28 February Wednesday

തൊഴിലാളിവർഗത്തിന്റെ
 കരുത്തനായ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2023


തൊഴിലാളിവർഗ രാഷ്‌ട്രീയത്തിന്റെ വീറും സർഗാത്മകതയും തെളിമയോടെ പ്രസരിപ്പിച്ച കേരളത്തിലെ പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു സഖാവ്‌ ആനത്തലവട്ടം ആനന്ദൻ. റാട്ടുകളുടെ സംഗീതവും അധ്വാനത്തിന്റെ താളലയങ്ങളും ഒന്നിച്ചിഴചേർന്ന ചിറയിൻകീഴ്‌ താലൂക്കിലെ കയർഗ്രാമമായ ആനത്തലവട്ടത്ത്‌ ജനിച്ച സഖാവ്‌ നന്നേ ചെറുപ്പത്തിൽത്തന്നെ കയർത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ്‌ കമ്യൂണിസ്റ്റ്‌, തൊഴിലാളി സംഘടനാ പ്രവർത്തകനും നേതാവുമായി വളർന്നത്‌. മൂന്നുവട്ടം ആറ്റിങ്ങലിൽനിന്ന്‌ നിയമസഭയിലെത്തിയ അദ്ദേഹം പാർലമെന്ററി രംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവച്ചു. പാർടിയെ ശത്രുക്കൾ വളഞ്ഞിട്ടാക്രമിക്കുമ്പോഴെല്ലാം ആശയവ്യക്തതയോടെ, കൃത്യമായ കമ്യൂണിസ്റ്റ്‌ നിലപാടുയർത്തി അതിനെയെല്ലാം പ്രതിരോധിക്കാൻ അവസാന നാളുകൾവരെ മുൻനിരയിലുണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, കയർ തൊഴിലാളി യൂണിയൻ നേതാവ്‌, കയർ സെന്റർ നേതാവ്‌ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹം കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടും.

താഴ്‌ന്ന ക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ അനീതിക്തെിരെ പോരാടാൻ ആ മനസ്സ്‌ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ചിറയിൻകീഴിലെ കയർത്തൊഴിലാളി സത്യഗ്രഹത്തിൽ രാവിലെയും വൈകിട്ടും പങ്കെടുത്തു. അക്കാലത്ത്‌ കയർത്തൊഴിലാളി ജാഥ നയിക്കുകയുമുണ്ടായി. ആറാം ക്ലാസുവരെ ചിറയിൻകീഴ് സ്കൂളിലും തുടർന്ന് കടയ്‌ക്കാവൂർ സ്‌കൂളിലും പഠിക്കുമ്പോൾ വിദ്യാർഥികളുടെ നേതാവുമായി. സമരങ്ങളിൽ പങ്കെടുത്തും നേതൃത്വം നൽകിയും കൈവന്ന അനുഭവം, നീതി നിഷേധങ്ങൾക്കെതിരെ പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പ്‌, ഏതു പ്രശ്നത്തിൽ ഇടപെടുമ്പോഴും ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവ ആനന്ദനെ എല്ലാവരുടെയും പ്രിയങ്കരനാക്കി. ഒപ്പം, ചില തൊണ്ട് മുതലാളിമാരുടെയും അവരുടെ കങ്കാണിമാരുടെയും അധ്യാപക പ്രമാണിമാരുടെയും ശത്രുവുമാക്കി.

കടയ്ക്കാവൂർ സ്കൂളിൽനിന്ന് പത്താം ക്ലാസ് വിജയിച്ചപ്പോൾ സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ ഹെഡ്മാസ്റ്റർ ആവുന്നത്ര ശ്രമിച്ചു. ഇത്തരം എതിർപ്പുകളെയെല്ലാം നെഞ്ചൂക്കോടെ നേരിട്ടാണ് അദ്ദേഹം മുന്നേറിയത്. ഭീഷണികൾക്കു മുന്നിൽ ഒരിടത്തും പകച്ചു നിന്നിട്ടില്ല. എവിടെയും തൊഴിലാളികളും നാട്ടുകാരും സഖാവിനൊപ്പം ഓടിയെത്തി. ബുദ്ധിപരമായ സത്യസന്ധത എന്നു പറയുന്നതുപോലെ, ആശയപരമായ സത്യസന്ധത എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതായത്‌, തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധത ആ ജീവിതത്തിലുടനീളം നിറഞ്ഞുനിന്നു.

