27 April Saturday

ഉംപുൻ: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020



കൊറോണ വൈറസ്‌ വ്യാപനത്തെത്തുടർന്ന്‌ വേണ്ടത്ര മുൻകരുതലിന്‌ അവസരം നൽകാതെ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച അടച്ചുപൂട്ടലിനുമുമ്പിൽ രാജ്യമാകെ പകച്ചുനിൽക്കുകയാണ്‌. നൂറുകണക്കിന്‌ മൈലുകൾ കാൽനടയായി താണ്ടി പൊട്ടിപ്പൊളിഞ്ഞ്‌ ചോരചീറ്റിയ ആയിരക്കണക്കിന്‌ അതിഥിത്തൊഴിലാളികളുടെ പാദങ്ങൾ പുതിയൊരു ഇന്ത്യൻ ഭൂപടമാണ്‌ വരച്ചത്‌. വിശപ്പടക്കാൻ ചത്ത പട്ടിയെ തിന്നുന്ന കരളലിയിക്കുന്ന രംഗത്തിന്‌ രാജസ്ഥാൻ സാക്ഷിയായി. ഷാപുരയിലെ ഡൽഹി‐ ജയ്‌പുർ ഹൈവേയിലെ ആ  സംഭവവും ഇന്ത്യയുടെ നേർചിത്രംതന്നെ.  കെടുതികൾ ഒന്നൊന്നായി സഹിക്കാൻ ‘വിധി’ക്കപ്പെട്ട നിസ്സഹായരായ മനുഷ്യർക്ക്‌  പ്രകൃതികോപവും വിനയാകുകയാണ്‌. 185 കിലോമീറ്ററിലധികം വേഗത്തിൽ ചീറിയടിച്ച  ഉംപുൻ ചുഴലിക്കാറ്റ്‌  പശ്ചിമ ബംഗാളിനെയും ഒഡിഷയെയും ബംഗ്ലാദേശിന്റെ ചില പ്രദേശങ്ങളെയും അക്ഷരാർഥത്തിൽ കടപുഴക്കി.   റോഡുകൾ പൊളിയുകയും  വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ താറുമാറാകുകയും ചെയ്‌തു. കൂറ്റൻ മരങ്ങൾ വീണ്‌ പലയിടത്തും പ്രധാന പാതകളിൽ ഗതാഗതം തടസ്സപ്പെട്ടു. 

ബംഗാളിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ  സംഹാരാത്മകമായ  ചുഴലിക്കാറ്റ്‌ ഒരു ലക്ഷത്തിലധികം കോടിരൂപയുടെ നാശനഷ്ടമാണ്‌ ഉണ്ടാക്കിയത്‌. ആകാശനിരീക്ഷണത്തിലൂടെ കെടുതിയുടെ ആഴം ബോധ്യമായിട്ടും പ്രധാനമന്ത്രി ആയിരം കോടിയുടെ നാമമാത്ര സഹായമേ പ്രഖ്യാപിച്ചുള്ളൂ. എന്നാൽ, കേന്ദ്രസംഘത്തെ അയക്കൽ, നാശനഷ്ടം വിലയിരുത്തൽ തുടങ്ങിയ പതിവ്‌ പല്ലവി ആവർത്തിക്കുകയും ചെയ്‌തു.  സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനവും കുറ്റകരമായ അവഗണനയുമാണ്‌ മോഡി സർക്കാരിന്റെ മുഖമുദ്ര. പ്രകൃതിക്ഷോഭങ്ങളുടെ കാര്യത്തിലും അത്‌ പലവട്ടം തെളിയിക്കപ്പെട്ടതാണ്‌. അതിരൂക്ഷമായ രണ്ട്‌ കെടുതി  അതിജീവിക്കാൻ കേരളത്തിന്‌ അർഹമായ സഹായം അനുവദിക്കാൻപോലും തയ്യാറായതുമില്ല.  ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിച്ച്‌ പശ്‌ചിമബംഗാളിനും ഒഡിഷയ്‌ക്കും‌ മതിയായ കേന്ദ്രസഹായം അനുവദിക്കണമെന്ന  സിപിഐ എം ആവശ്യം ഈ പശ്‌ചാത്തലത്തിലാണ്‌  ശ്രദ്ധേയമാകുന്നത്‌. ദുരിതാശ്വാസത്തിനൊപ്പം  പുനരധിവാസത്തിനും മുൻഗണന വേണമെന്നും പൊളിറ്റ്‌ബ്യൂറോ  നിർദേശിച്ചു.


 

കോവിഡ്‌ മഹാമാരിയിൽ പൊറുതിമുട്ടിയവരെ സഹായിക്കാൻ പശ്‌ചിമ ബംഗാളിൽ  രംഗത്തിറങ്ങിയ സിപിഐ എം പ്രവർത്തകർ ചുഴലിക്കാറ്റിനുശേഷവും യുദ്ധകാലാടിസ്ഥാനത്തിൽ ഓടിയെത്തിയത്‌ ആവേശകരമാണ്‌. കൊറോണക്കാലത്ത് ജനങ്ങൾ  പട്ടിണിയിലാകാതിരിക്കാൻ പാർടി ആസ്ഥാനങ്ങളിൽ തുറന്ന സൗജന്യ പച്ചക്കറി മാർക്കറ്റും കമ്യൂണിറ്റി കിച്ചണും തുടരാനാണ്‌ തീരുമാനം. ഉംപുൻ കനത്ത നാശംവിതച്ച പശ്ചിമ ബംഗാളിനെയും ഒഡിഷയെയും സഹായിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും  മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചത്‌ സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശമാണുയർത്തിയത്‌. നാശനഷ്ടത്തെ മറികടക്കാൻ കേരളത്തിന്റെ  എല്ലാ സഹായവും പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.

