29 March Friday

ഭരണഘടനാമാറ്റം ആര്‍എസ്എസ് അജന്‍ഡ

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക് വിഭാവനംചെയ്യുന്ന ഭരണഘടന പൊളിച്ചെഴുതുമെന്ന് അവസാനം ബിജെപി പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. കര്‍ണാടകത്തില്‍നിന്നുള്ള ലോക്സഭാംഗവും നൈപുണ്യവികസന സഹമന്ത്രിയുമായ അനന്തകുമര്‍ ഹെഗ്ഡെയാണ് ഭരണഘടന മാറ്റിയെഴുതുമെന്ന് മറയില്ലാതെ പറഞ്ഞിട്ടുള്ളത്. മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയില്‍നിന്നു മാറ്റുമെന്ന് മാത്രമല്ല മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ പിതൃത്വമില്ലാത്തവരാണെന്നും നാസികളുടെ വംശശുദ്ധിവാദം ഉയര്‍ത്തിക്കൊണ്ട് ഹെഗ്ഡെ പറയുകയും ചെയ്തു.  വര്‍ണാശ്രമധര്‍മത്തെക്കുറിച്ച് പറയുന്ന മനുസ്മൃതിയായിരിക്കണം ഭരണഘടനയെന്നും അനന്തകുമാര്‍ ഹെഗ്ഡെ പറയുകയുണ്ടായി.  ഭരണഘടനാശില്‍പ്പിയായ അംബേദ്കര്‍ കത്തിച്ചുകളഞ്ഞമനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഭരണമാണ് സംഘപരിവാറിന്റെ എന്നത്തെയും സ്വപ്നം. വിദ്വേഷ പ്രസ്താവനകള്‍ ഏറെ നടത്തിയിട്ടുള്ള, അരഡസനോളം ക്രിമിനല്‍ കേസില്‍ പ്രതിയായ വായാടിയായ ഒരു മന്ത്രിയുടെ വിലകുറഞ്ഞ പ്രസ്താവനയായി മാത്രം ഇതിനെ തള്ളിക്കളയാനാകില്ലെന്നു സാരം.   

ഹെഗ്ഡെയുടെ പ്രസ്താവന സര്‍ക്കാരിന്റെ നയമല്ലെന്ന് രാജ്യസഭയില്‍ മന്ത്രി വിജയ് ഗോയല്‍ പറഞ്ഞതുകൊണ്ടുമാത്രം ഇത് മോഡി സര്‍ക്കാരിന്റെ നയമല്ലെന്നും വിശ്വസിക്കാനാകില്ല.  ഇതിന് പ്രധാന കാരണം ആര്‍എസ്എസ് എന്ന സംഘടന ഇന്ത്യന്‍ ഭരണഘടനയോടും ഫെഡറല്‍ സംവിധാനത്തോടും തുടക്കംമുതല്‍ പുലര്‍ത്തിവരുന്ന അസഹിഷ്ണുതയും വെറുപ്പുമാണ.്  ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യരാഷ്ട്രമായി നിലകൊള്ളുന്നതിനെ തുടക്കംമുതല്‍തന്നെ ആര്‍എസ്എസും സംഘപരിവാറും എതിര്‍ത്തിരുന്നു. 1947 ജൂലൈ 31ന് ആര്‍എസ്എസ് മുഖമാസികയായ 'ഓര്‍ഗനൈസര്‍' പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാന്‍ എന്ന തലക്കെട്ടുള്ള എഡിറ്റോറിയലില്‍  രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എന്നാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്വാതന്ത്യ്രത്തലേന്ന് പുറത്തിറങ്ങിയ ഓര്‍ഗനൈസറിലാകട്ടെ ത്രിവര്‍ണപതാക ഉപേക്ഷിച്ച് കാവിക്കൊടി ദേശീയപതാകയാക്കണമെന്ന് ആവശ്യപ്പെട്ടു. 'മൂന്ന് നിറങ്ങളുള്ള പതാക തീര്‍ച്ചയായും മാനസികപ്രശ്നങ്ങളുണ്ടാക്കുകയും രാജ്യത്തിന് ക്ഷതമേല്‍പ്പിക്കുകയുംചെയ്യുമെന്ന്' ഓര്‍ഗനൈസര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ സംഘപരിവാര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. 

ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക്കായ ഗോള്‍വാള്‍ക്കറാകട്ടെ ഭരണഘടനയെ എന്തുകൊണ്ട് മാറ്റിയെഴുതണമെന്ന് നിരവധി ലേഖനങ്ങളിലും പ്രസംഗങ്ങളിലുമായി വിശദീകരിച്ചിട്ടുമുണ്ട്. 1947 നവംബറില്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി പ്രഖ്യാപിച്ചപ്പോള്‍ അതിനെ അപലപിക്കാനാണ് ഗോള്‍വാള്‍ക്കര്‍ തയ്യാറായത്.  ഡല്‍ഹിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ജനാധിപത്യത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, പട്ടിക്കും പൂച്ചയ്ക്കും അവകാശങ്ങള്‍ അനുവദിച്ചുനല്‍കുന്നതില്‍ കൂടുതലായൊന്നുമല്ല ഇതെന്ന്. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'വ്യത്യസ്ത പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനകളില്‍നിന്നുമുള്ള വ്യത്യസ്ത ഖണ്ഡികകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ കുഴപ്പംപിടിച്ചതും ഭിന്നജാതീയവുമായ ഭരണഘടനയാണ് നമ്മുടേത്. നമുക്ക് സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും അതിലില്ല.'' ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെയും ഗോള്‍വാള്‍ക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. 1949ല്‍ കാണ്‍പുരില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:'ഭരണഘടന ഉണ്ടാക്കുമ്പോള്‍ 'നമ്മെയും' ഹൈന്ദീവയതയെയും വിസ്മരിച്ചു. ഏകോപിപ്പിക്കുന്ന ആ ഘടകത്തിന്റെ അഭാവത്തില്‍ നിലവിലുള്ള ഭരണഘടന വിഘടനമുണ്ടാക്കും.  ഒരു രാജ്യം ഒരു രാഷ്ട്രം ഒരു സ്റ്റേറ്റ് ഉള്ള ഏകമായ രീതിയിലുള്ള ഭരണകൂടത്തെ നാം സ്വീകരിക്കണം. മുഴുവന്‍ രാജ്യത്തിനുംവേണ്ടി ഒരൊറ്റ നിയമനിര്‍മാണസഭയും ഒരൊറ്റ മന്ത്രിസഭയും ഉണ്ടാകണം' എന്നാണ്.  യൂണിറ്ററി സമ്പ്രദായമാണ് വേണ്ടതെന്നര്‍ഥം. 1973ല്‍ ബംഗളൂരുവില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവെ ഗോള്‍വാര്‍ക്കര്‍ ഇത്രയുംകൂടി പറഞ്ഞു: ' അനുയോജ്യമായ തരത്തില്‍ ഭരണഘടനാഭേദഗതിയിലൂടെ ഏകരൂപത്തിലുള്ള ഒരു ഭരണഘടന പ്രഖ്യാപിക്കണം.' ഇതേ ആവശ്യമാണ് ഇപ്പോള്‍ അനന്തകുമാര്‍ ഹെഗ്ഡെയും ആവശ്യപ്പെട്ടിട്ടുള്ളത്.

രാജ്യം ഭരണഘടന അംഗീകരിച്ചതുമുതല്‍ സംഘപരിവാര്‍ അതിനെതിരായിരുന്നു. അതിനിയും അങ്ങനെതന്നെയായിരിക്കും അതുകൊണ്ടുതന്നെ ഹെഗ്ഡെ ലോക്സഭയില്‍ നടത്തിയ ഖേദ പ്രകടനത്തോടെ ഈ ആവശ്യത്തില്‍നിന്ന് സംഘപരിവാര്‍ പിന്നോട്ടുപോകുമെന്ന് കരുതുന്നത് മൌഢ്യമായിരിക്കും. വാജ്പേയി അധികാരത്തില്‍വന്ന ഘട്ടത്തില്‍ത്തന്നെ ഭരണഘടന പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെ മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിടചെല്ലയ്യയുടെ നേതൃത്വത്തില്‍ ഒരു പതിനൊന്നംഗ കമീഷനെ നിയമിച്ചിരുന്നു. എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തേണ്ടെന്നാണ് ഈ കമീഷന്‍ അഭിപ്രായപ്പെട്ടത്. എസ് ആര്‍ ബൊമ്മെ കേസിലും കേശവാനന്ദഭാരതി കേസിലും സുപ്രീംകോടതി പറഞ്ഞതും മതനിരപേക്ഷതപോലുള്ള അടിസ്ഥാനസ്വഭാവത്തില്‍ മാറ്റംവരുത്തുന്ന രീതിയിലുള്ള ഭരണഘടനാഭേദഗതി പാടില്ലെന്നാണ്. എന്നാല്‍, സംഘപരിവാറിനും വിദ്വേഷപ്രചാരകര്‍ക്കും ഇതൊന്നും ബാധകമല്ല. അവര്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും പാര്‍ലമെന്ററി സമ്പ്രദായത്തിലും ഊന്നുന്ന ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിന് തടയിടാന്‍ വലിയ ബഹുജനമുന്നേറ്റം തന്നെ ആവശ്യമായിവരും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top