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലയളവിലാണ് സഖാവിന്റെ ജനനം. 1937 ഏപ്രിൽ 22. ഏപ്രിൽ 22 ലെനിന്റെയും ജന്മദിനമായിരുന്നുവെന്നത് എപ്പോഴും അദ്ദേഹം ആവേശത്തോടെ ഓർത്തിരുന്നു. സ്‌കൂൾ വിദ്യാർഥിയായിരിക്കെ ആറ്റിങ്ങലിൽ എ കെ ജിയുടെ പ്രസംഗം കേട്ടത്‌ ഹൃദയത്തിൽ തറച്ചു. അന്നുമുതലേ എ കെ ജിയോട്‌ ആരാധനയായി. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്ഥയാണ്‌ സോഷ്യലിസമെന്നും ഏവർക്കും തൊഴിൽ, വീട്‌, സ്വത്തിനും ജീവനും സംരക്ഷണം എന്നിവ അതിന്റെ ആശയമാണെന്നും മനസ്സിലാക്കിയപ്പോൾ   ആവേശമായി. 1956ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. കയർത്തൊഴിലാളികളെ കൂടാതെ  ബീഡി, മോട്ടോർ , റെയിൽവേ തൊഴിലാളികൾ തുടങ്ങി നാനാവിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ സമരങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാനും മുന്നിട്ടിറങ്ങി.

സ്‌കൂളിൽ എൻസിസി കേഡറായിരുന്ന ആനന്ദന്‌  പട്ടാളത്തിൽ ചേരാൻ ഉത്തരവ്‌ ലഭിച്ചെങ്കിലും അമ്മ സമ്മതിക്കാത്തതിനാൽ പോയില്ല. പിന്നീട്‌ റെയിൽവേയിൽ ടിടിഇയായി ജോലി ലഭിച്ചപ്പോൾ കയർത്തൊഴിലാളികളുടെ സമരം നടക്കുന്ന കാലമായിരുന്നു. ജോലിക്ക്‌ പോകാൻ എല്ലാവരുടെയും സമ്മർദമുണ്ടായെങ്കിലും തൊഴിലാളികളെ സമരത്തിലേക്ക്‌ തള്ളിവിട്ടിട്ട്‌ ജോലിക്ക്‌ പോകുന്നത്‌ ശരിയല്ലെന്ന്‌ തോന്നിയതിനാൽ ആ ജോലി വേണ്ടെന്ന്‌ വച്ചു. ഇ എം എസ്‌ സർക്കാർ അധികാരത്തിലിരിക്കെ കയർത്തൊഴിലാളികൾക്ക്‌ മിനിമം കൂലി നടപ്പാക്കിക്കിട്ടാൻ സെക്രട്ടറിയറ്റിനു മുന്നിൽ ആനത്തലവട്ടത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ സത്യഗ്രഹം സംഘടിപ്പിച്ചത്‌ ചില വിമർശങ്ങളുയർത്തിയിരുന്നു. സമരവും ഭരണവും ഒരുമിച്ച്‌ കൊണ്ടുപോകാൻ നിർബന്ധിതരാകുമെന്ന ഇ എം എസിന്റെ വിശദീകരണത്തോടെയാണ്‌ ആശ്വാസമായതെന്ന്‌ സഖാവ്‌ പലപ്പോഴും പറയാറുണ്ട്‌.

1971-ൽ സി എച്ച്‌ കണാരനെ പരിചയപ്പെട്ടതോടെ  മുഴുവൻസമയ പാർടി പ്രവർത്തകനായി. 1975 മാർച്ച്‌ 31ന്‌ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തിയ കയർത്തൊഴിലാളികളുടെ പട്ടിണിജാഥയ്‌ക്ക്‌ നേതൃത്വം നൽകിയത്‌ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു. 45 ദിവസംനീണ്ട പട്ടിണി ജാഥയിൽ എ കെ ജിയും സുശീല ഗോപാലനും എല്ലാ ജില്ലയിലും എത്തിയിരുന്നു. പട്ടിണി ജാഥ തിരുവനന്തപുരത്തെത്തിയപ്പോൾ രണ്ടു കേന്ദ്രത്തിലായി ഇ എം എസും എ കെ ജിയും ജാഥ നയിച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ ആനത്തലവട്ടം ജയിൽവാസവും അനുഭവിച്ചു.
ഇങ്ങനെ നാനാവിധത്തിൽ പൂർണമായും തൊഴിലാളികൾക്കിടയിൽ ജീവിച്ചും ജനകീയപ്രശ്‌നങ്ങളിൽ നിരന്തരമായി ഇടപെട്ടുമാണ്‌ ആനത്തലവട്ടം ആനന്ദൻ എന്ന നേതാവ്‌ രൂപപ്പെടുന്നതും വളർന്നതും. ഒടുവിൽ കേരളത്തിൽ തൊഴിലാളികളുടെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും തലമുതിർന്ന നേതാവായി മാറി, മാതൃകാ പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായി. സഖാവിന്‌ ആദരാഞ്ജലികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top