11 June Sunday

വിമർശകർ വേട്ടയാടപ്പെടുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019


ശക്തവും വ്യതിരിക്തവുമായ ദളിത് ചിന്തയുടെയും എഴുത്തിന്റെയും ഉടമയാണ് ആനന്ദ് തെൽതുംബ്ഡെ. ജാതിസമ്പ്രദായം ഉന്മൂലനംചെയ്യണമെന്ന അംബേദ‌്കറുടെ ചിന്താഗതി പങ്കുവച്ച്  ജാതിസമ്പ്രദായത്തിനെതിരെ ശക്തമായ വിമർശനം ഉയർത്തുന്ന വ്യക്തി. അതുകൊണ്ടുതന്നെ ചാതുർവർണ്യത്തിനായി വാദിക്കുന്ന ഹിന്ദുത്വശക്തികളുടെ കണ്ണിലെ കരടായി അദ്ദേഹം അതിവേഗം മാറി. ‘നഗര നക‌്സൽ' വിഭാഗത്തിൽ ഉൾപ്പെടുത്തി അദ്ദേഹത്തെയും വേട്ടയാടുകയാണിപ്പോൾ. വിചാരണക്കോടതിയിൽനിന്ന‌് ജാമ്യം നേടാൻ കഴിയാത്തപക്ഷം ആനന്ദിനെയും ജയിലിലടയ‌്ക്കുമെന്നുറപ്പ്. ഭീമ കൊറേഗാവ് കേസിലാണ് പുണെ പൊലീസ് തെൽതുംബ്ഡെയ‌്ക്കെതിരെയും കേസ് ചാർജ് ചെയ‌്തിട്ടുള്ളത‌്. പ്രധാനമന്ത്രിയെ വധിക്കാൻ ഗുഢാലോചന നടത്തിയെന്നും ഭീമ കൊറേഗാവിൽ ദളിതരെ കലാപത്തിന് പ്രേരിപ്പിച്ചെന്നുമാണ് തെൽതുംബ്ഡെയ‌്ക്കെതിരെയും ആരോപിക്കപ്പെട്ട കുറ്റം. ഇതേ കുറ്റത്തിന് സുരേന്ദ്ര ഗഡ്ലിങ‌്, റോണ വിൽസൺ, സുധ ഭരദ്വാജ്, വരവരറാവു തുടങ്ങി ഒമ്പതു പേരെ കഴിഞ്ഞവർഷംതന്നെ ജയിലിലടച്ചിരുന്നു. ഇപ്പോൾ തെൽതുംബ്ഡെയെയും ജയിലിലടയ‌്ക്കാനുള്ള നീക്കമാണ്. 

അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്ന് ബിരുദം നേടി പശ്ചിമബംഗാളിലെ ഖരഗ്‌പുർ ഐഐടിയിലും ഗോവ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ് മാനേജ്മെന്റിലും പഠിപ്പിക്കുകയും ബിപിസിഎൽ, പെട്രോനെറ്റ് തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളിൽ ഉയർന്ന പദവികൾ അലങ്കരിക്കുകയുംചെയ‌്ത വ്യക്തിയാണ് ആനന്ദ് തെൽതുംബ്ഡെ. അക്കാദമിക‌് ലോകത്തും ബിസിനസ‌് ലോകത്തും വ്യാപരിക്കുന്നതോടൊപ്പം പൗരാവകാശ പോരാട്ടങ്ങളിലും മുൻ പന്തിയിൽ നിലയുറപ്പിച്ച വ്യക്തിയാണദ്ദേഹം. റിപ്പബ്ലിക് ഓഫ് കാസ്റ്റ് ഉൾപ്പെടെ ഇരുപത്തഞ്ചോളം പുസ‌്തകങ്ങൾ എഴുതിയ അദ്ദേഹം ഇക്കോണമിക്  ആൻഡ‌്‌ പൊളിറ്റിക്കൽ വീക്ക‌് ലി കോളമിസ്റ്റുമാണ് (മാർജിൻസ്പീക്ക്സ്). ദളിത് കുടുംബത്തിൽനിന്ന് വന്ന് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിൽ കോളമിസ്റ്റാകുന്ന അപൂർവം വ്യക്തികളിൽ ഒരാൾകൂടിയാണ് അംബേദ‌്കർ കുടുംബാംഗമായ തെൽതുംബ്ഡെ.

