിങ്‌  തുടങ്ങിയവരാണ്‌ കാവിപ്പടയിൽ അണിചേർന്നത്‌. ചില സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കാം. അറുപതംഗ അരുണാചൽപ്രദേശ്‌ സഭയിൽ 44 സീറ്റിൽ കോൺഗ്രസാണ്‌ ജയിച്ചത്‌. അതിൽ മുഖ്യമന്ത്രിയടക്കം 43 എംഎൽഎമാർ ബിജെപിയിൽ ചേക്കേറി. ജനങ്ങൾ തൂത്തെറിഞ്ഞ ജനവിരുദ്ധ രാഷ്ട്രീയത്തിന്‌ കോൺഗ്രസ്‌ നേതാക്കൾ അധികാരം കാണിക്ക നൽകി. ഗോവയിൽ  12 സാമാജികരാണ്‌  മറുകണ്ടം ചാടിയത്‌. മധ്യപ്രദേശിൽ തുടർച്ചയായി ഭരണം കൈയാളിയ  ബിജെപിയെ ജനങ്ങൾ പുറന്തള്ളി. 23 കോൺഗ്രസുകാർ കൂറുമാറി, തോറ്റവരെ ഭരണത്തിലേറ്റി. പുതുച്ചേരിയിൽ ബിജെപിക്ക്‌ ഒറ്റ സീറ്റും നേടാനായില്ല. പക്ഷേ, ജയിച്ച അഞ്ച്‌ കോൺഗ്രസ്‌ എംഎൽഎമാർ ചാടിപ്പോയതിനാൽ സർക്കാർ വീണു. കർണാടകത്തിലാകട്ടെ കോൺഗ്രസ്‌–- ജനതാദൾ സഖ്യം ഭൂരിപക്ഷംനേടി. ജനഹിതം വഞ്ചിച്ച 17 കോൺഗ്രസ്‌ എംഎൽഎമാർ ബിജെപി-യെ അധികാരത്തിലെത്തിച്ചു. പ്രകോപന പ്രസ്‌താവനകൾക്ക്‌ കുപ്രസിദ്ധനായ അസമിലെ ബിജെപി എംഎൽഎ രൂപ്‌ജ്യോതി കുർമി സമീപകാലംവരെ കോൺഗ്രസ്‌ നേതാവായിരുന്നു. ജനവിരുദ്ധതയുടെ രണ്ടു മുഖങ്ങളാണ്‌ ബിജെപിയും കോൺഗ്രസുമെന്ന്‌ തുടരെത്തുടരെ തെളിയുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top