22 March Wednesday

നിയമവാഴ‌്ചയെ തകർക്കുന്ന നടപടി

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

എഴുത്തുകാരനും അക്കാദമിക് പണ്ഡിതനും പൗരാവകാശ പ്രവർത്തകനുമായ ആനന്ദ തെൽതുംബ്ഡെയെ നീതിരഹിതമായി അറസ്റ്റുചെയ‌്ത നടപടി ഞെട്ടലുളവാക്കുന്നതാണ്. ജാമ്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ 11 വരെ സുപ്രീംകോടതി തെൽതുംബ്ഡെക്ക‌് സമയം അനുവദിച്ചിരുന്നു. മുംബൈ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനായി  എത്തിയ വേളയിലാണ് പുലർച്ചെ മൂന്നരയ‌്ക്ക് മുംബൈ വിമാനത്താവളത്തിൽവെച്ച് പുണെ പൊലീസ് തെൽതുംബ്ഡെയെ അറസ്റ്റുചെയ്തത്.  എന്നാൽ, പുണെയിലെ യുഎപിഎ കോടതി, സുപ്രീംകോടതി വിധി കണക്കിലെടുത്ത് തെൽതുംബ്ഡെയെ വെറുതെവിടുകയായിരുന്നു. സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞിട്ടും തെൽതുംബ്ഡെയെ അറസ്റ്റുചെയ്ത നടപടി നിയമവിരുദ്ധമാണെന്നു മാത്രമല്ല നിയമവാഴ്ച തകർക്കലുമാണ്.

പുണെ സെഷൻസ് കോടതി തെൽതുംബ്ഡെയ‌്ക്ക് ജാമ്യം നിഷേധിച്ചതിനാലാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസ് ഇൻസ്പെക്ടർ നൽകുന്ന ന്യായീകരണം. സെഷൻസ് കോടതി ജാമ്യം അനുവദിച്ചില്ലെന്നത‌് ശരിയാണ്. എന്നാൽ, സെഷൻസ് കോടതിയുടെ തീരുമാനം പാലിക്കുന്ന പൊലീസ് ഓഫീസർക്ക് സുപ്രീംകോടതിയുടെ തീരുമാനം പാലിക്കാനുള്ള ബാധ്യതയില്ലേ? ഉന്നത നീതിപീഠത്തിന്റെ തീരുമാനമാണോ അതോ കീഴ‌്‌കോടതിയുടെ തീരുമാനമണോ നടപ്പാക്കേണ്ടത്? ഇതിൽനിന്നും ഒരു കാര്യം വ്യക്തമാണ് തെൽതുംബ്ഡെയെ എന്തു വിലകൊടുത്തും ഇരുമ്പഴിക്കുള്ളിലാക്കുക എന്നത് മോഡി സർക്കാരിന്റെയും സംഘപരിവാറിന്റെയും തീരുമാനമാണ്. അതിനുവേണ്ടി ഉന്നത നീതിപീഠത്തിന്റെ തീരുമാനംപോലും കാറ്റിൽ പറത്താനും മോഡിയും ബിജെപിയും മടിക്കില്ലെന്ന‌ വ്യക്തമായ സന്ദേശമാണ് തെൽതുംബ്ഡയുടെ അറസ്റ്റിലൂടെ നൽകുന്നത്. ശബരിമല വിഷയത്തിലും അയോധ്യ വിഷയത്തിലും മോഡി സർക്കാരും കേന്ദ്ര ഭരണകക്ഷിയും എടുത്ത സമീപനവും സമാനമായിരുന്നു. അയോധ്യയിൽ കോടതി വിധി എന്തായാലും രാമക്ഷേത്രം പണിയുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത്  ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളുടെ വിശ്വാസത്തിനാണ് സ്ത്രീപുരുഷ സമത്വത്തേക്കാൾ സുപ്രീംകോടതി പ്രാമുഖ്യം നൽകേണ്ടതെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാദം. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയ കേരള സർക്കാരിനെ വിമർശിക്കാനും പ്രധാനമന്ത്രി തയ്യാറായി. അതായത് രാജ്യത്തെ നിയമവാഴ്ച തകർക്കാനാണ് കേന്ദ്ര ഭരണകക്ഷിയും പ്രധാനമന്ത്രിയും തയ്യാറാകുന്നത്.