കോവിഡിനെത്തുടർന്ന്‌ രാജ്യവും ജനതയും നിലനിൽപ്പിനായുള്ള പോരാട്ടം തുടരവെയാണ്‌ ഇപ്പോഴത്തെ ദുരന്തം. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ തിരികെയെത്തി ക്യാമ്പുകളിൽ കഴിയുന്ന അതിഥിത്തൊഴിലാളികളെയും ഉംപുൻ സാരമായി ബാധിച്ചു. അഞ്ചു ലക്ഷത്തോളം പേരെ ബംഗാളിൽ മാറ്റിപ്പാർപ്പിച്ചെങ്കിലും ആയിരങ്ങൾ സുരക്ഷാഭീഷണിയുള്ള അതീവ അപകടമേഖലകളിലാണ്‌. തെളിവുകൾപോലും അവശേഷിപ്പിക്കാതെ റോഡുകൾ ഒലിച്ചുപോയ ഇടങ്ങളിൽ ദൗത്യസേനയ്‌ക്ക്‌ എത്താനായില്ല‌‌. കൊറോണയും ലോക്ക്ഡൗണും അവസാനം ചുഴലിക്കാറ്റും ജനങ്ങളെ വൻദുരിതത്തിലേക്കാണ് തള്ളിയിട്ടത്. ദുരന്തനിവാരണത്തിനും കാലാവസ്ഥാ കെടുതി നേരിടുന്നതിനും ആധുനിക സംവിധാനങ്ങൾ  ഒരുക്കുന്നതിലും പശ്‌ചിമ ബംഗാൾ സർക്കാർ  പരാജയമാണ്‌. രാഷ്ട്രീയ വിവാദങ്ങളിലും എതിരാളികളെ തല്ലിയൊതുക്കുന്നതിലും മാത്രമാണ്‌ മമതാ ബാനർജിയുടെ ശ്രദ്ധ.  മെയ്‌ 16നുതന്നെ സൂചനകൾ ഉണ്ടായെങ്കിലും സ്ഥിതി കൈവിട്ടു. ഫലപ്രദമായ ഒഴിപ്പിക്കൽ, തീരപ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ്‌, ഉറപ്പുള്ള അഭയ കേന്ദ്രങ്ങൾ, മരുന്ന്‌‐ ഭക്ഷണ വിതരണം തുടങ്ങിയ മുൻകരുതലുകളൊന്നും ഫലപ്രദമായതുമില്ല.

കൊറോണ പ്രതിരോധത്തിൽ ഏറെ പിന്നിലുള്ള ബംഗാളിൽ ഉംപുൻ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയേക്കാം. പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചാൽ ലോക്ക്‌ഡൗൺ അടക്കം  പ്രതിരോധങ്ങൾ അസാധ്യമാകും. സാമൂഹ്യഅകലം പാലിക്കാൻ കഴിയാതെ വരും. പകർച്ചവ്യാധികൾ വ്യാപകമാകാനും ഇടയുണ്ട്‌. വിദൂര പ്രദേശങ്ങളിൽനിന്ന്‌ കഴിഞ്ഞ ആഴ്‌ചകളിൽ ഇരു സംസ്ഥാനത്തിലേക്കും  ലക്ഷക്കണക്കിന്‌ അതിഥിത്തൊഴിലാളികൾ എത്തിയതേയുള്ളൂ. സാമ്പത്തികരംഗം തകർന്ന്‌  ജനജീവിതം സ്‌തംഭിച്ചുനിൽക്കുമ്പോൾ ബാക്കിയായ നേരിയ പ്രതീക്ഷകളെയും നക്കിത്തുടച്ചെടുത്തിരിക്കുകയാണ്‌ ഉംപുൻ. നിരാശയോടെയാണെങ്കിലും ജനിച്ച മണ്ണിൽ കാലൊന്നുകുത്താൻ ശ്രമിക്കവേ പതിനായിരങ്ങൾ വീണ്ടും ഇടറിവീണു. തീരമേഖലകളിലെ മൺകൂരകൾ നിലംപൊത്തുകയും  ചെറു തോണികൾ അടക്കമുള്ള മത്സ്യബന്ധനോപകരണങ്ങൾ നശിക്കുകയും ചെയ്‌തു. കേരളത്തിൽ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷകരുടെ  മുന്നറിയിപ്പ്‌ വന്നുകഴിഞ്ഞ അവസ്ഥയിൽ ഇവിടെയും കൂടുതൽ ജാഗ്രതയും മുന്നൊരുക്കങ്ങളും ആവശ്യമാണെന്ന്‌ ഉറപ്പിക്കുകയാണ്‌ ഉംപുൻ ദുരിതം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top