ദളിതരെ പൗരബോധമുള്ളവരാക്കിമാറ്റാനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും തെൽതുംബ്ഡെയുടെ എഴുത്തുകളും ഇടപെടലുകളും സഹായിച്ചുവെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ, അതൊന്നും അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്താനുള്ള കാരണമാകുന്നില്ല. ഭീമ കൊറേഗാവിൽ സംഘർഷം ഉണ്ടായ ദിവസമോ എൽഗാർ പരിഷത്ത് ചേർന്ന ദിവസമോ തെൽതുംബ്ഡെ അതിൽ പങ്കെടുത്തിരുന്നില്ല.  മുൻ സുപ്രീംകോടതി ജഡ‌്ജി പി ബി സാവന്തും മുംബൈ ഹൈക്കോടതിയിലെ മുൻ ജഡ‌്ജി കോൽശെ പാട്ടീലുമായിരുന്നു എൽഗാർ പരിഷത്തിന്റെ സംഘാടകർ. അവരുടെ അഭ്യർഥന മാനിച്ച് സംഘാടകസമിതി കൺവീനർമാരിൽ ഒരാളായി. ഇതാണ് തെൽതുംബ്ഡെയ‌്ക്കെതിരെ കേസെടുക്കുന്നതിന് കാരണമായിട്ടുള്ളത്. തെൽതുംബ്ഡെ എഴുതിയതെന്ന് പൊലീസ് അവകാശപ്പെടുന്ന കത്താണ് അദ്ദേഹത്തെ നഗര മാവോയിസ്റ്റായി ചിത്രീകരിക്കാൻ പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. അത്തരമൊാരു കത്ത് താനെഴുതിയിട്ടില്ലെന്നാണ് തെൽതുംബ്ഡെയുടെ വാദം. അതായത് തീർത്തും ബാലിശമായ തെളിവുകളാണ് പൊലീസ് നിരത്തുന്നത്.

ബിജെപി സർക്കാരിനെതിരെ തിരിഞ്ഞ മറാത്തകളും ദളിതരുംതമ്മിൽ വർധിച്ചു വരുന്ന സഹകരണം തകർക്കാനും അവരെ എതിർക്യാമ്പുകളിലാക്കാനും മേഖലയിലെ സംഘപരിവാർ നേതാക്കളായ മിലിന്ദ് എക്ബോട്ടെയും സാംബാജി ബിഡേയും ചേർന്ന് ഒരുക്കിയതായിരുന്നു ഭീമ കൊറേഗാവ‌് സംഭവം. സാംഭാജി ബിഡെയുടെ അനുയായിയും ആർഎസ്എസ് പ്രവർത്തകനുമായ തുഷാർ ദംഗാഡെയുടെ പരാതിയിലാണ് പൊലീസ് എഫ്ഐആർ ഫയൽചെയ‌്തിട്ടുള്ളത‌്. എന്നാൽ, ബിഡേക്കും എക്ബോട്ടെക്കും എതിരെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ അനിത രവീന്ദ്ര സാൽവെ ഫയൽ ചെയ‌്ത എഫ‌്ഐആറിൽ ഒരു നടപടിയും സ്വീകരിക്കാൻ മഹാരാഷ്ട്ര പൊലീസ് തയ്യാറായില്ല. 

സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ, അധഃസ്ഥിത ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് നയിക്കുന്നവരെ കുറ്റക്കാരായി ചിത്രീകരിച്ച് വേട്ടയാടുകയും അതുവഴി ഇത്തരക്കാരെയാകെ ഭയപ്പെടുത്തി സർക്കാരിന്റെ ആജ്ഞാനുവർത്തികളാക്കാനുമുള്ള ഗൂഢപദ്ധതിയാണ് മോഡി സർക്കാരിന്റെ കാലത്ത് അരങ്ങേറുന്നത്. അതിന്റെ ഭാഗമായാണ് തെൽതുംബ്ഡെയ‌്ക്കെതിരെയുള്ള നീക്കം.

ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാറിനും ഒമ്പതുപേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും ഇതിന്റെ തുടർച്ചയാണ് എന്നുകാണാം. സ്വാതന്ത്ര്യസമരനായകരെ അറസ്റ്റ‌് ചെയ‌്ത‌് ജയിലിലിടാൻ ബ്രിട്ടീഷുകർ കൊണ്ടുവന്ന കരിനിയമമനുസരിച്ചുതന്നെ സർക്കാരിന്റെ നയങ്ങളെ ന്യായമായും എതിർക്കുന്നവരെ അറസ്റ്റ് ചെയ‌്ത‌് ജയിലിലടയ‌്ക്കുകയാണ്. ബുലന്ദ് ഷഹറിൽ ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് മൂന്നുപേർക്കെതിരെ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരിക്കുന്നു. എന്നാൽ, ഇതേ സംഭവത്തിൽ കൊല്ലപ്പെട്ട പൊലീസ് ഓഫീസർ  സുബോധ് സിങ്ങിന്റെ കൊലയാളികൾക്കെതിരെ എൻഎസ്എ ചുമത്തിയിട്ടുമില്ല. നിയമങ്ങളുടെ ദുരുപയോഗം തടയുന്നതിനോടൊപ്പം കൊളോണിയൽ കാലത്തെ രാജ്യദ്രോഹക്കുറ്റനിയമം പോലുള്ളവ എടുത്തു കളയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top