സുപ്രീംകോടതിയുടെ തീരുമാനം മറികടന്നും തെൽതുംബ്ഡെയെ അറസ്റ്റുചെയ്യാൻ എന്താണ് പ്രേരണ? കൊടുംഭീകരവാദിയെ അറസ്റ്റുചെയ്യുന്ന രീതിയിലാണ് തെൽതുംബ്ഡയെ മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽനിന്നും അറസ്റ്റുചെയ്തത്. തെൽതുംബ്ഡെ സ്വതന്ത്രനായി സഞ്ചരിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതുകൊണ്ട് രാജ്യത്തെ ജനങ്ങൾ എന്തു ഭീഷണിയാണ് നേരിടുന്നത്? അദ്ദേഹത്തിന്റെ പ്രവർത്തനം രാജ്യത്തിന് എന്തു ഭീഷണിയാണ് ഉയർത്തുന്നത്? തെൽതുംബ്ഡെയെ വേട്ടയാടുന്നവർ ഉത്തരം പറയേണ്ട ചോദ്യങ്ങളാണ‌്  ഇതൊക്കെ.  ഐഐമ്മിലും ഐഐടിയിലും പഠിച്ച് ഖൊരഗ്പുർ ഐഐടിയിലും ഗോവ ഐഐഎമ്മിലും പഠിപ്പിച്ച് ജാതിവ്യവസ്ഥയെക്കുറിച്ച് നിരവധി പുസ്തകം എഴുതിയ തെൽതുംബ്ഡെ ഏതർഥത്തിലാണ് യുഎപിഎ പ്രകാരം അറസ്റ്റ്ചെയ്യപ്പെടേണ്ടുന്ന വ്യക്തിയാകുന്നതെന്നും ബന്ധപ്പെട്ടവർ വിശദീകരിക്കണം. 

തെൽതുംബ്ഡെ എന്തിനെയെങ്കിലും വെല്ലുവിളിക്കുന്നുവെങ്കിൽ അത് ജാതിവ്യവസ്ഥയെയാണ്.  അംബേദ്കറുടെ ചെറുമകളെ  വിവാഹംചെയ്ത തെൽതുംബ്ഡെ അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന തെറ്റു മാത്രമാണ് ചെയ്യുന്നത്. അംബേദ്കർ പറഞ്ഞതുപോലെ എന്തെങ്കിലും ദേശവിരുദ്ധമാണെന്ന് പറയാമെങ്കിൽ അത് ജാതിയാണ്. അതിനാൽ പുതിയ ഇന്ത്യക്ക് വേണ്ടത‌് ജാതിയുടെ ഉന്മൂലനമാണെന്നും അംബേദ്കർ പറഞ്ഞു. ആനന്ദ് തെൽതുംബ്ഡെ തന്റെ ജീവിതത്തിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നതും അംബേദ്കറുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനമാണ്.  അതിന് അദ്ദേഹം മാർക്സിസത്തെയും കൂട്ടുപിടിക്കുന്നു എന്നതാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നത്.  ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കാനും സവർണർക്കുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനുമായി മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാക്കണമെന്ന് വാദിക്കുന്നവരാണ് സംഘപരിവാറുകാർ. എന്നാൽ, ഈ മനുസ്മൃതി കത്തിച്ച് എല്ലാ ഉച്ചനീചത്വങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പോരാട്ടം കുറിച്ച വ്യക്തിയാണ് അംബേദ്കർ. ആ കുടുംബത്തിൽനിന്നു വരുന്ന ആനന്ദ് തെൽതുംബ്ഡെയെ നിശ്ശബ്ദമാക്കാനാണ് ഭീമ കൊറേഗാവ് സംഭവത്തിന്റെ മറപിടിച്ച് ‘നഗരനക്സലെന്ന്' മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാക്കുന്നത്.  ഇതിനെതിരെ ശക്തമായ പ്രതിഷേധംതന്നെ ഉയർന്നുവരേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top